Monday, March 21, 2011

P.K.ROSIE: Kozhinju poya panineer Poovu




കൊഴിഞ്ഞുപോയ പനിനീര്‍പൂവ്‌

ധനേഷ്‌കൃഷ്‌ണ

ചോറ്റുപാത്രം തൂക്കി ലൊക്കേഷനിലേക്ക്‌ ഒരു സിനിമനടി പോകുന്ന രംഗം ചിന്തിക്കാനൊക്കുമോ? കൂലിവാങ്ങി വീട്ടിലെത്തി മുറ്റമടിക്കുന്ന വെള്ളംകോരുന്ന സിനിമനടിയെ സങ്കല്‍പ്പിക്കാനൊക്കുമോ ? ഇന്ന്‌ പാടത്തേക്ക്‌ ഞാറ്‌ പറച്ച്‌ നടാനോ ? പറമ്പിലേക്ക്‌ ചാണം വരാനോ പെണ്ണുങ്ങള്‍ ചോറ്റുപാത്രം പിടിച്ച്‌ പോകില്ല. എന്നാല്‍ മലയാള സിനിമയ്‌ക്ക്‌ അങ്ങനെ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കാലം ഉണ്ടായിരുന്നു. ആ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കാലത്ത്‌ വിരിയുകയും കൊഴിയുകയും(കൊഴിപ്പിച്ച)ചെയ്‌ത ഒരു കറുത്ത പനിനീര്‍പൂവായിരുന്നു മലയാളത്തിലെ ആദ്യനായിക പി.കെ.റോസി.

അഭിനയ ഭ്രാന്ത്‌ തലയ്‌ക്ക്‌ പിടിച്ചിട്ടോ മേനിയഴക്‌ കാണിച്ച്‌ സ്വയം പുളകിതമാകാനുള്ള ആഗ്രഹംകൊണ്ടോ അല്ലായിരുന്നു റോസി സിനിമയില്‍ അഭിനയിക്കാന്‍ പോയത്‌. തിരുവനന്തപുരത്ത്‌ തൈക്കാട്‌ ഗ്രാമത്തില്‍ നിന്ന്‌ ചന്തയില്‍ പുല്ല്‌ വിറ്റ്‌ ജീവിച്ച റോസിയെ കടുത്ത ദാരിദ്ര്യവും വീട്ടുക്കാരുടെ നിര്‍ബന്ധവുമാണ്‌ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. ഒരു ദിവസത്തെ ഷൂട്ടിംങ്‌ കഴിഞ്ഞാല്‍ വൈകിട്ട്‌ കൂലിയും കിട്ടും. മലയാള സിനിമയിലെ ആദ്യ കൂലിപണിക്കാരിയായ നായിക എന്ന കീര്‍ത്തി മാത്രമല്ല ആദ്യ ദളിത്‌നായികയും എന്നതും റോസിക്കു സ്വന്തം.
ദന്തവൈദ്യനും കളരിപയറ്റ്‌ പരിശീലകനുമായ ജെ.സി.ഡാനിയലിന്‌ സിനിമാഭ്രാന്ത്‌ മൂത്തിട്ട്‌ തന്നെയാണ്‌ 1928ല്‍ `വിഗതകുമാരന്‍' നിര്‍മ്മിച്ചത്‌. ഇന്ത്യയില്‍ പുരാണകഥകളെമാത്രം ആശ്രേയിച്ച്‌ സിനിമ നിര്‍മ്മിച്ച കാലത്താണ്‌ ഡാനിയല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഇതിവൃത്തം മലയാളത്തിന്റെ ആദ്യസിനിമയ്‌ക്കായി കണ്ടെത്താന്‍ ധൈര്യം കാണിച്ചത്‌. മുംബെയില്‍നിന്നും വന്ന യുവതി പിന്‍മാറിയതിനെത്തുടര്‍ന്ന്‌ അവസരം റോസിയെ തേടിയെത്തുകയായിരുന്നു. ജെ.സി.ഡാനിയലും നാടകകലാകരനുമായ ഒരു സുഹൃത്തിനൊപ്പം ചെന്ന്‌ ഡ്രൈവറായ റോസിയുടെ അച്‌ഛനില്‍നിന്ന്‌ സമ്മതം വാങ്ങി. ഇന്നത്തെ ഒരു ലക്ഷത്തിന്റെ പകരംവരുന്ന 500 രൂപ നല്‍കാമെന്ന്‌ പറഞ്ഞിട്ടും റോസി ആദ്യം വിസമ്മതം പ്രകടിപ്പിച്ചുവത്രേ. കൂലി കുറഞ്ഞിട്ടല്ല. 1920കളില്‍ മലയാളിക്ക്‌ സിനിമ എന്ന മാധ്യമത്തോട്‌ മോശമായ അഭിപ്രായമായിരുന്നു. അഭിനയം വേശ്യാവൃത്തിയേക്കാള്‍ ഒരു ചീത്ത ഏര്‍പ്പാടാണെന്നാണ്‌ യാഥാസ്‌ഥികരായ മലയാളിസമൂഹം കരുതിപോന്നിരുന്നത്‌. സിനിമയില്‍ അഭിനയിച്ചാല്‍ നാട്ടുക്കാര്‍ തന്നെ നികൃഷ്‌ടയെപോലെ കാണുമെന്ന്‌ റോസി ഭയന്നിരിക്കണം. എന്നിട്ടും പാവം റോസിക്ക്‌ അഭിനയിക്കേണ്ടി വന്നു.

1928 നവംബര്‍ ഏഴിനാണ്‌ തിരുവനന്തപുരം കാപിറ്റോള്‍ തിയറ്ററില്‍ വിഗതകുമാരന്റെ പ്രഥമ പ്രദര്‍ശനം നടന്നത്‌. എന്നാല്‍ സിനിമയില്‍ ഒരു പെണ്ണാണ്‌ അഭിനയിച്ചതെന്നറിഞ്ഞ്‌ ഒരു വിഭാഗം നാട്ടുക്കാര്‍ ക്ഷുഭിതരായി സ്‌ക്രീനിലേക്ക്‌ കല്ലെറിഞ്ഞു. സ്‌ക്രീന്‍ വലിച്ചുക്കീറി നശിപ്പിച്ചു. അഭിനയം മുഖേനെ അവള്‍ ചീത്ത സ്‌ത്രീയാണെന്നാണ്‌ സമൂഹത്തിലെ ചില സദാചാര ഭ്രാന്തന്‍മാര്‍ വിശ്വസിച്ചത്‌. അന്ന്‌ രാത്രിയിലും റോസിയുടെ വീട്ടിലേക്കും നാട്ടു മാടമ്പിമാരുടെ സാനിധ്യത്തിലെത്തിയ അക്രമികള്‍ കല്ലെറിഞ്ഞ്‌ ബഹളംവച്ചു. പിന്നീട്‌ റോസിയുടെ കൂര കത്തിച്ചുകളഞ്ഞു. പൊറുതിമുട്ടിയ പാവം റോസി പാണ്ടിവണ്ടിയില്‍കയറി തമിഴ്‌നാട്ടിലേക്ക്‌ ഒളിച്ചോടി. അവിടെ ഒരു പാണ്ടിലോറി ഡ്രൈവറുടെകൂടെ ജീവിതം തുടര്‍ന്നുവെന്നാണ്‌ പീന്നീട്‌ അറിഞ്ഞ വിവരം.

തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും നിലനിന്നിരുന്ന കാലത്ത്‌ പുലയ യുവതിയായ റോസിയോട്‌ സവര്‍ണമാടമ്പികള്‍ക്ക്‌ കുറച്ചൊന്നുമായിരിക്കില്ല എതിര്‍പ്പുണ്ടായത്‌ എന്ന്‌ വേണം കരുതാന്‍. ഇന്നും സവര്‍ണന്റെ കീഴിലുള്ള സിനിമയ്‌ക്ക്‌ പുലയയുവതിയായിരുന്ന റോസിയുടെ ഭൂതകാലം തേടി പോകേണ്ടതില്ലല്ലോ. സാമ്പത്തികതകര്‍ച്ചയെത്തുടര്‍ന്ന്‌ ഡാനിയലിന്റെ ജീവിതവും പിന്നീട്‌ താറുമാറായി.
ജെ.സി. ഡാനിയലിന്റെ ദുരവസ്‌ഥയും റോസിയുടെ വേദന കൊണ്ടുമാത്രം കെട്ടിപ്പൊക്കിയ മലയാളസിനിമാചരിത്രപുസ്‌തകത്തിന്റെ ആദ്യതാളുകള്‍ മറിച്ചുനോക്കാതെ ശബ്‌ദ സിനിമയായ ബാലനും ആദ്യ സൂപ്പര്‍സിനിമയായാ ജീവിതനൗകയും ദേശീയ അംഗീകാരം ലഭിച്ച നീലക്കുയിലും രാഷ്‌ട്രപതിയുടെ സ്വര്‍ണമെഡല്‍ ലഭിച്ച ചെമ്മീനും ഇന്നും മിന്നിതെളിയുമ്പോള്‍ റോസി ജീവിച്ചിരിപ്പുണ്ടോ റോസിയുടെ ശേഷിപ്പുകള്‍ എവിടെങ്കിലുമുണ്ടോ എന്ന്‌ അന്വേഷിച്ചിരുന്നുവോ ആരെങ്കിലും.

എത്ര ഉര്‍വശിപ്പട്ടം കിട്ടിയാലും പി.കെ.റോസി എന്ന ആദ്യമലയാളനായികയുടെ ജീവിതത്തിലെ വേഷപ്പകര്‍ച്ചയുടെ പകര്‍പ്പിന്റെ പച്ചപ്പുണ്ടായിരിക്കില്ല മലയാളത്തിലെ പിന്നീട്‌ വന്ന നായികമാര്‍ക്ക്‌ കിട്ടിയ ഒരു വേഷത്തിനും. ഹൃദയഭേദകമായ റോസിയുടെ ജീവിതവും സിനിമയിലെ ജീവിതവും സിനിമാപ്രേമികളെ വൈരുദ്ധാത്‌മകമായ മാനസിക സംഘര്‍ഷത്തിനിടയാക്കാം.
റോസിയുടെ സ്‌മരണ നിലനിറുത്താന്‍ `റോസിഫിലിം സൊസൈറ്റി' എന്ന സംഘടന രൂപീകരിച്ചിരിക്കുയാണ്‌ തൃശൂരിലെ ഒരു കൂട്ടം സിനിമാപ്രേമികള്‍. എല്ലാവര്‍ഷവും നവംബറില്‍ സ്‌ത്രീകേന്ദ്രീകൃതവിഷയങ്ങളെ ആധാരമാക്കി `റോസി ചലച്ചിത്രമേള' നടത്താനും മികച്ച നടിക്കുള്ള റോസി പുരസ്‌കാരം നല്‍കാനും തീരുമാനിച്ചു. പ്രഥമറോസി പുരസ്‌കാരത്തിന്‌ അര്‍ഹയായ നായികയുടെ പേര്‌ ഏപ്രില്‍ അവസാനം തിരുവനന്തപുരത്ത്‌ പ്രഖ്യാപിക്കും. വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ച നവംബര്‍ ഏഴിന്‌ പുരസ്‌കാരം തൃശൂരില്‍ സമ്മാനിക്കും.