Monday, April 18, 2011

EUROPIAN FILM FESTIVAL IN THRISSUR


യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ തൃശൂരില്‍

`മെയ്‌ഡ്‌ ഇന്‍ ഹംഗേറിയ' ഉദ്‌ഘാടന ചിത്രം

ധനേഷ്‌കൃഷ്‌ണ
തൃശൂര്‍


തെ
രഞ്ഞെടുപ്പിന്റെ ടെന്‍ഷന്‍ അകറ്റൂ. ഇനി യൂറോപ്യനെ പോലെ ചിരിക്കൂ. പൂരത്തിന്‌ മുമ്പ്‌ മലയാളികള്‍ക്ക്‌ യൂറോപ്യന്‍ കോമഡി കണ്ട്‌ പൊട്ടിച്ചിരിക്കാനൊരവസരം. പതിനാറാമത്‌ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഇന്ത്യയിലെ പ്രധാന ഏഴ്‌ നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ തൃശൂരിലും സംഘടിപ്പിക്കുന്നു. തൃശൂര്‍ കോപ്പറേഷനും തൃശൂര്‍ ചലച്ചിത്രകേന്ദ്രവും സഹകരിച്ചാണ്‌ ഏപ്രില്‍ 24 മുതല്‍ മെയ്‌ ഒന്നുവരെ തൃശൂര്‍ ടൗണ്‍ ഹാളില്‍ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുന്നത്‌.
`യൂറോപ്യനെ പോലെ ചിരിക്കൂ' എന്ന മുദ്രാവാക്ക്യവുമായി `കോമഡി' മുഖ്യഇതിവൃത്തമായി നിര്‍മ്മിച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ സമകാലിക സിനിമകളുടെ പക്കേജാണ്‌ ന്യൂഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഛത്തീസ്‌ഘട്ട്‌, ചെന്നൈ, ഹൈദരാബാദ്‌, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മാര്‍ച്ച്‌ എട്ടിന്‌ ന്യൂഡെല്‍ഹിയില്‍ ആരംഭിച്ച പ്രദര്‍ശനപരമ്പര മെയ്‌ ഒന്നിന്‌ തൃശൂരില്‍ സമാപിക്കും. പ്രദര്‍ശനം ഡെലിഗേറ്റ്‌ പാസ്‌ മുഖേനെയായിരിക്കും.
2010ല്‍ യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഗോവ, മുംബൈ, ചെന്നൈ, ന്യൂഡെല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ്‌ പ്രദര്‍ശനം ഉണ്ടായിരുന്നത്‌. എന്നാല്‍ 2009 ല്‍ ന്യൂഡെല്‍ഹി, മുംബൈ, പൂന, ചെന്നൈ, ജാംഷെഡ്‌പൂര്‍ എന്നീ പ്രധാന നഗരങ്ങള്‍ക്ക്‌പുറമേ കേരളത്തില്‍ കോഴിക്കോടും യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ചിരുന്നു.

ഉദ്‌ഘാടന ചിത്രമായ ഹംഗേറിയന്‍ സിനിമ `മെയ്‌ഡ്‌ ഇന്‍ ഹംഗേറിയ' 24ന്‌ വൈകിട്ട്‌ അഞ്ചിന്‌ ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. ജോര്‍ജലി ഫോയ്‌നോ സംവിധാനം ചെയ്‌ത `മെയ്‌ഡ്‌ ഇന്‍ ഹംഗേറിയില്‍' നാട്ടില്‍ പോപ്‌സംഗീതം പ്രചരിപ്പിക്കാന്‍ അമേരിക്കയില്‍നിന്ന്‌ തിരിച്ചുവരുന്ന ഒരു പയ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്‌. പ്രണയവും സംഗീതവും ഇഴചേര്‍ത്ത്‌ ദൃശ്യവത്‌കരിച്ച `മെയ്‌ഡ്‌ ഇന്‍ ഹംഗേറിയ' ഹംഗേറിയന്‍ വിപ്ലവത്തെ ഓര്‍മ്മപ്പെടുത്തുന്നു. വിശ്വവിഖ്യാത അഭിനേത്രി എലിസബെത്ത്‌ ഹുപ്പര്‍ട്ട്‌ അഭിനയിച്ച കൊപാകാപാനയും ഈ മേളയിലുണ്ട്‌. തീവ്രവാദത്തെ ആക്ഷേപഹാസ്യത്തോടെ വിലയിരുന്നുത്ത ഫോര്‍ ലയന്‍സും എറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്‌.

2010, 2009, 2008 തുടങ്ങിയ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഫോര്‍ ലയന്‍സ്‌(യു.കെ), കൊപാകാപാനാ(ഫ്രാന്‍സ്‌), എ ചിക്കന്‍ ഈസ്‌ നോ ഡോഗ്‌(ബെല്‍ജിയം), ലൗ ഈസ്‌ ഓള്‍(നെതര്‍ലാന്‍ഡ്‌), ചീസ്‌ ആന്‍്‌ഡ്‌ ജാം(സ്ലൊവേനിയ), കോള്‍ഗേള്‍(പോര്‍ച്ചുഗേല്‍), റോങ്‌ സൈഡ്‌ അപ്‌(ചെക്ക്‌ റിപ്പബ്ലിക്‌), ബിലൗഡ്‌ ബെര്‍ലിംഗ്‌ വാള്‍((ജെര്‍മനി), അണ്‍ എപ്ലോമെന്റ്‌ ക്ലബ്‌( ലക്‌സംബര്‍ഗ്‌), ദ അതര്‍ സൈഡ്‌ ഓഫ്‌ ദ ബെഡ്‌(സ്‌പെയിന്‍), കിനോ കരാവാന്‍(റോമാനിയോ), റിക്കി റാപ്പര്‍(ഫിന്‍ലാന്‍ഡ്‌), മോസ്‌ക്യുടോസ്‌ ടാന്‍ഗോ(സ്ലൊവേനിയ), ദ കമ്മിറ്റ്‌മെന്റ്‌സ്‌(ഐര്‍ലാന്‍ഡ്‌), ദ ഫിസ്‌ക്‌്‌സ്‌ ഓഫ്‌ വാട്ടര്‍(ഇറ്റലി) തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓരോ ദിവസവും ഉച്ചയ്‌ക്കും വൈകിട്ടുമായി മൂന്ന്‌ പ്രദര്‍ശനങ്ങള്‍വീതം നടക്കും.
യൂറോപ്യന്‍ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നടക്കുമെന്നും സംസ്‌കാരങ്ങള്‍ തമ്മില്‍ ഇഴചേര്‍ന്ന്‌ പോകാനാകുമെന്ന ഉദ്ദേശത്തോടെയാണ്‌ ഇ.യു.എഫ്‌.എഫ്‌ യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സംഘടിപ്പിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളിലെ വൈവിധ്യാത്മക ജീവിതരീതികളും സൗഹൃദം, സ്‌നേഹം, രതി, കല തുടങ്ങിയവയോടുള്ള യൂറോപ്യന്‍ ജനതയുടെ വീക്ഷണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പ്രകടമാണ്‌. കോമഡി ഇതിവൃത്തമായി നിര്‍മ്മിച്ചിട്ടുള്ള ചിത്രങ്ങള്‍ തീവ്രവാദം, കമ്മ്യൂണിസം, ലൈംഗികത, സംഗീതം എന്നിവയെ പരിശോധിക്കുന്നുണ്ട്‌.

IFFK-2007



ലോകജീവിതത്തിന്റെ സ്‌ക്രീനായി അനന്തപുരി


ധനേഷ്‌കൃഷ്‌ണ

12 ാം മത്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ തിരിതെളിയുമ്പോള്‍ മുതല്‍ മേളയുടെ തിരശ്ശീല വീഴുന്നത്‌ വരെയുള്ള എട്ട്‌ ദിനരാത്രങ്ങളില്‍ (ഡിസബര്‍ ഏഴ്‌ മുതല്‍ 14 -2007)അനന്തപുരിയിലെത്തിയ ചലച്ചിത്രപ്രേമികള്‍ ലോകവുമായി മുഖാമുഖം സംവേദിക്കുകയായിരുന്നു.

സ്‌നേഹം, ചൂഷണം, പീഢനം ,യുദ്ധം, അധിനിവേശം, ചെറുത്ത്‌നില്‍പ്പ്‌, സ്വവര്‍ഗരതി, ലിംഗമാറ്റശസ്‌ത്രക്രിയ, പ്ലാസ്‌റ്റിക്ക്‌ സര്‍ജറി, ദ്വിലിംഗസവിശേഷത, മാരകരോഗം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ നാനതുറകളില്‍ വരുന്ന സങ്കീര്‍ണവും വൈവിധ്യവുമാര്‍ന്ന ഇതിവൃത്തങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളുടെ പ്രമേയങ്ങളായിരുന്നു.
ലോകപ്രശസ്‌ത ഇറാന്‍ സംവിധായകന്‍ മഖ്‌മല്‍ ബഫിന്റെ മകള്‍ ഹന മഖ്‌മല്‍ബഫ്‌ സംവിധാനംചെയ്‌ത ലജ്‌ജയാല്‍ തകര്‍ന്ന ബുദ്ധന്‍ പ്രദര്‍ശിപ്പിച്ചാണ്‌ മേളയ്‌ക്ക്‌ തിരശ്ശീല ഉയര്‍ന്നത്‌. ലളിതമായ അഭ്രഭാഷ്യത്തിലൂടെ ഗൗരവമായ ഒരു വിഷയം കൈക്കാര്യം ചെയ്യുകയാണ്‌ ഈ ചിത്രത്തിലൂടെ പത്തൊമ്പത്‌കാരിയായ ഹന മഖ്‌മല്‍ ബഫ്‌. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അറിവ്‌ നേടാനുള്ള മനുഷ്യന്റെ ദ്വരയാണ്‌ ഈ ചിത്രത്തിലൂടെ ഹന വെളിപ്പെടുത്തുന്നത്‌. ആറുവയസ്സുകാരി ബക്‌ത സ്‌കൂളിലേക്ക്‌ പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്‌കൂളിലേക്ക്‌ പോകുവാന്‍ പുസ്‌തകവും പെന്‍സിലും വേണമെന്ന്‌ മനസിലാക്കിയ ബക്‌ത കോഴിമുട്ട വിറ്റ്‌ പുസ്‌തകം വാങ്ങുന്നു. പെന്‍സിലായി അവള്‍ അമ്മയുടെ ലിപ്‌സ്‌റ്റിക്ക്‌ ഉപയോഗിക്കുന്നു. പെണ്‍ക്കുട്ടികള്‍ക്കുള്ള സ്‌കൂള്‍ നദിയുടെ അക്കരെയാണ്‌. പോകുന്ന വഴിയില്‍ ആണ്‍ക്കുട്ടികള്‍ അവളെ തടഞ്ഞ്‌ നിറുത്തി താലിബാന്‍ എന്ന പേരില്‍ യുദ്ധം കളിക്കുകയാണ്‌. `എനിക്ക്‌ യുദ്ധം കളിക്കണ്ട പടിച്ചാല്‍ മതി' എന്ന ചുട്ടമറുപടികൊടുത്താണ്‌ ബക്‌ത ആണ്‍ക്കുട്ടികളെ നേരിടുന്നത്‌. ആഗോളതലത്തിലുള്ള യുദ്ധകൊതിയന്‍മാര്‍ക്കെതിരെയുള്ള പ്രതിഷേധമാണിത്‌. ചലച്ചിത്രപ്രേമികളെ വിസ്‌മയിപ്പിച്ച്‌ 230 ഓളം സിനിമകളാണ്‌ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചത്‌. യൂറോപ്പിന്റെ വടക്ക്‌ കിഴക്കന്‍ പ്രദേശത്ത്‌ നിന്നുള്ള ബാല്‍ക്കന്‍ ചിത്രങ്ങളും ലാറ്റിനമേരിക്കന്‍ പെണ്‍ചിത്രങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. ഇന്ത്യയിലാദ്യമായാണ്‌ ബാല്‍ക്കന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. കരീബിയന്‍ പാക്കേജ്‌ , സമകാലിക ഇന്ത്യന്‍ സിനിമ, സമകാല മലയാളസിനിമ എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. ഈയിടെ അന്തരിച്ച ബര്‍ഗമാന്‍ , അന്റോണിയോണി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്‌ സിനിമാപ്രേമികള്‍ക്ക്‌ഹൃദ്യാനുഭവമായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 66 ചിത്രങ്ങളും 11 ഡോക്യുമെന്റെറികളും 28 ഹ്രസ്വചിത്രങ്ങളും വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.കൂടാതെ റെട്രോസ്‌പെക്‌റ്റീവ്‌ വിഭാഗത്തില്‍ ജിറിമെന്‍സില്‍,പെട്രോ അല്‍മോദൊവര്‍, ഇം ക്വാണ്‍ ടീക്ക്‌, പി.ഭാസ്‌ക്കരന്‍ എന്നിവരുടെ സിനിമകളും പ്രദര്‍ശിപ്പിച്ചു. മല്‍സരവിഭാഗത്തില്‍ പതിനാല്‌ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. മനിയ അക്‌ബാരിയുടെ ടെന്‍ പ്ലസ്‌ ഫോര്‍(ഇറാന്‍), നീല്‍ ബുബോയുടെ കാസ്‌ക്കറ്റ്‌ ഫോര്‍ ഹൈര്‍(ഫിലിപൈന്‍സ്‌), അബ്‌ദുള്ള ഓഗസിന്റെ ബ്ലിസ്‌(തുര്‍ക്കി), അടൂരിന്റെ നാല്‌പെണ്ണുങ്ങള്‍(മലയാളം), ഴാങ്‌ യോങിന്റെ ഗെറ്റിംഗ്‌ഹോം (ചൈനീസ്‌), അഗ്നിദേവ്‌ചാറ്റര്‍ജിയുടെ ലോര്‍ഡ്‌ ലെറ്റ്‌ ദ ഡെവില്‍ ടെയ്‌ക്ക്‌ മൈ സോള്‍(ബംഗാളി), ടെരേസ്സ പ്രാതയുടെ സ്ലീപ്‌ വോക്കിംഗ്‌ ലാന്‍ഡ്‌(പോര്‍ച്യുഗൂസ്‌), കരിം എയ്‌നോസിന്റെ സൂയ്‌ലി ഇന്‍ ദ സ്‌കൈ(ബ്രസീല്‍), ഴുവാങ്‌ യുക്‌സിന്റെ ടീത്ത്‌ ഓഫ്‌ ലൗ(ചൈനീസ്‌), പി.ടി.കുഞ്ഞിമുഹമ്മദിന്റെ പരദേശി(മലയാളം), അല്‍ഫോന്‍സോ ഗസിറ്റോയുടെ ദ കിംഗ്‌ ഓഫ്‌ സാന്‍ ഗ്രിഗോറിയോ(സ്‌പാനീഷ്‌) ഇംസാന്‍ഗ്‌സൂവിന്റെ ദ ഓള്‍ഡ്‌ഗാര്‍ഡന്‍(സൗത്ത്‌കൊറിയ) റൂബല്‍ ഇമാസിന്റെ ടര്‍ട്ടില്‍ ഫാമിലി(മെക്‌സിക്കോ), ലൂസിയ പുന്‍സോയുടെ എക്‌സ്‌ എക്‌സ്‌ വൈ(അര്‍ജന്റീനിയ). സുവര്‍ണചകോരം പങ്കിട്ട മാനിയ അക്‌ബാരിയുടെ ടെന്‍ പ്ലസ്‌ ഫോറും ലൂസിയ പുന്‍സോയുടെ എക്‌സ്‌ എക്‌സ്‌ വൈയും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്‌പാക്ക്‌ പുരസ്‌ക്കാരവും പ്രേക്ഷകര്‍ പുരസ്‌ക്കാരവും നേടിയ ഴാങ്‌ യോങിന്റെ ഗെറ്റിംഗ്‌ ഹോമും കണ്ടിറങ്ങുമ്പോള്‍ സിനിമാപ്രേമികളില്‍ ഇതുവരെ ഉണ്ടാകാത്ത ചില ചലച്ചിത്ര വ്യതിയാനങ്ങള്‍ സൃഷ്‌ടിച്ചു.

പുരസ്‌ക്കാരങ്ങള്‍ നിര്‍ണക്കുന്നതിന്‌ മുമ്പേ തന്നെ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രമായിരുന്നു ചൈനീസ്‌ ചിത്രമായ ഴാങ്‌ യോങിന്റെ ഗെറ്റിംഗ്‌ ഹോം. കഴിഞ്ഞ മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍കണ്ട ചിത്രം പെട്രോ അല്‍മദോവറിന്റെ വോള്‍വറും കിം കി ഡുക്കിന്റെ ദേ ബോയുമാണെങ്കില്‍ ഈ മേളയില്‍ സിനിമാപ്രേമികളെ ഒന്നടങ്കം ആകര്‍ഷിച്ച ചിത്രം ഴാങ്‌ യോങിന്റെ ഗെറ്റിംഗ്‌ ഹോമാണ്‌.
കലാരൂപമെന്ന നിലയിലും ആസ്വാദനഉപാധിയെന്ന നിലയിലും ഗെറ്റിംഗ്‌ഹോം സിനിമാപ്രേമികളെ സംതൃപ്‌തരാക്കി. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രച്‌ഛന്നവേഷങ്ങളെയും പൊള്ളത്തരങ്ങളെയും കുറിച്ച്‌ നമ്മെ ബോധവാന്‍മാരാക്കുകയാണ്‌ ചൈനീസ്‌ചിത്രമായ ഗെറ്റിംഗ്‌ ഹോം.ചൈനയില്‍ നിലനിന്നിരുന്ന ധാര്‍മികമൂല്യങ്ങളും നന്‍മകളുമെല്ലാം ചോര്‍ന്ന്‌ പോയതായി ഗെറ്റിംഗ്‌ ഹോം നമ്മെ ഓര്‍മപ്പെടുത്തുന്നു.നഗരങ്ങളുടെ ക്രൂദ്ധമുഖങ്ങളും ഗ്രാമങ്ങളുടെ നിഷ്‌കളങ്ക മുഖങ്ങളും ഴാങ്‌ യോങ്‌ ഈ ചിത്രത്തിലൂടെ കാണിച്ച്‌ തരുന്നു. സാവോ എന്ന മരിക്കാത്തമനുഷ്യനും ലിയു എന്ന മരിച്ചമനുഷ്യനുമാണ്‌ ഗെറ്റിംഗ്‌ ഹോമിലെ പ്രധാനകഥാപാത്രങ്ങള്‍.ഉഗ്രമദ്യപാനികളായ രണ്ട്‌പേരും ഉറ്റസുഹൃത്തുക്കളായിരുന്നു.ചൈനയുടെ രണ്ട്‌ ഗ്രാമങ്ങളില്‍ നിന്ന്‌ നഗരത്തിലേക്ക്‌ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കെട്ടിട പണിക്ക്‌ വന്നവരാണിവര്‍.മദ്യപിച്ച്‌ കൊണ്ടിരിക്കെ ലിയു അപ്രതീക്ഷിതമായി മരിക്കുന്നു. സുഹൃത്തിനോട്‌ പറഞ്ഞവാക്ക്‌ നിറവേറ്റാനായി സാവോ മൃതദേഹവും ചുമന്ന്‌ ചൈനയുടെ ഒരറ്റത്ത്‌ നിന്ന്‌ മറ്റെ അറ്റത്തേക്ക്‌ പോകുന്നു. വഴിയില്‍ ലിയോ്‌ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ്‌ ഗെറ്റിംഗ്‌ ഹോമിന്റെ പ്രമേയം. സുഹൃത്തിന്റെ മൃതദേഹവും ചുമന്നുള്ള യാത്രയില്‍ സാവോ ഹൃദയമുള്ള മോഷ്‌ടാവിനെയും കരുണയുള്ള വിദ്യാര്‍ത്ഥികളയും നിഷ്‌കളങ്കരായ തൊഴിലാളികളെയും അഭയം തരുന്ന ഗ്രാമീണരെയും കണ്ടുമുട്ടുന്നു.അതോടൊപ്പം തന്നെ നോക്കി കളിയാക്കി ചിരിക്കുന്നവരെയും പുച്‌ഛിക്കുന്നവരെയും വഞ്ചിക്കുന്നവരെയും ശകാരിക്കുന്നവരെയും മര്‍ദ്ദിക്കുന്നവരെയും കണ്ട്‌മുട്ടുന്നു.സകല വേദനകളും വിശപ്പും ദാഹവും സഹിച്ച്‌ സാവോ സുഹൃത്തിന്റെ മൃതദേഹം ചുമന്ന്‌ നഗരങ്ങളും ഗ്രാമങ്ങളും കടന്ന്‌ സുഹൃത്തിന്റെ വീട്ടിലേക്ക്‌ എത്തുന്നതോടെ ഗെറ്റിംഗ്‌ഹോമിന്റെ തിരശ്ശീല വീഴുന്നു. ആനുകാലിക ചൈനയുടെ പരിഛേദമാണ്‌ ഗെറ്റിംഗ്‌ഹോം . ചൈനയില്‍ മാത്രം ഒതുങ്ങികുടുന്നതല്ല ഗെറ്റിംഗ്‌ഹോമിന്റെ ആനുകാലിക പ്രസക്‌തി ആഗോളതലത്തിലും നിലനില്‍ക്കുന്നതാണതെന്ന്‌ നമ്മെ ഉദ്‌ഘോപ്പിക്കുന്നു.

സുവര്‍ണ ചകോരംപങ്കിട്ട ടെന്‍ പ്ലസ്‌ ഫോറും എക്‌സ്‌ എക്‌സ്‌ വൈയും പുരുഷന്‍ ഇതുവരെ കാണാത്ത സ്‌ത്രീയുടെ വൈകാരികതലങ്ങളിലേക്കാണ്‌ പ്രേക്ഷകരെ കൂട്ടികൊണ്ട്‌പോകുന്നത്‌.ഈ രണ്ട്‌ ചിത്രങ്ങളുടെയും മികച്ചചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയ സ്ലീപ്‌ വോക്കിംഗ്‌ ലാന്‍ഡിനും അഭ്രഭാഷ്യം ഒരുക്കിയിരിക്കുന്നത്‌ സ്‌ത്രീകളാണ്‌ എന്നുളളതാണ്‌ മറ്റൊരു സവിശേഷത.
അബാസ്‌കിയരൊസ്‌താമിയുടെ ടെന്‍ എന്ന ചിത്രത്തിന്റെ പിന്‍തുടര്‍ച്ചയാണ്‌ ടെന്‍ പ്ലസ്‌ ഫോര്‍.ടെന്‍ പ്ലസ്‌ ഫോറിന്റെ സംവിധായിക മാനിയ അക്‌ബാരിതന്നെയാണ്‌ ഇതിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്‌.അവരുടെ പച്ചയായ ജീവിതം തന്നെയാണ്‌ സെല്ലുലോയ്‌ഡില്‍ പകര്‍ത്തിയിരിക്കുന്നത്‌.ക്യാന്‍സര്‍ രോഗിയായ അവര്‍ കാറോടിച്ച്‌കൊണ്ട്‌ തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുകയാണ്‌.അസുഖം മൂര്‍ച്ചിക്കുന്നതോടെ അവര്‍ക്ക്‌ കാറോടിക്കാന്‍ കഴിയാതെ വരുന്നു.തുടര്‍ന്നുള്ള അവരുടെ യാത്ര കാറിന്റെ പിന്‍സീറ്റിലാകുന്നു.ചിത്രത്തില്‍ സംവിധായിക ക്യാമറ ഉപയോഗിച്ചിരിക്കുന്നത്‌ സാധാരണകഥാചിത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായാണ്‌.ക്യാമറ ഒരു കരാളരുപത്തെ പോലെയാണ്‌ അവരെ പിന്‍തുടരുന്നത്‌.ക്യാന്‍സറിന്റെ ആക്രമമനോഭാവമാണ്‌ ക്യാമറാ ചലനത്തിലുടെ സംവിധായിക ദൃശ്യവല്‍ക്കരിക്കുന്നത്‌.സ്‌ത്രീയുടെ സ്വകാര്യ വ്യഥകളും ഒറ്റപെടലും സ്‌തീയുടേത്‌ മാത്രമാണെന്നാണ്‌ മാനിയ തന്റെ ചിത്രത്തിലൂടെ പറയുന്നത്‌.ഈ ചലച്ചിത്രസൃഷ്‌ടി അക്‌ബാരിക്ക്‌ മികച്ച സംവിധായികക്കുള്ള രജതചകോരവും നേടികൊടുത്തു. എക്‌സ്‌ എക്‌സ്‌ വൈ എന്ന ചിത്രത്തിലൂടെ സംവിധായിക ലൂസിയ പ്യൂന്‍സിയോ സ്‌ത്രീയുടെ പരിഹാരമില്ലാത്ത ഒരു സമസ്യയെ കൈകാര്യം ചെയ്യുകയാണ്‌. പുരുഷസംവിധായകരുടെ വീക്ഷണങ്ങള്‍ എത്തിയിട്ടില്ലാത്ത അപൂര്‍വ്വവും അജ്‌ഞാതവുമായ കോണിലേക്കാണ്‌ ഈ വനിതാസംവിധായിക കണ്ണോടിക്കുന്നത്‌. കാന്‍ ഫിലിം ഫെസ്‌റ്റിവെല്ലില്‍ രണ്ട്‌ പുരസ്‌ക്കാരങ്ങള്‍ നേടിയ എക്‌സ്‌ എക്‌സ്‌ വൈ നിരവധിമേളകളില്‍ ചലച്ചിത്രപ്രേമികളെ വിസ്‌മയത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ചിത്രമാണ്‌. പതിനഞ്ച്‌ വയസ്‌കാരി അലക്‌സിന്‌ ഒരു രഹസ്യമുണ്ട്‌. അവള്‍ സമപ്രായകാരനുമായി അനുരാഗത്തിലാകുന്നതോടെയാണ്‌ ആ രഹസ്യം അലക്‌സിയെ മാനസികസംഘര്‍ഷത്തിന്‌ വിധേയമാക്കുന്നതും വൈകാരികമായിമുറിവേല്‍പ്പിക്കുകയും ചെയ്യുന്നത്‌. അലക്‌സിയുടെ ദ്വിലിംഗ സവിശേഷത മനസിലാകുന്ന കാമുകന്റെ പ്രതികരണവും അവളെ സങ്കീര്‍ണമായ ചിന്തയിലാഴ്‌ത്തുന്നു. ഒരേ സമയം ആണ്‍-പെണ്‍ വികാരത്തിന്‌ അടിമയകുന്ന അലക്‌സിയുടെ അപൂര്‍വ്വസവിശേഷത പ്രേക്ഷകരേയും ചില സങ്കീര്‍ണലൈംഗിക മേഖലകളിലേക്ക്‌ കൊണ്ട്‌ പോകുന്നു.

മേളയിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരത്തിന്‌ അര്‍ഹമായ ടെരസ്സാ പ്രാതയുടെ സ്ലീപ്‌ വോക്കിംഗ്‌ ലാന്‍ഡ്‌ മറ്റൊരു വിസ്‌മയമായിരുന്നു. മൊസാമ്പിക്കിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്‌ചാതലത്തില്‍ മിയോകൂട്ടോ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്‌ സ്ലീപ്‌ വോക്കിംഗ്‌ ലാന്‍ഡ്‌. ഭൂതകാലത്തിന്റെ ദുരിതവും വ്യഥകളും പേറി യുദ്ധഭൂമിയിലൂടെ അലയുകയാണ്‌ എട്ട്‌ വയസ്സ്‌കാരന്‍ മുയിഡിംഗയും അവന്‍ അങ്കിള്‍ എന്ന്‌ വിളിക്കുന്ന മധ്യവയസ്‌ക്കന്‍ തൗഹീറും. ആ രണ്ട്‌ പേരും കുടുംബവും ബന്ധുക്കളും നഷ്‌ടപ്പെട്ടവരാണ്‌.കത്തികരിഞ്ഞ ബസില്‍ നിന്ന്‌ അവര്‍ക്ക്‌ ഒരു പുസ്‌തകം കിട്ടുന്നു. മുയിഡിംഗ അത്‌ തൗഹീറിനെ വായിച്ച്‌ കേള്‍പ്പിക്കുന്നു. ഗ്രാമത്തില്‍ നിന്ന്‌ യുദ്ധ ഭീഷണി ഭയന്ന്‌ കടല്‍മാര്‍ഗം വഴി ഒറ്റപ്പെട്ട കപ്പലില്‍ അഭയംതേടിയ കാന്‍സുവിന്റെ കഥയാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം.കാന്‍സു കപ്പലില്‍ തന്റെ മകനെ തേടി കണ്ണീരൊഴുക്കുന്ന ഫരീദയെന്ന സ്‌ത്രീയെ കണ്ടുമുട്ടുന്നു. കാന്‍സു ആ സ്‌ത്രീയുടെ മകനെ അന്വേഷിച്ച്‌ യുദ്ധ ഭൂമിയിലേക്ക്‌ തിരിച്ച്‌ വന്ന്‌ , കൊല്ലപെടുന്നു. അമ്മയെ നഷ്‌ടപ്പെട്ട മുയിഡിംഗ ആ പുസ്‌തകത്തിലൂടെ തന്റെ സ്വത്വം തിരിച്ചരിയുന്നു. യുദ്ധം സമൂഹത്തില്‍ ഏല്‍പിക്കുന്ന മുറിപാടുകളും നഷ്‌ടങ്ങളുമാണ്‌ ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്‌.
ഈ മേളയില്‍ എത്തിയ ചലച്ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത്‌ .

ഒരു കൂട്ടം സ്‌ത്രീകളുടെ ചലച്ചിത്രമേഖലയിലേക്കുള്ള കടന്ന്‌ കയറ്റമാണ്‌. ഒരുപക്ഷേ അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ മാധ്യമം സിനിമയായിരിക്കും. പത്തൊമ്പത്‌കാരി ഹന മഖ്‌മല്‍ ബഫിന്റെ ലജ്‌ജയാല്‍ തകര്‍ന്ന ബുദ്ധന്‍ എന്ന ഉദ്‌ഘാടനചിത്രം തന്നെയെടുക്കാം. ഭീകരവാദവും അധിനിവേശവും സൃഷ്‌ടിച്ച ദുരന്തമാണ്‌ ഈ ചിത്രം നമ്മെ ബോധവാന്‍മാരാക്കുന്നത്‌. പെണ്‍ക്കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്‌ഹാനിസ്‌ഥാനിലെ ഇപ്പോഴത്തെ ജീവിതാവസ്‌ഥയുടെ പരിഛേദമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. ലാറ്റിനമേരിക്കന്‍ പെണ്‍ചിത്രങ്ങള്‍ സ്‌ത്രീയുടെ കരുത്തും ചെറുത്തുനില്‍പ്പും ദൃശ്യവല്‍ക്കരിക്കുന്ന അഭ്രപ്രതിഷേധങ്ങളായിരുന്നു. സൗത്ത്‌ ആഫ്രിക്കന്‍ ചിത്രമായ ഡാരിയല്‍ റൂഡ്‌ദിന്റെ മേഴ്‌സിയും പെട്രോഅല്‍മൊദോവറിന്റെ ഓള്‍ എബൗട്ട്‌ മൈ മദറും അബ്‌ദുളള ഓഗസിന്റെ ബ്ലിസും ചൈനീസ്‌ ചിത്രമായ ലോസ്‌റ്റ്‌ ഇന്‍ ബീജിംഗിം എല്ലാം സ്‌ത്രീയുടെ ആശയും പ്രത്യാശയും ആവിഷ്‌കരിക്കുന്ന ചിത്രങ്ങളായിരുന്നു.

പുരുഷസംവിധായകരുടെ ചിത്രങ്ങളും സ്‌ത്രീയുടെ പ്രശ്‌നങ്ങള്‍ തന്നെയാണ്‌ കൈകാര്യം ചെയ്‌തത്‌. അടൂര്‍ഗോപാലകൃഷ്‌ണന്റെ നാല്‌ പെണ്ണുങ്ങള്‍ അതിന്‌ ഒരു ഉദാഹരണമാണ്‌. ദക്ഷിണാഫ്രിക്കയുടെ ആദ്യഫീച്ചര്‍ സിനിമയുടെ സ്രഷ്‌ടാവ്‌ സെംബീന്‍ ഉസ്‌മാനിന്റെ പ്രദര്‍ശിപ്പിച്ചചിത്രങ്ങളിലും സ്‌ത്രീ നേരിടുന്ന വിഷയങ്ങള്‍ തന്നെയാണ്‌. സുന്നത്തിന്‌ വിധേയയാകുന്ന രണ്ട്‌ പെണ്‍കുട്ടികളുടെ കഥപറയുന്ന മൂലാഡെ സ്‌ത്രീക്ക്‌ നേരിടേണ്ട പീഡനമാണ്‌ ചൂണ്ടികാട്ടുന്നത്‌.


അന്താരാഷ്‌ട്രചലച്ചിത്രമേളയില്‍ പങ്കെടുത്ത സിനിമാപ്രേമികള്‍ സിനിമയെ വെറും ആസ്വാദനകലയായി മാത്രം കണ്ടിരുന്നില്ല , സിനിമയെ വളരെ ഗൗരവമായി വീക്ഷിക്കുന്നവരായിരുന്നു. ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്ന്‌ 6000 ഓളം സിനിമാപ്രേമികളാണ്‌ മേളയില്‍ പ്രതിനിധികളായി എത്തിയത്‌. ഓരോ രാജ്യത്തെ സംസ്‌ക്കാരവും ആചാരനുഷ്‌ടാനങ്ങളും വേഷഭൂഷാദികളും സിനിമയിലൂടെ അറിയാന്‍ കഴിയുന്നു. ഓരോ സിനിമയും വ്യത്യസ്‌ത സന്ദേശങ്ങള്‍ നല്‍കുന്നു. തീവ്രവാദത്തിനും അധിനിവേശത്തിനും ചൂഷണത്തിനും പീഡനത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു 12 -ാംത്‌ ചലച്ചിത്രമേള.

Saturday, April 9, 2011

PE PIDICHA KAALATHE PRANAYAM


പേ പിടിച്ച കാലത്തെ പ്രണയം

  • ധനേഷ്‌കൃഷ്‌ണ
പ്രണയം ചിലര്‍ക്ക്‌ വേദനയാണ്‌. ചിലര്‍ക്ക്‌ മധുരവും. മറ്റു ചിലര്‍ക്ക്‌ പേ പിടിച്ചപോലെയുമാണ്‌. ചിലരെ മരണത്തിലേക്ക്‌ തള്ളിയിട്ടുണ്ട്‌. മരണത്തില്‍നിന്ന്‌ ചിലരെ പ്രണയം വഴിമാറ്റി നടത്തിയിട്ടുണ്ടത്രേ. എന്തൊക്കെയായാലും പ്രണയം ഒരു പേ പിടിപ്പിക്കുന്ന അമൂര്‍ത്തഭാവംതന്നെയാണ്‌ എനിക്ക്‌. അങ്ങനെ ഒരു പേ പിടിച്ച പ്രണയം അനുഭവിച്ച ഒരു നിത്യ ഹരിത കാമുകനായ എന്റെ ഡയറിക്കുറിപ്പുകളില്‍നിന്ന്‌ ...........

്‌എന്റെ ഡയറിക്കുറിപ്പുകള്‍ക്ക്‌ യക്ഷിപാലപ്പൂവിന്റെ മണമാണ്‌. പാലപ്പൂകാണുമ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തുപോകും. മുട്ടക്കുന്നുകളിലും ഗ്രാമപ്രാന്തങ്ങളിലും യക്ഷിപാലപ്പൂമരങ്ങള്‍ പൂത്തുലഞ്ഞ്‌ കൊഴിഞ്ഞുനില്‍ക്കുന്നത്‌ അവളെപോലെയാണ്‌. അവളെ `അന്ന ' എന്ന്‌ വിളിക്കാം. (കാരണം എന്റെ ഇഷ്‌ടപ്പെട്ട ചലച്ചിത്രപ്രതിഭ ഫ്രഞ്ച്‌സംവിധായകന്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദിന്റെ കാമുകിയുടെപേര്‌ അന്ന കരീന എന്നായിരുന്നു.)

`മുട്ട' കുന്നുകള്‍ക്കിടയില്‍ പച്ചമരങ്ങള്‍ നിറഞ്ഞ താഴ്‌വാരത്താണ്‌ എന്റെ വീട്‌ , അവളുടേത്‌ കുന്നിന്റെ മുകള്‍ ഭാഗത്തും. എന്റെയും അവളുടെയും വീടുകള്‍ക്കിടയില്‍ മുള്ളന്‍പ്പഴങ്ങളും തേന്‍വരിക്കച്ചക്കപ്ലാവുകളും തൊണ്ടുചപ്പിവലിയന്‍മാവും യക്ഷിപാലമരവും കൊന്നയും, പേരയും കാഞ്ഞിരവും, കരിശും, മരോട്ടിയും, മുരുക്കും തുടങ്ങിയ പച്ചമരങ്ങള്‍ ഇഴചേര്‍ന്ന്‌ നില്‍പ്പുണ്ടായിരുന്നു. മുള്ളുവേലികളില്‍ തുപ്പലപടക്കങ്ങളും തീപ്പൊരിചെടിയും പടര്‍ന്ന്‌ വളര്‍ന്നിരുന്നു. വേലികളിലെ നീരോലി പടര്‍പ്പുകളില്‍ പച്ചിലപാമ്പുകള്‍ നാവ്‌ നിട്ടീനിന്ന്‌ ഞങ്ങളെ പേടിപ്പിക്കാറുണ്ട്‌. കമ്മ്യൂണിസ്‌റ്റ്‌ പച്ചകളില്‍ സുന്ദരിപ്പുഴുക്കള്‍ ഒട്ടിപിടിച്ചിരിപ്പുണ്ടാകും.

മരപ്പട്ടികള്‍ മുളയുന്ന കൂറ്റന്‍ കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്‌ കോക്കാന്‍പൂച്ചകളുടെ നിലവിളി കേള്‍ക്കാം. `തെണ്ടന്‍മുത്തപ്പന്‍' വടികുത്തിപിടിച്ച്‌ തേര്‍വേഴ്‌ച നടത്തുന്നത്‌ കരിംപനക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണെന്ന്‌ ഇണ്ണായിതള്ളയില്‍നിന്ന്‌ കേട്ടറിഞ്ഞ്‌ വേലാണ്ടിമാമന്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. പാഞ്ചാലിയെ പതിനാറാമത്തെ വയസില്‍ `തെണ്ടന്‍മുത്തപ്പന്‍' തല്ലിക്കൊന്നതാണെന്നും ഗ്രാമത്തിന്റെ ഐതിഹ്യമാണ്‌. അടിയന്തിരാവസ്‌ഥകാലത്ത്‌ നക്‌സലൈറ്റുകള്‍ ഈ പനകളുടെ മുകളിലാണത്രേ ഒളിച്ചിരുന്നത്‌.
രാത്രിയില്‍ മുട്ടക്കുന്നുകളിലിരുന്നാല്‍ താഴെ നിരത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരുടെ പന്തംകുളത്തിജാഥ പോകുന്നതും ആറാട്ടുപുഴപൂരത്തിന്‌ പോകുന്ന ദേശക്കാരുടെ കരിന്തിരി വെട്ടവും കാണാം.
കുന്നിന്റെ ചരിഞ്ഞ ഭാഗങ്ങളിലായി പന്ത്രണ്ടോളം ചിതറികിടക്കുന്ന വീടുകള്‍ ഉള്‍പ്പെട്ടതാണ്‌ ഞങ്ങളുടെ കൂഗ്രാമം. പാമ്പുകള്‍ പിരിഞ്ഞു കിടക്കുന്നതു പോലെയുള്ള ഗ്രാമീണ ഇടവഴികളിലൂടെ അവള്‍ നടന്നുവരുന്നത്‌ ഞാന്‍ നോക്കി നില്‍ക്കും. പച്ചമരങ്ങള്‍ക്കിടയിലെ കുറ്റിക്കാടുകളില്‍ പഴുത്തുതുടുത്തു നില്‍ക്കുന്ന മുള്ളംപ്പഴങ്ങള്‍ പറയ്‌ക്കാന്‍ അവള്‍ പച്ചനിറത്തിലുള്ള അരപാവാടയും പുള്ളി ഉടുപ്പുമിട്ട്‌ വരുമായിരുന്നു. കൊതിച്ചിയാണവള്‍ മുള്ളംപഴങ്ങള്‍ക്ക്‌...
അവള്‍ ഋതുമതിയായ ദിവസം ഒരു `വാലന്റൈസ്‌ ഡേ' കൂടി ആയിരുന്നു. അന്നുതന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പിഞ്ചുകുഞ്ഞ്‌ മരിച്ചു. വൈകീട്ട്‌ ഗ്രാമീണര്‍ മരണ വീട്ടില്‍ ശോകമൂകരായി നില്‍ക്കുന്നതിനിടെ അവള്‍ പാത്തുംപതുങ്ങി അമ്മച്ചിയെ കണ്‍വെട്ടിച്ച്‌ പച്ചിലമരങ്ങള്‍ക്കിടയിലേക്ക്‌ പാഞ്ഞത്‌ ഞാന്‍ കണ്ടു പിടിച്ചു. മുള്ളംപ്പഴങ്ങള്‍ പറക്കുന്നതിനിടയില്‍ ഗ്രാമത്തിലെ ഒരു ചാവാലി പട്ടി ആക്രമിക്കാന്‍ കുരച്ച്‌ വന്നത്‌. പട്ടിയുടെ ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ മരങ്ങള്‍ക്കിടയിലൂടെ അവള്‍ ഓടിനടന്നു. അവളെ തേടിയെത്തിയ ഞാന്‍ കതിവന്നൂര്‍ വീരനെപോലെ പട്ടിയെ ഓടിക്കാന്‍ അലറി.
അവള്‍ ഓടി എന്റെ കൈകളിലേക്ക്‌ കടന്നുപിടിച്ച്‌ പിന്നിലെ മൊട്ടക്കുന്നിലേക്ക്‌ ചാടിക്കയറി സുരക്ഷിതയായി. പട്ടിയുടെ പല്ലുകള്‍ ആഴ്‌ന്നത്‌ എന്റെ കൈകാലുകളിലായിരുന്നു. ഞാന്‍ വേദന കൊണ്ട്‌ പുളഞ്ഞു. അവളുടെ നിലവിളിച്ചു. പിന്നെയും പട്ടി അവളെ കടിക്കാന്‍ ആര്‍ത്തിക്കൂട്ടി ഓലിയിട്ട്‌ മുട്ടക്കുന്നിലേക്ക്‌ പടച്ചുക്കേറുന്നതിനിടെ ഞാന്‍ വാലില്‍ പിടിച്ച്‌ അതിനെ വലിച്ചെറിഞ്ഞു. പട്ടി പ്രാണനും കൊണ്ട്‌ ഓടി. മൊട്ടക്കുന്നില്‍നിന്ന്‌ ചാടിയിറങ്ങി അവള്‍ എന്നെയും നോക്കി നിന്നു.

അന്ന്‌ മുതല്‍ ഞങ്ങള്‍ കണ്ടാല്‍ മിണ്ടിതുടങ്ങി. പിന്നീട്‌ ഞങ്ങളുടെ പ്രണയം പച്ചമരങ്ങള്‍ക്കിടയില്‍ തളിര്‍ക്കാനും പുഷ്‌പിക്കാനും തുടങ്ങി.
പാലപ്പൂക്കള്‍ വീണ്‌ കിടക്കുന്ന മുട്ടകുന്നിലിരുന്ന്‌ ഞങ്ങള്‍ ഉമ്മ വച്ചു. കുമാരേട്ടന്റെ പ്രേതം വരുമെന്ന്‌ പറയുമ്പോള്‍ അവള്‍ പേടിച്ച്‌ വിറയ്‌ക്കും. അപ്പോള്‍ അവള്‍ പേടിച്ചരണ്ട്‌ എന്നെ കെട്ടിപിടിക്കും. മുള്ളംപഴങ്ങള്‍ തിന്നാന്‍വരുന്ന കൂമ്പാളകുരുവികളുടെ കൂട്ടില്‍ ഞങ്ങള്‍ കൈയിട്ട്‌ നോക്കും. വവ്വാലുകള്‍ ഊഞ്ഞാലാടുന്ന കാഞ്ഞിരമരങ്ങള്‍ക്ക്‌ താഴെയുള്ള ചപ്പുചവറുകളില്‍ ഞങ്ങള്‍ കലപിലശബ്‌ദമുണ്ടാക്കി നടന്നു.
മുളകള്‍ പ്രണയ പരവശയായി കെട്ടിപുണരുന്നത്‌ കണ്ട്‌ അവള്‍ നാണം കുണുങ്ങി മുഖം പൊത്തി. എന്റെ നില്‍പ്പും അവളുടെ നടപ്പും കണ്ട്‌ ചെറുനീര്‍ചാലിലെ എഴുത്താണികള്‍ പ്രണയലേഖനങ്ങളെഴുതി.

`` കാറ്റ്‌ ഓടി വന്ന്‌
കാടിന്റെ അടിപ്പാവാട അഴിച്ചുമാറ്റിയപ്പോള്‍
നിഴലുകള്‍ ഉരഗങ്ങളെപ്പോലെ
കാട്ടുഞാവല്‍പ്പഴങ്ങള്‍ വീണുകിടക്കുന്ന
കാനനശിലകളിലൂടെ മണംപിടിച്ച്‌ ഇഴഞ്ഞ്‌ നടന്നു.

മുളകള്‍ ഇണ ചേരുന്നത്‌ കണ്ട്‌
നീ
നാണത്താല്‍
കണ്ണുപൊത്തിയപ്പോള്‍
ഞാന്‍
നിനക്ക്‌ നാണം മറയ്‌ക്കാന്‍
ചുണ്ടുകള്‍കൊണ്ട്‌ നനഞ്ഞ ഒരു അടിപ്പാവാട തുന്നി.''

ഒരിക്കല്‍ പാലപ്പൂമരങ്ങള്‍ വീണുകിടക്കുന്ന ശിലയുടെ പ്രതലത്തില്‍ ഞാനും അവളും കെട്ടിപ്പുണര്‍ന്ന്‌ കിടക്കുമ്പോള്‍ തൊട്ടടുത്ത്‌ രണ്ടു പാമ്പുകള്‍ ഇണചേരുന്നത്‌ കണ്ട്‌ ഞങ്ങള്‍ വിറച്ചു. അവര്‍ പ്രണയക്കേളിയില്‍ കാമപരവശരായി തൃത്തം ചെത്‌യു. പിന്നീട്‌ ഞങ്ങളും ഉരഗങ്ങളായിമാറി. പാലപ്പൂക്കള്‍ മഴയായി ഞങ്ങളില്‍ പെയ്‌തിറങ്ങി. ആലസ്യത്തിന്റെ പീള മാറ്റി കണ്‍ത്തുറന്നപ്പോള്‍ ഞങ്ങള്‍ കണ്ടു പാലമരത്തില്‍ `ഗര്‍ഭിണിയായ വാസന്തി' തൂങ്ങികിടക്കുന്നത്‌. വാസന്തിയുടെ മൃതദേഹം ഞങ്ങളാണ്‌ ആദ്യം കണ്ടതെന്ന്‌ ഞങ്ങള്‍ക്ക്‌ മാത്രമെ ഇന്നും അറിയൂ.
പാറകള്‍ കല്‍കണ്ടങ്ങളാകുന്നത്‌ വരെ ഞാന്‍ അവളെ പ്രണയിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കി. കാഞ്ഞിരങ്ങള്‍ രക്‌തചന്ദനമരങ്ങളാകുന്നത്‌ വരെ എന്നെ പ്രണയിക്കുമെന്നും അവളും മൊഴിഞ്ഞു. ഇഴജന്തുക്കളെ പോലെ ഞങ്ങള്‍ ഇഴഞ്ഞു പിരിഞ്ഞുപോയി.

പിന്നെ എപ്പോഴാണ്‌ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചത്‌? എപ്പോഴാണ്‌ എന്റെ ഗ്രാമം മണ്ണുമാഫിയ തുരന്ന്‌ തിന്നത്‌? അവള്‍ ഗ്രാമം വിട്ട്‌ പോയതും?
ഇന്ന്‌ എന്റെ ഗ്രാമത്തില്‍ പച്ചമരങ്ങളില്ല. പച്ചമണ്ണില്ല. പാലപ്പൂക്കളില്ല. കുമാരേട്ടന്റെ പ്രേതമില്ല. മരപ്പട്ടികള്‍ കയറിയിരിക്കുന്ന കരിംപനകളില്ല. പച്ചില പാമ്പുകള്‍ നൃത്തം ചെയ്യുന്ന വേലിപടര്‍പ്പുകളില്ല. വാവ്വാലുകള്‍ ഊഞ്ഞാലാടുന്ന കാഞ്ഞിരമരങ്ങളില്ല. ഇഴജന്തുക്കളും എഴുത്താണികളുമില്ല. ഗ്രാമീണര്‍ നഗരങ്ങളിലെ കെട്ടിടസമുച്ചയങ്ങളിലേക്ക്‌ ചേക്കേറി. സിമന്റ്‌ കെട്ടിടസമുച്ചയങ്ങള്‍ക്കിടയില്‍ ഞാന്‍ `അന്നയെ' തെരഞ്ഞു. എനിക്ക്‌ പേ പിടിച്ചിരിക്കുകയാണത്രേ. എന്നെ തല്ലിക്കൊല്ലണമെന്ന്‌ നാട്ടുപ്രമാണിമാര്‍ ഉത്തരവിട്ടു. ഓടുകയാണ്‌ ഞാന്‍ പേ പിടിച്ച പട്ടിയെപ്പോലെ........ഭൂമിയിലെ പച്ചമരങ്ങള്‍ തേടി.

PASSION AND FASHION


















സിനിമ എനിക്ക്‌
`പാഷനും ഫാഷനും'


ധനേഷ്‌കൃഷ്‌ണ

`പെണ്ണിനേക്കാളും പണത്തിനേക്കാളും മുമ്പ്‌ ഞാന്‍ സിനിമയെ പ്രണയിച്ചു'

`കലാകാരന്‌ പ്രതിഭ ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട കുരുശാണ്‌'. നാലു ദശകങ്ങളിലായി കെട്ടിപ്പൊക്കിയ സിനിമയുടെ സാമ്പ്രദായിക നിയമാവലികളെ അറുപതുകളില്‍ കീറിമുറിച്ച ഫ്രഞ്ച്‌ നവതരംഗ സ്രഷ്‌ടാക്കളിലെ പ്രമുഖന്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദ്‌ പറഞ്ഞത്‌ എത്ര യാഥാര്‍ഥ്യം. സിനിമപോലെ എന്റെ ജീവിതവും ചലിക്കുകയാണ്‌. ചില സമയത്ത്‌ വാണീജ്യസിനിമപോലെ ചിലപ്പോള്‍ മധ്യവര്‍ത്തി സിനിമപോലെ ചിലപ്പോള്‍ സമാന്തരസിനിമപോലെ. ഇപ്പോള്‍ ഷൂട്ടിംഗ്‌ കഴിഞ്ഞിട്ടും ഒരിക്കലും പുറത്തിറങ്ങാത്ത സിനിമപോലെയും. സിനിമ എനിക്ക്‌ പാഷനും ഫാഷനും എന്നതിനപ്പുറം പ്രൊഫഷനുമാണ്‌.

ബാല്യം

ഞാന്‍ ജനിച്ചത്‌ തൃശൂര്‍ ആളൂരി(ചാലക്കുടി-പോട്ട)നടുത്ത്‌ താണിപ്പാറ ഗ്രാമത്തിലാണെങ്കിലും, എന്റെ ബാല്യകാലത്തിന്‌ ആനുരുളി ഗ്രാമത്തിന്റെ ജൈവികതയും പച്ചപ്പുമാണ്‌. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ മുരിയാട്‌ കോള്‍നിലങ്ങളുടെ പടിഞ്ഞാറേ തീരമാണ്‌ ആനുരുളി ഗ്രാമം, അമ്മയുടെ ചേച്ചിയുടെ വീടാണ്‌ അവിടെ. ശിവക്ഷേത്രവും വെളിച്ചപ്പാടും പാടവും തോടും കൊയ്‌ത്തും മെതിയുമുള്ള ആനുരുളി ഗ്രാമം ഇന്നും എനിക്ക്‌ ഗൃഹാതുരത്വം ഉണ്ടാക്കുന്നു. നീണ്ടവേനലവധികാലത്ത്‌ അമ്മ ഞങ്ങളെ അവിടെ കൊണ്ടാക്കുമായിരുന്നു. ഞാനും ചേട്ടനും അനിയത്തിയും എത്തുമ്പോള്‍ തന്നെ കൊയ്‌ത്തു നടക്കേണ്ട സമയമായിരിക്കും. ഞങ്ങള്‍ വരുന്നത്‌ അറിഞ്ഞാല്‍ അമ്മയുടെ മൂത്ത ചേച്ചിയുടെ ഇളയ മകളും ഒഴിവുക്കാലം ആഘോഷിക്കാന്‍ ആനുരുളിയിലേക്ക്‌ എത്തും. വല്ല്യമ്മയ്‌ക്ക്‌ രണ്ടു മക്കളാണ്‌ സന്തുചേട്ടനും ഗംഗചേച്ചിയും. സന്തുചേട്ടന്‍ കോളജ്‌ കുമാരനാണ്‌. എന്നാലും വല്ല്യച്‌ഛന്‍ ചേട്ടനെ പാടത്ത്‌ പോത്തുകളെകൊണ്ട്‌ ഒഴമ ചെയ്യ്‌പ്പിച്ച്‌ പഠിപ്പിക്കാറുണ്ട്‌.ഞങ്ങള്‍ ഒഴമ ചെയ്യുന്നത്‌ നോക്കിനില്‍ക്കും. ചേച്ചി ഏഴാം ക്ലാസ്‌ വരെ പഠിച്ചിട്ടുള്ളൂ.
ചുമരില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോകളൂടെ നീണ്ടനിരയുണ്ട്‌. വല്ല്യച്‌ഛനും വല്ല്യമ്മയും ചേട്ടനും ചേച്ചിയും മമ്മൂട്ടിയുടെ കടുത്ത ആരാധകരായിരുന്നു. അവര്‍ക്ക്‌ ദൈവത്തെ പോലെ ആയിരുന്നു മമ്മൂട്ടി. എന്നാല്‍ ഞാനും ചേട്ടനും അനിയത്തിയും മൂത്ത വലിയമ്മയുടെ മകളും മോഹന്‍ലാലിന്റെ ആരാധകരായിരുന്നു. ഗംഗചേച്ചിയുടെ മുറിയിലെ ചുമരുകളിലും വാതിലുകളിലും മമ്മൂട്ടിയുടെ പടങ്ങള്‍ കാണാം.
മുള്ളന്‍പ്പഴം പറിച്ച്‌ നിന്നും താമരഅല്ലി തുരന്ന്‌ തിന്നും ഞങ്ങള്‍ അങ്ങനെ ഒഴിവുക്കാലം ചെലവഴിക്കും. ബാല്യത്തിലെ ആനുരുളിയിലെ പ്രഭാതങ്ങള്‍ക്ക്‌ പച്ചപ്പാലിന്റെയും പച്ചപുല്ലിന്റെയും മണമാണ്‌. പുല്ലൂരുള്ള ദേവി തിയ്യറ്ററില്‍ സിനിമകാണുന്നതും പതിവാണ്‌ കമലഹാസന്റെ പടങ്ങളാണ്‌ അന്ന്‌ ഏറെയും കണ്ടിട്ടുള്ളത്‌. മേളത്തിന്റെ എല്ലാ കാലവും മുഴുവനായി കൊട്ടിതീരുന്ന ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്ക്യക്ഷേത്രത്തില്‍ കഥകളി കാണാനും ഞങ്ങള്‍ പോകാറുണ്ട്‌.

പ്രണയം

എന്റെ പ്രണയം `ഔട്ട്‌ ഓഫ്‌ ക്യാപസ്‌' ആയിരുന്നു. തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്നതിന്‌ മുമ്പേ അതായത്‌ എന്റെ കൗമാരപ്രായത്തില്‍തന്നെ ഒരു ബാലികയോട്‌ വല്ലാത്ത ആകര്‍ഷണം ഉണ്ടായിരുന്നു. പാമ്പുകള്‍ ഇഴപിരിഞ്ഞ്‌ കിടക്കുന്നതുപോലുള്ള വെട്ടുവഴികകളിലൂടെ അവള്‍ നടന്നു വരുന്നത്‌ മനസിന്‌ കുളിര്‍മയും ആനന്ദവും പകരുന്ന കാഴ്‌ചയായിരുന്നു. അവള്‍ക്ക്‌ എട്ടു വയസുള്ളപ്പോള്‍ അതായത്‌ 1999മുതല്‍ ഞാന്‍ അവള്‍ അറിയാതെ അവളെ പ്രണയിച്ചുത്തുടങ്ങി. അവളുടെ ഇരുണ്ടമിഴികളിലേക്കും ചുവന്ന നാസികകളിലേക്കും തളിര്‍ത്ത കവിള്‍ത്തടങ്ങളിലേക്ക്‌ വീണുകിടക്കുന്ന കുറുനിരകളിലേക്കും എന്റെ കണ്ണുകള്‍ ഇഴഞ്ഞു നടന്നു. അവള്‍ വളരുന്നത്‌ ഞാന്‍ നോക്കിയിരുന്നു. ഒപ്പം പ്രണയത്തിന്റെ പാര്‍വണങ്ങള്‍ എന്റെ മനസില്‍നിന്ന്‌ മുളച്ചുപ്പൊന്തി. അവളുടെ അസാനിധ്യം എന്നെ വീര്‍പ്പുമുട്ടിക്കുന്നത്‌പ്പോലെ തോന്നി. അവള്‍ക്കായി ഞാന്‍ സര്‍പ്പത്തെപ്പോലെ പലയിടങ്ങളിലായി കാത്തുക്കിടന്നു. . അവള്‍ എന്റെ മനസിന്‌ പോറലും വാറലും നീറലുമായപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌ ഞാന്‍ അവളെ പ്രണയിക്കുന്നുണ്ടെന്ന്‌.
2008-ഡിസംബറിലെ മഞ്ഞുമാസത്തിലാണ്‌ ഞാന്‍ പ്രണയത്തിന്റെ മുള്ളംപ്പഴങ്ങള്‍ നുകര്‍ന്നത്‌.

ക്യാപസ്‌-സിനിമ

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴെ എനിക്ക്‌ സിനിമ ഭ്രമമായിരുന്നു. എന്നാല്‍ സിനിമയുമായി പരിചയമുള്ള ഒരാളും 25 വയസുവരെ എനിക്ക്‌ ഉണ്ടായിരുന്നില്ല. സിനിമയോടുള്ള എന്റെ മോഹം ഭ്രാന്തുപ്പോലെയായി. തൃശൂര്‍ ശ്രീ കേരളവര്‍മ്മകോളജില്‍ ഇംഗ്ലീഷ്‌ ബിരുദത്തിന്‌ ചേര്‍ന്നപ്പോഴാണ്‌ സിനിമാഭ്രാന്തു കലശമായത്‌. എന്നാല്‍ ക്യാപസില്‍ ഞാന്‍ ഒരു കവിയായി അറിയപ്പെട്ടു. കോളജില്‍ തിളങ്ങാന്‍ പറ്റിയ മേഖല കവിതയാണെന്ന്‌ ഞാന്‍ മനസിലാക്കുകയായിരുന്നു. കുറേ കവിതകള്‍ ഞാന്‍ 2000,2001,2002 ബിരുദ വര്‍ഷങ്ങളില്‍ എഴുതി. 2000ല്‍ മലയാളമനോരമദിനപ്പത്രത്തിന്റെ ക്യാപസ്‌ ലൈനില്‍ എന്റെ കവിത `മാടപ്രാവുകള്‍'ആദ്യമായി അച്ചടിച്ചുവന്നു. പത്രത്തില്‍ കവിത കണ്ട്‌ ഈ കവിത തൃശൂരിലെ ഒരു കോളജിലെ ഒരു പെണ്‍കുട്ടി കോളജ്‌ഡേയ്‌ക്ക്‌ ആലപിച്ചത്‌ അവിടെ പഠിക്കുന്ന എന്റെ സുഹൃത്തുവഴി ഞാന്‍ അറിഞ്ഞു. പിന്നീട്‌ ക്യാപസിലെ പത്രങ്ങളിലും കവിതകള്‍ പുറത്തുവന്നു. 22 കവിതകളുടെ സമാഹാരം `പാതകള്‍' ക്യാപസില്‍ പ്രസിദ്ധീകരിച്ചതാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌പുറമേ എന്നെ പ്രൊഫസര്‍മാര്‍ക്കിടയിലും പരിചിതനാക്കിയത്‌. എന്നാല്‍ എന്റെ മനസില്‍ സിനിമയുടെ 24 ഫ്രെയ്‌മുകള്‍ മിന്നിമറയുകയായിരുന്നു. ബിരുദം കഴിഞ്ഞ്‌ ഞാന്‍ ട്യൂഷനിലേക്ക്‌ തിരിഞ്ഞു. സിനിമയെകുറിച്ച്‌ ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ്‌ ഞാന്‍ ട്യുഷന്‍ നിറുത്തി. 25 വയസിനുള്ളില്‍ നാലോളം തിരക്കഥകള്‍ എഴുതി വച്ചു. ഇരുപത്തിയഞ്ചര വയസില്‍ കോളജില്‍ പഠിക്കുന്ന സുഹൃത്തുമായി സിനിമ ചെയ്യാനുള്ള പദ്ധതിയിട്ടു. സിനിമാ പദ്ധതിയുമായി ബന്ധപ്പെട്ട്‌ പാലാരിവട്ടത്ത്‌ ഒരു ഹോട്ടലില്‍ ഒരു മാസത്തോളം ചര്‍ച്ചകളുമായി തങ്ങി. എന്നാല്‍ സിനിമ നടന്നില്ല. അത്‌ എന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു. പീന്നീടാണ്‌ ജേണലിസം പഠിക്കാന്‍ തിരുവനന്തപുരത്തേക്ക്‌ പോകുന്നത്‌.

തിരുവനന്തപുരം

എന്നെ ആദ്യമായി പട്ടിണിക്കിട്ട നഗരം. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട നഗരവും തിരുവനന്തപുരം തന്നെ.
ജേണലിസം പഠിക്കാനാണ്‌ ഞാന്‍ മലയാളസിനിമയുടെ കോടമ്പാക്കമായ തിരുവനന്തപുരത്തേക്ക്‌ അര്‍ദ്ധരാത്രിയില്‍ ഇരിങ്ങാലക്കുടസ്‌റ്റേഷനില്‍നിന്ന്‌ ചെന്നൈ-ഗുരുവായൂര്‍ ട്രെയിന്‌ പുറപ്പെട്ടത്‌. നിരവധി സുഹൃത്തുക്കളെ സംമ്പാദിച്ചു. തിരുവനന്തപുരത്തെ ജേണലിസം പഠനം എന്നെ മറ്റൊരുവനാക്കുകയായിരുന്നു. തിരവധി ചലച്ചിത്രമേളകള്‍ കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനുംകഴിഞ്ഞുവെന്നതാണ്‌ മറ്റൊരു ഭാഗ്യം. കോഴ്‌സ്‌കഴിഞ്ഞിറങ്ങിയ എനിക്ക്‌ 2007ലെ അന്താരാഷ്‌ട്രചലച്ചിത്രോല്‍സവം ഒരു പത്രത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അവസരം ലഭിച്ചു. അടൂര്‍ഗോപാലകൃഷ്‌ണനെയും(നാല്‌ പെണ്ണുങ്ങള്‍) ശ്രീനിവാസനെയും (കഥപറയുമ്പോള്‍) ഷാഫിയെയും(ചോക്ക്‌ലേറ്റ്‌) അങ്ങനെയാണ്‌ ആദ്യമായി ഇന്റര്‍വ്യു ചെയ്യുന്നത്‌.

ഗൊദാര്‍ദ്‌

ഫ്രഞ്ച്‌ ഫിലിംമേക്കര്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദാണ്‌ എന്റെ ഇഷ്‌ടപ്പെട്ട സംവിധായകന്‍. അദ്ദേഹത്തിന്റെ സിനിമകളും സിനിമകളെക്കുറിച്ചുള്ള സൈന്ദാന്തിക പഠനങ്ങളും എന്റെ ജീവിതത്തെ ഏറെ സ്‌പര്‍ശിച്ചിട്ടുണ്ട്‌. ബ്രെത്ത്‌ലസ്സ്‌, വീക്കെന്‍ഡ്‌ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്‌. നാഗരികത, സ്‌നേഹം, രതി,സംഗീതം, വിപ്ലവം തുടങ്ങിയവയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സിനിമ സംസാരിച്ചു. സിനിമയുടെ സാമ്പ്രദായിക നിയമാവലികളെ ഗൊദാര്‍ദ്‌ ചോദ്യംചെയ്യുകയായിരുന്നു.

തൂവാന തുമ്പികള്‍

എന്റെ എക്കാലത്തെയും ഇഷ്‌ടപ്പെട്ട സിനിമയാണ്‌ പത്മരാജന്‍ സാറിന്റെ `തൂവാന തുമ്പികള്‍'. നേരംപോക്ക്‌, പ്രണയം, കാമം, ജീവിതം, വിരഹം ഇങ്ങനെ ജീവിതത്തിന്റെ സകലസംഭവങ്ങളും തൂവാന തുമ്പികള്‍ പരിശോധിക്കുന്നുണ്ട്‌. ജുസപ്പി ടൊര്‍ണറേറ്ററിന്റെ `സിനിമപാരഡിസോ'യും കിം കി ഡ്യൂക്കിന്റെ സ്‌പ്രിംഗ്‌ എന്നിവ എന്റെ ഇഷ്‌ടപ്പെട്ട സിനിമകളാണ്‌.

WOMEN TO CINEMA


സ്‌ത്രീകള്‍ സിനിമയെ സ്വന്തമാക്കുന്നു


ധനേഷ്‌കൃഷ്‌ണ


സിനിമയുടെ പുരുഷകേന്ദ്രീകൃതമേഖലയായ സംവിധാനരംഗത്തേയ്‌ക്ക്‌ സ്‌ത്രീകള്‍ ആഗോളവ്യാപകമായി കൂട്ടത്തോടെ കടന്നുവരുന്ന പ്രവണത ഏറിവരുന്നതായി കാണാം. സ്‌ത്രീശരീരത്തെ കലാപരമായും വാണീജ്യത്തിനായും ഏറെ ചൂഷണം ചെയ്‌ത കലാരൂപവും സിനിമതന്നെ. നാല്‍പ്പതുവര്‍ഷത്തെ സിനിമയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അറുപതുകളില്‍ ഒറ്റയടിക്ക്‌ തിരിത്തിയെഴുതിയ ഫ്രഞ്ച്‌ നവതരംഗ സ്രഷ്‌ടാക്കളിലെ പ്രമുഖന്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദാണ്‌ സ്‌ത്രീയെ ഏറ്റവും കൂടുതലായി ചൂഷണം ചെയ്‌തതെന്ന്‌ അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാകും. സിനിമയുടെ വിപണന മേഖലമാത്രം ഉദ്ദേശിച്ചായിരുന്നു സ്‌ത്രീകളെ ചില സംവിധായകര്‍ സിനിമയുടെ ഭാഗമാക്കുന്നത്‌. എന്നാല്‍ സ്‌ത്രീവിഷയം ലൈംഗികതമാത്രമല്ലെന്നും സ്‌ത്രീക്ക്‌ അവളുടേതായ അസ്‌തിത്വമുണ്ടെന്നും വാദിച്ച്‌ രണ്ടു ദശകങ്ങളായി വിവിധ രാജ്യങ്ങളില്‍നിന്നായി സ്‌ത്രീകള്‍ കൂട്ടത്തോടെ ചലച്ചിത്രമേഖല കൈയടക്കുന്ന വര്‍ത്തമാനകാലമാണിത്‌. `ചലച്ചിത്രപ്രക്രിയ ഡോക്‌ടറുടെ ചികില്‍സപോലെയാണ്‌. ഡോക്‌ടര്‍ സ്‌ത്രീയായാലും പുരുഷനായാലും ചികില്‍സ നന്നായാല്‍ മതി' എന്ന്‌ പറഞ്ഞ ഫ്രഞ്ച്‌ സംവിധായിക കാതറിന്‍ കോര്‍സിനിയുടെ വാക്കുകളെ അനുകൂലിക്കുന്നവരാണ്‌ വര്‍ത്തമാനകാല സ്‌ത്രീസംവിധായകര്‍.

ആഗ്നസ്‌ വര്‍ദ

അമേരിക്കന്‍ സാങ്കേതിക സമ്പ്രദായങ്ങളോട്‌ കലഹിച്ച്‌ ഫ്രഞ്ച്‌ നവതരംഗത്തിലെ ഗൊദാര്‍ദ്‌, ക്ലോദ്‌ ഷബ്രോള്‍, ഫ്രാന്‍സോ ത്രൂഫോ തുടങ്ങിയ ഒരു കൂട്ടം പുരുഷസംവിധായകര്‍ക്കിടയില്‍ ആഗ്നസ്‌ വര്‍ദ മാത്രമായിരുന്നു വനിതാസംവിധായികയായി ഉണ്ടായിരുന്നത്‌ . ലോകസിനിമയിലെ മുത്തശി എന്ന്‌ അറിയപ്പെടുന്ന ആഗ്നസ്‌ വര്‍ദയുടെ സ്‌ഥാനം ലോകത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍തന്നെയാണ്‌. 2009-ലെ തിരുവനന്തപുരം ചലച്ചിത്രോല്‍സവത്തില്‍ ഫ്രഞ്ച്‌ മാസ്‌റ്റേഴ്‌സിന്റെ പാക്കേജില്‍ ആഗ്നസ്‌ വാര്‍ദയുടെ `ക്ലിയോ ഫ്രം 5 ടു 7 എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ആഗ്നസ്‌ വാര്‍ദ ഫ്രാന്‍സില്‍ എന്ന പോലെ ഡൊറോത്തി ആര്‍സ്‌ന അമേരിക്കന്‍ സിനിമയിലെ ശക്‌തമായ സ്‌ത്രീ സാനിധ്യമായിരുന്നു. പുരുഷകൂട്ടത്തോട്‌ ഒപ്പംനിന്ന്‌ നൂതനമായ സ്‌ത്രീക്കാഴ്‌ചകള്‍ ലോകസിനിമയ്‌ക്ക്‌ സംഭാവനചെയ്യാന്‍ ഡൊറോത്തി ആര്‍സ്‌നയ്‌ക്ക്‌ കഴിഞ്ഞു. എഴുപതുകളില്‍ സ്‌ത്രീകള്‍ സംഘടിപ്പിച്ച സ്‌ത്രീപക്ഷ ചലച്ചിത്രമേളകള്‍ ചലച്ചിത്രമേഖലയിലേക്ക്‌ സ്‌ത്രീകള്‍ക്ക്‌ കടന്നുവരാനുള്ള സുഗമമായ കവാടമായിരുന്നു. സ്‌ത്രീ അവയവങ്ങളില്‍ ആനന്ദംകൊള്ളുന്ന ചലച്ചിത്രരീതിയാണ്‌ പുരുഷന്റേതെന്ന്‌ അമേരിക്കന്‍ സംവിധായികമാരായ ഇഡാലുപിനോ, ലിനാ വെര്‍ട്ട്‌മുള്ളര്‍, ജര്‍മന്‍ സംവിധായിക ലെനി റെയ്‌ഫെന്‍സ്‌റ്റാള്‍ എന്നിവര്‍ കുറ്റപ്പെടുത്തി. സമൂഹത്തില്‍ സ്‌ത്രീയ്‌ക്ക്‌ മാതൃകാപരമായ സാനിധ്യം ഉണ്ടെന്നും കലയില്‍ സ്‌ത്രീയ്‌ക്ക്‌ പുരുഷനെപ്പോലെതന്നെ സമാനതകള്‍ ഉണ്ടെന്നും ഇവരുടെ സിനിമകള്‍ ലോകത്തോട്‌ പറഞ്ഞു. സ്‌ത്രീയുടെ വിഷയം രതിയും ലൈംഗികപീഡനവും മാത്രമാണെന്ന പുരുഷന്റെ കാഴ്‌ചപ്പാട്‌ ശരിയല്ലെന്ന്‌ വരുത്തകയായിരുന്നു ഇവര്‍. ഹംഗേറിയന്‍ ചലച്ചിത്രകാരി മാര്‍ത്ത മെഡോറസിന്റെ `നയന്‍ മന്ത്‌സ്‌, അഡോപ്‌ഷന്‍ തുടങ്ങിയ സിനിമകള്‍ സ്‌ത്രീയുടെ ഇടം കണ്ടെത്തുന്നവയായിരുന്നു. ലോല, ഡാന്‍സോണ്‍, ദി ഗാര്‍ഡന്‍ ഓഫ്‌ ഈഡന്‍, വുമണ്‍ വിത്ത്‌ഔട്ട്‌ എ ട്രേയ്‌സ്‌ എന്നീ ചിത്രങ്ങളിലൂടെ മെക്‌സിക്കന്‍ സംവിധായിക മറിയ നൊവാരോ മെക്‌സിക്കന്‍ സമാന്തര സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചു.

കാതറീന്‍ ബിഗ്‌ലോ

എന്‍പത്തിരണ്ടുവര്‍ഷത്തെ ഓസ്‌കാര്‍ ചരിത്രത്തെ വിസ്‌മയിപ്പിച്ച്‌ 2009 ലെ ഓസ്‌കാര്‍ കാതറീന്‍ ബിഗ്‌ലോ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ മുന്‍ ഭര്‍ത്താവ്‌ ജയിംസ്‌ കാമറൂണിനെ പരാജയപ്പെടുത്തി ലോകസിനിമയുടെ നെറുകയിലെത്തുക മാത്രമല്ല ചെയ്‌തത്‌ പുരുഷകേന്ദ്രീകൃത ചലച്ചിത്രമേഖലയെ നിര്‍വീര്യമാക്കുകയായിരുന്നു. കാതറീന്‍ ബിഗ്‌ലോയുടെ `ദ ഹര്‍ട്ട്‌ ലോക്കര്‍' ജയിംസ്‌ കാമറൂണിന്റെ `അവതാറി' നോട്‌ കലഹിച്ച്‌ മികച്ച ചിത്രം, സംവിധാനം ഉള്‍പ്പെടെ ആറു പ്രധാന ഓസ്‌കാറുകളാണ്‌ സ്വന്തമാക്കിയത്‌. 1978ല്‍ `സെറ്റ്‌ അപ്പ്‌' എന്ന ഇരുപത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവുമായാണ്‌ കാതറീന്‍ ബിഗ്‌ലോ ചലച്ചിത്രലോകത്തേക്ക്‌ കടന്നുവരുന്നത്‌.`ദ ഹര്‍ട്ട്‌ ലോക്കര്‍' ഒരു സ്‌ത്രീപക്ഷ സിനിമയല്ല എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. സ്‌ത്രീവിഷയം മാത്രമല്ല പുരുഷനെപോലെതന്നെ സ്‌ത്രീക്കും സിനിമയിലൂടെ ജീവിതഗന്ധിയായ മറ്റു വിഷയങ്ങളും പറയാനാകുമെന്ന്‌ `ദ ഹര്‍ട്ട്‌ ലോക്കര്‍' ലൂടെ കാതറീന്‍ തെളിയിച്ചു. ഹോളിവുഡിലെ പത്ത്‌ മികച്ച വനിതാ സംവിധായികരായ അമീ ഹെക്കര്‍ലിങ്ങ്‌ , ജൂലി ടൈമോര്‍, മേരി ഹരോണ്‍, ആനി ഫ്‌ളറ്റച്ചര്‍, ബെറ്റി തോമസ്‌, സോഫിയ കൊപ്പാള, കാതറിന്‍ ഹാര്‍ഡ്‌വിക്ക്‌, പെന്നി മാര്‍ഷല്‍, നാന്‍സി മേയേഴ്‌സ്‌, നോറ ഈഫ്‌റോണ്‍ എന്നിവര്‍ കാതറീന്‍ ബിഗ്‌ലോയുടെ സമകാലികരും പിന്‍തുടര്‍ച്ചക്കാരുമാണ്‌.


സമീറ മക്‌മല്‍ ബഫ്‌

1998ല്‍ `ആപ്പിള്‍' എന്ന പ്രഥമചിത്രത്തിലൂടെ ലോകസിനിമപ്രേമികളുടെപ്രശംസയും അംഗീകാരവും പിടിച്ചുപ്പറ്റിയ ഇനാനിയന്‍ സംവിധായിക സമീറ മക്‌മല്‍ ബഫിന്‌ മുമ്പും ശേഷവും നിരവധി ഇനാനിയന്‍ സ്‌ത്രീകള്‍ സംവിധാനമേഖലയിലേക്ക്‌ ധൈര്യപൂര്‍വം കടന്നുവന്നു. ആപ്പിളിലൂടെ സ്‌ത്രീകളില്‍ അടിച്ചമര്‍ത്തപ്പെട്ട മതനിയമങ്ങളെ ചോദ്യം ചെയ്യാനാണ്‌ സമീറ ശ്രമിച്ചത്‌. 30 രാജ്യങ്ങളിലായി 100ല്‍പരം അന്താരാഷ്‌ട്ര മേളകളില്‍ ആപ്പിള്‍ പ്രദര്‍ശിപ്പിച്ചു. 18-ാമത്തെ വയസില്‍ കാന്‍ ചലച്ചിത്രമേളയില്‍ ക്ഷണിക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയെന്ന കീര്‍ത്തിയും സമീറയ്‌ക്ക്‌ സ്വന്തം. ബ്ലാക്ക്‌ ബോര്‍ഡ്‌, അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍, ടു ലെഗ്‌ഡ്‌ ഹോഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ സമീറ ചൂണ്ടിക്കാട്ടിയത്‌ ഇറാനിയന്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ദുരിതവും അസ്വാതന്ത്ര്യവുമായിരുന്നു. രണ്ടു ദശകങ്ങളിലായി ഇറാന്‍ സിനിമാമേഖലയിലേക്ക്‌ കടന്നുവന്നത്‌ 20 ഓളം സ്‌ത്രീ സംവിധായകരായിരുന്നു. ദാരിഷ്‌ മെഹൃജൂയി, യാസാമിന്‍മലേറ്റ്‌, റക്ഷാന്‍ ബാനി, ദെരക്ഷാന്ദെ, ലൈല മിര്‍ഹദി, താമിഷ്‌ മിലാനി, ഹന മക്‌മല്‍ ബഫ്‌, നികി കരിമി, സഹറ, മോണ സദി ഹജി തുടങ്ങിയ വനിതാസംവിധായകര്‍ സ്‌ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍തന്നെയാണ്‌ ഏറ്റുപറഞ്ഞത്‌.

തിരുവനന്തപുരത്ത്‌ നടന്ന 2007, 2008, 2009, 2010 വര്‍ഷങ്ങളിലെ മേളകള്‍ പിശോധിച്ചാല്‍ മനസിലാകുന്നത്‌ ഒരു കൂട്ടം സ്‌ത്രീകളുടെ ചലച്ചിത്രമേഖലയിലേക്കുള്ള കടന്നുക്കയറ്റമാണ്‌.
2007ലെ മേളയില്‍ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ നേടിയത്‌ സ്‌ത്രീകളായിരുന്നു. ലാറ്റിനമേരിക്കന്‍ പെണ്‍ചിത്രങ്ങള്‍ സ്‌ത്രീകളുടെ കരുത്തും സാനിധ്യവും സൂചിപ്പിക്കുന്ന അഭ്രപ്രതിഷേധങ്ങളായിരുന്നു. സുവര്‍ണ ചകോരം പങ്കിട്ടത്‌ ഇറാന്‍ സംവിധായിക മാനിയ അക്‌ബാരിയയും (ടെന്‍ പ്ലസ്‌ ഫോര്‍) അര്‍ജന്റീനിയന്‍ സംവിധായിക ലൂസിയ പ്യന്‍സിയോയുമാണ്‌(എക്‌സ്‌ എക്‌സ്‌ വൈ). ഫിപ്രസി പുരസ്‌കാരം നേടിയത്‌ ബ്രസീല്‍ സംവിധായിക ടെറസാ പ്രാതയുമാണ്‌ (സ്ലീപ്‌ വോക്കിംഗ്‌ ലാന്‍ഡ്‌).

2008 ലെ മേളയുടെ വിധിനിര്‍ണയിച്ചവരില്‍ സമീറ മക്‌മല്‍ ബഫ്‌ (ഇറാന്‍), ലൂസിയ മുറാറ്റ്‌(ബ്രസീല്‍), സീതോറ അലീവ (റഷ്യ) എന്നീ സ്‌ത്രീസംവിധായകരും കൂടിയായിരുന്നു. പോസ്‌റ്റല്‍സ്‌ ദെ ലെനിന്‍ ഗ്രാഡോ എന്ന ചിത്രത്തിന്‌ വെനിസ്വേല സംവിധായിക മരിയന്‍ റാന്‍ണ്ടന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരംനേടി. സിംഗപൂര്‍ സംവിധായിക നെന്‍ ത്രിവേണിയുടെ ഫോട്ടോഗ്രാഫ്‌, നന്ദിതാദാസിന്റെ ഫിറാഖ്‌, പാലസ്‌തീന്‍-അമേരിക്കന്‍ സംവിധായിക ആനിമേരി ജസിന്റെ ലൈക്‌ ട്വെന്റി ഇംപൊസിബിള്‍ എന്നീചിത്രങ്ങളും സ്‌ത്രീ ഇടപെടുന്ന വിഷയങ്ങളാണ്‌ കൈകാര്യം ചെയ്‌തത്‌.

2009ല്‍ പ്രദര്‍ശിപ്പിച്ച ഏഴ്‌ പുതുമുഖ ഫ്രഞ്ച്‌ സംവിധായകരില്‍ അഞ്ചു പേരും സ്‌ത്രീകളായിരുന്നു. മിയ ഹന്‍സണ്‍ ലൗ(ഓള്‍ ഈസ്‌ ഫോര്‍ഗിവണ്‍), ജമീല സഹറോണി(ബറാക്ക), കരീനേ ടര്‍ഡ്യൂ( ഇന്‍ മംസ്‌ ഹെഡ്‌), ബെര്‍ത്തലമി ക്രോസ്‌മാന്‍(13 സ്‌ക്വയര്‍ മീറ്റര്‍), സെലീനേ ഷിയാമാ( വാട്ടര്‍ ലില്ലീസ്‌) എന്നീ സംവിധായികമാര്‍ പറഞ്ഞത്‌ സ്‌ത്രീ കേന്ദ്രീകൃത വിഷയങ്ങളായിരുന്നു.
2010 ല്‍ ക്രൊയേഷ്യ , സ്ലോവിയ , മസിണ്ടോണിയ, ബോസ്‌നിയ, സെര്‍വിയ എന്നീ അഞ്ചു രാജ്യങ്ങളില്‍നിന്നായി അഞ്ച്‌സ്‌ത്രീകളുടെ സംയോജിത സിനിമ `സം അതര്‍ സ്‌റ്റോറീസ്‌ ' മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഗബ്രിയേല്‍ ഗാര്‍സി മാര്‍ക്കേസിന്റെ നോവലിന്റെ കഥാതന്തു പ്രമേയമാക്കി അതേ പേരില്‍ സ്‌പാനീഷ്‌ സംവിധായക ഹില്‍ഡ ഹിഡാല്‍ഗോ സംവിധാനം ചെയ്‌ത `ഓഫ്‌ ലൗ ആന്‍ഡ്‌ അദര്‍ ഡിമെന്‍സ്‌' വ്യത്യസ്‌ത ദൃശ്യാനുഭവം നല്‍കി.
2010ലെ 15-ാമത്‌ ചലച്ചിത്രമേളയിലെ `വുമന്‍പാക്കേജി'ല്‍ 15 ഓളം സ്‌ത്രീസംവിധായകരുടെ സിനിമകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌. എട്ടുവര്‍ഷമായി തിരുവനന്തപുരം മേളയുടെ ഫെസ്‌റ്റിവല്‍ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നത്‌ ഇന്ത്യയിലെ ആദ്യത്തെ വനിത എഡിറ്ററായ ബീനാപോളാണ്‌.


പീപ്പ്‌ലി ലൈവും ശെങ്കടലും

2010ല്‍ ഇന്ത്യന്‍ സിനിമയില്‍ സ്‌ത്രീ സംവിധായകരുടെ യുവസാനിധ്യം വെളിപ്പെടുത്തിയ രണ്ടു ചിത്രങ്ങളാണ്‌ പീപ്പ്‌ലി ലൈവും ശെങ്കടലും. കോര്‍പ്പറേറ്റ്‌ നിര്‍മ്മാതാക്കള്‍ക്ക്‌ അടിമയാകുന്ന വാണീജ്യ സംവിധായകര്‍ക്ക്‌ ഒരു താക്കീതാണ്‌ മാധ്യപ്രവര്‍ത്തകയായ അനുഷ റുസ്‌വിയുടെ പ്രഥമ ഫീച്ചര്‍ സിനിമ പീപ്പ്‌ലി ലൈവും(ഹിന്ദി) ഡോക്യുമെന്ററി സംവിധായകയായ ലീന മണി മേഘലലുടെ പ്രഥമ ഫീച്ചര്‍ സിനിമ ശെങ്കടലും (തമിഴ്‌). ചൂഷണത്തിന്‌ വിധേയനാകുന്ന ഇന്ത്യന്‍ കര്‍ഷകന്റെ പച്ചജീവിതം പറയുന്ന പീപ്പ്‌ലി ലൈവ്‌ 2010ലെ വിദേശഭാഷാ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ്‌. തമിഴ്‌ സംവിധായിക ലീന മണിമേകലയുടെ `ശെങ്കടല്‍' ശ്രീലങ്കന്‍ അഭയാര്‍ഥി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌. `ശെങ്കടല്‍' തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിലഭിക്കാത്തതിനെത്തുടര്‍ന്ന്‌ ലീന കോടതിയെ സമീപിച്ചിരിക്കുകയാണ്‌.
ദീപ മേത്ത (ഫയര്‍, വാട്ടര്‍, എര്‍ത്ത്‌), മീരാനായര്‍(സലാംബോംബെ, കാമസൂത്ര, മണ്‍സൂണ്‍ വെഡിംഗ്‌), അപര്‍ണാസെന്‍( ജപ്പാനീസ്‌ വൈഫ്‌ , യുഗന്ത്‌, മിസ്‌റ്റര്‍ ആന്‍ഡ്‌ മിസീസ്‌ അയ്യര്‍ ) എന്നിവര്‍ സ്‌ത്രീ കേന്ദ്രീകൃത വിഷയങ്ങളായിരുന്നു വെളിപ്പെടുത്തിയത്‌. 1978ല്‍ മീരാനായരുടെ സലാംബോംബെ വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കാര്‍ വിഭാഗത്തില്‍ മല്‍സരിച്ചിരുന്നു. അപര്‍ണാസെന്നിന്റെ ജപ്പാനീസ്‌ വൈഫും വിദേശ ഓസ്‌കാറിനുള്ള ആദ്യപട്ടികയില്‍ പീപ്പ്‌ലി ലൈവിനൊപ്പം ഉണ്ടായിരുന്നു.
1930 കളില്‍ അമേരിക്കന്‍ സിനിമയില്‍ അഭിനേത്രിയായി കടന്നുവന്ന്‌ പിന്നീട്‌ സംവിധാനത്തിലേക്ക്‌ ചുവട്‌ മാറിയവരാണ്‌ ഇഡാലുപിനോയെപോലെ അപര്‍ണാസെന്‍, സുഹാസിനി(ഇന്ദിര), രേവതി( മിത്ര്‌ മൈ ഫ്രണ്ട്‌), നന്ദിതാദാസ്‌(ഫിറാഖ്‌), ഷീല(ശിഖിരങ്ങള്‍), അംബിക(അനാബെല്ല), രോഗിണി(പമ്പരം) എന്നിവര്‍. കോറിയോഗ്രഫിക്കുള്ള ദേശീയ പുരസ്‌കാരം കരസ്‌ഥമാക്കിയ ഫറാ ഖാന്‍ (മേം ഹും നാം, ഓം ശാന്തി ഓം, തീസ്‌ മാര്‍ ഖാന്‍) പിന്നീട്‌ സംവിധാന-നിര്‍മ്മാണ രംഗത്തേക്ക്‌ ചുവട്‌ മാറി. അമീര്‍ഖാന്റെ ഭാര്യ കിരണ്‍ റോയി `ധോബി ഘട്ട്‌' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക്‌ പ്രവേശിച്ചു.
ഹിന്ദി, ബംഗാളി, തമിഴ്‌ സ്‌ത്രീകള്‍ സിനിമ കൈയടക്കിയപ്പോള്‍ മലയാളസിനിമയിയില്‍ സ്‌ത്രീകള്‍ ശക്‌തമായ പ്രവേശനം ഇതുവരെ നടത്തിയിട്ടില്ലെന്നാണ്‌ വസ്‌തവം. ഈയിടെ ചെറുപ്പക്കാരികളായ മൂന്ന്‌ പേര്‍ ഹ്രസ്വ ചിത്രങ്ങളുമായി ചലച്ചിത്രരംഗത്തേക്ക്‌ കടന്നുവന്നത്‌ ശ്രദ്ധേയമായി. ഗീതുമോഹന്‍ദാസിന്റെ `കേള്‍ക്കുന്നുണ്ടോ' , അഞ്‌ജലിമേനോന്റെ `ഹാപ്പി ജേണി', ശ്രീബാല കെ. മോനോന്റെ `പന്തിഭോജനം' തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ മലയാളസിനിമയിലെ സ്‌ത്രീകളുടെ സാനിധ്യം അറിയിച്ചവയാണ്‌. ഇവര്‍ മൂന്ന്‌ പേരും മലയാള സിനിമയുടെ സംവിധാനരംഗത്ത്‌ സജീവമാകാന്‍ പോകുന്നുവെന്നത്‌ ആശ്വാസകരമാണ്‌.

SAMEERA







സമീറയുടെ മുറിവുകള്‍

ധനേ
ഷ് ‌കൃഷ്‌ണ

`അംഗവൈകല്യമുള്ള എന്റെ മകനെ കുതിരയെ പോലെ ചുമന്ന്‌ നടന്ന്‌ പരിപാലിക്കുന്ന വേലയ്‌ക്കായി ഒരു ബാലനെ ആവശ്യമുണ്ട.്‌' 1998 ല്‍ `ആപ്പിള്‍' എന്ന പ്രഥമചലച്ചിത്രത്തിലൂടെ വിശ്വവിഖ്യാതയായ ഇറാനിയന്‍ സംവിധായിക സമീറ മഖ്‌മല്‍ ബഫിന്റെ ഏറ്റവും പുതിയ ചിത്രമായ ടു ലെഗ്‌ഡ്‌ ഹോഴ്‌സില്‍ ഒരു നാട്ടുപ്രമാണി പറയുന്നതാണിത്‌.
അഫ്‌ഗാനിസ്‌ഥാനിലെ യുദ്ധം താണ്ഡവമാടിയ പ്രദേശത്താണ്‌ കഥ നടക്കുന്നത്‌. ഉപേക്ഷിക്കപ്പെട്ട ഭീമമായ പൈപ്പുകളില്‍ അഭയം തേടിയ നൂറ്‌ കണക്കിന്‌ കുട്ടികള്‍ പട്ടിണിമൂലം ദുരിതം അനുഭവിക്കുകയാണ്‌. തുച്ചമായ വേതനം നല്‍കാമെന്ന്‌ നാട്ടുപ്രമാണി വാഗ്‌ദാനം ചെയ്‌തപ്പോള്‍ കുട്ടികള്‍ നാട്ടുപ്രമാണിയുടെ ചുറ്റും കൂടി. ഓരോ ബാലന്റെയും മുതുകില്‍ മകനെ കയറ്റിയിരുത്തി കുതിരയെ പോലെ തന്റെ ചുറ്റും ഓടിച്ചു കൊണ്ടാണ്‌ വേലയ്‌ക്ക്‌ യോഗ്യനായ ബാലനെ നാട്ടുപ്രമാണി തെരഞ്ഞെടുക്കുന്നത്‌. ഒടുവില്‍ മിര്‍വായ്‌ എന്ന ദരിദ്രനായ ബാലന്‍ ആ പണി ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നു. തന്റെ കൊച്ചു യജമാനന്റെ പ്രീതിക്കനുസരിച്ച്‌ ബാലന്‍ ഓടാനും നടക്കാനും തയ്യാറാകുന്നു. കൊച്ചു യജമാനനെ പഠിക്കാന്‍ കൊണ്ടാക്കുക, കുളിപ്പിക്കുക, മൂത്രം ഒഴിപ്പിക്കുക തുടങ്ങിയവയാണ്‌ ബാലന്‍ ചെയ്യേണ്ട വേലകള്‍. എന്നാല്‍ കൊച്ചുയജമാനന്റെ ക്രൂരവിനോദത്തിന്‌ ബാലന്‍ വിധേയനാകുകയാണ്‌. കുടിക്കാനും തിന്നാനും അനുവദിക്കാതെ, കൊച്ചു യജമാനന്‍ ബാലന്റെ മുതുകില്‍ നിന്ന്‌ ഇറങ്ങാതെ കല്ലുകള്‍ നിറഞ്ഞ കടുസു വഴിയിലൂടെയും കുന്നുകളിലൂടെയും ബാലനെ ഓടിച്ച്‌ ആനന്ദം കണ്ടെത്തുകയാണ്‌. കൂടാതെ കൊച്ചുയജമാനന്റെ തെറിപ്പറച്ചിലും കല്ലേറും സഹിക്കണം. അവശനായ ബാലന്റെ മുതുകില്‍ ഇരുന്ന്‌ കൊച്ചു യജമാനന്‍ ബാലനെ നോക്കി ചുമരില്‍ `കഴുത' എന്നെഴുതി ആസ്വദിച്ച്‌ മൂത്രമൊഴിക്കുന്ന രംഗം ഹൃദയഭേദകമാണ്‌. യുദ്ധാനന്തരഭൂമിയിലും സമ്പന്നനും ദരിദ്രനും അനുഭവിക്കുന്ന ദുരിതം വെവ്വേറെയാണെന്നിരിക്കെ, കുട്ടികളുടെ മുറിവുകളാണ്‌ സമീറ തുറന്നു കാട്ടുന്നത്‌. മനുഷ്യനെ ചുമട്‌ ചുമക്കുന്ന മൃഗമായി ഉപമിക്കുന്നതിലൂടെ സമീറ വീക്ഷിക്കുന്നത്‌ മനുഷ്യന്റെ മാത്രം കഷ്‌ടപ്പാടല്ല യുദ്ധത്തിന്‌ സാക്ഷിയാകേണ്ടി വരുന്ന കുതിരയുടെ മുറിവുകളും ദുരിതവും കൂടിയാണ്‌.
ഇറാനിയന്‍ സര്‍ക്കാര്‍ ഈ ചിത്രം ചിത്രീകരിക്കാന്‍ അനുമദി നല്‍കാത്തതിനെ തുടര്‍ന്ന്‌ അഫ്‌ഗാനിസ്‌ഥാനിലാണ്‌ സമീറയും സംഘവും ചിത്രം പൂര്‍ത്തീകരിച്ചത്‌. എന്നിട്ടും യുദ്ധകൊതിയന്‍മാരുടെ ഗ്രനേഡ്‌ ആക്രമണം ഇവര്‍ക്കെതിരെ ഉണ്ടായത്രേ.
തിരുവനന്തപുരം പതിമൂന്നാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ സമീറയുടെ ടു ലെഗ്‌ഡ്‌ ഹോഴ്‌സിന്‌ പുറമെ റെട്രോസ്‌പെക്‌റ്റീവ്‌ വിഭാഗത്തില്‍ ബ്ലാക്ക്‌ ബോഡ്‌, അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
യുദ്ധാനന്തരപ്രവിശ്യകളായ കുര്‍ദിസ്‌ഥാന്‍, കാബൂള്‍ എന്നിവിടങ്ങളില്‍ ദുരിതം അനുഭവിക്കുന്ന സാധാരണകാരുടെ ജീവിതങ്ങളാണ്‌ സമീറ തന്റെ സിനിമകള്‍ക്ക്‌ വിഷയമാക്കുന്നത്‌. സ്വാഭാവികത നഷ്‌ടപ്പെടാതിരിക്കാന്‍ യുദ്ധം വ്രണപ്പെടുത്തിയ പ്രദേശങ്ങളില്‍ നേരിട്ട്‌ ചെന്ന്‌ സമീറ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരുന്നുവത്രേ. ഇറാന്‍-ഇറാഖ്‌ അതിര്‍ത്തികളില്‍ യുദ്ധം വികൃതമാക്കിയ സമൂഹത്തിന്റെ മുറിവുകള്‍ സമീറയുടെയും മുറിവുകളായാണ്‌ ചിത്രങ്ങളില്‍ പ്രതിബിംബിക്കുന്നത്‌.
ഇറാഖിന്റെ അതിര്‍ത്തി പ്രദേശത്ത്‌ ബ്ലാക്ക്‌ബോഡ്‌ പുറകില്‍ തൂക്കി അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അന്വേഷിച്ച്‌ നടന്ന്‌ കഷ്‌ടത അനുഭവിക്കുന്ന കഥയാണ്‌ `ബ്ലാക്ക്‌ബോഡ്‌' എന്ന ചിത്രത്തിലൂടെ സമീറ പറയുന്നത്‌. അറിവ്‌ പകര്‍ന്ന്‌ കൊടുക്കാനുള്ള അധ്യാപകരുടെ ത്വരയും വിശപ്പ്‌ ശമിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ നെട്ടോട്ടവും അഭയം തേടിയലയുന്ന മുതിര്‍ന്നവരുടെ യാതനയും വളരെ വേദനാജനകമായാണ്‌ സമീറ പകര്‍ത്തിയിരിക്കുന്നത്‌. അധിനിവേശവും ബോംബ്‌സ്‌ഫോടനവും സൃഷ്‌ടിച്ച ദുരിതത്തേക്കാളൂം ദാരിദ്ര്യത്തേക്കാളും വലുതല്ല മനുഷ്യന്‌ വിദ്യാഭ്യാസമെന്ന തിരിച്ചറിവുമാണ്‌ സമീറ ഈ ചിത്രത്തിലൂടെ സമര്‍ത്ഥിക്കുന്നത്‌. പതിനാലാം വയസില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച സമീറതുടെ മാനസിക നിലപ്പാടുകളും ചിത്രത്തില്‍ വ്യക്‌തമാണ്‌.
അഫ്‌ഗാന്‍ സമകാലികജീവിതത്തിന്റെ നേര്‍കാഴ്‌ച്ചയാണ്‌ `അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍' എന്ന ചിത്രം. 2000 ല്‍ സമീറയ്‌ക്ക്‌ ഈ ചിത്രം കാന്‍ ഫിലിം ഫെസ്‌റ്റിവെല്ലില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടികൊടുത്തു. പാക്കിസ്‌ഥാനില്‍ കാണാതായ മകന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ അലയുകയാണ്‌ വൃദ്ധനായ അഭയാര്‍ത്ഥിയും പെണ്‍മക്കളും. പേരകുട്ടിയുടെ അസുഖം മൂര്‍ഛിക്കുകയാണ്‌. പരിഷ്‌ക്കരിച്ച വസ്‌ത്രവും ഹീലുള്ള ചെരുപ്പും ധരിക്കുന്നതില്‍ കടുത്ത മതവിശ്വാസിയായ വൃദ്ധന്‍ താഴെയുള്ള മകളെ അനുവദിക്കുന്നില്ല. അച്‌ഛന്റെ കണ്‍വെട്ടത്തുനിന്ന്‌ മാറുമ്പോള്‍ മാത്രമാണ്‌ അവള്‍ ഇഷ്‌ടപ്പെട്ട വേഷം ധരിക്കുന്നത്‌. മതം നിര്‍ബന്ധിക്കുന്ന വേഷം ധരിച്ചില്ലെങ്കില്‍ ഈശ്വരനിലേക്ക്‌ എത്തുകയില്ലെന്ന അന്ധവിശ്വാസത്തില്‍ ജീവിക്കുകയാണ്‌ വൃദ്ധന്‍. യുദ്ധത്തില്‍ മാത്രമല്ല മതം നിര്‍ബന്ധിക്കുന്ന വസ്‌ത്രം ധരിക്കുന്നതിലും മുസ്ലീംസ്‌ത്രീകള്‍ അസ്വസ്‌ഥതയും അസ്വാതന്ത്ര്യവും അനുഭവിക്കുന്നുവെന്ന സത്യമാണ്‌ സമീറ ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നത്‌. അന്ധവിശ്വാസത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിക്കാനാണ്‌ സമീറ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. സിനിമ വെറും ആനന്ദത്തിനും ആസ്വാദനത്തിനും മാത്രമല്ല ഈ മാധ്യമത്തിലൂടെ പച്ചജീവിതങ്ങള്‍ അതേപടി പകര്‍ത്തി ലോകത്തോട്‌ സംവേദിക്കാനാകുമെന്നും സമീറ തെളിയിക്കുന്നു.

LEENA MANIMEGHALEI



`സെങ്കടല്‍'

ശ്രീലങ്കന്‍ അഭയാര്‍ഥി

ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച


ധനേഷ്‌കൃഷ്‌ണ

തീവ്രവാദവും യുദ്ധവും പലായനവും പട്ടിണിയും ലോകസിനിമയില്‍ പുതുമയല്ല. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പലായനവും പട്ടിണിയും വേദനാജനകമായ ഫ്രെയ്‌മുകള്‍തന്നെയാണ്‌. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അതിര്‍ത്തിപ്രദേശമായ ധനുഷ്‌കോടിയിലേയും രാമേശ്വരത്തേയും ജീവിതങ്ങളെ എങ്ങനെ ബാധിച്ചു എന്നതിന്റെ നേര്‍ക്കാഴ്‌ചയാണ്‌ തമിഴ്‌ ചലച്ചിത്രക്കാരി ലീനമണിമേഘല സംവിധാനം നിര്‍വഹിച്ച `സെങ്കടല്‍'.
മൂന്നു പതിറ്റാണ്ട്‌ നീണ്ട യുദ്ധം അവസാനിച്ച്‌ പരിസരം ശാന്തമായെങ്കിലും അവശേഷിച്ചവരിലെ പൊള്ളുന്ന ശേഷിപ്പുകള്‍ പരിശോധിക്കുയാണ്‌ തന്റെ പ്രഥമ ഫീച്ചര്‍ സിനിമയിലൂടെ സംവിധായിക. 2011മാര്‍ച്ച്‌ 26മുതല്‍ 31 വരെ തൃശൂരില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള ലീന മണിമേഖലയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടന ചിത്രം `സെങ്കടല്‍' ആയിരുന്നു.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനനാളുകളായ, 2009 ഫെബ്രുവരി മുതല്‍ മെയ്‌ വരെ ധനുഷ്‌കോടിയിലും പരിസരത്തും നടന്ന സംഭവങ്ങളുടെ പകര്‍പ്പാണ്‌ സെങ്കടല്‍'. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള ഒരു കടലിടുക്കാണ്‌ ധനുഷ്‌കോടി. ഇവിടെ പരമ്പരാഗതമായി മല്‍സ്യബന്ധനം ഉപജീവനമാക്കിവരുന്ന അഭയാര്‍ഥികളും വിധവകളുമാണ്‌ ജീവിതത്തിന്റെ കടമ്പകടക്കാന്‍ പാട്‌പെടുന്നത്‌. ശ്രീലങ്കയിലെ വംശീയഹത്യ ഭയന്ന്‌ ഇന്ത്യയിലേക്ക്‌ പലായനം ചെയ്യുന്ന അഭയാര്‍ഥികളെ ഇരു രാജ്യങ്ങളിലേയും പോലീസും പട്ടാളവും വേട്ടയാടുന്നത്‌ തുറന്നുകാണിച്ചപ്പോഴാണ്‌ സിനിമയുടെ പൊതുപ്രദര്‍ശനത്തിനായി സര്‍ക്കാര്‍ കൂച്ചവിലങ്ങിട്ടത്‌. തമിഴ്‌നാട്ടില്‍ സിനിമയുടെ പ്രദര്‍ശനാനുമതിക്കായി ലീന കോടതിയെ സമീപിച്ചിരിക്കുകയാണ്‌.
താറുമാറായ ജീവിതവും സ്വപ്‌നങ്ങളുമായി അഭയാര്‍ഥികള്‍ ഭൂമിയില്‍ അവകാശമില്ലാത്തവരെപോലെ അലയുകയാണെന്ന്‌ സിനിമ പറയുന്നു.
പ്രശസ്‌ത ശ്രീലങ്കന്‍ -തമിഴ്‌ എഴുത്തുകാരന്‍ ഷോഭാശക്‌തിയാണ്‌ സെങ്കടലിന്റെ തിരക്കഥാഭാഷ്യം ഒരുക്കിയിരിക്കുന്നത്‌. സമുദ്രക്കനിയാണ്‌ ആദ്യം ഈ സിനിമ നിര്‍മ്മാക്കാനായി മുന്നോട്ട്‌ വന്നത്‌. എന്നാല്‍ എല്‍.ടി.ടി.ഇ വിരുദ്ധ സിനിമയെന്ന മുദ്രകുത്തപ്പെട്ടപ്പോള്‍ സമുദ്രക്കനി പിന്‍മാറി. എല്‍.ടി.ടി.ഇയോടും ഇരുരാജ്യങ്ങളോടുമുള്ള ലീനയുടെ സമീപനം സിനിമയില്‍ വ്യക്‌തമാകുന്നുണ്ട്‌.
കവിയുംകൂടിയായ മണിമേഖലയുടെ ഡോക്യുമെന്ററികളും കവിതകളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. എല്ലാ സൃഷ്‌ടികളും പാര്‍ശ്വവത്‌കരിക്കുന്നവരുടെ പ്രശ്‌നങ്ങളാണ്‌ പറയുന്നത്‌. ജാതിഅവഗണന, ലിംഗവേര്‍ത്തിരിവ്‌, ബാലവേല തുടങ്ങിയ കാലിമായ വിഷയങ്ങള്‍ക്കെതിരെ ലീനയുടെ ഡോക്യുമെന്ററികള്‍ സംസാരിച്ചു.
`പറൈ' എന്ന ഡോക്യുമെന്ററിയും `ഉലക അഴകിയ മുതല്‍ പെണ്‍' എന്ന കവിതയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്‌. മതമ്മാ, അള്‍ത്താര്‍, വേവ്‌സ്‌ ആഫ്‌റ്റര്‍ വേവ്‌സ്‌ തുടങ്ങിയവയും ലീനയുടെ ഹ്രസ്വചിത്രങ്ങളാണ്‌.

Friday, April 8, 2011

TRAFFIC



സീബ്രാലൈനിലൂടെ ഒരു ട്രാഫിക്

രാജേഷ്‌പ്പിള്ള/ ധനേഷ്‌കൃഷ്‌ണ

സിനിമയുടെ നാല്‍പതുവര്‍ഷത്തെ വ്യവസ്‌ഥാപിത സമ്പ്രദായങ്ങളെ അറുപതുകളില്‍ ഒറ്റയടിക്ക്‌ തിരുത്തിയെഴുതിയ ഫ്രഞ്ച്‌ഫിലിംമേക്കര്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദിന്റെ `വീക്കെണ്ട്‌' എന്ന സിനിമയില്‍ ഒരു ട്രാഫിക്‌ സീനുണ്ട്‌. രസകരവും വിസ്‌മയവും ദുരന്തപൂര്‍ണവുമായ ഈ ട്രാഫിക്‌ സീന്‍ ലോകസിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സീനായാണ്‌ വിശേഷിപ്പിക്കുന്നത്‌.
ട്രാഫിക്‌ കുരുക്കിനെത്തുടര്‍ന്ന്‌ മുഷിഞ്ഞ യാത്രക്കാരില്‍ ചിലര്‍ വാഹനങ്ങളിലിരുന്ന്‌ തമാശകള്‍ ചറയുന്നു, ചിലര്‍ ചൂത്‌ കളിക്കുന്നു, ചിലര്‍ മധുരപലഹാരങ്ങള്‍ തിന്നുന്നു, കുട്ടികള്‍ പന്ത്‌ കളിക്കുന്നു, കമിതാക്കള്‍ ചുംബനത്തിലേര്‍പ്പെടുന്നു, ദമ്പതികള്‍ സ്‌നേഹം പങ്കുവയ്‌ക്കുന്നു ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്‌ഥതലങ്ങളിലുള്ള ആളുകളെ ആ പത്തുമിനിറ്റോളം നീണ്ടു നില്‍ക്കുന്ന സീനില്‍ ഗൊദാര്‍ദ്‌ കാണിച്ച്‌ തരുന്നുണ്ട്‌. ആദ്യം മുഷിപ്പിക്കുന്ന തരത്തില്‍ ആരംഭിച്ച സീന്‍ പിന്നീട്‌ രസിപ്പിച്ചും വിസ്‌മയിപ്പിച്ചും ഒടുവില്‍ മൂന്നാല്‌ പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദൃശ്യവത്‌കരിച്ചും ഗൊദാര്‍ദ്‌ പ്രേക്ഷകരെ സ്‌തബ്‌ധരാക്കുന്നുണ്ട്‌.

ജീവിതത്തിന്റെ ട്രാഫിക്‌ക്കുരുക്കില്‍ ഒരു തവണയെങ്കിലും കുടുങ്ങാത്തവര്‍ ഉണ്ടായിരിക്കില്ലെന്നാണ്‌ യുവസംവിധായകന്‍ രാജേഷ്‌ പിള്ളയുടെ അഭിപ്രായം. രാജേഷിന്റെ `ട്രാഫിക്‌'എന്ന സിനിമ മനുഷ്യജീവിതത്തിന്റെ വൈവിധ്യഭാവങ്ങളുടെ കോളാഷാണ്‌. ജീവിതസംഘര്‍ഷങ്ങളില്‍പെട്ട്‌ കിടക്കുന്ന വ്യത്യസ്‌തതരം മനുഷ്യരുടെ വ്യത്യസ്‌തതരം സ്വഭാവസവിശേഷതകളിലൂടെയും വൈവിധ്യ ഉദ്ദേശങ്ങളിലൂടെയും രാജേഷ്‌ പരിശോധിക്കുന്നത്‌ മനുഷ്യജീവിതം കുരുക്കുകള്‍ നിറഞ്ഞ ഒരു വലിയ ട്രാഫിക്‌ തന്നെയാണെന്നാണ്‌. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു സംവിധായകനും വീക്ഷിക്കാത്ത പ്രതിപാദനസമ്പ്രദായമാണ്‌ ഇടവേളയ്‌ക്ക്‌ ശേഷം റോഡ്‌മൂവിശൈലിയില്‍ വികസിക്കുന്ന ട്രാഫിക്കിന്റേത്‌. പ്രതിസന്ധികളുടെ ട്രാഫിക്‌ കുരുക്കില്‍പ്പെട്ട മലയാളസിനിമയ്‌ക്ക്‌ വിജയത്തിന്റെ സീബ്രാലൈന്‍ വരച്ച്‌ കൊടുക്കുകയാണ്‌ `ട്രാഫികി'ലൂടെ രാജേഷ്‌ പിള്ള.


? മരണത്തിനെ `ഓവര്‍ടേക്ക്‌' ചെയ്‌ത്‌ ജീവന്‍ തുടിക്കുന്ന `ഹൃദയം'കൊണ്ട്‌പാഞ്ഞുപോകുന്ന ഈ റോഡ്‌മൂവി `ഇന്റര്‍കണക്‌റ്റഡ്‌' ജനുസില്‍പെട്ടതാണ്‌. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പോള്‍ ഹഗീസിന്റെ `ക്രാഷ്‌', അലെജാഡ്രോ ഇനാരുത്തുവിന്റെ `21 ഗ്രാം', അനുരാഗ്‌ ബസുവിന്റെ `മെട്രോ' തുടങ്ങയ സിനിമകള്‍ `ഇന്റര്‍കണക്‌റ്റഡ്‌' ജനുസില്‍പെട്ട വിഷയങ്ങളാണ്‌. `ട്രാഫികി'ന്‌ ഒരു ഇന്റര്‍കണക്‌റ്റഡ്‌ സ്‌റ്റോറി തെരഞ്ഞെടുക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത്‌.

2005ല്‍ റിലീസായ എന്റെ ആദ്യ സിനിമ `ഹൃദയത്തില്‍ സൂക്ഷിക്കാന്‍' പരാജയപ്പെട്ടതിന്‌ ശേഷമുള്ള ജീവിത കുരുക്ക്‌ എത്ര ഭീകരമായിരുന്നുവെന്ന്‌ എനിക്ക്‌ മാത്രമെ അറിയുള്ളൂ. പിന്നീട്‌ ഞാന്‍ കരുതി മലയാളത്തില്‍ ഇതുവരെ ഇറങ്ങാത്ത രീതിയിലുള്ള വ്യത്യസ്‌തസിനിമ ചെയ്യണമെന്ന്‌. അതൊരു `ഇന്റര്‍കണക്‌റ്റഡ്‌' വിഷയമാകണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അതിന്‌വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നു. ഏതാണ്ട്‌ മൂന്ന്‌ വര്‍ഷത്തോളം തയാറെടുപ്പിന്റെ `മഞ്ഞവെളിച്ചം' നോക്കിനില്‍ക്കുകയായിരുന്നു. അതായത്‌ രണ്ടര വര്‍ഷത്തിനിടയില്‍ പലതവണ വെട്ടിയും തിരുത്തിയും തിരക്കഥ പുതുക്കിപ്പണിതു. ഇതിന്റെ തിരക്കഥയുടെ പണിപ്പുരയില്‍ തിരക്കഥകൃത്തുക്കളായ ബോബിയും സഞ്ചയും ഏറെ കഷ്‌ടപ്പെട്ടിട്ടുുണ്ട്‌. വിജയത്തിന്റെ കടപ്പാട്‌ മുഴുവനും അവര്‍ക്കും നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ സ്‌റ്റീഫനുമാണ്‌. 2004ല്‍ റിലീസാായ ക്രാഷും, 21ഗ്രാമും പോലുള്ള സിനിമകളാണ്‌ എനിക്ക്‌ ട്രാഫിക്‌ സംവിധാനം ചെയ്യാന്‍ പ്രചോദനം നല്‍കിയത്‌. അഞ്ചു വര്‍ഷമായിട്ടുള്ള എന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ ട്രാഫിക്‌ കുരുക്ക്‌ തീര്‍ന്നു. അതിന്റെ `പച്ചവെളിച്ചം' കത്തിത്തുടങ്ങിയതിന്റെ തെളിവാണ്‌ ട്രാഫിക്കിന്റെ വിജയം.

? താരപ്രഭയും അതിഭാവുകത്വത്തിന്റെ ദുര്‍മേദ്ദസും സംവിധായകനില്‍നിന്ന്‌ യുവതാരങ്ങള്‍പോലും ചോദിച്ച്‌ വാങ്ങുന്ന കാലത്ത്‌ ട്രാഫികിലെ കഥാപാത്രങ്ങള്‍ താങ്കള്‍ എങ്ങനെ വീതം വെച്ച്‌ കൊടുത്തു.

ഇതൊരു മനുഷ്യനന്മയുടെ കഥയാണ്‌. അതുകൊണ്ടതന്നെ ഞാന്‍ ആദ്യം തീരുമാനിച്ചിരുന്നു ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്‌ മുകളില്‍ നില്‍ക്കരുതെന്ന്‌. ഇതില്‍ ഒരു സൂപ്പര്‍ താരമില്ല. ഒരോരുത്തര്‍ക്കും സമമായാണ്‌ കഥാപാത്രങ്ങള്‍ വീതിച്ച്‌കൊടുത്തിരിക്കുന്നത്‌. എല്ലാവരും ഈ സിനിമയിലെ നായകന്‍മാരാണ്‌. എല്ലാവരും ട്രാഫിക്കിലെ വ്യത്യസ്‌ത കഥാപാത്രങ്ങക്ക്‌ വേഷപ്പകര്‍ച്ചനല്‍കുന്നു. എല്ലാവര്‍ക്കും ഈ സിനിമയില്‍ തുല്ല്യപ്രാധാന്യമുണ്ട്‌. ഇന്നുവരെ മലയാളസിനിമയില്‍ കണ്ടിട്ടില്ലാത്ത ഒരു `കാസ്‌റ്റിംഗ്‌സമ്പ്രദായം' കൊണ്ടു വരാന്‍ ഞാനും ബോബിസഞ്ചയും ശ്രമിച്ചിട്ടുണ്ട്‌. ജോസ്‌പ്രകാശ്‌സാര്‍ മുതല്‍ ആസിഫ്‌ അലിവരെയുള്ള നടന്‍മാര്‍ ഇതിലെ കഥാപാത്രങ്ങളാണ്‌. ശ്രീനിസാറും കുഞ്ചാക്കോബോബനും സായ്‌കുമാറും റഹ്‌മാനും ഇങ്ങനെ വലിയ ഒരു താരനിരയുണ്ട്‌.

? പിതൃദു:ഖം, മാതൃസ്‌നേഹം, കടപ്പാട്‌, പ്രണയം, പ്രണയവഞ്ചന, ചതി, കൈക്കൂലി ഇങ്ങനെ സമൂഹത്തിലെ വൈവിധ്യമാര്‍ന്ന കാലിക വിഷയങ്ങള്‍ പറഞ്ഞുപോകുന്നതിനിടയില്‍ ട്രാഫിക്‌ തിന്‍മയുടെ കുരുക്ക്‌ മറികടന്ന്‌ നന്മയിലേക്കുള്ള ഒരു സീബ്രാലൈന്‍ വരച്ചുകാട്ടുന്നുണ്ടല്ലോ.

തീര്‍ച്ചയായും. ഒരാളുടെ ജീവന്‌വേണ്ടി സമൂഹത്തിലെ വ്യത്യസ്‌ഥതലത്തിലുള്ള ആളുകള്‍ ഒരു ദൗത്യത്തില്‍ പങ്കുചേരുന്നു. ഓരോരുത്തരും പലതരകാരാണ്‌. ഒരു പ്രശ്‌നത്തെ പലരും പലതലത്തില്‍നിന്നാണ്‌ കാണുന്നത്‌. റ്റാറ്റയുടെജീവന്റെ വിലയും ചേരിനിവാസിയുടെ ജീവന്റെ വിലയും ഒരേപോലെയാണ്‌. ഒരു ജീവന്‍ നിലനിറുത്താന്‍ സമൂഹത്തിലെ ഓരോരുത്തരേയും ആശ്രേയിക്കേണ്ടി വരുന്നു. ഇതൊരു അപകടാവസ്‌ഥവരുമ്പോഴാണ്‌ ഒരോരുത്തരും മനസിലാക്കുന്നത്‌. ജാതി, മതം, രാഷ്‌ട്രീയം എന്നിവയ്‌ക്ക്‌ അതീതമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക്‌ വേണ്ടിയുള്ള സിനിമയാണ്‌ ട്രാഫിക്‌. കാരണം ഒരു ട്രാഫിക്‌ കുരുക്കില്‍ ഈ വിഭാത്തില്‍പ്പെട്ട എല്ലാവരും ഉണ്ടായിരിക്കും. വ്യത്യസ്‌ഥസ്വഭാവകാരാണെങ്കിലും ഇവര്‍ ഒരേപോലെ പ്രതീക്ഷയുടെ പച്ചവെളിച്ചം കാത്തുകിടക്കുന്നവരാണ്‌.

? മാധ്യമജീവിതം, റേഡിയോജീവിതം, ട്രാഫിക്‌ജീവിതം, ചലച്ചിത്രനടന്റെ കോര്‍പ്പറേറ്റ്‌ ജീവിതം, ഫാന്‍സ്‌അസോസിയേഷന്റെ സമയോജിതമയ ഇടപെടല്‍ ഇങ്ങനെ ഹൈടെക്‌യുഗത്തിലെ ആഢംബരജീവികള്‍ ചമയങ്ങള്‍ അഴിച്ച്‌വച്ച്‌ `ട്രാഫികി'ല്‍ ഇടപെടുന്നുണ്ടല്ലോ.

ചേരിജീവിതത്തിലും ഫ്‌ലാറ്റ്‌ ജീവിതത്തിലും ഒരേപോലെ ഇടപെടുന്നവരാണ്‌ മാധ്യമപ്രവര്‍ത്തകര്‍. ഒരു ജേണലിസ്‌റ്റ്‌ ട്രെയ്‌നിയുടെ ജീവനാണ്‌ വിലപേശുന്നത്‌. ജീവന്‍ ഒരിക്കലും തിരിച്ച്‌ കിട്ടില്ലയെന്ന്‌ വിധിയെഴുതിയ ട്രെയ്‌നിയുടെ ഹൃദയം വീട്ടുക്കാര്‍ ദാനം ചെയ്യാന്‍ മനസ്‌കാട്ടുന്നു.

ഹൃദയംകിട്ടിയാല്‍ ജീവന്‍ തിരിച്ച്‌കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്‌ ചലച്ചിത്രനടന്റെ ഏകമകള്‍. ചലച്ചിത്രനടന്‍ കാര്‍പ്പറേറ്റ്‌ ജീവിതം നയിക്കുമ്പോഴും അയാള്‍ക്ക്‌ തന്റെ മകളുടെ ജീവന്‌ വേണ്ടി ചേരിജീവിതംവരെയുള്ളവരുടെ കാലുപിടിക്കേണ്ടി വരുന്നു. അവിടെ പണം, പദവി എന്നതിലുപരി സമൂഹത്തിലെ എല്ലാവരുടെയും കനിവിനെയാണ്‌ ആശ്രേയിക്കേണ്ടത്‌. അങ്ങനെ ഒരു ദുരവസ്‌ഥവരുമ്പോള്‍ എത്ര സമ്പന്നനും ആര്‍ഭാടം മതിയാക്കി, ചമയങ്ങള്‍ അഴിച്ചുവച്ച്‌ ഇറങ്ങിവരേണ്ടിവരും.

?`ട്രാഫിക്‌' ഇത്ര അര്‍ഥവത്തായ `ടൈറ്റില്‍' സിനിമയ്‌ക്ക്‌ വന്ന്‌ചേര്‍ന്നത്‌.

ജീവിതത്തില്‍ എല്ലാവരും ട്രാഫിക്കില്‍പെടാറുണ്ട്‌. ജീവിതം തന്നെ ചിലര്‍ക്ക്‌ ഒരു ട്രാഫിക്കാണ്‌. ഈ സിനിമയുടെ മൂന്നാംഘട്ടത്തിലും ഞാന്‍ പ്രതിസന്ധിയുടെ ട്രാഫിക്കില്‍ വിഷമിച്ചിരുന്നു. ഈ സിനിമയിലെ എല്ലാവര്‍ക്കും അവരുടേതായ പ്രശ്‌നമുണ്ട്‌. സുഹൃത്ത്‌ കൃഷ്‌ണനാണ്‌ ഇങ്ങനെ ഒരു ടൈറ്റില്‍ നിര്‍ദ്ദേശിച്ചത്‌. കേട്ടപ്പോള്‍ വളരെ അര്‍ഥവത്തായ പുതുമയുള്ള പേരായിതോന്നി. ഇതിന്റെ കഥ പറയാന്‍ നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചു. പലര്‍ക്കും കഥയില്‍ വിശ്വാസം ഉണ്ടായില്ല. കഥ ഇഷ്‌ടപ്പെട്ടവര്‍ പരാജയപ്പെട്ട സംവിധായകനായ എന്നെകൊണ്ട്‌ സംവിധാനം ചെയ്യിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ല. അങ്ങനെ പ്രതിസന്ധികളുടെ ട്രാഫിക്‌ക്കുരുക്കില്‍ ഞാന്‍ ഏറെ വേദനിച്ചിട്ടുണ്ട്‌.

? `സിനിമ സംവിധായകന്റെ കലയാണ്‌. അത്‌ തന്റെ സിനിമയാണെന്ന്‌ പറയാനുള്ള തന്റേടം സംവിധായകന്‌ ഉണ്ടായിരിക്കണം' സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ വാക്കുളാണിത്‌. `ട്രാഫിക്‌' സംവിധായകന്റെ സിനിമയാണോ.

ശ്രീനിസാറിന്റെ വാക്കുകളില്‍ ഞാന്‍ വിശ്വസിക്കുന്നു. സിനിമയുടെ വിഷയം, ഛായാഗ്രഹം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ചമയം, ശബ്‌ദനിയന്ത്രണം, ചിത്രസംയോജനം ഇതെല്ലാം തെരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതും സംവിധായകനാണ്‌. രംഗങ്ങള്‍, ദൃശ്യങ്ങള്‍ ഇവ എങ്ങനെ, എവിടെ, എപ്പോള്‍ ഇതൊക്കെ നിശ്‌ചയിക്കുന്നത്‌ സംവിധായകനാണ്‌. ശബ്‌ദനിയന്ത്രണം, ഛായാഗ്രഹം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ചമയം ഇതൊക്കെ ചേരുവകള്‍പോലെ സംവിധായകനാണ്‌ ആവിശാനുസരണം ചേര്‍ക്കുന്നത്‌. അതൊകൊണ്ട്‌തന്നെ സിനിമ സംവിധായകന്റെ കലതന്നെയാണ്‌. എന്നാല്‍ ഈ സിനിമയുടെ വിജയത്തിന്‌ ബോബിസഞ്ചയിനോടും നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ സ്‌റ്റീഫനോടുമാണ്‌ കൂടുതല്‍ കടപ്പാട്‌.

? പ്രണയം, പ്രണയവഞ്ചന ഇങ്ങനെ സ്‌നേഹത്തിന്റെ വെളിച്ചവും ഇരുട്ടും സിനിമയില്‍ മിന്നിമറയുന്നുണ്ട്‌. താങ്കള്‍ പ്രണയിച്ചിട്ടുണ്ടോ.

പ്രണയിക്കാത്തവരായി ആരുണ്ട്‌. കാമവും പ്രണയവും ക്രോധവും കാരുണ്യവും ദുരന്തവും ഒക്കെ ഒരാളുടെ ജീവിതത്തിലുണ്ട്‌. ആദ്യപ്രണയം ഓര്‍ക്കാത്തവരും മുറിവ്‌ ഏല്‍പ്പിക്കാത്തവരും ആരുണ്ട്‌. ഞാനും പ്രണയിച്ചിട്ടുണ്ട്‌. കൗമാരംമുതല്‍ വീടിന്റെ തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ. സുന്ദരിയായ ഒരു മുസ്ലീംകുട്ടി. വളരെ യാഥാസ്‌ഥിക ചുറ്റുപാടില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടിയാണ്‌ അവള്‍. ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിന്‌ ഏഴായിരം വര്‍ണങ്ങളുണ്ടായിരുന്നു. അവള്‍ക്കായി ഞാനെന്റെ സിനിമാജീവിതംതന്നെ അവസാനിപ്പിച്ച്‌ ബോബെയിലേക്ക്‌ പോയി. അവളുമായി ഒളിച്ചോടുവാന്‍ തയാറെടുത്തു. ഞാന്‍ തിരിച്ചുവരുന്നതിന്റെ തലേനാള്‍ വീട്ടുകാര്‍ അവളെയും കൊണ്ട്‌ നാട്‌വിട്ടു. ഇപ്പോള്‍ അവള്‍ അമേരിക്കയില്‍ സുഖമായി ജീവിക്കുന്നു. എന്റെ വിവാഹം അഞ്ച്‌ വര്‍ഷംമുമ്പ്‌ കഴിഞ്ഞു. ഇന്ന്‌ ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നതിന്‌ കാരണം എന്റെ ഭാര്യയാണ്‌.

? `ട്രാഫിക്‌' തരുന്ന സന്ദേശം.
ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ സമൂഹത്തിനോട്‌ എന്തെങ്കിലും പറയാനുള്ള വിഷയം ഉണ്ടായിരിക്കണം. അത്തരം വിഷയങ്ങളുള്ള സിനിമയെ സംവിധാനം ചെയ്യൂ. ട്രാഫികിലൂടെ ഞാന്‍ പറയുന്നത്‌ `ഹ്യുമാനിറ്റി'യാണ്‌. മാനവികതയ്‌ക്കാണ്‌ ഞാന്‍ പ്രാധാന്യം നല്‍കുന്നത്‌. ജാതി, മതം, രാഷ്‌ട്രീയം എന്നിവയ്‌ക്ക്‌ അതീതമാണ്‌ എന്റെ സിനിമ.

VARUNNI





സിനിമാപ്രദര്‍ശനം

വേദിയായ തൃശൂര്‍ പൂരം


ധനേഷ്‌കൃഷ്‌ണ

മലയാളി ആദ്യമായി സിനിമാപ്രദര്‍ശനം ഒരു സിനിമാപ്രദര്‍ശനശാലയില്‍ കണ്ടത്‌ 1907 ലെ തൃശൂര്‍ പൂരം നാളിലാണ്‌. 1906ല്‍ തിരുച്ചിറപ്പള്ളിയിലെ റെയില്‍വേ ഉദ്യോഗസ്‌ഥനായ പോള്‍ വിന്‍സന്റ്‌ പലയിടങ്ങളിലായി പ്രദര്‍ശനം നടത്തിയെങ്കെിലും അതിന്‌ വേണ്ടത്ര ജനപങ്കാളിത്തമുണ്ടായിരുന്നില്ല. `ഡിസന്‍ ബയോസ്‌കോപ്പു'മായി തൃശൂരിലെത്തിയ പോള്‍ വിന്‍സന്റ്‌നിന്ന്‌ കാട്ടുക്കാരന്‍ വാറുണ്ണിജോസഫ്‌ ബയോസ്‌കോപ്പ്‌ വാങ്ങുകയായിരുന്നു. 1907 ലെ പൂരത്തിന്‌ വാറുണ്ണിയുടെ ഒരു കൂടാരവും ഉയര്‍ന്നു. ഇതുവരെയുള്ള പൂരത്തിന്‌ കാണാതിരുന്ന കൂടാരം പൂരപ്രേമികളില്‍ കൗതുകമേകി. പൂരത്തിന്റെ വാദ്യമേളങ്ങളില്‍ മനം നിറഞ്ഞ പൂരപ്രേമികളെ സിനിമയുടെ മാസ്‌മരികത ആകര്‍ഷിക്കുമെന്ന്‌ വാറുണ്ണി ചിന്തിച്ചുകാണണം. അതുകൊണ്ടായിരിക്കാം പൂരത്തിന്റെ
പ്രദര്‍ശന-വില്‌പനശാലകള്‍ക്കിടയില്‍ ഉയര്‍ന്ന വാറുണ്ണിയുടെ കൂടാരത്തിലേക്ക്‌ പണം പിരിച്ച്‌ പൂരപ്രമികളെ കടത്തിവിട്ടത്‌. സിനിമയുടെ വിപണന-പ്രദര്‍ശന തന്ത്രവും അന്നേ വാറുണ്ണി മനസിലാക്കിയിരുന്നുവെന്ന വേണം കരുതാന്‍. കൂട്ടമായി കൂടാരത്തില്‍ കയറിയ പൂരപ്രേമികള്‍ മുന്നിലുള്ള വെള്ളത്തുണിയില്‍ കുതിര ഓടുന്നതും പൂവിരിയുന്നതും കണ്ടപ്പോള്‍ അന്തംവിട്ടു നിന്നുപോയി. പ്രദര്‍ശനശാലകള്‍ക്കുള്ളില്‍ വെളിച്ചത്തിനായി ഉപയോഗിച്ചരുന്നത്‌ പെട്രോമാക്‌സ്‌ വിളക്കുകളായിരുന്നു. പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്പേ വിളക്കുകളെ മറച്ചുവയ്‌ക്കാവുന്ന സജ്‌ജീകരം ജോസഫ്‌ ഏര്‍പ്പെടുത്തിയിരുന്നു. കഥാപ്രസംഗകലാകാരന്‍മാരുടെ രീതിയെ അനുസ്‌മരിപ്പിക്കുന്നതരത്തിലാണ്‌ പ്രദര്‍ശനത്തിനു മുമ്പ്‌ കഥയെക്കുറിച്ച്‌ വിവരണം നല്‍കുക. കുതിര ഓടുന്നതും പൂവിരിയുന്നതും ക്രിസ്‌തുവിന്റെ ചരിത്രവുമൊക്കെയാണ്‌ ഏറെയും പ്രദര്‍ശിപ്പിച്ചത്‌. ആ വര്‍ഷം പൂരപ്രേമികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ പൂര വിശേഷങ്ങളായിരുന്നില്ല, മനസില്‍ സിനിമ നിറച്ച അത്ഭുതവും അനുഭവവുമായിരുന്നു.

SREENIVASAN




ആത്മകഥ പറയുമ്പോള്‍

ശ്രീനിവാനന്‍/ധനേഷ്‌കൃഷ്‌ണ


ഒരു സാധാരണ മലയാളിയില്‍ നിഷിപ്‌തമായ അപകര്‍ഷതയും ദുരഭിമാനവും പൊങ്ങച്ചവും കൂര്‍മ്മബുദ്ധിയും ശ്രീനിവാസന്‍ കഥാപാത്രങ്ങളിലെ ഭാവവൈവിധ്യങ്ങളാണ്‌. അഭ്രപാളിയില്‍ അതിഭാവുകത്വമോ അമാനുഷികതയോ ഊതിവീര്‍പ്പിക്കാതെയാണ്‌ ശ്രീനിവാസന്റെ കഥാപാത്രങ്ങള്‍ മലയാളികളോട്‌ സംവേദിക്കുന്നത്‌. 1977 ല്‍ പി.എ.ബക്കറിന്റെ മണിമുഴക്കത്തില്‍ അനാഥാലയത്തിലെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാതെ താന്തോന്നിത്തരം കാട്ടി നടക്കുന്ന തലതെറിച്ച പയ്യന്‍ നൂലന്‍ അന്തോണിക്ക്‌ വേഷപ്പകര്‍ച്ച നല്‍കിയാണ്‌ ശ്രീനിവാസന്‍ ചലച്ചിത്രമേഖലയിലേക്ക്‌ കടന്നുവരുന്നത്‌. തുടര്‍ന്ന്‌ അരവിന്ദന്റെ ചിദംബരത്തില്‍ മുനിയാണ്ടിയായി പ്രത്യക്ഷപ്പെട്ടു. പൊന്‍മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്‌ക്കരന്‍ , വടക്ക്‌നോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍ , ചിന്താവിഷ്‌ടയായ ശ്യാമളയിലെ വിജയന്‍ മാഷ്‌ , ഉദയനാണ്‌ താരത്തിലെ സരോജ്‌ കുമാര്‍ , അറബികഥയിലെ ക്യൂബമുകുന്ദന്‍ , തകരചെണ്ടയിലെ ചക്രപാണി, കഥപറയുമ്പോളിലെ ബാര്‍ബര്‍ ബാലന്‍ തുടങ്ങിയ വ്യത്യസ്‌തമായ കഥാപാത്രങ്ങളായി ശ്രീനിവാസന്‍ സാധാരണക്കാരന്റെ ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നു.
നവാഗതനായ പ്രേംലാല്‍ സംവിധാനം ചെയ്‌ത ശ്രീനിവാസന്റെ ഓണച്ചിത്രമണ്‌ ആത്മകഥ. മെഴുകുതിരിനിര്‍മ്മാണസ്‌ഥാപനത്തിലെ ജീവനക്കാരായ കൊച്ചുബേബിയുടെയും മേരിയുടെയും ജീവിതഗന്ധിയായ പ്രണയക്കഥകൂടിയാണ്‌ ആത്മകഥ. തന്റെ അഭിനയജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ്‌ കൊച്ചുബേബിയുടേതെന്ന്‌ ശ്രീനിവാസന്‍. `ആത്മകഥ'യിലെ അനുഭവങ്ങള്‍ പറയുന്നതോടൊപ്പം തന്റെ ആത്മകഥയിലെ ചില അനുഭവങ്ങള്‍ അടര്‍ത്തുകയാണ്‌ ശ്രീനിവാസന്‍.

? സിനിമാഭിനയത്തിനോടുള്ള അഭിനിവേശം ചെറുപ്പത്തില്‍തന്നെ ഉണ്ടായിരുന്നോ

നാടകമായിരുന്നു എന്റെ അഭിനയത്തിന്റെ ഭൂമിക. നാടകത്തിനോടായിരുന്നു താല്‍പര്യം. അന്ന്‌ കുറെനാടകങ്ങള്‍ ചെയ്‌തു. നിരവധിനാടകങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഒരിക്കല്‍ ഹിസ്‌റ്ററി പ്രൊഫസര്‍ അപ്പുനമ്പ്യാര്‍ എന്നെ കാര്യമായി അടുത്തേക്ക്‌ വിളിച്ച്‌ ഉപദേശിച്ചു . ഒരു കാര്യം ഇപ്പോള്‍ തന്നെ തീരുമാനിക്കണം, അതിനുള്ള സമയമായി. എന്ത്‌ പ്രവര്‍ത്തി ചെയ്യുമ്പോളാണ്‌ കൂടുതല്‍ സന്തോഷം കിട്ടുന്നത്‌. അതിലേക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. നാടാകാഭിനയമായിരുന്നു കൂടുതല്‍ താല്‍പര്യം .അതുകൊണ്ട്‌തന്നെ നാടകാഭിനയം പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നാട്ടില്‍ അഭിനയം പഠിപ്പിക്കുന്ന സ്‌ഥാപനങ്ങളൊന്നുമില്ലായിരുന്നു. അഭിനയം എന്തെന്നറിയാനുള്ള ആകാംക്ഷയാണ്‌ 22 മത്തെ വയസ്സില്‍ മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചേരുവാന്‍ പ്രേരിപ്പിച്ചത്‌. ഫിലിം ചെയ്‌ബറില്‍ അഭിനയം പഠിക്കാനെത്തിയപ്പോള്‍ ,സംവിധായകരായ കെ.എസ്‌.സേതുമാധവനും രാമുകാര്യാട്ടും പി.ഭാസ്‌കരന്‍ മാഷുമെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക്‌ ചിരി വന്നു. അവര്‍ എന്നെ ഉപദേശിച്ചു. അഭിനയം പഠിച്ചത്‌കൊണ്ട്‌ പ്രയോജനമില്ല. നാട്ടില്‍ പോയി വേറെ വല്ല ജോലിനോക്കിക്കോളൂ. അവര്‍ എന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അഭിനയം പഠിക്കാന്‍ എനിക്ക്‌ യോഗ്യതകള്‍ ഉണ്ടായിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ എ സോണിന്‌ ഒരു തവണ ബെസ്‌റ്റ്‌ ആക്‌റ്ററായും കോളെജ്‌ തലത്തില്‍ രണ്ട്‌ തവണ ബെസ്‌റ്റ്‌ ആക്‌റ്ററായും തെരഞ്ഞെടുത്തിട്ടുണ്ട്‌. അഭിനയം പഠിക്കാന്‍ വന്നവരില്‍ എലിജിബിലിറ്റി എനിക്കായിരുന്നു.

? പ്രശസ്‌ത സംവിധായകന്‍ പി.എ.ബക്കറിന്റെ മണിമുഴക്കത്തില്‍ അവസരം ചോദിച്ച്‌ പോയതാണോ.

അത്‌ വളരെ സിംപിളാണ്‌. ഫിലിം ചേംബറില്‍ പഠിക്കുമ്പോള്‍ പി.എ.ബക്കര്‍ പലവട്ടം അവിടെ വന്നിട്ടുണ്ട്‌. തമിഴ്‌, തെലുങ്ക്‌, കന്നട, മലയാളം എന്നീ നാല്‌ ഭാഷകളിലാണ്‌ കോഴ്‌സ്‌ പടിപ്പിക്കുന്നത്‌. പ്രിന്‍സിപ്പാളിന്റെ ക്ഷണം സീകരിച്ച്‌ കുറെ മലയാളം സംവിധായകര്‍ പഠിപ്പിക്കാന്‍ വരാറുണ്ട്‌. പ്രിന്‍സിപ്പാളിന്റെ സുഹൃത്ത്‌ പ്രഭാകരനെ കാണാന്‍ പി.എ.ബക്കര്‍ വരുമായിരുന്നു. അങ്ങനെ പലവട്ടം പി.എ.ബക്കറുമായി സംസാരിച്ചിട്ടുണ്ട്‌ .
കബനി നദിചുവന്നപ്പോള്‍, ചുവന്ന വിത്തുകള്‍ എന്നീ സിനിമകള്‍ പി.എ.ബക്കര്‍ ആയിടെ സംവിധാനം ചെയ്‌ത സിനിമകളാണ്‌. അതിന്‌ മുമ്പാണ്‌ ഓളവും തീരവും പി.എ.ബക്കര്‍ നിര്‍മിച്ചിരുന്നു.
ഞാന്‍ അവസരം ചോദിച്ച്‌ ചെന്നതല്ല . പി.എ.ബക്കര്‍ അവസരം വേണോയെന്ന്‌ ചോദിച്ചുമില്ല. എറണാകുളത്ത്‌ പുതിയസിനിമ തുടങ്ങാന്‍ പോകുകയാണ്‌ വന്നാല്‍ ഒരു റോള്‌ ചെയ്യാം. ആ സിനിമയാണ്‌ മണിമുഴക്കം.

? ആദ്യം എഴുതിയതിരക്കഥ മോഹനന്റെ `ഒരു കഥ ഒരു നുണകഥ'യാണല്ലോ. ഒരു തിരക്കഥ എഴുതാനുള്ള ധൈര്യം കിട്ടിയത്‌.

കെ.ജി.ജോര്‍ജിന്റെ മേള, ഇനി ഞാന്‍ ഉറങ്ങട്ടെ, കോലങ്ങള്‍ എന്നീ സിനിമകളുടെ ചര്‍ച്ചകളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്‌. നാടകങ്ങള്‍ എഴുതിയ കാലത്ത്‌ ഞാന്‍ കഥകളും എഴുതിയ പരിചയമുണ്ട്‌. ഒരാള്‍ എഴുതിയ തിരക്കഥ മാറ്റി എഴുതണം. നിര്‍മ്മാതാവ്‌ ഇന്നസെന്റാണ്‌ പറഞ്ഞത്‌ നമുക്ക്‌ എഴുതാമെന്ന്‌. ഞാനും ഇന്നസെന്റെും കൂടിയാണ്‌ അതിന്റെ തിരക്കഥ എഴുതിയത്‌. ആ സിനിമയാണ്‌ മോഹനന്റെ ഒരു കഥ നുണകഥ. സിനിമ റിലീസായപ്പോള്‍ തിരക്കഥ സംഭാഷണം മോഹന്‍ -ശ്രീനിവാസന്‍ എന്നായിരുന്നു. ഒരക്ഷരം പോലും എഴുതാത്ത മോഹനന്റെ പേര്‌ വച്ചു. ഇന്നസെന്റിന്റെ പേര്‌ ഒഴിവാക്കി. എന്റെ പേരും വേണമെങ്കില്‍ മോഹനന്‌ ഒഴിവാക്കാമായിരുന്നു.

? ഓണച്ചിത്രമായ `ആത്മകഥ'യില്‍ ഹൈറെയ്‌ഞ്ചിലെ മെഴുകുതിരിനിര്‍മ്മാണ സ്‌ഥാപനത്തില്‍ പണിചെയ്യുന്ന അന്ധനായ കൊച്ചുബേബിയുടെയും ഭാര്യ മേരിയുടെയും മകള്‍ ലില്ലികുട്ടിയുടെയും കഥയാണ്‌ പറയുന്നത്‌. സാങ്കേതികതവിദ്യകൊണ്ട്‌ ഉത്തരാധുനികസിനിമ ജനത്തിനെ വിരട്ടുമ്പോള്‍ വല്ലാത്ത ഒച്ചപാടില്ലാത്ത ഇത്തരം ലളിതമായ ഒരു സിനിമയുടെ പ്രസക്‌തി.

കോടികള്‍ മുടക്കിയാണ്‌ ഹോളിവുഡ്‌ സിനിമകള്‍ ഇറങ്ങുന്നത്‌. ജുറാസിക്ക്‌ പാര്‍ക്ക്‌ പോലുള്ള സിനിമകള്‍ വളരെ സാങ്കേതിക വിദ്യകള്‍ ഉപയോഗുച്ച്‌ എടുത്ത സിനിമയാണ്‌. ഡ്രൈവിങ്‌ഡെയ്‌സി എന്നൊരു ഹോളിവുഡ്‌ ചിത്രമുണ്ട്‌. മക്കള്‍ വിട്ട്‌പോയ ഒരു വയസ്സായ സ്‌ത്രീയുടെ കഥയാണ്‌. ഏകാന്തത അനുഭവിക്കുന്ന ആ സ്‌ത്രീക്ക്‌ എല്ലാവരെയും ദേഷ്യമാണ്‌. അവരുടെ ജീവിതത്തിലേക്ക്‌ ഒരു ഡ്രൈവര്‍ കടന്ന്‌ വരുകയും അവര്‍ തമ്മിലുള്ള സൗഹൃദമാണ്‌ ആ സിനിമയുടെ ഇതിവൃത്തം. അത്രക്കും ലോലമാണ്‌ ആ കഥ. 20 വര്‍ഷം മുന്‍പാണ്‌ ആ ചിത്രം ഇറങ്ങിയത്‌. ആ വര്‍ഷത്തെ ഓസ്‌കാറും അതിനായിരുന്നു. വളരെ ഒച്ചപാടും ബഹളവും ഒക്കെയുള്ള സിനിമകളുടെ കൂട്ടത്തിലാണ്‌ ആ സിനിമയിറങ്ങുന്നത്‌. എത്രതന്നെ പുരോഗമിച്ചാലും മികച്ച കഥയുള്ള സിനിമ ഹൃദയത്തില്‍ തട്ടും. അത്‌ ജനം ഇഷ്‌ടപെടുകയും ചെയ്യും. ആത്മകഥ അത്തരം ഒരു ജീവിതഗന്ധിയായ സിനിമയാണ്‌. അത്‌ ഹൃദയഭേദകമാണ്‌.

? `ആത്മകഥ'യുടെ ഇതിവൃത്തം കേട്ടപ്പോള്‍ കഥയില്‍ ആകര്‍ഷിച്ച ഘടകം.

`ആത്മകഥ'യുടെ കഥ സംവിധായകന്‍ പ്രേംലാല്‍
പറഞ്ഞപ്പോള്‍ പ്രേക്ഷകരില്‍ പ്രചോദനം ഉണ്ടാക്കുന്ന സിനിമയായിരിക്കുമിതെന്ന്‌ തോന്നി. കോമഡി, കുടുംബച്ചിത്രം, ആക്ഷന്‍, സസ്‌പെന്‍സ്‌ ഇങ്ങനെ ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്താനാവുന്ന സിനിമയല്ലിത്‌. മറ്റൊരാളും ഇതുവരെ പറയാത്ത വിഷയം. ലോകസിനിമകളിലെവിടെയും കാണ്ടിട്ടില്ലാത്ത ഇതിവൃത്തമാണ്‌. പ്രേക്ഷകര്‍ അറിയാതെ സ്‌നേഹിച്ചുപോകുന്ന പ്രതിപാദനരീതിയാണ്‌ ആത്മകഥയുടെത്‌.

? ഏതെങ്കിലും സിനിമ കണ്ട്‌ പ്രചോദനമേകിയവര്‍ പിന്നീട്‌ വിളിച്ചിട്ടുണ്ടോ.

കഥപറയുമ്പോള്‍ എന്ന സിനിമ കണ്ട്‌ രജനികാന്ത്‌ വിളിച്ചിരുന്നു. കുറെ വര്‍ത്തമാനങ്ങള്‍ പറയുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. ബാഗ്ലൂരുള്ള എന്റെ രണ്ട്‌ സുഹൃത്തുക്കള്‍ കുറെ നാളായി എന്നെ വീട്ടിലേക്ക്‌ വിളിക്കുന്നത്‌. കഥപറയുമ്പോള്‍ എന്ന ചിത്രം കണ്ടപ്പോളാണ്‌ എനിക്ക്‌ മനസിലായത്‌. സുഹൃത്തുക്കളുടെ ക്ഷണത്തിന്റെ മ്യൂല്യം. ഞാനിനി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ചെയ്യാന്‍ പോകുന്നത്‌ അവരുടെ അതിഥിയാകുകയാണ്‌.

? സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാര്‍ബര്‍ ബാലന്‍ അശോക്‌ രാജിന്റെ മുന്നിലേക്ക്‌ ചോറ്റ്‌പാത്രം നീട്ടിയപോലെ ശ്രീനിവാസന്‍ ഏതെങ്കിലും സുഹൃത്തിന്റെ മുന്നിലേക്ക്‌ ചോറ്റു പാത്രം നീട്ടിയിട്ടുണ്ടോ.

അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല.

? ക്ഷുഭിതയൗവനത്തിന്റെ ബിംബങ്ങളായിരുന്ന ജയനും സോമനും സുകുമാരനും താരങ്ങളായി വിലസുമ്പോളായിരുന്നു താങ്കളുടെ കടന്നുവരവ്‌. താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളായ ദിലീപും പൃഥിരാജും നിറഞ്ഞനില്‍ക്കുന്ന മലയാളത്തില്‍ ഒരു നടനായിതന്നെ ഇപ്പോഴും ഈ ആകാര ഭംഗി വച്ച്‌ മല്‍സരിക്കാനുള്ള ആത്മധൈര്യം.

ഞാനൊരിക്കലും മറ്റു താരങ്ങളോട്‌ മല്‍സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി എനിക്ക്‌ എന്ത്‌ ചെയ്യാന്‍ പറ്റും. ഞാനഭിനയിക്കുന്ന ചിത്രം വിജയിക്കാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. ഞാന്‍ അഭിനയിക്കുന്ന അല്ലെങ്കില്‍ തിരക്കഥയെഴുതുന്ന സിനിമ നന്നാക്കാന്‍ എന്തെല്ലാം വിഭവങ്ങളാണ്‌ ചേര്‍ക്കേണ്ടത്‌ എന്നാണ്‌ ഞാന്‍ നോക്കുന്നത്‌. ഒപ്പം ഇറങ്ങാന്‍ പോകുന്ന സിനിമയില്‍ മൂന്ന്‌ പാട്ടും നാല്‌ ഇടിയുമുണ്ടെന്ന്‌ കരുതി നമ്മുടെ സിനിമയില്‍ അതൊക്കെ ചേര്‍ക്കാന്‍ പറ്റുമോ. ഞാന്‍ മല്‍സരിക്കുന്നത്‌ എന്നോട്‌ തന്നെയാണ്‌. എന്റെ പരിമിതികളോടല്ലാതെ വേറെ ഒന്നിനോടുമല്ല ഞാന്‍ മല്‍സരിക്കുന്നത്‌.

?പുതിയ പ്രതിഭകള്‍ സംവിധാനത്തിലും തിരക്കഥാരചനയിലും കാണുന്നില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

ജയരാജ്‌, ലാല്‍ജോസ്‌, റോഷന്‍ ആന്‍ട്രൂസ്‌, എം.മോഹനന്‍ ഇവരെല്ലാവരും എന്റെ തിരക്കഥയിലൂടെ വന്ന സംവിധായകരാണ്‌. പിന്നെ പുതിയ ആളുകള്‍ ഈ മേഖലയില്‍ ശോഭിക്കാത്തതിന്റെ കാരണം ഇവര്‍ നിര്‍മാതാക്കളുടെ പണത്തിന്റെ പ്രഭയില്‍ വീണ്‌ പോകുന്നു. കഥപോലും കേള്‍ക്കാതെയാണ്‌ ചില നിര്‍മാതാക്കള്‍ പടം എടുക്കുന്നത്‌. എം.എ.ജോസഫ്‌, ടി.എ.വാസുദേവനുമെല്ലാം തങ്ങള്‍ നിര്‍മിക്കുന്ന പടത്തില്‍ ആരെല്ലാം അഭിനയിക്കണം എന്ന്‌ നിശ്‌ചയിക്കുന്നത്‌ അവരാണ്‌. സിനിമയെ കുറിച്ച്‌ നല്ല ജഡ്‌ജ്‌മെന്റെ്‌ അവര്‍ക്ക്‌ ഉണ്ടായിരുന്നു. പണത്തിന്‌ അനുസരിച്ച്‌ ഇപ്പോള്‍ പടം പിടിക്കുന്നു. പുതിയ പ്രതിഭകള്‍ ഈ ചതിക്കുഴിയില്‍ വീണ്‌പോകുന്നു.

?യഥാര്‍ത്ഥത്തില്‍ സിനിമ ആരുടേതാണ്‌. സംവിധായകന്റെതാണോ.

തീര്‍ച്ചയും സിനിമ സംവിധായകന്റെ കല തന്നെയാണ്‌. സംവിധായകന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും തന്നെയാണ്‌ സിനിമ. ഇപ്പോഴത്തെ പല സംവിധായകര്‍ക്കും ആഗ്രഹിക്കാനുള്ള അര്‍ഹതപോലുമില്ല. അപ്പോഴാണ്‌ നടനും എഴുത്തുകാരനും മറ്റും ചോദ്യം ചെയ്യുന്നത്‌. സത്യന്‍ അന്തികാടിന്‌ വേണ്ടി എഴുതുമ്പോള്‍ സത്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ്‌ ഞാന്‍ എഴുതുന്നത്‌. അപ്പോള്‍ സത്യന്‍ അന്തികാടിന്‌ പറയാം ആ സിനിമ സത്യന്റെതാണെന്ന്‌. പ്രിയനും കമലിനും പറയാന്‍ സാധിക്കും അവര്‍ സംവിധാനം ചെയ്യുന്ന സിനിമ അവരുടേതാണെന്ന്‌. സിനിമ സംവിധായകന്റെയാണ്‌. സംവിധായകന്റെ തന്നെയാവണം. പലരുടേയും കാര്യത്തില്‍ അത്‌ സംഭവിക്കുന്നില്ല. അപ്പോളാണ്‌ സിനിമ എല്ലാവരുടേയുമെന്ന്‌ പറയേണ്ടിവരുന്നത്‌.

? താങ്കള്‍ സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ കാലികപ്രസക്‌തിയുള്ള ചിത്രങ്ങളായിരുന്നു. താങ്കളുടെ സംവിധാനത്തില്‍ ഇനി ഒരു സിനിമ.

ചിന്താവിഷ്‌ടയായ ശ്യാമള പുറത്തിറങ്ങിയിട്ട്‌ ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനു ശേഷം നിരവധി നിര്‍മ്മാതാക്കള്‍ എന്നെ സമീപിച്ചു. ഇതൊക്കെ നിമിത്തമാണ്‌. ഒരു നിര്‍മ്മാതാവ്‌ സമീപിച്ചുവെന്ന്‌ കരുതി ഒരു സിനിമ ചെയ്യാന്‍ കഴിയുമോ. ഞാന്‍ നിമിത്തത്തില്‍ വിശ്വസിക്കുന്നു. എനിക്ക്‌ വഴങ്ങുന്ന ഒരു ആശയം കിട്ടിയാല്‍ മാത്രമേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യൂ. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നിവയ്‌ക്ക്‌ മേലെയായിരിക്കും അടുത്ത സിനിമ.

JONH ABRAHAM




'അമ്മ അറിയാന്‍'

ഇരുപത്തഞ്ച്‌ വയസിലേക്ക്‌


ധനേഷ്‌ കൃഷ്‌ണ

ജോണ്‍ എബ്രഹാമിന്റെ അവസാന സിനിമയും പ്രഥമ ജനകീയസിനിമയുമായ `അമ്മ അറിയാന്‍' എന്ന വിഖ്യാത റോഡ്‌മൂവിയ്‌ക്ക്‌ ഇരുപത്തഞ്ച്‌ വയസ്‌. സാധാരണക്കാരില്‍നിന്നും സ്വരൂപിച്ച പണംകൊണ്ട്‌ 1986 ജന. 10നാണ്‌ ഫോര്‍ട്ട്‌കൊച്ചിയില്‍ ക്ലാപ്പടിച്ച്‌ ചിത്രീകരം ആരംഭിച്ചത്‌. അടിയന്തരാവസ്‌ഥയ്‌ക്ക്‌ ശേഷം താറുമാറായി കിടക്കുന്ന കേരളത്തിന്റെ എന്‍പതുകളെ ജോണ്‍ എബ്രഹാം പരിശോധിക്കുന്നുണ്ട്‌. അന്നത്തെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രമാണ്‌ ജോണ്‍ ഡോക്യുമെന്ററി ശൈലിയില്‍ ഈ ചിത്രത്തിലൂടെ ദൃശ്യവത്‌കരിച്ചത്‌. നക്‌സല്‍ പ്രസ്‌ഥാനത്തിന്റെ ഇടപെടല്‍, പോലീസിന്റെ മൂന്നാംമുറ, നെല്‍സന്‍ മണ്ടേലയ്‌ക്ക്‌ അനുഭാവം തുടങ്ങിയ അക്കാലത്തെ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്‌. ഭാവനയും വസ്‌തുതയും ഇഴകലര്‍ത്തി നിര്‍മ്മിച്ച `അമ്മ അറിയാന്‍' മലയാളസിനിമയില്‍ അന്നുവരെ നിലനിന്നുപോന്നിരുന്ന ചലച്ചിത്ര സമ്പ്രദായങ്ങളെയും പ്രതിപാദനരീതിയും അപ്പാടെ വെട്ടിത്തിരുത്തി. വാണീജ്യസിനിമ, കലാമൂല്യമുള്ളസിനിമ, മധ്യവര്‍ത്തിസിനിമ എന്നിങ്ങനെ മലയാള സിനിമയെ വേര്‍ത്തിരിച്ച്‌ നിറുത്തിയ എണ്‍പതുകളിലാണ്‌ ജോണ്‍ എബ്രഹാം ഇങ്ങനെ ഒരു സിനിമ ചെയ്‌ത്‌ വിസ്‌മയിപ്പിച്ചത്‌.
ഗവേഷണത്തിനായി ഡല്‍ഹിയിലേക്ക്‌ പോകുന്ന പുരുഷന്‍ താന്‍ എവിടെയായലും അമ്മയ്‌ക്ക്‌ എഴുതുമെന്ന്‌ ഉറപ്പ്‌നല്‍കിയാണ്‌ വിട്ടില്‍നിന്ന്‌ പുറപ്പെടുന്നത്‌. വഴിമദ്ധ്യേ കുന്നിന്റെ മുകളിലെ മരത്തില്‍ തുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്ത്‌ ഹരിയുടെതാണെന്ന്‌ പുരുഷന്‍ തിരിച്ചറിയുന്നു. ഹരിയുടെ മരണവാര്‍ത്ത അവന്റെ അമ്മയെ അറിയിക്കാന്‍ വയനാട്ടില്‍നിന്ന്‌ ഫോര്‍ട്ട്‌കൊച്ചിയിലേക്ക്‌ പുരുഷുവും മറ്റു സുഹൃത്തുക്കളും നടത്തുന്ന യാത്രയോടെയാണ്‌ ഈ റോഡ്‌ മൂവി ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. മുന്‍കൂട്ടിയുള്ള തിരക്കഥപോലും ഇല്ലാതെയാണ്‌ 115 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിനിമ ചിത്രീകരിച്ചത്‌. വയനാടില്‍നിന്നുള്ള യാത്രയില്‍ ഓരോ സ്‌ഥലത്തെയും സാധാരണ ആളുകള്‍തന്നെയാണ്‌ സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക്‌ വേഷങ്ങള്‍ നല്‍കിയിട്ടുള്ളത്‌. ഈ ആളുകള്‍ ഓരോ ചരിത്രസംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയായവരും സംഭവങ്ങളില്‍ ഇടപ്പെട്ടവരുമാണ്‌. ജനകീയപങ്കാളിത്തത്തോടെ ടൂറിംങ്‌ ഫെസ്‌റ്റിവലില്‍ ചിത്രം കേരളത്തിന്റെ വിവിധ പൊതുവേദികളില്‍ പ്രദര്‍ശിപ്പിച്ചു. തൃശൂരില്‍ തേക്കില്‍ക്കാട്‌ മൈതാനത്താണ്‌ പ്രദര്‍ശനം നടത്തിയത്‌.
വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ, അഗ്രഹാരത്തില്‍ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നിവയാണ്‌ ജോണിന്റെ മറ്റു സിനിമകള്‍. ഇന്ത്യയിലെ പ്രഥമ വനിത എഡിറ്ററായ ബീനാപോളാണ്‌ `അമ്മ അറിയാന്‍' എന്ന സിനിമയുടെ എഡിറ്റിംങ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. വേണുവാണ്‌ ഫോട്ടോഗ്രാഫി. പൂന ഇസ്‌റ്റിറ്റിയൂട്ടില്‍ വിഖ്യാതസംവിധായകന്‍ ഋതിക്‌ ഘട്ടകിന്റെ കീഴിലെ വിദ്യാഭ്യാസത്തിന്‌ശേഷം ജോണ്‍ മണികൗളിന്റെ സഹായിയായി ചേര്‍ന്നു. 1971ലാണ്‌ പ്രഥമചിത്രം `വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' ജോണ്‍ സംവിധാനം ചെയ്യുന്നത്‌. 1987 മേയില്‍ ജോണ്‍ എബ്രഹാം എന്ന പ്രതിഭാസം കാലത്തിന്റെ വെള്ളിത്തിരയിലേക്ക്‌ മറഞ്ഞു. യാതൊരുവിധ ജാഢകളില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങളാല്‍ തന്നെ അവതരിപ്പിച്ച്‌കൊണ്ട്‌ ജനങ്ങളിലേക്ക്‌ സിനിമയെ കൊണ്ടുവരുകയായിരുന്നു ജോണും സുഹൃത്തുക്കളും ഈ ചലച്ചിത്രസംരംഭത്തിലൂടെ ചെയ്‌തത്‌. സിനിമയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന്‌ വൈകിട്ട്‌ (ജനു:10) ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സിനിമയുടെ സംരംഭത്തില്‍ സഹകരിച്ചര്‍ ജോണിനെ അനുസ്‌മരിക്കും.

ADOOR GOPALAKRISHNAN


അടൂരും നാല്‌പെണ്ണുങ്ങളും


അടൂര്‍ഗോപാലകൃഷ്‌ണന്‍/ ധനേഷ്‌കൃഷ്‌ണ






സിനിമ എന്നും വിസ്‌മയമാണ്‌. ആ വിസ്‌മയത്തിന്‌ പിന്നില്‍ രണ്ട്‌ സഹോദരന്‍മാരുടെ ആഴത്തിലുള്ള ചിന്തകളും പരീക്ഷണങ്ങളും ഉണ്ടായിരുന്നു.1895 ഡിസംബര്‍ 28ന്‌ സഹോദരങ്ങളായ ആഗ്‌സതെ ലൂമിയറും ലൂയി ലൂമിയറും ചേര്‍ന്ന്‌ ആ വിസ്‌മയം സൃഷ്‌ടിച്ചു. തങ്ങളുടെ ഫാക്‌ടറിയിലെ തൊഴിലാളികളെ ക്യാമറയില്‍ പകര്‍ത്തി, ഒരു ഇരുട്ടറയില്‍ അതേപടിയില്‍ അവര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അവിടെ കൂടിനിന്നവര്‍ അന്തംവിട്ടുനിന്നുപോയി.
സ്വയംവരം,കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍,വിധേയന്‍, കഥാപുരുഷന്‍, നിഴല്‍കുത്ത്‌ എന്നീ കഥാചിത്രങ്ങള്‍ക്ക്‌ ശേഷം അടൂര്‍ ഒരുക്കിയ പത്താമത്തെ കഥാചിത്രമാണ്‌ നാല്‌പെണ്ണുങ്ങള്‍. സ്‌ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി വരൂന്ന, വിഖ്യാത എഴുത്തുകാരന്‍ തകഴിശിവശങ്കരപിള്ളയുടെ നാല്‌ചെറുകഥകളെ ആധാരമാക്കിയാണ്‌ അടൂര്‍ നാല്‌പെണ്ണുങ്ങള്‍ക്ക്‌ ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുന്നത്‌.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമ തമിഴ്‌സിനിമയേയും നാടകത്തേയും അനുകരിച്ചും ആശ്രേയിച്ചും പോന്നു. 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരം എന്ന പ്രഥമ ചിത്രത്തിലൂടെ അടൂര്‍ മലയാളസിനിമയെ പശ്‌ചാത്യഅനുകരണങ്ങളുടെ കെട്ടുവള്ളികളില്‍ നിന്ന്‌ മോചിപ്പിച്ചു.സിനിമ നാടകമല്ല, മലയാള സിനിമക്ക്‌ അതിന്റേതായ ഭാഷ്യവും വ്യാകരണവും ഉണ്ടെന്ന്‌ അടൂര്‍ തന്റെ ചലച്ചിത്രകാവ്യങ്ങളിലൂടെ തെളിയിച്ചു.

? നാല്‌പെണ്ണുങ്ങള്‍ ഒരു സിനിമയാണോ ? വേശ്യ, കന്യക, ചിന്നുഅമ്മ, നിത്യകന്യക എന്നീ നാല്‌ ലഘുചലച്ചിത്രഖണ്‌ഡങ്ങളല്ലേ . അപ്പോള്‍ ഒരു സിനിമയില്‍ നാല്‌ നായികമാര്‍ എന്ന്‌ പറയുന്നത്‌ ഉചിതമാണോ .

നാല്‌പെണ്ണുങ്ങള്‍ ഒരു സിനിമ തന്നെയാണ്‌.നാല്‌ വ്യത്യസ്‌തമായ കഥകളായിരിക്കെ തന്നെ ഒരു കഥ. നാല്‌ കഥകള്‍ ഒരു സമയത്ത്‌ നടന്നത്‌ പോലുമല്ല.ആദ്യ കഥ നാല്‌പതുകളിലാണെങ്കില്‍ അവസാനത്തെ കഥ അറുപതുകളിലാണ്‌. എന്നാല്‍ ഒരു കാലഘട്ടത്തിനുള്ളില്‍ നടന്നതും ഒരുഗ്രാമത്തിന്റെ കഥകളുമാണ്‌ ഇവ നാലും. കുഞ്ഞിപെണ്ണ്‌, കുമാരി, ചിന്നുഅമ്മ, കാമാക്ഷി ഇവര്‍ ഒരു സിനിമയിലെ നാല്‌ കഥാപാത്രങ്ങളാണ്‌.പുതിയ രീതിയില്‍ ചെയ്‌തത്‌ കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്‌. ഒരു ആവര്‍ത്തികൂടികാണുമ്പോള്‍ അത്‌ മനസിലാകും.

? പത്താമത്തെ സിനിമയായ നാല്‌പെണ്ണുങ്ങള്‍ സ്‌ത്രീപക്ഷ സിനിമയാണോ .

അല്ല. സ്‌ത്രീപക്ഷസിനിമയല്ല.സ്‌തീകള്‍ പ്രധാനകഥാപാത്രങ്ങളായിവരുന്ന ഒരു സിനിമയാണ്‌ നാല്‌പെണ്ണുങ്ങള്‍.ഇത്‌ മനപൂര്‍വം വരുത്തിയതല്ല.തകഴിയുടെ 400 ഓളം കഥകള്‍ ഏതാണ്ട്‌ മൂന്ന്‌ മാസത്തോളമിരുന്ന്‌ വായിച്ചു. അതില്‍ നിന്ന്‌ ഒമ്പത്‌ കഥകള്‍ തെരഞ്ഞെടുത്തു.മനസിന്‌ ഏറ്റവും സ്‌പര്‍ശിച്ചകഥകളായിരുന്നു ആ ഒമ്പതെണ്ണവും. അതില്‍ നിന്ന്‌ ആറെണ്ണം തെരഞ്ഞെടുത്തു. ആറെണ്ണത്തിലും സ്‌ത്രീകള്‍ പ്രധാനമായിവരുന്നവയായിരുന്നു. അതില്‍ നിന്ന്‌ നാലെണ്ണം കോര്‍ത്തിണക്കിയാണ്‌ നാല്‌പെണ്ണങ്ങള്‍ സൃഷ്‌ടിച്ചത്‌.

? അറുപതുകളില്‍ തകഴി സൃഷ്‌ടിച്ച ഈ കഥാപാത്രങ്ങളുടെ ആനുകാലിക പ്രസക്‌തി.

തകഴി തന്റെ ചുറ്റുപാടുകളില്‍ കാണുന്ന ആളുകളെ കുറിച്ചാണ്‌ എഴുതിയത്‌.അവരുടെ വേദനകളും മോഹങ്ങളുമാണ്‌ തകഴിയുടെ കഥകള്‍ .അവ യഥാര്‍ത്ഥജീവിതങ്ങളായിരുന്നു.നാല്‌ പെണ്ണുങ്ങളിലെ കുഞ്ഞിപെണ്ണും കുമാരിയും ചിന്നുഅമ്മയും കാമാക്ഷിയും ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുന്നു.

?നാല്‌ പെണ്ണുങ്ങളില്‍ സ്‌ത്രൈണതയും ലൈംഗികതയും രണ്ട്‌ പ്രധാനഘടകങ്ങളയി നിലകൊള്ളുന്നു. ലൈംഗികതയുടെ പ്രയോഗം എത്രമാത്രം സ്വാധീനിക്കുന്നു.

ഒരു കുടുംബം നിലനില്‍ക്കുന്നത്‌ സ്‌ത്രൈണതയെ ആശ്രേച്ചാണ്‌.ലൈംഗികത ഒരു അടിയൊഴുക്കാണ്‌.കുഞ്ഞിപെണ്ണിലും കുമാരിയിലും ചിന്നുഅമ്മയിലും കാമാക്ഷിയിലുമെല്ലാം ലൈംഗികത മോഹവും മോഹഭംഗവും ദാഹവും വേദനയും സൃഷ്‌ടിക്കുന്നു.വേശ്യയായിനടന്നപ്പോള്‍ കുഞ്ഞിപെണ്ണിന്‌ എവിടെയും എപ്പോഴും എങ്ങനേയും നടക്കാമായിരുന്നു.എന്നാല്‍ സംരക്ഷണം,സ്‌നേഹം,ലൈംഗികതയെല്ലാം നല്‍കി ഒരാള്‍ അവളെ ഏറ്റെടുക്കുമ്പോള്‍ നിയമം അവളെ ചോദ്യം ചെയ്യുന്നു.വിവാഹം കഴിച്ചതിന്റെ തെളിവാണ്‌ നീതിപാലകര്‍ക്ക്‌ ആവശ്യം. രണ്ടാമത്തെ പെണ്ണായ കുമാരിയെ ഒരാള്‍ വിവാഹം ചെയ്‌തുകൊണ്ട്‌ പോകുന്നു.കുമാരിക്ക്‌ വിവാഹം കഴിച്ചുവെന്ന തെളിവുണ്ട്‌.എന്നാല്‍ അവള്‍ക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ല. സ്‌നേഹം,ലൈംഗികത ഇതൊന്നും.വിവാഹം കഴിഞ്ഞിട്ടും കുമാരിക്ക്‌ കന്യകയായി ജീവിക്കേണ്ടിവരുന്നു. വീട്ടമ്മയായ ചിന്നുഅമ്മക്ക്‌ സംരക്ഷണം,സ്‌നേഹം,ലൈംഗികത എല്ലാം ഭര്‍ത്താവ്‌ നല്‍കുന്നു. പക്ഷേ അമ്മയാകാനുള്ള ഭാഗ്യം കിട്ടുന്നില്ല.നിത്യകന്യകയിലെ കാമാക്ഷി പുരനിറഞ്ഞ്‌നില്‍ക്കുന്ന പെണ്ണാണ്‌. വിവാഹം അവള്‍ക്ക്‌ വിധിച്ചിട്ടില്ല.പുരുഷന്റെ ചൂടും ചൂരും ഇല്ലാതെ സ്‌ത്രീക്ക്‌ ജീവിക്കാന്‍ സാധിക്കുമെന്ന്‌ അവള്‍ പറയുന്നു.ധീരയായ ഒരു സ്‌ത്രീയുടെ പര്യായമാണ്‌ കാമാക്ഷി.

? കുമാരിയെ പോലെയും കാമാക്ഷിയെ പോലെയും ഉള്ള സ്‌ത്രീകളെ ജീവിതത്തില്‍ കണാന്‍ കഴിഞ്ഞിട്ടുണ്ടോ.

തീര്‍ച്ചായായും. എന്റെ അനുഭവങ്ങളിലെ പെണ്ണുങ്ങളാണ്‌ ഇവരെല്ലാം. ജീവിതത്തില്‍ ഞാന്‍ ഇവരെ പോലുള്ള സ്‌ത്രീകളെ കണ്ടിട്ടുണ്ട്‌. ഇപ്പോഴും കാണാന്‍ കഴിയും ഇത്തരം സ്‌ത്രീകളെ . നിത്യകന്യകയായ കാമാക്ഷിയുടെ ജീവിതം തന്നെ എടുക്കാം. സ്വാഭാവികമാണ്‌ , ഇത്തിരി പ്രായം കടന്നാല്‍ മൂത്തവരെ തഴയപെടുന്നു.പെണ്ണ്‌കാണാന്‍ വരുന്നവര്‍ക്ക്‌ പിന്നെ നോട്ടം താഴെയുള്ളവരോടായിരിക്കും. കാണാന്‍ വരുന്നവര്‍ സംശയിക്കുന്നു ,മൂത്തവള്‍ക്ക്‌ എന്തങ്കിലും കുഴപ്പമുണ്ടോ ബാധയുണ്ടോ എന്നൊക്കെ .

? ഇഷ്‌ടപെട്ട പത്ത്‌ ഇന്ത്യന്‍ ചിത്രങ്ങളില്‍ എക്കാലത്തേയും വിശ്വവിഖ്യാതവമായ ബംഗാളിചിത്രം പാഥേര്‍പാഞ്ചാലി അടക്കം ഹിന്ദിയിലേയും കന്നടയിലേയും ഒറിസ്സയിലേയും ചിത്രങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌.എന്തുകൊണ്ട്‌ ഒരു മലയാളചിത്രം പോലും തെരഞ്ഞെടുത്തില്ല.നല്ല മലയാളചിത്രങ്ങള്‍ ഇല്ലേ.

മലയാളത്തില്‍ നല്ല ചിത്രങ്ങളുണ്ട്‌. എന്നാല്‍ എന്റെ ഇഷ്‌ടപെട്ട പത്ത്‌ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഉള്‍പെടുത്താവുന്നതില്ല. ഈ പത്ത്‌ ചിത്രങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉള്‍പെടുത്താം. സ്വന്തം ചിത്രങ്ങള്‍ പറയുന്നത്‌ ശരിയല്ലല്ലോ.അതാണ്‌ ഒഴിവാക്കിയത്‌.


LALJOSE \ DHANESHKRISHNA





എല്‍സമ്മയും ഞാനും

ലാല്‍ജോസ്‌/ധനേഷ്‌കൃഷ്‌ണ



ലാല്‍ജോസിന്റെ `എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന പേരു കേള്‍ക്കുമ്പോള്‍ ചലച്ചിത്രപ്രേമികള്‍ക്ക്‌ ആദ്യം മനസില്‍ വരുക വിശ്വവിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജീദിന്റെ `ബറാന്‍' എന്ന സിനിമയിലെ പതിനാലുകാരിയെ ആയിരിക്കും. കുടുംബത്തിലെ പട്ടിണി മൂലം റഹ്‌മത്ത്‌ എന്ന പേരില്‍ ആണ്‍കുട്ടിയുടെ വേഷംകെട്ടി കെട്ടിടപ്പണിക്ക്‌ പോകുന്ന ബറാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ മജീദ്‌ പറഞ്ഞത്‌ അഫ്‌ഗാന്‍ ജനതയുടെ ദുരിതപൂര്‍ണമായ സമകാലിക അവസ്‌ഥയും കൂടിയായിരുന്നു. `ബാലന്‍പ്പിള്ളസിറ്റി' എന്ന ഗ്രാമത്തെ പ്രതിനിധീകരിച്ച്‌ `എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ ലാല്‍ജോസ്‌ പറയുന്നത്‌ സമകാലിക കേരളത്തിന്റെ സാമൂഹിക, പാരിസ്‌ഥിതിക വിഷയങ്ങള്‍ തന്നെയാണ്‌. എല്‍സമ്മ ഈ സിനിമയില്‍ ആണ്‍കുട്ടിയുടെ വേഷം കെട്ടുകയല്ല, ആണ്‍കുട്ടിയുടെ പരിവേഷം ആവാഹിച്ച്‌ ആണ്‍കുട്ടികള്‍ സമൂഹത്തില്‍ കാട്ടികൂട്ടുന്ന വേഷംക്കെട്ടുകളെ അഴിച്ചുമാറ്റുകയാണ്‌. എന്നാല്‍ ബാലന്‍പ്പിള്ളസിറ്റി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ എല്‍സമ്മ ഒരു ആണ്‍കുട്ടി തന്നെയാണെന്നാണ്‌ ലാല്‍ ജോസ്‌ പറയുന്നത്‌.


? ഉത്തരാധുനിക സാങ്കേതിക വിദ്യ സിനിമയുടെ `ക്രെഡിറ്റ്‌' മുഴുവനും അവകാശപ്പെടുന്ന ഹൈടെക്‌യുഗത്തില്‍ പൂര്‍ണമായും ഗ്രാമം പശ്‌ചാത്തലമാക്കി `എല്‍സമ്മ എന്ന ആണ്‍കുട്ടി' പോലുള്ളസിനിമ ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെട്ടത്‌.

ഇത്തരം ഒരു സിനിമ മലയാളത്തില്‍ മാത്രമെ ചെയ്യാന്‍ സാധിക്കുള്ളൂ എന്നതാണ്‌ ആദ്യത്തെ ഉത്തരം. പിന്നെ മലയാളി എത്ര ആധുനികനായാലും അവനില്‍ ഒരു ഗ്രാമമുണ്ട്‌. കേരളം വലിയ ഒരു ഗ്രാമമാണ്‌. പിന്നെ എനിക്ക്‌ മലയാളിയെ നന്നായി അറിയാം. എറണാകുളത്ത്‌ മാത്രമുള്ള ഒരു `മോഡേണിറ്റി' വളരെ ചെറിയ ഗ്രൂപ്പിന്റേത്‌ മാത്രമാണ്‌. എന്റെ തലമുറയും എനിക്ക്‌ മുമ്പുള്ള തലമുറയും ജീവിച്ചിരുന്ന കാലത്ത്‌ എനിക്ക്‌ ഈ സിനിമ ചെയ്യാന്‍ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ അടുത്ത പത്തു വര്‍ഷം കഴിഞ്ഞിട്ടാണ്‌ ഈ പ്രൊജക്‌റ്റ്‌ വരുന്നതെങ്കില്‍ ഞാനീ സിനിമ ചെയ്യില്ല. കാരണം പത്തു വര്‍ഷം കഴിയുമ്പോള്‍ മലയാളി കൂടുതല്‍ ആധുനികനാകും. മലയാളി മുമ്പ്‌ പഠിച്ചിരുന്ന സ്‌കൂളിലല്ല ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌. മലയാളം പോലും സംസാരിക്കാത്ത സ്‌കൂളിലാണ്‌ ഇന്ന്‌ ഓരോരുത്തരും മക്കളെ പഠിപ്പിക്കുന്നത്‌. പിന്നെ ടെക്‌നോളജി ഞാനും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്‌. ടെക്‌നോളജി ഉപയോഗിച്ചുവെന്ന്‌ അറിയിക്കാന്‍ ഞാന്‍ ഒരു ഷോട്ടും എടുത്തിട്ടില്ല. ഞാന്‍ എന്റെ സിനിമയിലെ കഥ ശക്‌തമായി പറയാനാണ്‌ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നത്‌.

? പ്രേക്ഷകരുടെ മനസിലേക്ക്‌ `എല്‍സമ്മ'യെ പോലെ ഇത്രമാത്രം ശക്‌തമായി ഇറങ്ങി ചെന്ന ഒരു ടൈറ്റില്‍ അടുത്ത കാലത്ത്‌ മലയാളസിനിമയിലുണ്ടായിട്ടില്ല. എല്‍സമ്മ'യെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ താങ്കള്‍ എടുത്ത രസകൂട്ട്‌.

എങ്ങനെയാണ്‌ ഒരു സിനിമ `പ്രൊജക്‌റ്റ്‌' ചെയ്യപ്പെടുന്നത്‌ അതിനെ ആശ്രയിച്ചിരിക്കും സിനിമ ജനങ്ങളിലേക്ക്‌ എത്തുന്നത്‌. എന്റെ `രണ്ടാംഭാവം' ഒരു ആക്ഷന്‍ ചിത്രമാണെന്നാണ്‌ പ്രൊജക്‌റ്റ്‌ ചെയ്യപ്പെട്ടത്‌. എന്നാല്‍ അതൊരു ഫാമിലിഡ്രാമയാണ്‌. അതൊരു ആക്ഷന്‍ ചിത്രമായി തെറ്റായി പ്രൊജക്‌റ്റ്‌ ചെയ്യപ്പെട്ടതാണ്‌ ആ ചിത്രത്തിന്റെ പാരാജയകാരണം. തങ്ങളുടെ സിനിമ ഏത്‌ തരമാണെന്ന്‌ തിരിച്ചറിയേണ്ടത്‌ മര്‍ക്കറ്റിംഗ്‌ വിഭാഗമാണ്‌. എല്‍സമ്മയുടെ കാര്യത്തില്‍ നിര്‍മ്മാതാവ്‌ രഞ്‌ജിത്തിനോട്‌ നന്ദി പറയണം. രഞ്‌ജിത്തിന്‌ വ്യക്‌തമായി അറിയാമായിരുന്നു ഈ സിനിമ എങ്ങനെ പ്രൊജക്‌റ്റ്‌ ചെയ്യണമെന്ന്‌. ഈ സിനിമ എങ്ങനെ പ്രൊജക്‌റ്റ്‌ ചെയ്യണമെന്ന ആലോചനയില്‍ ട്രെയ്‌ലറിന്റെ ചുമതല ഏല്‍പ്പിച്ച ഹരിനായരും ഞാനും തിരക്കഥാകൃത്ത്‌ സിന്ധുരാജും രഞ്‌ജിത്തും ചേര്‍ന്നുള്ള മീറ്റിങ്ങില്‍ കഥാപാത്രങ്ങള്‍ കാരിക്കേച്ചര്‍ സ്വഭാവമുള്ളതാണെന്ന്‌ മനസിലാക്കി. എല്‍സമ്മ എന്താണെന്ന്‌ ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ സിനിമയ്‌ക്ക്‌ മുന്നോടിയായി ഞങ്ങള്‍ ഉണ്ടാക്കിയ കാരിക്കേച്ചര്‍ പരസ്യത്തിന്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ക്കൊപ്പം എല്‍സമ്മയും വിജയിച്ചത്‌.

? മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍, മോഹന്‍ലാലിന്റെ ശിക്കാര്‍ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ മൂന്ന്‌ ചിത്രങ്ങളാണല്ലോ ഒരുമിച്ച്‌ റിലീസായത്‌. ഇവിടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം മല്‍സരിക്കുന്നത്‌ ലാല്‍ജോസല്ലേ.

അങ്ങനെ പറയാന്‍ പറ്റില്ല. സിനിമകള്‍ തമ്മില്ലാണ്‌ മല്‍സരിക്കുന്നത്‌. സിനിമ റിലീസ്‌ ചെയ്യുന്നത്‌ വരെ മമ്മൂക്കയുടെ സിനിമ, ലാലേട്ടന്റെ സിനിമ, കുഞ്ചാക്കോബോബന്റെ സിനിമ, ലാല്‍ജോസിന്റെ സിനിമ ഇങ്ങനെയൊക്കെ പറയും. ഈ വിശ്വാസങ്ങളൊക്കെ ആദ്യ ദിവസം മാത്രമെ ഉണ്ടാകൂ. പക്ഷേ റിലീസ്‌ ചെയ്‌ത്‌ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ സിനിമയെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നത്‌ സിനിമയുടെ മെറിറ്റാണ്‌. എന്നോട്‌ വ്യക്‌തിപരമായി ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരുണ്ടാകാം. ലാല്‍ജോസിന്റെ പടം ഇറങ്ങിയെന്ന്‌ പറഞ്ഞ്‌ വരുന്നവരുണ്ടാകാം. അതൊക്കെ മൂന്ന്‌ ദിവസമെ ഉണ്ടാകൂ. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത സിനിമ തിങ്കളാഴ്‌ച കഴിഞ്ഞിട്ടും പ്രേക്ഷകരുണ്ടായാല്‍ ആ സിനിമയുടെ ഗുണംകൊണ്ട്‌ മാത്രമാണ്‌.

? വ്യാജക്കള്ള്‌ നിര്‍മ്മാണം, അനധികൃത മണ്ണെടുപ്പ്‌, സ്‌ത്രീപീഡനം തുടങ്ങിയ കാലിക വിഷയങ്ങളിലേക്ക്‌ എല്‍സമ്മ വിരല്‍ ചൂണ്ടുന്നുണ്ട്‌. എല്‍സമ്മയിലൂടെ താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കടമകൂടി നിര്‍വഹിക്കുകയല്ലേ.

മാധ്യമപ്രവര്‍ത്തകന്റെ കടമയല്ല ഞാനും എഴുത്തുകാരന്‍ സിന്ധുരാജും ചെയ്യുന്നത്‌. ഞങ്ങള്‍ ചെയ്‌തത്‌ സമൂഹജീവികളുടെ കടമയാണ്‌. `എല്‍സമ്മ എന്ന ആണ്‍കുട്ടി' ഒരു പൊളിറ്റിക്കല്‍ സിനിമയാണ്‌. ഇതുവരെ ഒരു നീരൂപകനും കണ്ടെത്താത്ത തലമാണത്‌. പൊളിറ്റിക്‌സ്‌ എന്ന്‌ പറയുമ്പോള്‍ കക്ഷിരാഷ്‌ട്രീയമാണെന്ന്‌ തെറ്റുധരിക്കരുത്‌. രാഷ്‌ട്രീയം എന്ന്‌ പറയുമ്പോള്‍ രാഷ്‌ട്രത്തെ സംബന്ധിക്കുന്ന. ഒരു ഗ്രാമത്തെ പ്രതിനിധീകരിക്കുന്ന എല്‍സമ്മയില്‍ കേരളത്തിന്റെ സമകാലിക വിഷയങ്ങളാണ്‌ തുറന്നുകാട്ടുന്നത്‌. പതിനഞ്ച്‌ തെങ്ങ്‌ മാത്രം ചെത്തുന്ന കരിപ്പിള്ളി സുഗുണന്റെ ഷാപ്പില്‍ ഇത്രമാത്രം കള്ള്‌ കൊടുക്കാന്‍ സുഗണന്‍ കര്‍ത്താവൊന്നല്ലല്ലോ വെള്ളം വീഞ്ഞാക്കാന്‍ എന്ന്‌ എല്‍സമ്മ ചോദിക്കുന്നുണ്ട്‌. എല്‍സമ്മയുടെ പ്രവചനം സത്യമായിരിക്കുകയാണിവിടെ. ഇവിടെ ഒരു മദ്യദുരന്തം ഉറപ്പാണെന്ന്‌ മൂന്ന്‌ മാസം മുമ്പ്‌ ചിത്രീകരിച്ച എല്‍സമ്മയില്‍ പറയുന്നു. കാലങ്ങളായി ഇവിടെ വ്യാജക്കള്ള്‌ നിര്‍മ്മിക്കുന്നുണ്ടെന്നും ദുരന്തം ഉണ്ടാകുമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. പിന്നെ കേരളത്തിലെ ഏറ്റവും വലിയ മറ്റൊരു വിഷയം ക്യാമറ മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്‌. മറ്റൊരുവന്റെ സ്വകാര്യജീവിതത്തിലേക്കുള്ള എത്തിനോട്ടം. ഇതിനെക്കുറിച്ചും സിനിമയില്‍ പ്രതിബാധിക്കുന്നുണ്ട്‌.

? `എല്‍സമ്മയി'ല്‍ നഗരവും ഗ്രാമവും തമ്മിലുള്ള വേര്‍ത്തിരിവ്‌ തുറന്നുകാട്ടാന്‍ ശ്രമിച്ചിട്ടില്ലേ.

നിഷ്‌ക്കളങ്കരായ സമൂഹം ജീവിക്കുന്ന ഒരു ഗ്രാമമാണ്‌ ബാലന്‍പ്പിള്ളസിറ്റി. എല്‍സമ്മയും പാലുണ്ണിയും സ്വന്തം സന്തോഷത്തോടൊപ്പം മറ്റുള്ളവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുന്നവരാണ്‌. എന്നാല്‍ എബിയും സുഹൃത്തുക്കളും ഫ്‌ളാറ്റ്‌ ജീവിതത്തിന്റെ ഉത്‌പ്പന്നങ്ങളാണ്‌. അവര്‍ അവരുടെ സ്വന്തം സന്തോഷം `ഫോക്കസ്‌' ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. അത്‌ നഗരത്തിന്റെ സ്വഭാവമാണ്‌. നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം ജീവിതസാഹചര്യത്തില്‍ വന്നിട്ടുള്ളതാണ്‌.

? എല്‍സമ്മയുടെ കഥ കേട്ടപ്പോള്‍ നിലവിലുള്ള നടികള്‍ ആരെങ്കിലും മനസിലേക്ക്‌ വന്നോ.

എല്‍സമ്മയുടെ വേഷത്തിനായി ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്‌
അസിനായിരുന്നു. അസിന്‌ വളരെ താത്‌പര്യമായിരുന്നു എല്‍സമ്മയുടെ റോള്‍ചെയ്യാന്‍. എന്നാല്‍ അസിന്റെ ഡേറ്റു കിട്ടാതെ വന്നപ്പോള്‍ പ്രിയാമണിയെ സമീപിച്ചു. പ്രിയാമണിയുടെ പ്രതിഫലം ഈ കൊച്ചു സിനിമയുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്നതായിരുന്നില്ല. എന്റെ ഫേയ്‌സ്‌ ബുക്കിലെ അംഗമാണ്‌ ആന്‍. ആനിന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ കൊള്ളാമെന്ന്‌ തോന്നി. പിന്നീടാണ്‌ ഞാന്‍ മനസിലാകുന്നത്‌ ആന്‍ നടന്‍ അഗസ്‌റ്റിന്റെ മകളാണെന്ന്‌.

? പ്രധാനമായും മൂന്ന്‌ വിഭാഗക്കാരെയാണ്‌ ഒരു സംവിധായകന്‌ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. നിര്‍മ്മാണ-വിതരണ വിഭാഗം, പ്രേക്ഷകസമൂഹം, നിരൂപക-ബുദ്ധിജീവി വൃന്ദം എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലുള്ളവരെ തൃപ്‌തിപ്പെടുത്തുന്ന തരത്തില്‍ ചലച്ചിത്രപ്രക്രിയ നടത്തുക സംവിധായകന്‌ ഒരു വെല്ലുവിളിയല്ലേ.

ഞാന്‍ ഈ മൂന്ന്‌ വിഭാഗക്കാരെയും കണക്കിലെടുക്കാറില്ല. ഞാനും ഒരു പ്രേക്ഷകസമൂഹത്തിന്റെ പ്രതിനിധിയാണ്‌. ഒരു കഥ എന്നെ എങ്ങനെയാണ്‌ സ്വാധീനിച്ചുവെന്നുള്ളതാണ്‌ മുഖ്യ വിഷയം. തിരക്കഥകൃത്ത്‌ കഥ പറയുമ്പോള്‍ ഇത്‌ എനിക്ക്‌ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ നിര്‍മ്മാതാവിനെ കണ്ടെത്തുന്നു. എനിക്ക്‌ അഡ്വാന്‍സ്‌ തന്നിട്ടുള്ള നിര്‍മ്മാതാക്കളുടെ പട്ടികയിലെ ആദ്യത്തെ നിര്‍മ്മാതാവിനോട്‌ എല്‍സമ്മയുടെ കഥ പറഞ്ഞു. അദ്ദേഹത്തിന്‌ കഥയില്‍ വേണ്ടത്ര ആത്മവിശ്വാസമുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ രഞ്‌ജിത്ത്‌ സിന്ധുരാജിനെ വച്ച്‌ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നത്‌. എന്നാല്‍ ആ പ്രൊജക്‌റ്റ്‌ നടന്നില്ല. സിന്ധുരാജാണ്‌ പറയുന്നത്‌ ഞാനൊരു കഥ ലാല്‍ജോസായിട്ട്‌ ചര്‍ച്ചചെയ്‌തിട്ടുണ്ടെന്ന്‌. ലാല്‍ജോസും സിന്ധുരാജുമാണെങ്കില്‍ കഥ കേള്‍ക്കണമെന്നില്ലെന്നുള്ള രജ്‌ഞിത്തിന്റെ വിശ്വാസമാണ്‌ സിനിമ ഉണ്ടാകാനുള്ള ആദ്യത്തെ കാരണം. അങ്ങനെ ആദ്യത്തെ കടമ്പ കടന്നു. ഏത്‌ തരം പ്രേക്ഷകരെ ലക്ഷ്യം വച്ചാണ്‌ എല്‍സമ്മ സമൂഹത്തിലേക്ക്‌ ഇറക്കുക എന്നുള്ളതാണ്‌ രണ്ടാമത്തെ കടമ്പ. എല്‍സമ്മയുടെ പ്രേക്ഷകര്‍ രണ്ടാംഭാവം, അച്‌ഛനുറങ്ങാത്ത വീട്‌, നീലത്താമര, അറബിക്കഥ എന്നീ സിനിമകള്‍ കാണാനെത്തിയവരാകണമെന്നില്ല. എല്‍സമ്മ നിഷ്‌കളങ്കരായ പ്രേക്ഷകസമൂഹത്തെ ലക്ഷ്യം വച്ചുള്ള സിനിമയാണ്‌. അതുകൊണ്ടുതന്നെ നിരൂപകര്‍ക്ക്‌ ഇവിടെ പ്രസക്‌തയില്ല. ന്യൂനപക്ഷമായ നിരൂപകരും ബുദ്ധിജീവികളും സിനിമ ആസ്വാദിക്കാന്‍ വരുന്നവരല്ല. അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവരുടെ പ്രൊഫഷനാണത്‌. അവര്‍ സിനിമ കാണുമ്പോള്‍ ലാല്‍ ജോസിന്റെ ആദ്യ സിനിമ എങ്ങനെയായിരുന്നു, മുമ്പ്‌ ഇറങ്ങിയ സിനിമയുടെ നിലവാരം. ഇതൊക്കെ നോക്കിയിട്ടാണ്‌ അവര്‍ സിനിമ കാണുന്നത്‌. ഭൂരിപക്ഷം പ്രേക്ഷകരും എല്‍സമ്മ ഇഷ്‌ടപ്പെട്ടിട്ടുണ്ട്‌. സാമ്പത്തിക ലാഭം കിട്ടിയില്ലെന്ന്‌ കരുതി എന്റെ സിനിമ പരാജയപ്പെട്ടുവെന്നു ഞാന്‍ കരുതുന്നില്ല.

? ഒരു കുടുംബച്ചിത്രം, കാലികപ്രസക്‌തിയുള്ള ചിത്രം എന്നതിലപ്പുറം `എല്‍സമ്മ എന്ന ആണ്‍കുട്ടി' സമൂഹത്തില്‍നിന്ന്‌ അന്യം നിന്നുപോയികൊണ്ടിരിക്കുന്ന പരിശുദ്ധമായ പ്രണയത്തിന്റെ കഥയും പറയുന്നുണ്ടല്ലോ.

പാലുണ്ണിയുടെയും എല്‍സമ്മയുടെയും പ്രണയം മനസില്‍ ഒളിപ്പിച്ച്‌വച്ച പ്രണയമാണ്‌. അവര്‍ എന്നും കാണുന്നുണ്ട്‌. മിണ്ടുന്നുണ്ട്‌. ഉള്ളിലുള്ള സ്‌നേഹം പുറത്തുപറയുന്നില്ല. എന്നാല്‍ അവര്‍ക്ക്‌ അറിയാം അവര്‍ പരസ്‌പരം പ്രണയിക്കുന്നുണ്ടെന്ന്‌. പാലുണ്ണി അത്‌ പറയാന്‍ കൊതിക്കുന്നുണ്ട്‌. നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും അവര്‍ പ്രണയിക്കുന്നതായി പ്രേക്ഷകരും തിരിച്ചറിയുന്നുണ്ട്‌. പ്രണയത്തെ മനോഹരമായാണ്‌ സിന്ധുരാജ്‌ എഴുതിവച്ചത്‌.

? പത്തുസംവിധായകരുടെ കൂട്ടായ സംരംഭമായ `കേരളകഫേ'യില്‍ താങ്കളുടെ സംഭാവനയായ `പുറംക്കാഴ്‌ചകള്‍' ക്ക്‌ നിരൂപകപ്രശംസ കിട്ടിയല്ലോ. പുലിജന്മം, അടയാളങ്ങള്‍ ഇത്തരം വിഭാഗത്തിലുള്ള സിനിമകള്‍ താങ്കളില്‍നിന്ന്‌ പ്രതീക്ഷിക്കാമോ.

പുലിജന്മവും, അടയാളങ്ങള്‍ എന്നീ സിനിമകള്‍ നല്ല സിനിമകള്‍ തന്നെയാണ്‌. നമുക്ക്‌ ഇവിടെ അവാര്‍ഡ്‌ സിനിമയെന്ന്‌ പറഞ്ഞ്‌ വേലിക്കെട്ടി വച്ചിരിക്കുകയാണ്‌. ഇത്തരം സിനിമകള്‍ ചിരിപ്പിക്കാന്‍ പാടില്ല, രസിപ്പിക്കാന്‍ പാടില്ല. എന്റെ അഭിപ്രായത്തില്‍ സിനിമ വിനോദത്തിന്‌ വേണ്ടിതന്നെയാണ്‌. പ്രഭാഷണം കേള്‍ക്കാനെന്നും പറഞ്ഞ്‌ ഒരുത്തനും തിയ്യറ്ററിലെത്തില്ല. വിനോദഉപാധിയായി സിനിമ സൃഷ്‌ടിക്കുന്നതോടൊപ്പം കാലിക വിഷയംകൂടി പറഞ്ഞാല്‍ സമൂഹത്തില്‍ ചലനമുണ്ടാക്കാനാകും. തമിഴനെ നമ്മള്‍ ബഹുമാനിക്കേണ്ടത്‌ ഇവിടെയാണ്‌. നല്ല സിനിമയെന്ന്‌ പറയിപ്പിക്കുകയും ആ സിനിമ ജനങ്ങളെ കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. പരുത്തിവീരന്‍ സാമ്പത്തികമായി വിജയിക്കുകയും ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്‌തു. എന്നുകരുതി സുബ്രഹ്‌മണ്യപുരം, നാടോടികള്‍ , അങ്ങാടിത്തെരു തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകള്‍കൊണ്ട്‌ മലയാളസിനിമയെ വിലയിരുത്തേണ്ട ആവശ്യമില്ല.