Friday, April 8, 2011

TRAFFIC



സീബ്രാലൈനിലൂടെ ഒരു ട്രാഫിക്

രാജേഷ്‌പ്പിള്ള/ ധനേഷ്‌കൃഷ്‌ണ

സിനിമയുടെ നാല്‍പതുവര്‍ഷത്തെ വ്യവസ്‌ഥാപിത സമ്പ്രദായങ്ങളെ അറുപതുകളില്‍ ഒറ്റയടിക്ക്‌ തിരുത്തിയെഴുതിയ ഫ്രഞ്ച്‌ഫിലിംമേക്കര്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദിന്റെ `വീക്കെണ്ട്‌' എന്ന സിനിമയില്‍ ഒരു ട്രാഫിക്‌ സീനുണ്ട്‌. രസകരവും വിസ്‌മയവും ദുരന്തപൂര്‍ണവുമായ ഈ ട്രാഫിക്‌ സീന്‍ ലോകസിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സീനായാണ്‌ വിശേഷിപ്പിക്കുന്നത്‌.
ട്രാഫിക്‌ കുരുക്കിനെത്തുടര്‍ന്ന്‌ മുഷിഞ്ഞ യാത്രക്കാരില്‍ ചിലര്‍ വാഹനങ്ങളിലിരുന്ന്‌ തമാശകള്‍ ചറയുന്നു, ചിലര്‍ ചൂത്‌ കളിക്കുന്നു, ചിലര്‍ മധുരപലഹാരങ്ങള്‍ തിന്നുന്നു, കുട്ടികള്‍ പന്ത്‌ കളിക്കുന്നു, കമിതാക്കള്‍ ചുംബനത്തിലേര്‍പ്പെടുന്നു, ദമ്പതികള്‍ സ്‌നേഹം പങ്കുവയ്‌ക്കുന്നു ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്‌ഥതലങ്ങളിലുള്ള ആളുകളെ ആ പത്തുമിനിറ്റോളം നീണ്ടു നില്‍ക്കുന്ന സീനില്‍ ഗൊദാര്‍ദ്‌ കാണിച്ച്‌ തരുന്നുണ്ട്‌. ആദ്യം മുഷിപ്പിക്കുന്ന തരത്തില്‍ ആരംഭിച്ച സീന്‍ പിന്നീട്‌ രസിപ്പിച്ചും വിസ്‌മയിപ്പിച്ചും ഒടുവില്‍ മൂന്നാല്‌ പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദൃശ്യവത്‌കരിച്ചും ഗൊദാര്‍ദ്‌ പ്രേക്ഷകരെ സ്‌തബ്‌ധരാക്കുന്നുണ്ട്‌.

ജീവിതത്തിന്റെ ട്രാഫിക്‌ക്കുരുക്കില്‍ ഒരു തവണയെങ്കിലും കുടുങ്ങാത്തവര്‍ ഉണ്ടായിരിക്കില്ലെന്നാണ്‌ യുവസംവിധായകന്‍ രാജേഷ്‌ പിള്ളയുടെ അഭിപ്രായം. രാജേഷിന്റെ `ട്രാഫിക്‌'എന്ന സിനിമ മനുഷ്യജീവിതത്തിന്റെ വൈവിധ്യഭാവങ്ങളുടെ കോളാഷാണ്‌. ജീവിതസംഘര്‍ഷങ്ങളില്‍പെട്ട്‌ കിടക്കുന്ന വ്യത്യസ്‌തതരം മനുഷ്യരുടെ വ്യത്യസ്‌തതരം സ്വഭാവസവിശേഷതകളിലൂടെയും വൈവിധ്യ ഉദ്ദേശങ്ങളിലൂടെയും രാജേഷ്‌ പരിശോധിക്കുന്നത്‌ മനുഷ്യജീവിതം കുരുക്കുകള്‍ നിറഞ്ഞ ഒരു വലിയ ട്രാഫിക്‌ തന്നെയാണെന്നാണ്‌. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു സംവിധായകനും വീക്ഷിക്കാത്ത പ്രതിപാദനസമ്പ്രദായമാണ്‌ ഇടവേളയ്‌ക്ക്‌ ശേഷം റോഡ്‌മൂവിശൈലിയില്‍ വികസിക്കുന്ന ട്രാഫിക്കിന്റേത്‌. പ്രതിസന്ധികളുടെ ട്രാഫിക്‌ കുരുക്കില്‍പ്പെട്ട മലയാളസിനിമയ്‌ക്ക്‌ വിജയത്തിന്റെ സീബ്രാലൈന്‍ വരച്ച്‌ കൊടുക്കുകയാണ്‌ `ട്രാഫികി'ലൂടെ രാജേഷ്‌ പിള്ള.


? മരണത്തിനെ `ഓവര്‍ടേക്ക്‌' ചെയ്‌ത്‌ ജീവന്‍ തുടിക്കുന്ന `ഹൃദയം'കൊണ്ട്‌പാഞ്ഞുപോകുന്ന ഈ റോഡ്‌മൂവി `ഇന്റര്‍കണക്‌റ്റഡ്‌' ജനുസില്‍പെട്ടതാണ്‌. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പോള്‍ ഹഗീസിന്റെ `ക്രാഷ്‌', അലെജാഡ്രോ ഇനാരുത്തുവിന്റെ `21 ഗ്രാം', അനുരാഗ്‌ ബസുവിന്റെ `മെട്രോ' തുടങ്ങയ സിനിമകള്‍ `ഇന്റര്‍കണക്‌റ്റഡ്‌' ജനുസില്‍പെട്ട വിഷയങ്ങളാണ്‌. `ട്രാഫികി'ന്‌ ഒരു ഇന്റര്‍കണക്‌റ്റഡ്‌ സ്‌റ്റോറി തെരഞ്ഞെടുക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത്‌.

2005ല്‍ റിലീസായ എന്റെ ആദ്യ സിനിമ `ഹൃദയത്തില്‍ സൂക്ഷിക്കാന്‍' പരാജയപ്പെട്ടതിന്‌ ശേഷമുള്ള ജീവിത കുരുക്ക്‌ എത്ര ഭീകരമായിരുന്നുവെന്ന്‌ എനിക്ക്‌ മാത്രമെ അറിയുള്ളൂ. പിന്നീട്‌ ഞാന്‍ കരുതി മലയാളത്തില്‍ ഇതുവരെ ഇറങ്ങാത്ത രീതിയിലുള്ള വ്യത്യസ്‌തസിനിമ ചെയ്യണമെന്ന്‌. അതൊരു `ഇന്റര്‍കണക്‌റ്റഡ്‌' വിഷയമാകണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. അതിന്‌വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നു. ഏതാണ്ട്‌ മൂന്ന്‌ വര്‍ഷത്തോളം തയാറെടുപ്പിന്റെ `മഞ്ഞവെളിച്ചം' നോക്കിനില്‍ക്കുകയായിരുന്നു. അതായത്‌ രണ്ടര വര്‍ഷത്തിനിടയില്‍ പലതവണ വെട്ടിയും തിരുത്തിയും തിരക്കഥ പുതുക്കിപ്പണിതു. ഇതിന്റെ തിരക്കഥയുടെ പണിപ്പുരയില്‍ തിരക്കഥകൃത്തുക്കളായ ബോബിയും സഞ്ചയും ഏറെ കഷ്‌ടപ്പെട്ടിട്ടുുണ്ട്‌. വിജയത്തിന്റെ കടപ്പാട്‌ മുഴുവനും അവര്‍ക്കും നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ സ്‌റ്റീഫനുമാണ്‌. 2004ല്‍ റിലീസാായ ക്രാഷും, 21ഗ്രാമും പോലുള്ള സിനിമകളാണ്‌ എനിക്ക്‌ ട്രാഫിക്‌ സംവിധാനം ചെയ്യാന്‍ പ്രചോദനം നല്‍കിയത്‌. അഞ്ചു വര്‍ഷമായിട്ടുള്ള എന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ ട്രാഫിക്‌ കുരുക്ക്‌ തീര്‍ന്നു. അതിന്റെ `പച്ചവെളിച്ചം' കത്തിത്തുടങ്ങിയതിന്റെ തെളിവാണ്‌ ട്രാഫിക്കിന്റെ വിജയം.

? താരപ്രഭയും അതിഭാവുകത്വത്തിന്റെ ദുര്‍മേദ്ദസും സംവിധായകനില്‍നിന്ന്‌ യുവതാരങ്ങള്‍പോലും ചോദിച്ച്‌ വാങ്ങുന്ന കാലത്ത്‌ ട്രാഫികിലെ കഥാപാത്രങ്ങള്‍ താങ്കള്‍ എങ്ങനെ വീതം വെച്ച്‌ കൊടുത്തു.

ഇതൊരു മനുഷ്യനന്മയുടെ കഥയാണ്‌. അതുകൊണ്ടതന്നെ ഞാന്‍ ആദ്യം തീരുമാനിച്ചിരുന്നു ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്‌ മുകളില്‍ നില്‍ക്കരുതെന്ന്‌. ഇതില്‍ ഒരു സൂപ്പര്‍ താരമില്ല. ഒരോരുത്തര്‍ക്കും സമമായാണ്‌ കഥാപാത്രങ്ങള്‍ വീതിച്ച്‌കൊടുത്തിരിക്കുന്നത്‌. എല്ലാവരും ഈ സിനിമയിലെ നായകന്‍മാരാണ്‌. എല്ലാവരും ട്രാഫിക്കിലെ വ്യത്യസ്‌ത കഥാപാത്രങ്ങക്ക്‌ വേഷപ്പകര്‍ച്ചനല്‍കുന്നു. എല്ലാവര്‍ക്കും ഈ സിനിമയില്‍ തുല്ല്യപ്രാധാന്യമുണ്ട്‌. ഇന്നുവരെ മലയാളസിനിമയില്‍ കണ്ടിട്ടില്ലാത്ത ഒരു `കാസ്‌റ്റിംഗ്‌സമ്പ്രദായം' കൊണ്ടു വരാന്‍ ഞാനും ബോബിസഞ്ചയും ശ്രമിച്ചിട്ടുണ്ട്‌. ജോസ്‌പ്രകാശ്‌സാര്‍ മുതല്‍ ആസിഫ്‌ അലിവരെയുള്ള നടന്‍മാര്‍ ഇതിലെ കഥാപാത്രങ്ങളാണ്‌. ശ്രീനിസാറും കുഞ്ചാക്കോബോബനും സായ്‌കുമാറും റഹ്‌മാനും ഇങ്ങനെ വലിയ ഒരു താരനിരയുണ്ട്‌.

? പിതൃദു:ഖം, മാതൃസ്‌നേഹം, കടപ്പാട്‌, പ്രണയം, പ്രണയവഞ്ചന, ചതി, കൈക്കൂലി ഇങ്ങനെ സമൂഹത്തിലെ വൈവിധ്യമാര്‍ന്ന കാലിക വിഷയങ്ങള്‍ പറഞ്ഞുപോകുന്നതിനിടയില്‍ ട്രാഫിക്‌ തിന്‍മയുടെ കുരുക്ക്‌ മറികടന്ന്‌ നന്മയിലേക്കുള്ള ഒരു സീബ്രാലൈന്‍ വരച്ചുകാട്ടുന്നുണ്ടല്ലോ.

തീര്‍ച്ചയായും. ഒരാളുടെ ജീവന്‌വേണ്ടി സമൂഹത്തിലെ വ്യത്യസ്‌ഥതലത്തിലുള്ള ആളുകള്‍ ഒരു ദൗത്യത്തില്‍ പങ്കുചേരുന്നു. ഓരോരുത്തരും പലതരകാരാണ്‌. ഒരു പ്രശ്‌നത്തെ പലരും പലതലത്തില്‍നിന്നാണ്‌ കാണുന്നത്‌. റ്റാറ്റയുടെജീവന്റെ വിലയും ചേരിനിവാസിയുടെ ജീവന്റെ വിലയും ഒരേപോലെയാണ്‌. ഒരു ജീവന്‍ നിലനിറുത്താന്‍ സമൂഹത്തിലെ ഓരോരുത്തരേയും ആശ്രേയിക്കേണ്ടി വരുന്നു. ഇതൊരു അപകടാവസ്‌ഥവരുമ്പോഴാണ്‌ ഒരോരുത്തരും മനസിലാക്കുന്നത്‌. ജാതി, മതം, രാഷ്‌ട്രീയം എന്നിവയ്‌ക്ക്‌ അതീതമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക്‌ വേണ്ടിയുള്ള സിനിമയാണ്‌ ട്രാഫിക്‌. കാരണം ഒരു ട്രാഫിക്‌ കുരുക്കില്‍ ഈ വിഭാത്തില്‍പ്പെട്ട എല്ലാവരും ഉണ്ടായിരിക്കും. വ്യത്യസ്‌ഥസ്വഭാവകാരാണെങ്കിലും ഇവര്‍ ഒരേപോലെ പ്രതീക്ഷയുടെ പച്ചവെളിച്ചം കാത്തുകിടക്കുന്നവരാണ്‌.

? മാധ്യമജീവിതം, റേഡിയോജീവിതം, ട്രാഫിക്‌ജീവിതം, ചലച്ചിത്രനടന്റെ കോര്‍പ്പറേറ്റ്‌ ജീവിതം, ഫാന്‍സ്‌അസോസിയേഷന്റെ സമയോജിതമയ ഇടപെടല്‍ ഇങ്ങനെ ഹൈടെക്‌യുഗത്തിലെ ആഢംബരജീവികള്‍ ചമയങ്ങള്‍ അഴിച്ച്‌വച്ച്‌ `ട്രാഫികി'ല്‍ ഇടപെടുന്നുണ്ടല്ലോ.

ചേരിജീവിതത്തിലും ഫ്‌ലാറ്റ്‌ ജീവിതത്തിലും ഒരേപോലെ ഇടപെടുന്നവരാണ്‌ മാധ്യമപ്രവര്‍ത്തകര്‍. ഒരു ജേണലിസ്‌റ്റ്‌ ട്രെയ്‌നിയുടെ ജീവനാണ്‌ വിലപേശുന്നത്‌. ജീവന്‍ ഒരിക്കലും തിരിച്ച്‌ കിട്ടില്ലയെന്ന്‌ വിധിയെഴുതിയ ട്രെയ്‌നിയുടെ ഹൃദയം വീട്ടുക്കാര്‍ ദാനം ചെയ്യാന്‍ മനസ്‌കാട്ടുന്നു.

ഹൃദയംകിട്ടിയാല്‍ ജീവന്‍ തിരിച്ച്‌കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ്‌ ചലച്ചിത്രനടന്റെ ഏകമകള്‍. ചലച്ചിത്രനടന്‍ കാര്‍പ്പറേറ്റ്‌ ജീവിതം നയിക്കുമ്പോഴും അയാള്‍ക്ക്‌ തന്റെ മകളുടെ ജീവന്‌ വേണ്ടി ചേരിജീവിതംവരെയുള്ളവരുടെ കാലുപിടിക്കേണ്ടി വരുന്നു. അവിടെ പണം, പദവി എന്നതിലുപരി സമൂഹത്തിലെ എല്ലാവരുടെയും കനിവിനെയാണ്‌ ആശ്രേയിക്കേണ്ടത്‌. അങ്ങനെ ഒരു ദുരവസ്‌ഥവരുമ്പോള്‍ എത്ര സമ്പന്നനും ആര്‍ഭാടം മതിയാക്കി, ചമയങ്ങള്‍ അഴിച്ചുവച്ച്‌ ഇറങ്ങിവരേണ്ടിവരും.

?`ട്രാഫിക്‌' ഇത്ര അര്‍ഥവത്തായ `ടൈറ്റില്‍' സിനിമയ്‌ക്ക്‌ വന്ന്‌ചേര്‍ന്നത്‌.

ജീവിതത്തില്‍ എല്ലാവരും ട്രാഫിക്കില്‍പെടാറുണ്ട്‌. ജീവിതം തന്നെ ചിലര്‍ക്ക്‌ ഒരു ട്രാഫിക്കാണ്‌. ഈ സിനിമയുടെ മൂന്നാംഘട്ടത്തിലും ഞാന്‍ പ്രതിസന്ധിയുടെ ട്രാഫിക്കില്‍ വിഷമിച്ചിരുന്നു. ഈ സിനിമയിലെ എല്ലാവര്‍ക്കും അവരുടേതായ പ്രശ്‌നമുണ്ട്‌. സുഹൃത്ത്‌ കൃഷ്‌ണനാണ്‌ ഇങ്ങനെ ഒരു ടൈറ്റില്‍ നിര്‍ദ്ദേശിച്ചത്‌. കേട്ടപ്പോള്‍ വളരെ അര്‍ഥവത്തായ പുതുമയുള്ള പേരായിതോന്നി. ഇതിന്റെ കഥ പറയാന്‍ നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചു. പലര്‍ക്കും കഥയില്‍ വിശ്വാസം ഉണ്ടായില്ല. കഥ ഇഷ്‌ടപ്പെട്ടവര്‍ പരാജയപ്പെട്ട സംവിധായകനായ എന്നെകൊണ്ട്‌ സംവിധാനം ചെയ്യിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ല. അങ്ങനെ പ്രതിസന്ധികളുടെ ട്രാഫിക്‌ക്കുരുക്കില്‍ ഞാന്‍ ഏറെ വേദനിച്ചിട്ടുണ്ട്‌.

? `സിനിമ സംവിധായകന്റെ കലയാണ്‌. അത്‌ തന്റെ സിനിമയാണെന്ന്‌ പറയാനുള്ള തന്റേടം സംവിധായകന്‌ ഉണ്ടായിരിക്കണം' സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ വാക്കുളാണിത്‌. `ട്രാഫിക്‌' സംവിധായകന്റെ സിനിമയാണോ.

ശ്രീനിസാറിന്റെ വാക്കുകളില്‍ ഞാന്‍ വിശ്വസിക്കുന്നു. സിനിമയുടെ വിഷയം, ഛായാഗ്രഹം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ചമയം, ശബ്‌ദനിയന്ത്രണം, ചിത്രസംയോജനം ഇതെല്ലാം തെരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതും സംവിധായകനാണ്‌. രംഗങ്ങള്‍, ദൃശ്യങ്ങള്‍ ഇവ എങ്ങനെ, എവിടെ, എപ്പോള്‍ ഇതൊക്കെ നിശ്‌ചയിക്കുന്നത്‌ സംവിധായകനാണ്‌. ശബ്‌ദനിയന്ത്രണം, ഛായാഗ്രഹം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ചമയം ഇതൊക്കെ ചേരുവകള്‍പോലെ സംവിധായകനാണ്‌ ആവിശാനുസരണം ചേര്‍ക്കുന്നത്‌. അതൊകൊണ്ട്‌തന്നെ സിനിമ സംവിധായകന്റെ കലതന്നെയാണ്‌. എന്നാല്‍ ഈ സിനിമയുടെ വിജയത്തിന്‌ ബോബിസഞ്ചയിനോടും നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ സ്‌റ്റീഫനോടുമാണ്‌ കൂടുതല്‍ കടപ്പാട്‌.

? പ്രണയം, പ്രണയവഞ്ചന ഇങ്ങനെ സ്‌നേഹത്തിന്റെ വെളിച്ചവും ഇരുട്ടും സിനിമയില്‍ മിന്നിമറയുന്നുണ്ട്‌. താങ്കള്‍ പ്രണയിച്ചിട്ടുണ്ടോ.

പ്രണയിക്കാത്തവരായി ആരുണ്ട്‌. കാമവും പ്രണയവും ക്രോധവും കാരുണ്യവും ദുരന്തവും ഒക്കെ ഒരാളുടെ ജീവിതത്തിലുണ്ട്‌. ആദ്യപ്രണയം ഓര്‍ക്കാത്തവരും മുറിവ്‌ ഏല്‍പ്പിക്കാത്തവരും ആരുണ്ട്‌. ഞാനും പ്രണയിച്ചിട്ടുണ്ട്‌. കൗമാരംമുതല്‍ വീടിന്റെ തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ. സുന്ദരിയായ ഒരു മുസ്ലീംകുട്ടി. വളരെ യാഥാസ്‌ഥിക ചുറ്റുപാടില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടിയാണ്‌ അവള്‍. ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിന്‌ ഏഴായിരം വര്‍ണങ്ങളുണ്ടായിരുന്നു. അവള്‍ക്കായി ഞാനെന്റെ സിനിമാജീവിതംതന്നെ അവസാനിപ്പിച്ച്‌ ബോബെയിലേക്ക്‌ പോയി. അവളുമായി ഒളിച്ചോടുവാന്‍ തയാറെടുത്തു. ഞാന്‍ തിരിച്ചുവരുന്നതിന്റെ തലേനാള്‍ വീട്ടുകാര്‍ അവളെയും കൊണ്ട്‌ നാട്‌വിട്ടു. ഇപ്പോള്‍ അവള്‍ അമേരിക്കയില്‍ സുഖമായി ജീവിക്കുന്നു. എന്റെ വിവാഹം അഞ്ച്‌ വര്‍ഷംമുമ്പ്‌ കഴിഞ്ഞു. ഇന്ന്‌ ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നതിന്‌ കാരണം എന്റെ ഭാര്യയാണ്‌.

? `ട്രാഫിക്‌' തരുന്ന സന്ദേശം.
ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ സമൂഹത്തിനോട്‌ എന്തെങ്കിലും പറയാനുള്ള വിഷയം ഉണ്ടായിരിക്കണം. അത്തരം വിഷയങ്ങളുള്ള സിനിമയെ സംവിധാനം ചെയ്യൂ. ട്രാഫികിലൂടെ ഞാന്‍ പറയുന്നത്‌ `ഹ്യുമാനിറ്റി'യാണ്‌. മാനവികതയ്‌ക്കാണ്‌ ഞാന്‍ പ്രാധാന്യം നല്‍കുന്നത്‌. ജാതി, മതം, രാഷ്‌ട്രീയം എന്നിവയ്‌ക്ക്‌ അതീതമാണ്‌ എന്റെ സിനിമ.

VARUNNI





സിനിമാപ്രദര്‍ശനം

വേദിയായ തൃശൂര്‍ പൂരം


ധനേഷ്‌കൃഷ്‌ണ

മലയാളി ആദ്യമായി സിനിമാപ്രദര്‍ശനം ഒരു സിനിമാപ്രദര്‍ശനശാലയില്‍ കണ്ടത്‌ 1907 ലെ തൃശൂര്‍ പൂരം നാളിലാണ്‌. 1906ല്‍ തിരുച്ചിറപ്പള്ളിയിലെ റെയില്‍വേ ഉദ്യോഗസ്‌ഥനായ പോള്‍ വിന്‍സന്റ്‌ പലയിടങ്ങളിലായി പ്രദര്‍ശനം നടത്തിയെങ്കെിലും അതിന്‌ വേണ്ടത്ര ജനപങ്കാളിത്തമുണ്ടായിരുന്നില്ല. `ഡിസന്‍ ബയോസ്‌കോപ്പു'മായി തൃശൂരിലെത്തിയ പോള്‍ വിന്‍സന്റ്‌നിന്ന്‌ കാട്ടുക്കാരന്‍ വാറുണ്ണിജോസഫ്‌ ബയോസ്‌കോപ്പ്‌ വാങ്ങുകയായിരുന്നു. 1907 ലെ പൂരത്തിന്‌ വാറുണ്ണിയുടെ ഒരു കൂടാരവും ഉയര്‍ന്നു. ഇതുവരെയുള്ള പൂരത്തിന്‌ കാണാതിരുന്ന കൂടാരം പൂരപ്രേമികളില്‍ കൗതുകമേകി. പൂരത്തിന്റെ വാദ്യമേളങ്ങളില്‍ മനം നിറഞ്ഞ പൂരപ്രേമികളെ സിനിമയുടെ മാസ്‌മരികത ആകര്‍ഷിക്കുമെന്ന്‌ വാറുണ്ണി ചിന്തിച്ചുകാണണം. അതുകൊണ്ടായിരിക്കാം പൂരത്തിന്റെ
പ്രദര്‍ശന-വില്‌പനശാലകള്‍ക്കിടയില്‍ ഉയര്‍ന്ന വാറുണ്ണിയുടെ കൂടാരത്തിലേക്ക്‌ പണം പിരിച്ച്‌ പൂരപ്രമികളെ കടത്തിവിട്ടത്‌. സിനിമയുടെ വിപണന-പ്രദര്‍ശന തന്ത്രവും അന്നേ വാറുണ്ണി മനസിലാക്കിയിരുന്നുവെന്ന വേണം കരുതാന്‍. കൂട്ടമായി കൂടാരത്തില്‍ കയറിയ പൂരപ്രേമികള്‍ മുന്നിലുള്ള വെള്ളത്തുണിയില്‍ കുതിര ഓടുന്നതും പൂവിരിയുന്നതും കണ്ടപ്പോള്‍ അന്തംവിട്ടു നിന്നുപോയി. പ്രദര്‍ശനശാലകള്‍ക്കുള്ളില്‍ വെളിച്ചത്തിനായി ഉപയോഗിച്ചരുന്നത്‌ പെട്രോമാക്‌സ്‌ വിളക്കുകളായിരുന്നു. പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്പേ വിളക്കുകളെ മറച്ചുവയ്‌ക്കാവുന്ന സജ്‌ജീകരം ജോസഫ്‌ ഏര്‍പ്പെടുത്തിയിരുന്നു. കഥാപ്രസംഗകലാകാരന്‍മാരുടെ രീതിയെ അനുസ്‌മരിപ്പിക്കുന്നതരത്തിലാണ്‌ പ്രദര്‍ശനത്തിനു മുമ്പ്‌ കഥയെക്കുറിച്ച്‌ വിവരണം നല്‍കുക. കുതിര ഓടുന്നതും പൂവിരിയുന്നതും ക്രിസ്‌തുവിന്റെ ചരിത്രവുമൊക്കെയാണ്‌ ഏറെയും പ്രദര്‍ശിപ്പിച്ചത്‌. ആ വര്‍ഷം പൂരപ്രേമികള്‍ക്ക്‌ പറയാനുണ്ടായിരുന്നത്‌ പൂര വിശേഷങ്ങളായിരുന്നില്ല, മനസില്‍ സിനിമ നിറച്ച അത്ഭുതവും അനുഭവവുമായിരുന്നു.

SREENIVASAN




ആത്മകഥ പറയുമ്പോള്‍

ശ്രീനിവാനന്‍/ധനേഷ്‌കൃഷ്‌ണ


ഒരു സാധാരണ മലയാളിയില്‍ നിഷിപ്‌തമായ അപകര്‍ഷതയും ദുരഭിമാനവും പൊങ്ങച്ചവും കൂര്‍മ്മബുദ്ധിയും ശ്രീനിവാസന്‍ കഥാപാത്രങ്ങളിലെ ഭാവവൈവിധ്യങ്ങളാണ്‌. അഭ്രപാളിയില്‍ അതിഭാവുകത്വമോ അമാനുഷികതയോ ഊതിവീര്‍പ്പിക്കാതെയാണ്‌ ശ്രീനിവാസന്റെ കഥാപാത്രങ്ങള്‍ മലയാളികളോട്‌ സംവേദിക്കുന്നത്‌. 1977 ല്‍ പി.എ.ബക്കറിന്റെ മണിമുഴക്കത്തില്‍ അനാഥാലയത്തിലെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാതെ താന്തോന്നിത്തരം കാട്ടി നടക്കുന്ന തലതെറിച്ച പയ്യന്‍ നൂലന്‍ അന്തോണിക്ക്‌ വേഷപ്പകര്‍ച്ച നല്‍കിയാണ്‌ ശ്രീനിവാസന്‍ ചലച്ചിത്രമേഖലയിലേക്ക്‌ കടന്നുവരുന്നത്‌. തുടര്‍ന്ന്‌ അരവിന്ദന്റെ ചിദംബരത്തില്‍ മുനിയാണ്ടിയായി പ്രത്യക്ഷപ്പെട്ടു. പൊന്‍മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്‌ക്കരന്‍ , വടക്ക്‌നോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍ , ചിന്താവിഷ്‌ടയായ ശ്യാമളയിലെ വിജയന്‍ മാഷ്‌ , ഉദയനാണ്‌ താരത്തിലെ സരോജ്‌ കുമാര്‍ , അറബികഥയിലെ ക്യൂബമുകുന്ദന്‍ , തകരചെണ്ടയിലെ ചക്രപാണി, കഥപറയുമ്പോളിലെ ബാര്‍ബര്‍ ബാലന്‍ തുടങ്ങിയ വ്യത്യസ്‌തമായ കഥാപാത്രങ്ങളായി ശ്രീനിവാസന്‍ സാധാരണക്കാരന്റെ ജീവിതത്തിലേക്ക്‌ ഇറങ്ങിവന്നു.
നവാഗതനായ പ്രേംലാല്‍ സംവിധാനം ചെയ്‌ത ശ്രീനിവാസന്റെ ഓണച്ചിത്രമണ്‌ ആത്മകഥ. മെഴുകുതിരിനിര്‍മ്മാണസ്‌ഥാപനത്തിലെ ജീവനക്കാരായ കൊച്ചുബേബിയുടെയും മേരിയുടെയും ജീവിതഗന്ധിയായ പ്രണയക്കഥകൂടിയാണ്‌ ആത്മകഥ. തന്റെ അഭിനയജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ്‌ കൊച്ചുബേബിയുടേതെന്ന്‌ ശ്രീനിവാസന്‍. `ആത്മകഥ'യിലെ അനുഭവങ്ങള്‍ പറയുന്നതോടൊപ്പം തന്റെ ആത്മകഥയിലെ ചില അനുഭവങ്ങള്‍ അടര്‍ത്തുകയാണ്‌ ശ്രീനിവാസന്‍.

? സിനിമാഭിനയത്തിനോടുള്ള അഭിനിവേശം ചെറുപ്പത്തില്‍തന്നെ ഉണ്ടായിരുന്നോ

നാടകമായിരുന്നു എന്റെ അഭിനയത്തിന്റെ ഭൂമിക. നാടകത്തിനോടായിരുന്നു താല്‍പര്യം. അന്ന്‌ കുറെനാടകങ്ങള്‍ ചെയ്‌തു. നിരവധിനാടകങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഒരിക്കല്‍ ഹിസ്‌റ്ററി പ്രൊഫസര്‍ അപ്പുനമ്പ്യാര്‍ എന്നെ കാര്യമായി അടുത്തേക്ക്‌ വിളിച്ച്‌ ഉപദേശിച്ചു . ഒരു കാര്യം ഇപ്പോള്‍ തന്നെ തീരുമാനിക്കണം, അതിനുള്ള സമയമായി. എന്ത്‌ പ്രവര്‍ത്തി ചെയ്യുമ്പോളാണ്‌ കൂടുതല്‍ സന്തോഷം കിട്ടുന്നത്‌. അതിലേക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. നാടാകാഭിനയമായിരുന്നു കൂടുതല്‍ താല്‍പര്യം .അതുകൊണ്ട്‌തന്നെ നാടകാഭിനയം പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നാട്ടില്‍ അഭിനയം പഠിപ്പിക്കുന്ന സ്‌ഥാപനങ്ങളൊന്നുമില്ലായിരുന്നു. അഭിനയം എന്തെന്നറിയാനുള്ള ആകാംക്ഷയാണ്‌ 22 മത്തെ വയസ്സില്‍ മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചേരുവാന്‍ പ്രേരിപ്പിച്ചത്‌. ഫിലിം ചെയ്‌ബറില്‍ അഭിനയം പഠിക്കാനെത്തിയപ്പോള്‍ ,സംവിധായകരായ കെ.എസ്‌.സേതുമാധവനും രാമുകാര്യാട്ടും പി.ഭാസ്‌കരന്‍ മാഷുമെല്ലാം അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ക്ക്‌ ചിരി വന്നു. അവര്‍ എന്നെ ഉപദേശിച്ചു. അഭിനയം പഠിച്ചത്‌കൊണ്ട്‌ പ്രയോജനമില്ല. നാട്ടില്‍ പോയി വേറെ വല്ല ജോലിനോക്കിക്കോളൂ. അവര്‍ എന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അഭിനയം പഠിക്കാന്‍ എനിക്ക്‌ യോഗ്യതകള്‍ ഉണ്ടായിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ എ സോണിന്‌ ഒരു തവണ ബെസ്‌റ്റ്‌ ആക്‌റ്ററായും കോളെജ്‌ തലത്തില്‍ രണ്ട്‌ തവണ ബെസ്‌റ്റ്‌ ആക്‌റ്ററായും തെരഞ്ഞെടുത്തിട്ടുണ്ട്‌. അഭിനയം പഠിക്കാന്‍ വന്നവരില്‍ എലിജിബിലിറ്റി എനിക്കായിരുന്നു.

? പ്രശസ്‌ത സംവിധായകന്‍ പി.എ.ബക്കറിന്റെ മണിമുഴക്കത്തില്‍ അവസരം ചോദിച്ച്‌ പോയതാണോ.

അത്‌ വളരെ സിംപിളാണ്‌. ഫിലിം ചേംബറില്‍ പഠിക്കുമ്പോള്‍ പി.എ.ബക്കര്‍ പലവട്ടം അവിടെ വന്നിട്ടുണ്ട്‌. തമിഴ്‌, തെലുങ്ക്‌, കന്നട, മലയാളം എന്നീ നാല്‌ ഭാഷകളിലാണ്‌ കോഴ്‌സ്‌ പടിപ്പിക്കുന്നത്‌. പ്രിന്‍സിപ്പാളിന്റെ ക്ഷണം സീകരിച്ച്‌ കുറെ മലയാളം സംവിധായകര്‍ പഠിപ്പിക്കാന്‍ വരാറുണ്ട്‌. പ്രിന്‍സിപ്പാളിന്റെ സുഹൃത്ത്‌ പ്രഭാകരനെ കാണാന്‍ പി.എ.ബക്കര്‍ വരുമായിരുന്നു. അങ്ങനെ പലവട്ടം പി.എ.ബക്കറുമായി സംസാരിച്ചിട്ടുണ്ട്‌ .
കബനി നദിചുവന്നപ്പോള്‍, ചുവന്ന വിത്തുകള്‍ എന്നീ സിനിമകള്‍ പി.എ.ബക്കര്‍ ആയിടെ സംവിധാനം ചെയ്‌ത സിനിമകളാണ്‌. അതിന്‌ മുമ്പാണ്‌ ഓളവും തീരവും പി.എ.ബക്കര്‍ നിര്‍മിച്ചിരുന്നു.
ഞാന്‍ അവസരം ചോദിച്ച്‌ ചെന്നതല്ല . പി.എ.ബക്കര്‍ അവസരം വേണോയെന്ന്‌ ചോദിച്ചുമില്ല. എറണാകുളത്ത്‌ പുതിയസിനിമ തുടങ്ങാന്‍ പോകുകയാണ്‌ വന്നാല്‍ ഒരു റോള്‌ ചെയ്യാം. ആ സിനിമയാണ്‌ മണിമുഴക്കം.

? ആദ്യം എഴുതിയതിരക്കഥ മോഹനന്റെ `ഒരു കഥ ഒരു നുണകഥ'യാണല്ലോ. ഒരു തിരക്കഥ എഴുതാനുള്ള ധൈര്യം കിട്ടിയത്‌.

കെ.ജി.ജോര്‍ജിന്റെ മേള, ഇനി ഞാന്‍ ഉറങ്ങട്ടെ, കോലങ്ങള്‍ എന്നീ സിനിമകളുടെ ചര്‍ച്ചകളില്‍ ഞാന്‍ ഇരുന്നിട്ടുണ്ട്‌. നാടകങ്ങള്‍ എഴുതിയ കാലത്ത്‌ ഞാന്‍ കഥകളും എഴുതിയ പരിചയമുണ്ട്‌. ഒരാള്‍ എഴുതിയ തിരക്കഥ മാറ്റി എഴുതണം. നിര്‍മ്മാതാവ്‌ ഇന്നസെന്റാണ്‌ പറഞ്ഞത്‌ നമുക്ക്‌ എഴുതാമെന്ന്‌. ഞാനും ഇന്നസെന്റെും കൂടിയാണ്‌ അതിന്റെ തിരക്കഥ എഴുതിയത്‌. ആ സിനിമയാണ്‌ മോഹനന്റെ ഒരു കഥ നുണകഥ. സിനിമ റിലീസായപ്പോള്‍ തിരക്കഥ സംഭാഷണം മോഹന്‍ -ശ്രീനിവാസന്‍ എന്നായിരുന്നു. ഒരക്ഷരം പോലും എഴുതാത്ത മോഹനന്റെ പേര്‌ വച്ചു. ഇന്നസെന്റിന്റെ പേര്‌ ഒഴിവാക്കി. എന്റെ പേരും വേണമെങ്കില്‍ മോഹനന്‌ ഒഴിവാക്കാമായിരുന്നു.

? ഓണച്ചിത്രമായ `ആത്മകഥ'യില്‍ ഹൈറെയ്‌ഞ്ചിലെ മെഴുകുതിരിനിര്‍മ്മാണ സ്‌ഥാപനത്തില്‍ പണിചെയ്യുന്ന അന്ധനായ കൊച്ചുബേബിയുടെയും ഭാര്യ മേരിയുടെയും മകള്‍ ലില്ലികുട്ടിയുടെയും കഥയാണ്‌ പറയുന്നത്‌. സാങ്കേതികതവിദ്യകൊണ്ട്‌ ഉത്തരാധുനികസിനിമ ജനത്തിനെ വിരട്ടുമ്പോള്‍ വല്ലാത്ത ഒച്ചപാടില്ലാത്ത ഇത്തരം ലളിതമായ ഒരു സിനിമയുടെ പ്രസക്‌തി.

കോടികള്‍ മുടക്കിയാണ്‌ ഹോളിവുഡ്‌ സിനിമകള്‍ ഇറങ്ങുന്നത്‌. ജുറാസിക്ക്‌ പാര്‍ക്ക്‌ പോലുള്ള സിനിമകള്‍ വളരെ സാങ്കേതിക വിദ്യകള്‍ ഉപയോഗുച്ച്‌ എടുത്ത സിനിമയാണ്‌. ഡ്രൈവിങ്‌ഡെയ്‌സി എന്നൊരു ഹോളിവുഡ്‌ ചിത്രമുണ്ട്‌. മക്കള്‍ വിട്ട്‌പോയ ഒരു വയസ്സായ സ്‌ത്രീയുടെ കഥയാണ്‌. ഏകാന്തത അനുഭവിക്കുന്ന ആ സ്‌ത്രീക്ക്‌ എല്ലാവരെയും ദേഷ്യമാണ്‌. അവരുടെ ജീവിതത്തിലേക്ക്‌ ഒരു ഡ്രൈവര്‍ കടന്ന്‌ വരുകയും അവര്‍ തമ്മിലുള്ള സൗഹൃദമാണ്‌ ആ സിനിമയുടെ ഇതിവൃത്തം. അത്രക്കും ലോലമാണ്‌ ആ കഥ. 20 വര്‍ഷം മുന്‍പാണ്‌ ആ ചിത്രം ഇറങ്ങിയത്‌. ആ വര്‍ഷത്തെ ഓസ്‌കാറും അതിനായിരുന്നു. വളരെ ഒച്ചപാടും ബഹളവും ഒക്കെയുള്ള സിനിമകളുടെ കൂട്ടത്തിലാണ്‌ ആ സിനിമയിറങ്ങുന്നത്‌. എത്രതന്നെ പുരോഗമിച്ചാലും മികച്ച കഥയുള്ള സിനിമ ഹൃദയത്തില്‍ തട്ടും. അത്‌ ജനം ഇഷ്‌ടപെടുകയും ചെയ്യും. ആത്മകഥ അത്തരം ഒരു ജീവിതഗന്ധിയായ സിനിമയാണ്‌. അത്‌ ഹൃദയഭേദകമാണ്‌.

? `ആത്മകഥ'യുടെ ഇതിവൃത്തം കേട്ടപ്പോള്‍ കഥയില്‍ ആകര്‍ഷിച്ച ഘടകം.

`ആത്മകഥ'യുടെ കഥ സംവിധായകന്‍ പ്രേംലാല്‍
പറഞ്ഞപ്പോള്‍ പ്രേക്ഷകരില്‍ പ്രചോദനം ഉണ്ടാക്കുന്ന സിനിമയായിരിക്കുമിതെന്ന്‌ തോന്നി. കോമഡി, കുടുംബച്ചിത്രം, ആക്ഷന്‍, സസ്‌പെന്‍സ്‌ ഇങ്ങനെ ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്താനാവുന്ന സിനിമയല്ലിത്‌. മറ്റൊരാളും ഇതുവരെ പറയാത്ത വിഷയം. ലോകസിനിമകളിലെവിടെയും കാണ്ടിട്ടില്ലാത്ത ഇതിവൃത്തമാണ്‌. പ്രേക്ഷകര്‍ അറിയാതെ സ്‌നേഹിച്ചുപോകുന്ന പ്രതിപാദനരീതിയാണ്‌ ആത്മകഥയുടെത്‌.

? ഏതെങ്കിലും സിനിമ കണ്ട്‌ പ്രചോദനമേകിയവര്‍ പിന്നീട്‌ വിളിച്ചിട്ടുണ്ടോ.

കഥപറയുമ്പോള്‍ എന്ന സിനിമ കണ്ട്‌ രജനികാന്ത്‌ വിളിച്ചിരുന്നു. കുറെ വര്‍ത്തമാനങ്ങള്‍ പറയുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു. ബാഗ്ലൂരുള്ള എന്റെ രണ്ട്‌ സുഹൃത്തുക്കള്‍ കുറെ നാളായി എന്നെ വീട്ടിലേക്ക്‌ വിളിക്കുന്നത്‌. കഥപറയുമ്പോള്‍ എന്ന ചിത്രം കണ്ടപ്പോളാണ്‌ എനിക്ക്‌ മനസിലായത്‌. സുഹൃത്തുക്കളുടെ ക്ഷണത്തിന്റെ മ്യൂല്യം. ഞാനിനി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ചെയ്യാന്‍ പോകുന്നത്‌ അവരുടെ അതിഥിയാകുകയാണ്‌.

? സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാര്‍ബര്‍ ബാലന്‍ അശോക്‌ രാജിന്റെ മുന്നിലേക്ക്‌ ചോറ്റ്‌പാത്രം നീട്ടിയപോലെ ശ്രീനിവാസന്‍ ഏതെങ്കിലും സുഹൃത്തിന്റെ മുന്നിലേക്ക്‌ ചോറ്റു പാത്രം നീട്ടിയിട്ടുണ്ടോ.

അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല.

? ക്ഷുഭിതയൗവനത്തിന്റെ ബിംബങ്ങളായിരുന്ന ജയനും സോമനും സുകുമാരനും താരങ്ങളായി വിലസുമ്പോളായിരുന്നു താങ്കളുടെ കടന്നുവരവ്‌. താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളായ ദിലീപും പൃഥിരാജും നിറഞ്ഞനില്‍ക്കുന്ന മലയാളത്തില്‍ ഒരു നടനായിതന്നെ ഇപ്പോഴും ഈ ആകാര ഭംഗി വച്ച്‌ മല്‍സരിക്കാനുള്ള ആത്മധൈര്യം.

ഞാനൊരിക്കലും മറ്റു താരങ്ങളോട്‌ മല്‍സരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ വേണ്ടി എനിക്ക്‌ എന്ത്‌ ചെയ്യാന്‍ പറ്റും. ഞാനഭിനയിക്കുന്ന ചിത്രം വിജയിക്കാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. ഞാന്‍ അഭിനയിക്കുന്ന അല്ലെങ്കില്‍ തിരക്കഥയെഴുതുന്ന സിനിമ നന്നാക്കാന്‍ എന്തെല്ലാം വിഭവങ്ങളാണ്‌ ചേര്‍ക്കേണ്ടത്‌ എന്നാണ്‌ ഞാന്‍ നോക്കുന്നത്‌. ഒപ്പം ഇറങ്ങാന്‍ പോകുന്ന സിനിമയില്‍ മൂന്ന്‌ പാട്ടും നാല്‌ ഇടിയുമുണ്ടെന്ന്‌ കരുതി നമ്മുടെ സിനിമയില്‍ അതൊക്കെ ചേര്‍ക്കാന്‍ പറ്റുമോ. ഞാന്‍ മല്‍സരിക്കുന്നത്‌ എന്നോട്‌ തന്നെയാണ്‌. എന്റെ പരിമിതികളോടല്ലാതെ വേറെ ഒന്നിനോടുമല്ല ഞാന്‍ മല്‍സരിക്കുന്നത്‌.

?പുതിയ പ്രതിഭകള്‍ സംവിധാനത്തിലും തിരക്കഥാരചനയിലും കാണുന്നില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

ജയരാജ്‌, ലാല്‍ജോസ്‌, റോഷന്‍ ആന്‍ട്രൂസ്‌, എം.മോഹനന്‍ ഇവരെല്ലാവരും എന്റെ തിരക്കഥയിലൂടെ വന്ന സംവിധായകരാണ്‌. പിന്നെ പുതിയ ആളുകള്‍ ഈ മേഖലയില്‍ ശോഭിക്കാത്തതിന്റെ കാരണം ഇവര്‍ നിര്‍മാതാക്കളുടെ പണത്തിന്റെ പ്രഭയില്‍ വീണ്‌ പോകുന്നു. കഥപോലും കേള്‍ക്കാതെയാണ്‌ ചില നിര്‍മാതാക്കള്‍ പടം എടുക്കുന്നത്‌. എം.എ.ജോസഫ്‌, ടി.എ.വാസുദേവനുമെല്ലാം തങ്ങള്‍ നിര്‍മിക്കുന്ന പടത്തില്‍ ആരെല്ലാം അഭിനയിക്കണം എന്ന്‌ നിശ്‌ചയിക്കുന്നത്‌ അവരാണ്‌. സിനിമയെ കുറിച്ച്‌ നല്ല ജഡ്‌ജ്‌മെന്റെ്‌ അവര്‍ക്ക്‌ ഉണ്ടായിരുന്നു. പണത്തിന്‌ അനുസരിച്ച്‌ ഇപ്പോള്‍ പടം പിടിക്കുന്നു. പുതിയ പ്രതിഭകള്‍ ഈ ചതിക്കുഴിയില്‍ വീണ്‌പോകുന്നു.

?യഥാര്‍ത്ഥത്തില്‍ സിനിമ ആരുടേതാണ്‌. സംവിധായകന്റെതാണോ.

തീര്‍ച്ചയും സിനിമ സംവിധായകന്റെ കല തന്നെയാണ്‌. സംവിധായകന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളും തന്നെയാണ്‌ സിനിമ. ഇപ്പോഴത്തെ പല സംവിധായകര്‍ക്കും ആഗ്രഹിക്കാനുള്ള അര്‍ഹതപോലുമില്ല. അപ്പോഴാണ്‌ നടനും എഴുത്തുകാരനും മറ്റും ചോദ്യം ചെയ്യുന്നത്‌. സത്യന്‍ അന്തികാടിന്‌ വേണ്ടി എഴുതുമ്പോള്‍ സത്യന്റെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ്‌ ഞാന്‍ എഴുതുന്നത്‌. അപ്പോള്‍ സത്യന്‍ അന്തികാടിന്‌ പറയാം ആ സിനിമ സത്യന്റെതാണെന്ന്‌. പ്രിയനും കമലിനും പറയാന്‍ സാധിക്കും അവര്‍ സംവിധാനം ചെയ്യുന്ന സിനിമ അവരുടേതാണെന്ന്‌. സിനിമ സംവിധായകന്റെയാണ്‌. സംവിധായകന്റെ തന്നെയാവണം. പലരുടേയും കാര്യത്തില്‍ അത്‌ സംഭവിക്കുന്നില്ല. അപ്പോളാണ്‌ സിനിമ എല്ലാവരുടേയുമെന്ന്‌ പറയേണ്ടിവരുന്നത്‌.

? താങ്കള്‍ സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ കാലികപ്രസക്‌തിയുള്ള ചിത്രങ്ങളായിരുന്നു. താങ്കളുടെ സംവിധാനത്തില്‍ ഇനി ഒരു സിനിമ.

ചിന്താവിഷ്‌ടയായ ശ്യാമള പുറത്തിറങ്ങിയിട്ട്‌ ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനു ശേഷം നിരവധി നിര്‍മ്മാതാക്കള്‍ എന്നെ സമീപിച്ചു. ഇതൊക്കെ നിമിത്തമാണ്‌. ഒരു നിര്‍മ്മാതാവ്‌ സമീപിച്ചുവെന്ന്‌ കരുതി ഒരു സിനിമ ചെയ്യാന്‍ കഴിയുമോ. ഞാന്‍ നിമിത്തത്തില്‍ വിശ്വസിക്കുന്നു. എനിക്ക്‌ വഴങ്ങുന്ന ഒരു ആശയം കിട്ടിയാല്‍ മാത്രമേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യൂ. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്‌ടയായ ശ്യാമള എന്നിവയ്‌ക്ക്‌ മേലെയായിരിക്കും അടുത്ത സിനിമ.

JONH ABRAHAM




'അമ്മ അറിയാന്‍'

ഇരുപത്തഞ്ച്‌ വയസിലേക്ക്‌


ധനേഷ്‌ കൃഷ്‌ണ

ജോണ്‍ എബ്രഹാമിന്റെ അവസാന സിനിമയും പ്രഥമ ജനകീയസിനിമയുമായ `അമ്മ അറിയാന്‍' എന്ന വിഖ്യാത റോഡ്‌മൂവിയ്‌ക്ക്‌ ഇരുപത്തഞ്ച്‌ വയസ്‌. സാധാരണക്കാരില്‍നിന്നും സ്വരൂപിച്ച പണംകൊണ്ട്‌ 1986 ജന. 10നാണ്‌ ഫോര്‍ട്ട്‌കൊച്ചിയില്‍ ക്ലാപ്പടിച്ച്‌ ചിത്രീകരം ആരംഭിച്ചത്‌. അടിയന്തരാവസ്‌ഥയ്‌ക്ക്‌ ശേഷം താറുമാറായി കിടക്കുന്ന കേരളത്തിന്റെ എന്‍പതുകളെ ജോണ്‍ എബ്രഹാം പരിശോധിക്കുന്നുണ്ട്‌. അന്നത്തെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രമാണ്‌ ജോണ്‍ ഡോക്യുമെന്ററി ശൈലിയില്‍ ഈ ചിത്രത്തിലൂടെ ദൃശ്യവത്‌കരിച്ചത്‌. നക്‌സല്‍ പ്രസ്‌ഥാനത്തിന്റെ ഇടപെടല്‍, പോലീസിന്റെ മൂന്നാംമുറ, നെല്‍സന്‍ മണ്ടേലയ്‌ക്ക്‌ അനുഭാവം തുടങ്ങിയ അക്കാലത്തെ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്‌. ഭാവനയും വസ്‌തുതയും ഇഴകലര്‍ത്തി നിര്‍മ്മിച്ച `അമ്മ അറിയാന്‍' മലയാളസിനിമയില്‍ അന്നുവരെ നിലനിന്നുപോന്നിരുന്ന ചലച്ചിത്ര സമ്പ്രദായങ്ങളെയും പ്രതിപാദനരീതിയും അപ്പാടെ വെട്ടിത്തിരുത്തി. വാണീജ്യസിനിമ, കലാമൂല്യമുള്ളസിനിമ, മധ്യവര്‍ത്തിസിനിമ എന്നിങ്ങനെ മലയാള സിനിമയെ വേര്‍ത്തിരിച്ച്‌ നിറുത്തിയ എണ്‍പതുകളിലാണ്‌ ജോണ്‍ എബ്രഹാം ഇങ്ങനെ ഒരു സിനിമ ചെയ്‌ത്‌ വിസ്‌മയിപ്പിച്ചത്‌.
ഗവേഷണത്തിനായി ഡല്‍ഹിയിലേക്ക്‌ പോകുന്ന പുരുഷന്‍ താന്‍ എവിടെയായലും അമ്മയ്‌ക്ക്‌ എഴുതുമെന്ന്‌ ഉറപ്പ്‌നല്‍കിയാണ്‌ വിട്ടില്‍നിന്ന്‌ പുറപ്പെടുന്നത്‌. വഴിമദ്ധ്യേ കുന്നിന്റെ മുകളിലെ മരത്തില്‍ തുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്ത്‌ ഹരിയുടെതാണെന്ന്‌ പുരുഷന്‍ തിരിച്ചറിയുന്നു. ഹരിയുടെ മരണവാര്‍ത്ത അവന്റെ അമ്മയെ അറിയിക്കാന്‍ വയനാട്ടില്‍നിന്ന്‌ ഫോര്‍ട്ട്‌കൊച്ചിയിലേക്ക്‌ പുരുഷുവും മറ്റു സുഹൃത്തുക്കളും നടത്തുന്ന യാത്രയോടെയാണ്‌ ഈ റോഡ്‌ മൂവി ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. മുന്‍കൂട്ടിയുള്ള തിരക്കഥപോലും ഇല്ലാതെയാണ്‌ 115 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സിനിമ ചിത്രീകരിച്ചത്‌. വയനാടില്‍നിന്നുള്ള യാത്രയില്‍ ഓരോ സ്‌ഥലത്തെയും സാധാരണ ആളുകള്‍തന്നെയാണ്‌ സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക്‌ വേഷങ്ങള്‍ നല്‍കിയിട്ടുള്ളത്‌. ഈ ആളുകള്‍ ഓരോ ചരിത്രസംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയായവരും സംഭവങ്ങളില്‍ ഇടപ്പെട്ടവരുമാണ്‌. ജനകീയപങ്കാളിത്തത്തോടെ ടൂറിംങ്‌ ഫെസ്‌റ്റിവലില്‍ ചിത്രം കേരളത്തിന്റെ വിവിധ പൊതുവേദികളില്‍ പ്രദര്‍ശിപ്പിച്ചു. തൃശൂരില്‍ തേക്കില്‍ക്കാട്‌ മൈതാനത്താണ്‌ പ്രദര്‍ശനം നടത്തിയത്‌.
വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ, അഗ്രഹാരത്തില്‍ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നിവയാണ്‌ ജോണിന്റെ മറ്റു സിനിമകള്‍. ഇന്ത്യയിലെ പ്രഥമ വനിത എഡിറ്ററായ ബീനാപോളാണ്‌ `അമ്മ അറിയാന്‍' എന്ന സിനിമയുടെ എഡിറ്റിംങ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. വേണുവാണ്‌ ഫോട്ടോഗ്രാഫി. പൂന ഇസ്‌റ്റിറ്റിയൂട്ടില്‍ വിഖ്യാതസംവിധായകന്‍ ഋതിക്‌ ഘട്ടകിന്റെ കീഴിലെ വിദ്യാഭ്യാസത്തിന്‌ശേഷം ജോണ്‍ മണികൗളിന്റെ സഹായിയായി ചേര്‍ന്നു. 1971ലാണ്‌ പ്രഥമചിത്രം `വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' ജോണ്‍ സംവിധാനം ചെയ്യുന്നത്‌. 1987 മേയില്‍ ജോണ്‍ എബ്രഹാം എന്ന പ്രതിഭാസം കാലത്തിന്റെ വെള്ളിത്തിരയിലേക്ക്‌ മറഞ്ഞു. യാതൊരുവിധ ജാഢകളില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങളാല്‍ തന്നെ അവതരിപ്പിച്ച്‌കൊണ്ട്‌ ജനങ്ങളിലേക്ക്‌ സിനിമയെ കൊണ്ടുവരുകയായിരുന്നു ജോണും സുഹൃത്തുക്കളും ഈ ചലച്ചിത്രസംരംഭത്തിലൂടെ ചെയ്‌തത്‌. സിനിമയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന്‌ വൈകിട്ട്‌ (ജനു:10) ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സിനിമയുടെ സംരംഭത്തില്‍ സഹകരിച്ചര്‍ ജോണിനെ അനുസ്‌മരിക്കും.

ADOOR GOPALAKRISHNAN


അടൂരും നാല്‌പെണ്ണുങ്ങളും


അടൂര്‍ഗോപാലകൃഷ്‌ണന്‍/ ധനേഷ്‌കൃഷ്‌ണ






സിനിമ എന്നും വിസ്‌മയമാണ്‌. ആ വിസ്‌മയത്തിന്‌ പിന്നില്‍ രണ്ട്‌ സഹോദരന്‍മാരുടെ ആഴത്തിലുള്ള ചിന്തകളും പരീക്ഷണങ്ങളും ഉണ്ടായിരുന്നു.1895 ഡിസംബര്‍ 28ന്‌ സഹോദരങ്ങളായ ആഗ്‌സതെ ലൂമിയറും ലൂയി ലൂമിയറും ചേര്‍ന്ന്‌ ആ വിസ്‌മയം സൃഷ്‌ടിച്ചു. തങ്ങളുടെ ഫാക്‌ടറിയിലെ തൊഴിലാളികളെ ക്യാമറയില്‍ പകര്‍ത്തി, ഒരു ഇരുട്ടറയില്‍ അതേപടിയില്‍ അവര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അവിടെ കൂടിനിന്നവര്‍ അന്തംവിട്ടുനിന്നുപോയി.
സ്വയംവരം,കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍,വിധേയന്‍, കഥാപുരുഷന്‍, നിഴല്‍കുത്ത്‌ എന്നീ കഥാചിത്രങ്ങള്‍ക്ക്‌ ശേഷം അടൂര്‍ ഒരുക്കിയ പത്താമത്തെ കഥാചിത്രമാണ്‌ നാല്‌പെണ്ണുങ്ങള്‍. സ്‌ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി വരൂന്ന, വിഖ്യാത എഴുത്തുകാരന്‍ തകഴിശിവശങ്കരപിള്ളയുടെ നാല്‌ചെറുകഥകളെ ആധാരമാക്കിയാണ്‌ അടൂര്‍ നാല്‌പെണ്ണുങ്ങള്‍ക്ക്‌ ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുന്നത്‌.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമ തമിഴ്‌സിനിമയേയും നാടകത്തേയും അനുകരിച്ചും ആശ്രേയിച്ചും പോന്നു. 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരം എന്ന പ്രഥമ ചിത്രത്തിലൂടെ അടൂര്‍ മലയാളസിനിമയെ പശ്‌ചാത്യഅനുകരണങ്ങളുടെ കെട്ടുവള്ളികളില്‍ നിന്ന്‌ മോചിപ്പിച്ചു.സിനിമ നാടകമല്ല, മലയാള സിനിമക്ക്‌ അതിന്റേതായ ഭാഷ്യവും വ്യാകരണവും ഉണ്ടെന്ന്‌ അടൂര്‍ തന്റെ ചലച്ചിത്രകാവ്യങ്ങളിലൂടെ തെളിയിച്ചു.

? നാല്‌പെണ്ണുങ്ങള്‍ ഒരു സിനിമയാണോ ? വേശ്യ, കന്യക, ചിന്നുഅമ്മ, നിത്യകന്യക എന്നീ നാല്‌ ലഘുചലച്ചിത്രഖണ്‌ഡങ്ങളല്ലേ . അപ്പോള്‍ ഒരു സിനിമയില്‍ നാല്‌ നായികമാര്‍ എന്ന്‌ പറയുന്നത്‌ ഉചിതമാണോ .

നാല്‌പെണ്ണുങ്ങള്‍ ഒരു സിനിമ തന്നെയാണ്‌.നാല്‌ വ്യത്യസ്‌തമായ കഥകളായിരിക്കെ തന്നെ ഒരു കഥ. നാല്‌ കഥകള്‍ ഒരു സമയത്ത്‌ നടന്നത്‌ പോലുമല്ല.ആദ്യ കഥ നാല്‌പതുകളിലാണെങ്കില്‍ അവസാനത്തെ കഥ അറുപതുകളിലാണ്‌. എന്നാല്‍ ഒരു കാലഘട്ടത്തിനുള്ളില്‍ നടന്നതും ഒരുഗ്രാമത്തിന്റെ കഥകളുമാണ്‌ ഇവ നാലും. കുഞ്ഞിപെണ്ണ്‌, കുമാരി, ചിന്നുഅമ്മ, കാമാക്ഷി ഇവര്‍ ഒരു സിനിമയിലെ നാല്‌ കഥാപാത്രങ്ങളാണ്‌.പുതിയ രീതിയില്‍ ചെയ്‌തത്‌ കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്‌. ഒരു ആവര്‍ത്തികൂടികാണുമ്പോള്‍ അത്‌ മനസിലാകും.

? പത്താമത്തെ സിനിമയായ നാല്‌പെണ്ണുങ്ങള്‍ സ്‌ത്രീപക്ഷ സിനിമയാണോ .

അല്ല. സ്‌ത്രീപക്ഷസിനിമയല്ല.സ്‌തീകള്‍ പ്രധാനകഥാപാത്രങ്ങളായിവരുന്ന ഒരു സിനിമയാണ്‌ നാല്‌പെണ്ണുങ്ങള്‍.ഇത്‌ മനപൂര്‍വം വരുത്തിയതല്ല.തകഴിയുടെ 400 ഓളം കഥകള്‍ ഏതാണ്ട്‌ മൂന്ന്‌ മാസത്തോളമിരുന്ന്‌ വായിച്ചു. അതില്‍ നിന്ന്‌ ഒമ്പത്‌ കഥകള്‍ തെരഞ്ഞെടുത്തു.മനസിന്‌ ഏറ്റവും സ്‌പര്‍ശിച്ചകഥകളായിരുന്നു ആ ഒമ്പതെണ്ണവും. അതില്‍ നിന്ന്‌ ആറെണ്ണം തെരഞ്ഞെടുത്തു. ആറെണ്ണത്തിലും സ്‌ത്രീകള്‍ പ്രധാനമായിവരുന്നവയായിരുന്നു. അതില്‍ നിന്ന്‌ നാലെണ്ണം കോര്‍ത്തിണക്കിയാണ്‌ നാല്‌പെണ്ണങ്ങള്‍ സൃഷ്‌ടിച്ചത്‌.

? അറുപതുകളില്‍ തകഴി സൃഷ്‌ടിച്ച ഈ കഥാപാത്രങ്ങളുടെ ആനുകാലിക പ്രസക്‌തി.

തകഴി തന്റെ ചുറ്റുപാടുകളില്‍ കാണുന്ന ആളുകളെ കുറിച്ചാണ്‌ എഴുതിയത്‌.അവരുടെ വേദനകളും മോഹങ്ങളുമാണ്‌ തകഴിയുടെ കഥകള്‍ .അവ യഥാര്‍ത്ഥജീവിതങ്ങളായിരുന്നു.നാല്‌ പെണ്ണുങ്ങളിലെ കുഞ്ഞിപെണ്ണും കുമാരിയും ചിന്നുഅമ്മയും കാമാക്ഷിയും ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുന്നു.

?നാല്‌ പെണ്ണുങ്ങളില്‍ സ്‌ത്രൈണതയും ലൈംഗികതയും രണ്ട്‌ പ്രധാനഘടകങ്ങളയി നിലകൊള്ളുന്നു. ലൈംഗികതയുടെ പ്രയോഗം എത്രമാത്രം സ്വാധീനിക്കുന്നു.

ഒരു കുടുംബം നിലനില്‍ക്കുന്നത്‌ സ്‌ത്രൈണതയെ ആശ്രേച്ചാണ്‌.ലൈംഗികത ഒരു അടിയൊഴുക്കാണ്‌.കുഞ്ഞിപെണ്ണിലും കുമാരിയിലും ചിന്നുഅമ്മയിലും കാമാക്ഷിയിലുമെല്ലാം ലൈംഗികത മോഹവും മോഹഭംഗവും ദാഹവും വേദനയും സൃഷ്‌ടിക്കുന്നു.വേശ്യയായിനടന്നപ്പോള്‍ കുഞ്ഞിപെണ്ണിന്‌ എവിടെയും എപ്പോഴും എങ്ങനേയും നടക്കാമായിരുന്നു.എന്നാല്‍ സംരക്ഷണം,സ്‌നേഹം,ലൈംഗികതയെല്ലാം നല്‍കി ഒരാള്‍ അവളെ ഏറ്റെടുക്കുമ്പോള്‍ നിയമം അവളെ ചോദ്യം ചെയ്യുന്നു.വിവാഹം കഴിച്ചതിന്റെ തെളിവാണ്‌ നീതിപാലകര്‍ക്ക്‌ ആവശ്യം. രണ്ടാമത്തെ പെണ്ണായ കുമാരിയെ ഒരാള്‍ വിവാഹം ചെയ്‌തുകൊണ്ട്‌ പോകുന്നു.കുമാരിക്ക്‌ വിവാഹം കഴിച്ചുവെന്ന തെളിവുണ്ട്‌.എന്നാല്‍ അവള്‍ക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ല. സ്‌നേഹം,ലൈംഗികത ഇതൊന്നും.വിവാഹം കഴിഞ്ഞിട്ടും കുമാരിക്ക്‌ കന്യകയായി ജീവിക്കേണ്ടിവരുന്നു. വീട്ടമ്മയായ ചിന്നുഅമ്മക്ക്‌ സംരക്ഷണം,സ്‌നേഹം,ലൈംഗികത എല്ലാം ഭര്‍ത്താവ്‌ നല്‍കുന്നു. പക്ഷേ അമ്മയാകാനുള്ള ഭാഗ്യം കിട്ടുന്നില്ല.നിത്യകന്യകയിലെ കാമാക്ഷി പുരനിറഞ്ഞ്‌നില്‍ക്കുന്ന പെണ്ണാണ്‌. വിവാഹം അവള്‍ക്ക്‌ വിധിച്ചിട്ടില്ല.പുരുഷന്റെ ചൂടും ചൂരും ഇല്ലാതെ സ്‌ത്രീക്ക്‌ ജീവിക്കാന്‍ സാധിക്കുമെന്ന്‌ അവള്‍ പറയുന്നു.ധീരയായ ഒരു സ്‌ത്രീയുടെ പര്യായമാണ്‌ കാമാക്ഷി.

? കുമാരിയെ പോലെയും കാമാക്ഷിയെ പോലെയും ഉള്ള സ്‌ത്രീകളെ ജീവിതത്തില്‍ കണാന്‍ കഴിഞ്ഞിട്ടുണ്ടോ.

തീര്‍ച്ചായായും. എന്റെ അനുഭവങ്ങളിലെ പെണ്ണുങ്ങളാണ്‌ ഇവരെല്ലാം. ജീവിതത്തില്‍ ഞാന്‍ ഇവരെ പോലുള്ള സ്‌ത്രീകളെ കണ്ടിട്ടുണ്ട്‌. ഇപ്പോഴും കാണാന്‍ കഴിയും ഇത്തരം സ്‌ത്രീകളെ . നിത്യകന്യകയായ കാമാക്ഷിയുടെ ജീവിതം തന്നെ എടുക്കാം. സ്വാഭാവികമാണ്‌ , ഇത്തിരി പ്രായം കടന്നാല്‍ മൂത്തവരെ തഴയപെടുന്നു.പെണ്ണ്‌കാണാന്‍ വരുന്നവര്‍ക്ക്‌ പിന്നെ നോട്ടം താഴെയുള്ളവരോടായിരിക്കും. കാണാന്‍ വരുന്നവര്‍ സംശയിക്കുന്നു ,മൂത്തവള്‍ക്ക്‌ എന്തങ്കിലും കുഴപ്പമുണ്ടോ ബാധയുണ്ടോ എന്നൊക്കെ .

? ഇഷ്‌ടപെട്ട പത്ത്‌ ഇന്ത്യന്‍ ചിത്രങ്ങളില്‍ എക്കാലത്തേയും വിശ്വവിഖ്യാതവമായ ബംഗാളിചിത്രം പാഥേര്‍പാഞ്ചാലി അടക്കം ഹിന്ദിയിലേയും കന്നടയിലേയും ഒറിസ്സയിലേയും ചിത്രങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌.എന്തുകൊണ്ട്‌ ഒരു മലയാളചിത്രം പോലും തെരഞ്ഞെടുത്തില്ല.നല്ല മലയാളചിത്രങ്ങള്‍ ഇല്ലേ.

മലയാളത്തില്‍ നല്ല ചിത്രങ്ങളുണ്ട്‌. എന്നാല്‍ എന്റെ ഇഷ്‌ടപെട്ട പത്ത്‌ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഉള്‍പെടുത്താവുന്നതില്ല. ഈ പത്ത്‌ ചിത്രങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉള്‍പെടുത്താം. സ്വന്തം ചിത്രങ്ങള്‍ പറയുന്നത്‌ ശരിയല്ലല്ലോ.അതാണ്‌ ഒഴിവാക്കിയത്‌.


LALJOSE \ DHANESHKRISHNA





എല്‍സമ്മയും ഞാനും

ലാല്‍ജോസ്‌/ധനേഷ്‌കൃഷ്‌ണ



ലാല്‍ജോസിന്റെ `എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന പേരു കേള്‍ക്കുമ്പോള്‍ ചലച്ചിത്രപ്രേമികള്‍ക്ക്‌ ആദ്യം മനസില്‍ വരുക വിശ്വവിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജീദിന്റെ `ബറാന്‍' എന്ന സിനിമയിലെ പതിനാലുകാരിയെ ആയിരിക്കും. കുടുംബത്തിലെ പട്ടിണി മൂലം റഹ്‌മത്ത്‌ എന്ന പേരില്‍ ആണ്‍കുട്ടിയുടെ വേഷംകെട്ടി കെട്ടിടപ്പണിക്ക്‌ പോകുന്ന ബറാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ മജീദ്‌ പറഞ്ഞത്‌ അഫ്‌ഗാന്‍ ജനതയുടെ ദുരിതപൂര്‍ണമായ സമകാലിക അവസ്‌ഥയും കൂടിയായിരുന്നു. `ബാലന്‍പ്പിള്ളസിറ്റി' എന്ന ഗ്രാമത്തെ പ്രതിനിധീകരിച്ച്‌ `എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ ലാല്‍ജോസ്‌ പറയുന്നത്‌ സമകാലിക കേരളത്തിന്റെ സാമൂഹിക, പാരിസ്‌ഥിതിക വിഷയങ്ങള്‍ തന്നെയാണ്‌. എല്‍സമ്മ ഈ സിനിമയില്‍ ആണ്‍കുട്ടിയുടെ വേഷം കെട്ടുകയല്ല, ആണ്‍കുട്ടിയുടെ പരിവേഷം ആവാഹിച്ച്‌ ആണ്‍കുട്ടികള്‍ സമൂഹത്തില്‍ കാട്ടികൂട്ടുന്ന വേഷംക്കെട്ടുകളെ അഴിച്ചുമാറ്റുകയാണ്‌. എന്നാല്‍ ബാലന്‍പ്പിള്ളസിറ്റി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ എല്‍സമ്മ ഒരു ആണ്‍കുട്ടി തന്നെയാണെന്നാണ്‌ ലാല്‍ ജോസ്‌ പറയുന്നത്‌.


? ഉത്തരാധുനിക സാങ്കേതിക വിദ്യ സിനിമയുടെ `ക്രെഡിറ്റ്‌' മുഴുവനും അവകാശപ്പെടുന്ന ഹൈടെക്‌യുഗത്തില്‍ പൂര്‍ണമായും ഗ്രാമം പശ്‌ചാത്തലമാക്കി `എല്‍സമ്മ എന്ന ആണ്‍കുട്ടി' പോലുള്ളസിനിമ ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെട്ടത്‌.

ഇത്തരം ഒരു സിനിമ മലയാളത്തില്‍ മാത്രമെ ചെയ്യാന്‍ സാധിക്കുള്ളൂ എന്നതാണ്‌ ആദ്യത്തെ ഉത്തരം. പിന്നെ മലയാളി എത്ര ആധുനികനായാലും അവനില്‍ ഒരു ഗ്രാമമുണ്ട്‌. കേരളം വലിയ ഒരു ഗ്രാമമാണ്‌. പിന്നെ എനിക്ക്‌ മലയാളിയെ നന്നായി അറിയാം. എറണാകുളത്ത്‌ മാത്രമുള്ള ഒരു `മോഡേണിറ്റി' വളരെ ചെറിയ ഗ്രൂപ്പിന്റേത്‌ മാത്രമാണ്‌. എന്റെ തലമുറയും എനിക്ക്‌ മുമ്പുള്ള തലമുറയും ജീവിച്ചിരുന്ന കാലത്ത്‌ എനിക്ക്‌ ഈ സിനിമ ചെയ്യാന്‍ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ അടുത്ത പത്തു വര്‍ഷം കഴിഞ്ഞിട്ടാണ്‌ ഈ പ്രൊജക്‌റ്റ്‌ വരുന്നതെങ്കില്‍ ഞാനീ സിനിമ ചെയ്യില്ല. കാരണം പത്തു വര്‍ഷം കഴിയുമ്പോള്‍ മലയാളി കൂടുതല്‍ ആധുനികനാകും. മലയാളി മുമ്പ്‌ പഠിച്ചിരുന്ന സ്‌കൂളിലല്ല ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌. മലയാളം പോലും സംസാരിക്കാത്ത സ്‌കൂളിലാണ്‌ ഇന്ന്‌ ഓരോരുത്തരും മക്കളെ പഠിപ്പിക്കുന്നത്‌. പിന്നെ ടെക്‌നോളജി ഞാനും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്‌. ടെക്‌നോളജി ഉപയോഗിച്ചുവെന്ന്‌ അറിയിക്കാന്‍ ഞാന്‍ ഒരു ഷോട്ടും എടുത്തിട്ടില്ല. ഞാന്‍ എന്റെ സിനിമയിലെ കഥ ശക്‌തമായി പറയാനാണ്‌ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നത്‌.

? പ്രേക്ഷകരുടെ മനസിലേക്ക്‌ `എല്‍സമ്മ'യെ പോലെ ഇത്രമാത്രം ശക്‌തമായി ഇറങ്ങി ചെന്ന ഒരു ടൈറ്റില്‍ അടുത്ത കാലത്ത്‌ മലയാളസിനിമയിലുണ്ടായിട്ടില്ല. എല്‍സമ്മ'യെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ താങ്കള്‍ എടുത്ത രസകൂട്ട്‌.

എങ്ങനെയാണ്‌ ഒരു സിനിമ `പ്രൊജക്‌റ്റ്‌' ചെയ്യപ്പെടുന്നത്‌ അതിനെ ആശ്രയിച്ചിരിക്കും സിനിമ ജനങ്ങളിലേക്ക്‌ എത്തുന്നത്‌. എന്റെ `രണ്ടാംഭാവം' ഒരു ആക്ഷന്‍ ചിത്രമാണെന്നാണ്‌ പ്രൊജക്‌റ്റ്‌ ചെയ്യപ്പെട്ടത്‌. എന്നാല്‍ അതൊരു ഫാമിലിഡ്രാമയാണ്‌. അതൊരു ആക്ഷന്‍ ചിത്രമായി തെറ്റായി പ്രൊജക്‌റ്റ്‌ ചെയ്യപ്പെട്ടതാണ്‌ ആ ചിത്രത്തിന്റെ പാരാജയകാരണം. തങ്ങളുടെ സിനിമ ഏത്‌ തരമാണെന്ന്‌ തിരിച്ചറിയേണ്ടത്‌ മര്‍ക്കറ്റിംഗ്‌ വിഭാഗമാണ്‌. എല്‍സമ്മയുടെ കാര്യത്തില്‍ നിര്‍മ്മാതാവ്‌ രഞ്‌ജിത്തിനോട്‌ നന്ദി പറയണം. രഞ്‌ജിത്തിന്‌ വ്യക്‌തമായി അറിയാമായിരുന്നു ഈ സിനിമ എങ്ങനെ പ്രൊജക്‌റ്റ്‌ ചെയ്യണമെന്ന്‌. ഈ സിനിമ എങ്ങനെ പ്രൊജക്‌റ്റ്‌ ചെയ്യണമെന്ന ആലോചനയില്‍ ട്രെയ്‌ലറിന്റെ ചുമതല ഏല്‍പ്പിച്ച ഹരിനായരും ഞാനും തിരക്കഥാകൃത്ത്‌ സിന്ധുരാജും രഞ്‌ജിത്തും ചേര്‍ന്നുള്ള മീറ്റിങ്ങില്‍ കഥാപാത്രങ്ങള്‍ കാരിക്കേച്ചര്‍ സ്വഭാവമുള്ളതാണെന്ന്‌ മനസിലാക്കി. എല്‍സമ്മ എന്താണെന്ന്‌ ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ സിനിമയ്‌ക്ക്‌ മുന്നോടിയായി ഞങ്ങള്‍ ഉണ്ടാക്കിയ കാരിക്കേച്ചര്‍ പരസ്യത്തിന്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ക്കൊപ്പം എല്‍സമ്മയും വിജയിച്ചത്‌.

? മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍, മോഹന്‍ലാലിന്റെ ശിക്കാര്‍ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ മൂന്ന്‌ ചിത്രങ്ങളാണല്ലോ ഒരുമിച്ച്‌ റിലീസായത്‌. ഇവിടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം മല്‍സരിക്കുന്നത്‌ ലാല്‍ജോസല്ലേ.

അങ്ങനെ പറയാന്‍ പറ്റില്ല. സിനിമകള്‍ തമ്മില്ലാണ്‌ മല്‍സരിക്കുന്നത്‌. സിനിമ റിലീസ്‌ ചെയ്യുന്നത്‌ വരെ മമ്മൂക്കയുടെ സിനിമ, ലാലേട്ടന്റെ സിനിമ, കുഞ്ചാക്കോബോബന്റെ സിനിമ, ലാല്‍ജോസിന്റെ സിനിമ ഇങ്ങനെയൊക്കെ പറയും. ഈ വിശ്വാസങ്ങളൊക്കെ ആദ്യ ദിവസം മാത്രമെ ഉണ്ടാകൂ. പക്ഷേ റിലീസ്‌ ചെയ്‌ത്‌ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ സിനിമയെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നത്‌ സിനിമയുടെ മെറിറ്റാണ്‌. എന്നോട്‌ വ്യക്‌തിപരമായി ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരുണ്ടാകാം. ലാല്‍ജോസിന്റെ പടം ഇറങ്ങിയെന്ന്‌ പറഞ്ഞ്‌ വരുന്നവരുണ്ടാകാം. അതൊക്കെ മൂന്ന്‌ ദിവസമെ ഉണ്ടാകൂ. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത സിനിമ തിങ്കളാഴ്‌ച കഴിഞ്ഞിട്ടും പ്രേക്ഷകരുണ്ടായാല്‍ ആ സിനിമയുടെ ഗുണംകൊണ്ട്‌ മാത്രമാണ്‌.

? വ്യാജക്കള്ള്‌ നിര്‍മ്മാണം, അനധികൃത മണ്ണെടുപ്പ്‌, സ്‌ത്രീപീഡനം തുടങ്ങിയ കാലിക വിഷയങ്ങളിലേക്ക്‌ എല്‍സമ്മ വിരല്‍ ചൂണ്ടുന്നുണ്ട്‌. എല്‍സമ്മയിലൂടെ താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കടമകൂടി നിര്‍വഹിക്കുകയല്ലേ.

മാധ്യമപ്രവര്‍ത്തകന്റെ കടമയല്ല ഞാനും എഴുത്തുകാരന്‍ സിന്ധുരാജും ചെയ്യുന്നത്‌. ഞങ്ങള്‍ ചെയ്‌തത്‌ സമൂഹജീവികളുടെ കടമയാണ്‌. `എല്‍സമ്മ എന്ന ആണ്‍കുട്ടി' ഒരു പൊളിറ്റിക്കല്‍ സിനിമയാണ്‌. ഇതുവരെ ഒരു നീരൂപകനും കണ്ടെത്താത്ത തലമാണത്‌. പൊളിറ്റിക്‌സ്‌ എന്ന്‌ പറയുമ്പോള്‍ കക്ഷിരാഷ്‌ട്രീയമാണെന്ന്‌ തെറ്റുധരിക്കരുത്‌. രാഷ്‌ട്രീയം എന്ന്‌ പറയുമ്പോള്‍ രാഷ്‌ട്രത്തെ സംബന്ധിക്കുന്ന. ഒരു ഗ്രാമത്തെ പ്രതിനിധീകരിക്കുന്ന എല്‍സമ്മയില്‍ കേരളത്തിന്റെ സമകാലിക വിഷയങ്ങളാണ്‌ തുറന്നുകാട്ടുന്നത്‌. പതിനഞ്ച്‌ തെങ്ങ്‌ മാത്രം ചെത്തുന്ന കരിപ്പിള്ളി സുഗുണന്റെ ഷാപ്പില്‍ ഇത്രമാത്രം കള്ള്‌ കൊടുക്കാന്‍ സുഗണന്‍ കര്‍ത്താവൊന്നല്ലല്ലോ വെള്ളം വീഞ്ഞാക്കാന്‍ എന്ന്‌ എല്‍സമ്മ ചോദിക്കുന്നുണ്ട്‌. എല്‍സമ്മയുടെ പ്രവചനം സത്യമായിരിക്കുകയാണിവിടെ. ഇവിടെ ഒരു മദ്യദുരന്തം ഉറപ്പാണെന്ന്‌ മൂന്ന്‌ മാസം മുമ്പ്‌ ചിത്രീകരിച്ച എല്‍സമ്മയില്‍ പറയുന്നു. കാലങ്ങളായി ഇവിടെ വ്യാജക്കള്ള്‌ നിര്‍മ്മിക്കുന്നുണ്ടെന്നും ദുരന്തം ഉണ്ടാകുമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. പിന്നെ കേരളത്തിലെ ഏറ്റവും വലിയ മറ്റൊരു വിഷയം ക്യാമറ മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്‌. മറ്റൊരുവന്റെ സ്വകാര്യജീവിതത്തിലേക്കുള്ള എത്തിനോട്ടം. ഇതിനെക്കുറിച്ചും സിനിമയില്‍ പ്രതിബാധിക്കുന്നുണ്ട്‌.

? `എല്‍സമ്മയി'ല്‍ നഗരവും ഗ്രാമവും തമ്മിലുള്ള വേര്‍ത്തിരിവ്‌ തുറന്നുകാട്ടാന്‍ ശ്രമിച്ചിട്ടില്ലേ.

നിഷ്‌ക്കളങ്കരായ സമൂഹം ജീവിക്കുന്ന ഒരു ഗ്രാമമാണ്‌ ബാലന്‍പ്പിള്ളസിറ്റി. എല്‍സമ്മയും പാലുണ്ണിയും സ്വന്തം സന്തോഷത്തോടൊപ്പം മറ്റുള്ളവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുന്നവരാണ്‌. എന്നാല്‍ എബിയും സുഹൃത്തുക്കളും ഫ്‌ളാറ്റ്‌ ജീവിതത്തിന്റെ ഉത്‌പ്പന്നങ്ങളാണ്‌. അവര്‍ അവരുടെ സ്വന്തം സന്തോഷം `ഫോക്കസ്‌' ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. അത്‌ നഗരത്തിന്റെ സ്വഭാവമാണ്‌. നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം ജീവിതസാഹചര്യത്തില്‍ വന്നിട്ടുള്ളതാണ്‌.

? എല്‍സമ്മയുടെ കഥ കേട്ടപ്പോള്‍ നിലവിലുള്ള നടികള്‍ ആരെങ്കിലും മനസിലേക്ക്‌ വന്നോ.

എല്‍സമ്മയുടെ വേഷത്തിനായി ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്‌
അസിനായിരുന്നു. അസിന്‌ വളരെ താത്‌പര്യമായിരുന്നു എല്‍സമ്മയുടെ റോള്‍ചെയ്യാന്‍. എന്നാല്‍ അസിന്റെ ഡേറ്റു കിട്ടാതെ വന്നപ്പോള്‍ പ്രിയാമണിയെ സമീപിച്ചു. പ്രിയാമണിയുടെ പ്രതിഫലം ഈ കൊച്ചു സിനിമയുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്നതായിരുന്നില്ല. എന്റെ ഫേയ്‌സ്‌ ബുക്കിലെ അംഗമാണ്‌ ആന്‍. ആനിന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ കൊള്ളാമെന്ന്‌ തോന്നി. പിന്നീടാണ്‌ ഞാന്‍ മനസിലാകുന്നത്‌ ആന്‍ നടന്‍ അഗസ്‌റ്റിന്റെ മകളാണെന്ന്‌.

? പ്രധാനമായും മൂന്ന്‌ വിഭാഗക്കാരെയാണ്‌ ഒരു സംവിധായകന്‌ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. നിര്‍മ്മാണ-വിതരണ വിഭാഗം, പ്രേക്ഷകസമൂഹം, നിരൂപക-ബുദ്ധിജീവി വൃന്ദം എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലുള്ളവരെ തൃപ്‌തിപ്പെടുത്തുന്ന തരത്തില്‍ ചലച്ചിത്രപ്രക്രിയ നടത്തുക സംവിധായകന്‌ ഒരു വെല്ലുവിളിയല്ലേ.

ഞാന്‍ ഈ മൂന്ന്‌ വിഭാഗക്കാരെയും കണക്കിലെടുക്കാറില്ല. ഞാനും ഒരു പ്രേക്ഷകസമൂഹത്തിന്റെ പ്രതിനിധിയാണ്‌. ഒരു കഥ എന്നെ എങ്ങനെയാണ്‌ സ്വാധീനിച്ചുവെന്നുള്ളതാണ്‌ മുഖ്യ വിഷയം. തിരക്കഥകൃത്ത്‌ കഥ പറയുമ്പോള്‍ ഇത്‌ എനിക്ക്‌ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ നിര്‍മ്മാതാവിനെ കണ്ടെത്തുന്നു. എനിക്ക്‌ അഡ്വാന്‍സ്‌ തന്നിട്ടുള്ള നിര്‍മ്മാതാക്കളുടെ പട്ടികയിലെ ആദ്യത്തെ നിര്‍മ്മാതാവിനോട്‌ എല്‍സമ്മയുടെ കഥ പറഞ്ഞു. അദ്ദേഹത്തിന്‌ കഥയില്‍ വേണ്ടത്ര ആത്മവിശ്വാസമുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ രഞ്‌ജിത്ത്‌ സിന്ധുരാജിനെ വച്ച്‌ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നത്‌. എന്നാല്‍ ആ പ്രൊജക്‌റ്റ്‌ നടന്നില്ല. സിന്ധുരാജാണ്‌ പറയുന്നത്‌ ഞാനൊരു കഥ ലാല്‍ജോസായിട്ട്‌ ചര്‍ച്ചചെയ്‌തിട്ടുണ്ടെന്ന്‌. ലാല്‍ജോസും സിന്ധുരാജുമാണെങ്കില്‍ കഥ കേള്‍ക്കണമെന്നില്ലെന്നുള്ള രജ്‌ഞിത്തിന്റെ വിശ്വാസമാണ്‌ സിനിമ ഉണ്ടാകാനുള്ള ആദ്യത്തെ കാരണം. അങ്ങനെ ആദ്യത്തെ കടമ്പ കടന്നു. ഏത്‌ തരം പ്രേക്ഷകരെ ലക്ഷ്യം വച്ചാണ്‌ എല്‍സമ്മ സമൂഹത്തിലേക്ക്‌ ഇറക്കുക എന്നുള്ളതാണ്‌ രണ്ടാമത്തെ കടമ്പ. എല്‍സമ്മയുടെ പ്രേക്ഷകര്‍ രണ്ടാംഭാവം, അച്‌ഛനുറങ്ങാത്ത വീട്‌, നീലത്താമര, അറബിക്കഥ എന്നീ സിനിമകള്‍ കാണാനെത്തിയവരാകണമെന്നില്ല. എല്‍സമ്മ നിഷ്‌കളങ്കരായ പ്രേക്ഷകസമൂഹത്തെ ലക്ഷ്യം വച്ചുള്ള സിനിമയാണ്‌. അതുകൊണ്ടുതന്നെ നിരൂപകര്‍ക്ക്‌ ഇവിടെ പ്രസക്‌തയില്ല. ന്യൂനപക്ഷമായ നിരൂപകരും ബുദ്ധിജീവികളും സിനിമ ആസ്വാദിക്കാന്‍ വരുന്നവരല്ല. അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവരുടെ പ്രൊഫഷനാണത്‌. അവര്‍ സിനിമ കാണുമ്പോള്‍ ലാല്‍ ജോസിന്റെ ആദ്യ സിനിമ എങ്ങനെയായിരുന്നു, മുമ്പ്‌ ഇറങ്ങിയ സിനിമയുടെ നിലവാരം. ഇതൊക്കെ നോക്കിയിട്ടാണ്‌ അവര്‍ സിനിമ കാണുന്നത്‌. ഭൂരിപക്ഷം പ്രേക്ഷകരും എല്‍സമ്മ ഇഷ്‌ടപ്പെട്ടിട്ടുണ്ട്‌. സാമ്പത്തിക ലാഭം കിട്ടിയില്ലെന്ന്‌ കരുതി എന്റെ സിനിമ പരാജയപ്പെട്ടുവെന്നു ഞാന്‍ കരുതുന്നില്ല.

? ഒരു കുടുംബച്ചിത്രം, കാലികപ്രസക്‌തിയുള്ള ചിത്രം എന്നതിലപ്പുറം `എല്‍സമ്മ എന്ന ആണ്‍കുട്ടി' സമൂഹത്തില്‍നിന്ന്‌ അന്യം നിന്നുപോയികൊണ്ടിരിക്കുന്ന പരിശുദ്ധമായ പ്രണയത്തിന്റെ കഥയും പറയുന്നുണ്ടല്ലോ.

പാലുണ്ണിയുടെയും എല്‍സമ്മയുടെയും പ്രണയം മനസില്‍ ഒളിപ്പിച്ച്‌വച്ച പ്രണയമാണ്‌. അവര്‍ എന്നും കാണുന്നുണ്ട്‌. മിണ്ടുന്നുണ്ട്‌. ഉള്ളിലുള്ള സ്‌നേഹം പുറത്തുപറയുന്നില്ല. എന്നാല്‍ അവര്‍ക്ക്‌ അറിയാം അവര്‍ പരസ്‌പരം പ്രണയിക്കുന്നുണ്ടെന്ന്‌. പാലുണ്ണി അത്‌ പറയാന്‍ കൊതിക്കുന്നുണ്ട്‌. നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും അവര്‍ പ്രണയിക്കുന്നതായി പ്രേക്ഷകരും തിരിച്ചറിയുന്നുണ്ട്‌. പ്രണയത്തെ മനോഹരമായാണ്‌ സിന്ധുരാജ്‌ എഴുതിവച്ചത്‌.

? പത്തുസംവിധായകരുടെ കൂട്ടായ സംരംഭമായ `കേരളകഫേ'യില്‍ താങ്കളുടെ സംഭാവനയായ `പുറംക്കാഴ്‌ചകള്‍' ക്ക്‌ നിരൂപകപ്രശംസ കിട്ടിയല്ലോ. പുലിജന്മം, അടയാളങ്ങള്‍ ഇത്തരം വിഭാഗത്തിലുള്ള സിനിമകള്‍ താങ്കളില്‍നിന്ന്‌ പ്രതീക്ഷിക്കാമോ.

പുലിജന്മവും, അടയാളങ്ങള്‍ എന്നീ സിനിമകള്‍ നല്ല സിനിമകള്‍ തന്നെയാണ്‌. നമുക്ക്‌ ഇവിടെ അവാര്‍ഡ്‌ സിനിമയെന്ന്‌ പറഞ്ഞ്‌ വേലിക്കെട്ടി വച്ചിരിക്കുകയാണ്‌. ഇത്തരം സിനിമകള്‍ ചിരിപ്പിക്കാന്‍ പാടില്ല, രസിപ്പിക്കാന്‍ പാടില്ല. എന്റെ അഭിപ്രായത്തില്‍ സിനിമ വിനോദത്തിന്‌ വേണ്ടിതന്നെയാണ്‌. പ്രഭാഷണം കേള്‍ക്കാനെന്നും പറഞ്ഞ്‌ ഒരുത്തനും തിയ്യറ്ററിലെത്തില്ല. വിനോദഉപാധിയായി സിനിമ സൃഷ്‌ടിക്കുന്നതോടൊപ്പം കാലിക വിഷയംകൂടി പറഞ്ഞാല്‍ സമൂഹത്തില്‍ ചലനമുണ്ടാക്കാനാകും. തമിഴനെ നമ്മള്‍ ബഹുമാനിക്കേണ്ടത്‌ ഇവിടെയാണ്‌. നല്ല സിനിമയെന്ന്‌ പറയിപ്പിക്കുകയും ആ സിനിമ ജനങ്ങളെ കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. പരുത്തിവീരന്‍ സാമ്പത്തികമായി വിജയിക്കുകയും ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്‌തു. എന്നുകരുതി സുബ്രഹ്‌മണ്യപുരം, നാടോടികള്‍ , അങ്ങാടിത്തെരു തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകള്‍കൊണ്ട്‌ മലയാളസിനിമയെ വിലയിരുത്തേണ്ട ആവശ്യമില്ല.

PEEPLILIVE





`പീപ്പ്‌ലിലൈവ്‌: സമകാല ഇന്ത്യന്‍

ഗ്രാമങ്ങളുടെ തല്‍സമയദൃശ്യങ്ങള്‍

ധനേഷ്‌ കൃഷ്‌ണ




കര്‍ഷക ആത്മഹത്യ ആധാരമാക്കി മാധ്യമപ്രവര്‍ത്തക അനുഷ റിസ്‌വി സംവിധാനം ചെയ്‌ത `പീപ്പ്‌ലി ലൈവ്‌' സമകാല ഇന്ത്യന്‍ ഗ്രാമങ്ങളുടെ തല്‍സമയദൃശ്യങ്ങളിലേക്കാണ്‌ സിനിമാപ്രേമികളെ കൊണ്ടുപോകുന്നത്‌. കര്‍ഷകന്റെ ആത്മഹത്യ ചൂഷണം ചെയ്‌ത്‌ വാചാലയാകുന്ന കോര്‍പ്പറേറ്റ്‌ മാധ്യമലോബിയുടെയും കര്‍ഷകന്‌ പ്രലോഭനങ്ങളേകുന്ന പ്രമാണിമാരായ രാഷ്‌ട്രീയ മാഫിയയുടെയും പ്രച്‌ഛന്ന വേഷങ്ങളും മുഖംമൂടികളുമാണ്‌ അനുഷ റിസ്‌വി പീപ്പ്‌ലി ലൈവിലൂടെ തുറന്നു കാണിക്കുന്നത്‌. സിനിമ വിനോദത്തിനും സര്‍ഗാത്മകതയ്‌ക്കും അപ്പുറം സാമൂഹ്യപ്രവര്‍ത്തനത്തിനുംകൂടിയാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ എന്‍.ഡി.ടി.വി.ജേണലിസ്‌ററായ അനുഷ റിസ്‌വി. 2010 ലെ ഓസ്‌കാറിന്റെ വിദേശഭാഷ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായ `പീപ്പ്‌ലി ലൈവ്‌' കേരളത്തില്‍ ആദ്യമായി തൃശൂരിന്റെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയുടെ ഒരു മാതൃകാഗ്രാമത്തിനെ പ്രതിനിധീകരിച്ച്‌ `പീപ്പ്‌ലി' എന്ന ഊഷരഗ്രാമത്തിനായി അനുഷ മധ്യപ്രദേശ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ലൊക്കേഷന്‍ കണ്ടെത്തിയത്‌. നത്താ എന്ന്‌ വിളിക്കുന്ന ദരിദ്ര കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥ ആരംഭിക്കുന്നത്‌ തന്നെ ഒരു നാടന്‍ പാട്ടിന്റെ ശീലോടെയാണ്‌. ഭാര്യ ധനിയയും മക്കളും അമ്മയും ജേഷ്‌ഠന്‍ ബുദ്ധ്യയും അടങ്ങുന്ന ജീവിതം ഏറെ കഷ്‌ടപ്പെട്ടാണ്‌ നത്താ തള്ളിനീക്കുന്നത്‌. ബാങ്ക്‌ ജപ്‌തിഭീഷണിയെത്തുടര്‍ന്ന്‌ കൂരയും ഭൂമിയും എത്‌ സമയത്തും നത്തായെ കൈവിട്ടുപോകാം. ആത്മഹത്യചെയ്‌താല്‍ കടം എഴുതിതള്ളുമെന്ന ആശയം നാട്ടുപ്രമാണികള്‍മുഖേനെ കേട്ട നത്തായും ബുദ്ധ്യയും ആത്മഹത്യയെക്കുറിച്ച്‌ നാട്ടിന്‍പ്പുറത്തെ ചായകടയിലിരുന്ന്‌ ചര്‍ച്ചചെയ്യുന്നു. പീപ്പ്‌ലിയിലെ ലോക്കല്‍ റിപ്പോര്‍ട്ടര്‍ രാഗേഷിന്റെ കാതിലെത്തുന്ന വാര്‍ത്ത ദേശീയ ഇംഗ്ലീഷ്‌ ന്യൂസ്‌ ചാനല്‍ അമിത പ്രാധാന്യത്തോടെ പുറത്തുവിടുന്നു. ഉപതെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ വാര്‍ത്ത മുഖ്യമന്ത്രിയെ എരിപ്പൊരികൊള്ളിക്കുന്നു. നത്തായ്‌ക്ക്‌ വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ച്‌ മുഖ്യന്റെ സമ്മാന്‍ പാര്‍ട്ടിയും മുഖ്യനെകുറ്റപ്പെടുത്തി പ്രതിപക്ഷമായ അപ്‌ന ദള്‍ പാര്‍ട്ടിയും വോട്ടഭ്യര്‍ഥിക്കുന്നു. നത്താ ആത്മഹ്യചെയ്‌താല്‍ മുഖ്യന്റെ സമ്മാന്‍ പാര്‍ട്ടിക്ക്‌ ക്ഷീണമായിരിക്കും. അതിനാല്‍ ആത്മഹത്യ തടയിടാന്‍ നത്തായുടെ വീടിന്റെ പരിസരത്ത്‌ പോലീസിനെ വിന്യസിപ്പിക്കുന്നു. ദൃശ്യമാധ്യമ സംഘം `നത്താ'യുടെ ആത്മഹത്യ തല്‍സമയം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വ്യഗ്രതയോടെ പീപ്പ്‌ലിയിലെ നത്തായുടെ വീടിനു ചുറ്റും തമ്പടിക്കുന്നു. നത്തായുടെ ആത്മഹത്യ കാണാന്‍ വീടിന്റെപരിസരത്ത്‌ ജനം തിങ്ങിനിറയുന്നു. വീടുകളില്‍ ടിവിക്ക്‌ മുമ്പില്‍ ഗ്രാമീണര്‍ ഉറക്കമിളച്ച്‌ കുത്തിയിരിക്കുന്നതും ഒരോദിവസവും നത്താ ഒരു ഹീറോയായി മാറുന്നതും വളരെ രസകരമായാണ്‌ അനുഷ ചിത്രീകരിച്ചിരിക്കുന്നത്‌.

ഉണ്ണാനും ഉറങ്ങാനും `തൂറാനും മുള്ളാനും' അനുവദിക്കാതെ മാധ്യപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും കക്ഷീരാഷ്‌ട്രീയക്കാരും പോലീസുകാരും നത്തായെ പിന്‍ത്തുടരുന്നു. രാവും പകലും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ണാതെ ഉറങ്ങാതെ ആത്മഹത്യ ചെയ്യുന്നതും കാത്ത്‌ നത്തായ്‌ക്ക്‌ കാവലിരിക്കുന്നു. നത്തായുടെ കുട്ടികളുടെ പ്രതികരങ്ങളും ഭാര്യയുടെ മറുപടിയും ചിലര്‍ പകര്‍ത്തുന്നു. കിടപ്പിലായ തള്ളയെപോലും വെറുതെ വിടാതെ `ഒരു ബൈറ്റ്‌ 'എടുത്താണ്‌ ചില ദൃശ്യമാധ്യമങ്ങള്‍ മുതലാക്കുന്നത്‌. അടിസ്‌ഥാന ആവശ്യങ്ങള്‍ പോലും ചെയ്യാന്‍പറ്റാതെ സൈ്വരം തകര്‍ന്ന്‌ ഇരിക്കുന്ന നത്തായോട്‌ മകന്‍ ചോദിക്കുന്നുണ്ട്‌ `അച്‌ഛന്‍ എന്നാ ആത്മഹത്യ ചെയ്യുന്നത്‌'. മക്കള്‍ക്കുപോലും നത്തായുടെ ആത്മഹത്യ ആഘോഷപരിപാടിയായിമാറി. അച്‌ഛന്റെ ആത്മഹത്യ ടി.വിയില്‍ കാണാനുള്ള ആഗ്രഹത്തിലാണ്‌ കുട്ടികളും മറ്റു ഗ്രാമീണരും.
വീടിനുചുറ്റും തമ്പടിച്ചവര്‍ ഉറക്കം തൂങ്ങുന്ന സമയം നോക്കി നത്താ കുറ്റിക്കാട്ടിലേക്ക്‌ ഇരുട്ടത്ത്‌ തപ്പിതടഞ്ഞ്‌ ഒരു പാട്ട വെള്ളവുമായി പോകുന്നത്‌ കണ്ണില്‍ പ്പെട്ട ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകര്‍ അറിയാതെ ക്യാമറ ഫോക്കസ്‌ ചെയ്യാന്‍ ക്യാമറമാനോട്‌ ആഗ്യംകാട്ടുന്നുണ്ട്‌. നത്തായുടെ ആത്മഹത്യ എക്‌സ്‌ക്ലുസീവാക്കാനുള്ള മാധ്യപ്രവര്‍ത്തകന്റെ വ്യഗ്രത മയക്കത്തിലായ മറ്റു മാധ്യമസംഘവും മണത്തറിയുന്നതോടെ ആകെ ബഹളമയമാകുന്നു. കുറ്റിക്കാട്ടില്‍ `തൂറാന്‍' ഇരിക്കുന്ന നത്തായുടെ നേരെയായി പിന്നെ ക്യാമറകണ്ണുകള്‍. അതിനിടയില്‍ വിലപിടിപ്പുള്ള നത്തായെ ഒരു സംഘം തട്ടികൊണ്ടുപോകുന്നു.

നത്തായുടെ `വിസര്‍ജ്യ'ത്തില്‍ പോലും വാര്‍ത്ത കണ്ടെത്തുന്ന ഒരു മാധ്യമപ്രവര്‍ത്തകനെയും അനുഷ `പീപ്പ്‌ലി'യില്‍ പരിഹസിച്ച്‌ കാണിക്കുന്നുണ്ട്‌. നത്തായുടെ തിരോധാനം രാഷ്‌ട്രീയപ്രവര്‍ത്തകരെയും മാധ്യമസംഘത്തെയും ഏറെ വിഷമത്തിലാക്കുന്നു. കച്ചവടച്ചരക്കായ നത്തയെ ഒരു സംഘം തട്ടികൊണ്ടുപ്പോയി ഒരു തകര്‍ന്ന ബംഗ്ലാവില്‍ ബന്ധിയാക്കി വിലപേശാന്‍ ശ്രമിക്കുകയാണ്‌. എന്നാല്‍ ലോക്കല്‍ റിപ്പോര്‍ട്ടര്‍ രാഗേഷ്‌ ഇത്‌ കണ്ടുപിടിക്കുന്നു. മാധ്യമസംഘവും രാഷ്‌ട്രീയപാര്‍ട്ടികളും ബംഗ്ലാവിലേക്ക്‌ പായുന്നു. ബംഗ്ലാവില്‍ പെട്രോള്‍ മാക്‌സ്‌ പൊട്ടി സ്‌ഫോടനം സംഭവിച്ച്‌ മരിച്ച സത്യസന്ധനായ ലോക്കല്‍ റിപ്പോര്‍ട്ടര്‍ രാഗേഷിന്റെ മൃതദേഹം കണ്ടെത്തുന്നതോടെ നത്തയ്‌ക്കുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാരും പ്രതിപക്ഷപാര്‍ട്ടിയും പിന്‍വലിക്കുന്നു. നത്തായുടെ തിരോധാനം കുടുംബത്തിലും ഗ്രാമീണരിലും മ്ലാനത വീഴ്‌ത്തി ദിവസങ്ങള്‍ കടന്നുപോകുന്നു. നഗരത്തിലെ പൊരിവെയിലില്‍ കെട്ടിടപ്പണിചെയ്‌ത്‌ ക്ഷീണിതനായി ഇരിക്കുന്ന നത്തായുടെ പ്രതീക്ഷയുണര്‍ത്തുന്ന മുഖത്തോടെയുള്ള സീനിലാണ്‌ അനുഷ `പീപ്പിലി ലൈവ്‌' അവസാനിപ്പിക്കുന്നത്‌.

`പീപ്പ്‌ലിലൈവി'ന്റെ സമാനയിലുള്ള മറ്റൊരു സിനിമ ചൂണ്ടിക്കാട്ടുകയാണെങ്കില്‍ ഇസഡ്‌, മിസിംഗ്‌ എന്നീ പ്രശസ്‌ത സിനിമകളുടെ സംവിധായകന്‍ കോസ്‌റ്റ ഗവ്‌റയുടെ `മാഡ്‌ സിറ്റി'യാണ്‌. മലയാളത്തില്‍ `പീപ്പ്‌ലി ലൈവി'ന്റെ സമാനതയിലൊരു സിനിമയുള്ളത്‌ എം.എ.നിഷാദിന്റെ `പകല്‍' ആണ്‌. കര്‍ഷക ആത്മഹത്യ തല്‍സമയം പകര്‍ത്താനെത്തുന്ന മാധ്യമസംഘത്തെ പകലില്‍ കാണാം.
സമാന്തര സിനിമ, മധ്യവര്‍ത്തിസിനിമ, കച്ചവടസിനിമ ഏത്‌ ചട്ടകൂടിനുള്ളിലിട്ട്‌ തിരച്ചും മറച്ചും നോക്കിയാലും നിരൂപകര്‍ക്ക്‌
ഒരു കുറ്റവും അനുഷയുടെ സംവിധാനപ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയില്ല.
ആത്മഹത്യയുടെ വക്കത്തിരിക്കുന്ന കര്‍ഷകനെ തെരഞ്ഞെടുപ്പ്‌ ചരക്കാക്കുന്ന കപടരാഷ്‌ട്രീയക്കാരെയും കര്‍ഷകന്റെ `വിസര്‍ജ്യം'പോലും മാധ്യമവിഷയമാക്കുന്ന കോര്‍പ്പറേറ്റ്‌ മാധ്യസംഘത്തേയുമാണ്‌ അനുഷ റിസ്‌വി പീപ്പ്‌ലി ലൈവ്‌ എന്ന ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കുന്നത്‌. അതോടൊപ്പംതന്നെ `രാഗേഷി'നെ പോലുള്ള സത്യസന്ധനായ മാധ്യപ്രവര്‍ത്തകരെയും അനുഷ പരിചയപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ കടക്കെണിഭയന്ന്‌ ആത്മഹത്യയുടെ വക്കത്തിരിക്കുന്ന കര്‍ഷകര്‍ക്ക്‌ ഒരു സന്ദേശവും വഴിക്കാട്ടിയുംമാണ്‌ `പീപ്പിലിലൈവ്‌'.