
അടൂരും നാല്‌പെണ്ണുങ്ങളും
അടൂര്‍ഗോപാലകൃഷ്‌ണന്‍/ ധനേഷ്‌കൃഷ്‌ണ
സിനിമ എന്നും വിസ്‌മയമാണ്. ആ വിസ്‌മയത്തിന് പിന്നില്‍ രണ്ട് സഹോദരന്‍മാരുടെ ആഴത്തിലുള്ള ചിന്തകളും പരീക്ഷണങ്ങളും ഉണ്ടായിരുന്നു.1895 ഡിസംബര്‍ 28ന് സഹോദരങ്ങളായ ആഗ്‌സതെ ലൂമിയറും ലൂയി ലൂമിയറും ചേര്‍ന്ന് ആ വിസ്‌മയം സൃഷ്‌ടിച്ചു. തങ്ങളുടെ ഫാക്‌ടറിയിലെ തൊഴിലാളികളെ ക്യാമറയില്‍ പകര്‍ത്തി, ഒരു ഇരുട്ടറയില്‍ അതേപടിയില്‍ അവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അവിടെ കൂടിനിന്നവര്‍ അന്തംവിട്ടുനിന്നുപോയി.
സ്വയംവരം,കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍,വിധേയന്‍, കഥാപുരുഷന്‍, നിഴല്‍കുത്ത് എന്നീ കഥാചിത്രങ്ങള്‍ക്ക് ശേഷം അടൂര്‍ ഒരുക്കിയ പത്താമത്തെ കഥാചിത്രമാണ് നാല്‌പെണ്ണുങ്ങള്‍. സ്‌ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി വരൂന്ന, വിഖ്യാത എഴുത്തുകാരന്‍ തകഴിശിവശങ്കരപിള്ളയുടെ നാല്‌ചെറുകഥകളെ ആധാരമാക്കിയാണ് അടൂര്‍ നാല്‌പെണ്ണുങ്ങള്‍ക്ക് ചലച്ചിത്രഭാഷ്യം ഒരുക്കിയിരിക്കുന്നത്.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമ തമിഴ്‌സിനിമയേയും നാടകത്തേയും അനുകരിച്ചും ആശ്രേയിച്ചും പോന്നു. 1972 ല്‍ പുറത്തിറങ്ങിയ സ്വയംവരം എന്ന പ്രഥമ ചിത്രത്തിലൂടെ അടൂര്‍ മലയാളസിനിമയെ പശ്‌ചാത്യഅനുകരണങ്ങളുടെ കെട്ടുവള്ളികളില്‍ നിന്ന് മോചിപ്പിച്ചു.സിനിമ നാടകമല്ല, മലയാള സിനിമക്ക് അതിന്റേതായ ഭാഷ്യവും വ്യാകരണവും ഉണ്ടെന്ന് അടൂര്‍ തന്റെ ചലച്ചിത്രകാവ്യങ്ങളിലൂടെ തെളിയിച്ചു.
? നാല്‌പെണ്ണുങ്ങള്‍ ഒരു സിനിമയാണോ ? വേശ്യ, കന്യക, ചിന്നുഅമ്മ, നിത്യകന്യക എന്നീ നാല് ലഘുചലച്ചിത്രഖണ്‌ഡങ്ങളല്ലേ . അപ്പോള്‍ ഒരു സിനിമയില്‍ നാല് നായികമാര്‍ എന്ന് പറയുന്നത് ഉചിതമാണോ .
നാല്‌പെണ്ണുങ്ങള്‍ ഒരു സിനിമ തന്നെയാണ്.നാല് വ്യത്യസ്‌തമായ കഥകളായിരിക്കെ തന്നെ ഒരു കഥ. നാല് കഥകള്‍ ഒരു സമയത്ത് നടന്നത് പോലുമല്ല.ആദ്യ കഥ നാല്‌പതുകളിലാണെങ്കില്‍ അവസാനത്തെ കഥ അറുപതുകളിലാണ്. എന്നാല്‍ ഒരു കാലഘട്ടത്തിനുള്ളില്‍ നടന്നതും ഒരുഗ്രാമത്തിന്റെ കഥകളുമാണ് ഇവ നാലും. കുഞ്ഞിപെണ്ണ്, കുമാരി, ചിന്നുഅമ്മ, കാമാക്ഷി ഇവര്‍ ഒരു സിനിമയിലെ നാല് കഥാപാത്രങ്ങളാണ്.പുതിയ രീതിയില്‍ ചെയ്‌തത് കൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്. ഒരു ആവര്‍ത്തികൂടികാണുമ്പോള്‍ അത് മനസിലാകും.
? പത്താമത്തെ സിനിമയായ നാല്‌പെണ്ണുങ്ങള്‍ സ്‌ത്രീപക്ഷ സിനിമയാണോ .
അല്ല. സ്‌ത്രീപക്ഷസിനിമയല്ല.സ്‌തീകള്‍ പ്രധാനകഥാപാത്രങ്ങളായിവരുന്ന ഒരു സിനിമയാണ് നാല്‌പെണ്ണുങ്ങള്‍.ഇത് മനപൂര്‍വം വരുത്തിയതല്ല.തകഴിയുടെ 400 ഓളം കഥകള്‍ ഏതാണ്ട് മൂന്ന് മാസത്തോളമിരുന്ന് വായിച്ചു. അതില്‍ നിന്ന് ഒമ്പത് കഥകള്‍ തെരഞ്ഞെടുത്തു.മനസിന് ഏറ്റവും സ്‌പര്‍ശിച്ചകഥകളായിരുന്നു ആ ഒമ്പതെണ്ണവും. അതില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുത്തു. ആറെണ്ണത്തിലും സ്‌ത്രീകള്‍ പ്രധാനമായിവരുന്നവയായിരുന്നു. അതില്‍ നിന്ന് നാലെണ്ണം കോര്‍ത്തിണക്കിയാണ് നാല്‌പെണ്ണങ്ങള്‍ സൃഷ്‌ടിച്ചത്.
? അറുപതുകളില്‍ തകഴി സൃഷ്‌ടിച്ച ഈ കഥാപാത്രങ്ങളുടെ ആനുകാലിക പ്രസക്‌തി.
തകഴി തന്റെ ചുറ്റുപാടുകളില്‍ കാണുന്ന ആളുകളെ കുറിച്ചാണ് എഴുതിയത്.അവരുടെ വേദനകളും മോഹങ്ങളുമാണ് തകഴിയുടെ കഥകള്‍ .അവ യഥാര്‍ത്ഥജീവിതങ്ങളായിരുന്നു.നാല് പെണ്ണുങ്ങളിലെ കുഞ്ഞിപെണ്ണും കുമാരിയും ചിന്നുഅമ്മയും കാമാക്ഷിയും ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ജീവിക്കുന്നു.
?നാല് പെണ്ണുങ്ങളില്‍ സ്‌ത്രൈണതയും ലൈംഗികതയും രണ്ട് പ്രധാനഘടകങ്ങളയി നിലകൊള്ളുന്നു. ലൈംഗികതയുടെ പ്രയോഗം എത്രമാത്രം സ്വാധീനിക്കുന്നു.
ഒരു കുടുംബം നിലനില്‍ക്കുന്നത് സ്‌ത്രൈണതയെ ആശ്രേച്ചാണ്.ലൈംഗികത ഒരു അടിയൊഴുക്കാണ്.കുഞ്ഞിപെണ്ണിലും കുമാരിയിലും ചിന്നുഅമ്മയിലും കാമാക്ഷിയിലുമെല്ലാം ലൈംഗികത മോഹവും മോഹഭംഗവും ദാഹവും വേദനയും സൃഷ്‌ടിക്കുന്നു.വേശ്യയായിനടന്നപ്പോള്‍ കുഞ്ഞിപെണ്ണിന് എവിടെയും എപ്പോഴും എങ്ങനേയും നടക്കാമായിരുന്നു.എന്നാല്‍ സംരക്ഷണം,സ്‌നേഹം,ലൈംഗികതയെല്ലാം നല്‍കി ഒരാള്‍ അവളെ ഏറ്റെടുക്കുമ്പോള്‍ നിയമം അവളെ ചോദ്യം ചെയ്യുന്നു.വിവാഹം കഴിച്ചതിന്റെ തെളിവാണ് നീതിപാലകര്‍ക്ക് ആവശ്യം. രണ്ടാമത്തെ പെണ്ണായ കുമാരിയെ ഒരാള്‍ വിവാഹം ചെയ്‌തുകൊണ്ട് പോകുന്നു.കുമാരിക്ക് വിവാഹം കഴിച്ചുവെന്ന തെളിവുണ്ട്.എന്നാല്‍ അവള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ആഗ്രഹിക്കുന്നതൊന്നും കിട്ടുന്നില്ല. സ്‌നേഹം,ലൈംഗികത ഇതൊന്നും.വിവാഹം കഴിഞ്ഞിട്ടും കുമാരിക്ക് കന്യകയായി ജീവിക്കേണ്ടിവരുന്നു. വീട്ടമ്മയായ ചിന്നുഅമ്മക്ക് സംരക്ഷണം,സ്‌നേഹം,ലൈംഗികത എല്ലാം ഭര്‍ത്താവ് നല്‍കുന്നു. പക്ഷേ അമ്മയാകാനുള്ള ഭാഗ്യം കിട്ടുന്നില്ല.നിത്യകന്യകയിലെ കാമാക്ഷി പുരനിറഞ്ഞ്‌നില്‍ക്കുന്ന പെണ്ണാണ്. വിവാഹം അവള്‍ക്ക് വിധിച്ചിട്ടില്ല.പുരുഷന്റെ ചൂടും ചൂരും ഇല്ലാതെ സ്‌ത്രീക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് അവള്‍ പറയുന്നു.ധീരയായ ഒരു സ്‌ത്രീയുടെ പര്യായമാണ് കാമാക്ഷി.
? കുമാരിയെ പോലെയും കാമാക്ഷിയെ പോലെയും ഉള്ള സ്‌ത്രീകളെ ജീവിതത്തില്‍ കണാന്‍ കഴിഞ്ഞിട്ടുണ്ടോ.
തീര്‍ച്ചായായും. എന്റെ അനുഭവങ്ങളിലെ പെണ്ണുങ്ങളാണ് ഇവരെല്ലാം. ജീവിതത്തില്‍ ഞാന്‍ ഇവരെ പോലുള്ള സ്‌ത്രീകളെ കണ്ടിട്ടുണ്ട്. ഇപ്പോഴും കാണാന്‍ കഴിയും ഇത്തരം സ്‌ത്രീകളെ . നിത്യകന്യകയായ കാമാക്ഷിയുടെ ജീവിതം തന്നെ എടുക്കാം. സ്വാഭാവികമാണ് , ഇത്തിരി പ്രായം കടന്നാല്‍ മൂത്തവരെ തഴയപെടുന്നു.പെണ്ണ്‌കാണാന്‍ വരുന്നവര്‍ക്ക് പിന്നെ നോട്ടം താഴെയുള്ളവരോടായിരിക്കും. കാണാന്‍ വരുന്നവര്‍ സംശയിക്കുന്നു ,മൂത്തവള്‍ക്ക് എന്തങ്കിലും കുഴപ്പമുണ്ടോ ബാധയുണ്ടോ എന്നൊക്കെ .
? ഇഷ്‌ടപെട്ട പത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ എക്കാലത്തേയും വിശ്വവിഖ്യാതവമായ ബംഗാളിചിത്രം പാഥേര്‍പാഞ്ചാലി അടക്കം ഹിന്ദിയിലേയും കന്നടയിലേയും ഒറിസ്സയിലേയും ചിത്രങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.എന്തുകൊണ്ട് ഒരു മലയാളചിത്രം പോലും തെരഞ്ഞെടുത്തില്ല.നല്ല മലയാളചിത്രങ്ങള്‍ ഇല്ലേ.
മലയാളത്തില്‍ നല്ല ചിത്രങ്ങളുണ്ട്. എന്നാല്‍ എന്റെ ഇഷ്‌ടപെട്ട പത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഉള്‍പെടുത്താവുന്നതില്ല. ഈ പത്ത് ചിത്രങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉള്‍പെടുത്താം. സ്വന്തം ചിത്രങ്ങള്‍ പറയുന്നത് ശരിയല്ലല്ലോ.അതാണ് ഒഴിവാക്കിയത്.
No comments:
Post a Comment