
സീബ്രാലൈനിലൂടെ ഒരു ട്രാഫിക്
രാജേഷ്‌പ്പിള്ള/ ധനേഷ്‌കൃഷ്‌ണ
സിനിമയുടെ നാല്‍പതുവര്‍ഷത്തെ വ്യവസ്‌ഥാപിത സമ്പ്രദായങ്ങളെ അറുപതുകളില്‍ ഒറ്റയടിക്ക് തിരുത്തിയെഴുതിയ ഫ്രഞ്ച്‌ഫിലിംമേക്കര്‍ ഴാങ് ലുക് ഗൊദാര്‍ദിന്റെ `വീക്കെണ്ട്' എന്ന സിനിമയില്‍ ഒരു ട്രാഫിക് സീനുണ്ട്. രസകരവും വിസ്‌മയവും ദുരന്തപൂര്‍ണവുമായ ഈ ട്രാഫിക് സീന്‍ ലോകസിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സീനായാണ് വിശേഷിപ്പിക്കുന്നത്.
ട്രാഫിക് കുരുക്കിനെത്തുടര്‍ന്ന് മുഷിഞ്ഞ യാത്രക്കാരില്‍ ചിലര്‍ വാഹനങ്ങളിലിരുന്ന് തമാശകള്‍ ചറയുന്നു, ചിലര്‍ ചൂത് കളിക്കുന്നു, ചിലര്‍ മധുരപലഹാരങ്ങള്‍ തിന്നുന്നു, കുട്ടികള്‍ പന്ത് കളിക്കുന്നു, കമിതാക്കള്‍ ചുംബനത്തിലേര്‍പ്പെടുന്നു, ദമ്പതികള്‍ സ്‌നേഹം പങ്കുവയ്‌ക്കുന്നു ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്‌ഥതലങ്ങളിലുള്ള ആളുകളെ ആ പത്തുമിനിറ്റോളം നീണ്ടു നില്‍ക്കുന്ന സീനില്‍ ഗൊദാര്‍ദ് കാണിച്ച് തരുന്നുണ്ട്. ആദ്യം മുഷിപ്പിക്കുന്ന തരത്തില്‍ ആരംഭിച്ച സീന്‍ പിന്നീട് രസിപ്പിച്ചും വിസ്‌മയിപ്പിച്ചും ഒടുവില്‍ മൂന്നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദൃശ്യവത്‌കരിച്ചും ഗൊദാര്‍ദ് പ്രേക്ഷകരെ സ്‌തബ്‌ധരാക്കുന്നുണ്ട്.
ജീവിതത്തിന്റെ ട്രാഫിക്‌ക്കുരുക്കില്‍ ഒരു തവണയെങ്കിലും കുടുങ്ങാത്തവര്‍ ഉണ്ടായിരിക്കില്ലെന്നാണ് യുവസംവിധായകന്‍ രാജേഷ് പിള്ളയുടെ അഭിപ്രായം. രാജേഷിന്റെ `ട്രാഫിക്'എന്ന സിനിമ മനുഷ്യജീവിതത്തിന്റെ വൈവിധ്യഭാവങ്ങളുടെ കോളാഷാണ്. ജീവിതസംഘര്‍ഷങ്ങളില്‍പെട്ട് കിടക്കുന്ന വ്യത്യസ്‌തതരം മനുഷ്യരുടെ വ്യത്യസ്‌തതരം സ്വഭാവസവിശേഷതകളിലൂടെയും വൈവിധ്യ ഉദ്ദേശങ്ങളിലൂടെയും രാജേഷ് പരിശോധിക്കുന്നത് മനുഷ്യജീവിതം കുരുക്കുകള്‍ നിറഞ്ഞ ഒരു വലിയ ട്രാഫിക് തന്നെയാണെന്നാണ്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു സംവിധായകനും വീക്ഷിക്കാത്ത പ്രതിപാദനസമ്പ്രദായമാണ് ഇടവേളയ്‌ക്ക് ശേഷം റോഡ്‌മൂവിശൈലിയില്‍ വികസിക്കുന്ന ട്രാഫിക്കിന്റേത്. പ്രതിസന്ധികളുടെ ട്രാഫിക് കുരുക്കില്‍പ്പെട്ട മലയാളസിനിമയ്‌ക്ക് വിജയത്തിന്റെ സീബ്രാലൈന്‍ വരച്ച് കൊടുക്കുകയാണ് `ട്രാഫികി'ലൂടെ രാജേഷ് പിള്ള.
? മരണത്തിനെ `ഓവര്‍ടേക്ക്' ചെയ്‌ത് ജീവന്‍ തുടിക്കുന്ന `ഹൃദയം'കൊണ്ട്‌പാഞ്ഞുപോകുന്ന ഈ റോഡ്‌മൂവി `ഇന്റര്‍കണക്‌റ്റഡ്' ജനുസില്‍പെട്ടതാണ്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പോള്‍ ഹഗീസിന്റെ `ക്രാഷ്', അലെജാഡ്രോ ഇനാരുത്തുവിന്റെ `21 ഗ്രാം', അനുരാഗ് ബസുവിന്റെ `മെട്രോ' തുടങ്ങയ സിനിമകള്‍ `ഇന്റര്‍കണക്‌റ്റഡ്' ജനുസില്‍പെട്ട വിഷയങ്ങളാണ്. `ട്രാഫികി'ന് ഒരു ഇന്റര്‍കണക്‌റ്റഡ് സ്‌റ്റോറി തെരഞ്ഞെടുക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത്.
2005ല്‍ റിലീസായ എന്റെ ആദ്യ സിനിമ `ഹൃദയത്തില്‍ സൂക്ഷിക്കാന്‍' പരാജയപ്പെട്ടതിന് ശേഷമുള്ള ജീവിത കുരുക്ക് എത്ര ഭീകരമായിരുന്നുവെന്ന് എനിക്ക് മാത്രമെ അറിയുള്ളൂ. പിന്നീട് ഞാന്‍ കരുതി മലയാളത്തില്‍ ഇതുവരെ ഇറങ്ങാത്ത രീതിയിലുള്ള വ്യത്യസ്‌തസിനിമ ചെയ്യണമെന്ന്. അതൊരു `ഇന്റര്‍കണക്‌റ്റഡ്' വിഷയമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന്‌വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നു. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം തയാറെടുപ്പിന്റെ `മഞ്ഞവെളിച്ചം' നോക്കിനില്‍ക്കുകയായിരുന്നു. അതായത് രണ്ടര വര്‍ഷത്തിനിടയില്‍ പലതവണ വെട്ടിയും തിരുത്തിയും തിരക്കഥ പുതുക്കിപ്പണിതു. ഇതിന്റെ തിരക്കഥയുടെ പണിപ്പുരയില്‍ തിരക്കഥകൃത്തുക്കളായ ബോബിയും സഞ്ചയും ഏറെ കഷ്‌ടപ്പെട്ടിട്ടുുണ്ട്. വിജയത്തിന്റെ കടപ്പാട് മുഴുവനും അവര്‍ക്കും നിര്‍മ്മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫനുമാണ്. 2004ല്‍ റിലീസാായ ക്രാഷും, 21ഗ്രാമും പോലുള്ള സിനിമകളാണ് എനിക്ക് ട്രാഫിക് സംവിധാനം ചെയ്യാന്‍ പ്രചോദനം നല്‍കിയത്. അഞ്ചു വര്‍ഷമായിട്ടുള്ള എന്റെ ജീവിതത്തിലെ പ്രതിസന്ധികളുടെ ട്രാഫിക് കുരുക്ക് തീര്‍ന്നു. അതിന്റെ `പച്ചവെളിച്ചം' കത്തിത്തുടങ്ങിയതിന്റെ തെളിവാണ് ട്രാഫിക്കിന്റെ വിജയം.
? താരപ്രഭയും അതിഭാവുകത്വത്തിന്റെ ദുര്‍മേദ്ദസും സംവിധായകനില്‍നിന്ന് യുവതാരങ്ങള്‍പോലും ചോദിച്ച് വാങ്ങുന്ന കാലത്ത് ട്രാഫികിലെ കഥാപാത്രങ്ങള്‍ താങ്കള്‍ എങ്ങനെ വീതം വെച്ച് കൊടുത്തു.
ഇതൊരു മനുഷ്യനന്മയുടെ കഥയാണ്. അതുകൊണ്ടതന്നെ ഞാന്‍ ആദ്യം തീരുമാനിച്ചിരുന്നു ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന് മുകളില്‍ നില്‍ക്കരുതെന്ന്. ഇതില്‍ ഒരു സൂപ്പര്‍ താരമില്ല. ഒരോരുത്തര്‍ക്കും സമമായാണ് കഥാപാത്രങ്ങള്‍ വീതിച്ച്‌കൊടുത്തിരിക്കുന്നത്. എല്ലാവരും ഈ സിനിമയിലെ നായകന്‍മാരാണ്. എല്ലാവരും ട്രാഫിക്കിലെ വ്യത്യസ്‌ത കഥാപാത്രങ്ങക്ക് വേഷപ്പകര്‍ച്ചനല്‍കുന്നു. എല്ലാവര്‍ക്കും ഈ സിനിമയില്‍ തുല്ല്യപ്രാധാന്യമുണ്ട്. ഇന്നുവരെ മലയാളസിനിമയില്‍ കണ്ടിട്ടില്ലാത്ത ഒരു `കാസ്‌റ്റിംഗ്‌സമ്പ്രദായം' കൊണ്ടു വരാന്‍ ഞാനും ബോബിസഞ്ചയും ശ്രമിച്ചിട്ടുണ്ട്. ജോസ്‌പ്രകാശ്‌സാര്‍ മുതല്‍ ആസിഫ് അലിവരെയുള്ള നടന്‍മാര്‍ ഇതിലെ കഥാപാത്രങ്ങളാണ്. ശ്രീനിസാറും കുഞ്ചാക്കോബോബനും സായ്‌കുമാറും റഹ്‌മാനും ഇങ്ങനെ വലിയ ഒരു താരനിരയുണ്ട്.
? പിതൃദു:ഖം, മാതൃസ്‌നേഹം, കടപ്പാട്, പ്രണയം, പ്രണയവഞ്ചന, ചതി, കൈക്കൂലി ഇങ്ങനെ സമൂഹത്തിലെ വൈവിധ്യമാര്‍ന്ന കാലിക വിഷയങ്ങള്‍ പറഞ്ഞുപോകുന്നതിനിടയില്‍ ട്രാഫിക് തിന്‍മയുടെ കുരുക്ക് മറികടന്ന് നന്മയിലേക്കുള്ള ഒരു സീബ്രാലൈന്‍ വരച്ചുകാട്ടുന്നുണ്ടല്ലോ.
തീര്‍ച്ചയായും. ഒരാളുടെ ജീവന്‌വേണ്ടി സമൂഹത്തിലെ വ്യത്യസ്‌ഥതലത്തിലുള്ള ആളുകള്‍ ഒരു ദൗത്യത്തില്‍ പങ്കുചേരുന്നു. ഓരോരുത്തരും പലതരകാരാണ്. ഒരു പ്രശ്‌നത്തെ പലരും പലതലത്തില്‍നിന്നാണ് കാണുന്നത്. റ്റാറ്റയുടെജീവന്റെ വിലയും ചേരിനിവാസിയുടെ ജീവന്റെ വിലയും ഒരേപോലെയാണ്. ഒരു ജീവന്‍ നിലനിറുത്താന്‍ സമൂഹത്തിലെ ഓരോരുത്തരേയും ആശ്രേയിക്കേണ്ടി വരുന്നു. ഇതൊരു അപകടാവസ്‌ഥവരുമ്പോഴാണ് ഒരോരുത്തരും മനസിലാക്കുന്നത്. ജാതി, മതം, രാഷ്‌ട്രീയം എന്നിവയ്‌ക്ക് അതീതമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ടവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ് ട്രാഫിക്. കാരണം ഒരു ട്രാഫിക് കുരുക്കില്‍ ഈ വിഭാത്തില്‍പ്പെട്ട എല്ലാവരും ഉണ്ടായിരിക്കും. വ്യത്യസ്‌ഥസ്വഭാവകാരാണെങ്കിലും ഇവര്‍ ഒരേപോലെ പ്രതീക്ഷയുടെ പച്ചവെളിച്ചം കാത്തുകിടക്കുന്നവരാണ്.
? മാധ്യമജീവിതം, റേഡിയോജീവിതം, ട്രാഫിക്‌ജീവിതം, ചലച്ചിത്രനടന്റെ കോര്‍പ്പറേറ്റ് ജീവിതം, ഫാന്‍സ്‌അസോസിയേഷന്റെ സമയോജിതമയ ഇടപെടല്‍ ഇങ്ങനെ ഹൈടെക്‌യുഗത്തിലെ ആഢംബരജീവികള്‍ ചമയങ്ങള്‍ അഴിച്ച്‌വച്ച് `ട്രാഫികി'ല്‍ ഇടപെടുന്നുണ്ടല്ലോ.
ചേരിജീവിതത്തിലും ഫ്‌ലാറ്റ് ജീവിതത്തിലും ഒരേപോലെ ഇടപെടുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഒരു ജേണലിസ്‌റ്റ് ട്രെയ്‌നിയുടെ ജീവനാണ് വിലപേശുന്നത്. ജീവന്‍ ഒരിക്കലും തിരിച്ച് കിട്ടില്ലയെന്ന് വിധിയെഴുതിയ ട്രെയ്‌നിയുടെ ഹൃദയം വീട്ടുക്കാര്‍ ദാനം ചെയ്യാന്‍ മനസ്‌കാട്ടുന്നു.
ഹൃദയംകിട്ടിയാല്‍ ജീവന്‍ തിരിച്ച്‌കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ചലച്ചിത്രനടന്റെ ഏകമകള്‍. ചലച്ചിത്രനടന്‍ കാര്‍പ്പറേറ്റ് ജീവിതം നയിക്കുമ്പോഴും അയാള്‍ക്ക് തന്റെ മകളുടെ ജീവന് വേണ്ടി ചേരിജീവിതംവരെയുള്ളവരുടെ കാലുപിടിക്കേണ്ടി വരുന്നു. അവിടെ പണം, പദവി എന്നതിലുപരി സമൂഹത്തിലെ എല്ലാവരുടെയും കനിവിനെയാണ് ആശ്രേയിക്കേണ്ടത്. അങ്ങനെ ഒരു ദുരവസ്‌ഥവരുമ്പോള്‍ എത്ര സമ്പന്നനും ആര്‍ഭാടം മതിയാക്കി, ചമയങ്ങള്‍ അഴിച്ചുവച്ച് ഇറങ്ങിവരേണ്ടിവരും.
?`ട്രാഫിക്' ഇത്ര അര്‍ഥവത്തായ `ടൈറ്റില്‍' സിനിമയ്‌ക്ക് വന്ന്‌ചേര്‍ന്നത്.
ജീവിതത്തില്‍ എല്ലാവരും ട്രാഫിക്കില്‍പെടാറുണ്ട്. ജീവിതം തന്നെ ചിലര്‍ക്ക് ഒരു ട്രാഫിക്കാണ്. ഈ സിനിമയുടെ മൂന്നാംഘട്ടത്തിലും ഞാന്‍ പ്രതിസന്ധിയുടെ ട്രാഫിക്കില്‍ വിഷമിച്ചിരുന്നു. ഈ സിനിമയിലെ എല്ലാവര്‍ക്കും അവരുടേതായ പ്രശ്‌നമുണ്ട്. സുഹൃത്ത് കൃഷ്‌ണനാണ് ഇങ്ങനെ ഒരു ടൈറ്റില്‍ നിര്‍ദ്ദേശിച്ചത്. കേട്ടപ്പോള്‍ വളരെ അര്‍ഥവത്തായ പുതുമയുള്ള പേരായിതോന്നി. ഇതിന്റെ കഥ പറയാന്‍ നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചു. പലര്‍ക്കും കഥയില്‍ വിശ്വാസം ഉണ്ടായില്ല. കഥ ഇഷ്‌ടപ്പെട്ടവര്‍ പരാജയപ്പെട്ട സംവിധായകനായ എന്നെകൊണ്ട് സംവിധാനം ചെയ്യിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചില്ല. അങ്ങനെ പ്രതിസന്ധികളുടെ ട്രാഫിക്‌ക്കുരുക്കില്‍ ഞാന്‍ ഏറെ വേദനിച്ചിട്ടുണ്ട്.
? `സിനിമ സംവിധായകന്റെ കലയാണ്. അത് തന്റെ സിനിമയാണെന്ന് പറയാനുള്ള തന്റേടം സംവിധായകന് ഉണ്ടായിരിക്കണം' സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ വാക്കുളാണിത്. `ട്രാഫിക്' സംവിധായകന്റെ സിനിമയാണോ.
ശ്രീനിസാറിന്റെ വാക്കുകളില്‍ ഞാന്‍ വിശ്വസിക്കുന്നു. സിനിമയുടെ വിഷയം, ഛായാഗ്രഹം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ചമയം, ശബ്‌ദനിയന്ത്രണം, ചിത്രസംയോജനം ഇതെല്ലാം തെരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതും സംവിധായകനാണ്. രംഗങ്ങള്‍, ദൃശ്യങ്ങള്‍ ഇവ എങ്ങനെ, എവിടെ, എപ്പോള്‍ ഇതൊക്കെ നിശ്‌ചയിക്കുന്നത് സംവിധായകനാണ്. ശബ്‌ദനിയന്ത്രണം, ഛായാഗ്രഹം, കലാസംവിധാനം, പശ്‌ചാത്തല സംഗീതം, ചമയം ഇതൊക്കെ ചേരുവകള്‍പോലെ സംവിധായകനാണ് ആവിശാനുസരണം ചേര്‍ക്കുന്നത്. അതൊകൊണ്ട്‌തന്നെ സിനിമ സംവിധായകന്റെ കലതന്നെയാണ്. എന്നാല്‍ ഈ സിനിമയുടെ വിജയത്തിന് ബോബിസഞ്ചയിനോടും നിര്‍മ്മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫനോടുമാണ് കൂടുതല്‍ കടപ്പാട്.
? പ്രണയം, പ്രണയവഞ്ചന ഇങ്ങനെ സ്‌നേഹത്തിന്റെ വെളിച്ചവും ഇരുട്ടും സിനിമയില്‍ മിന്നിമറയുന്നുണ്ട്. താങ്കള്‍ പ്രണയിച്ചിട്ടുണ്ടോ.
പ്രണയിക്കാത്തവരായി ആരുണ്ട്. കാമവും പ്രണയവും ക്രോധവും കാരുണ്യവും ദുരന്തവും ഒക്കെ ഒരാളുടെ ജീവിതത്തിലുണ്ട്. ആദ്യപ്രണയം ഓര്‍ക്കാത്തവരും മുറിവ് ഏല്‍പ്പിക്കാത്തവരും ആരുണ്ട്. ഞാനും പ്രണയിച്ചിട്ടുണ്ട്. കൗമാരംമുതല്‍ വീടിന്റെ തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയെ. സുന്ദരിയായ ഒരു മുസ്ലീംകുട്ടി. വളരെ യാഥാസ്‌ഥിക ചുറ്റുപാടില്‍ വളര്‍ന്നുവന്ന പെണ്‍കുട്ടിയാണ് അവള്‍. ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിന് ഏഴായിരം വര്‍ണങ്ങളുണ്ടായിരുന്നു. അവള്‍ക്കായി ഞാനെന്റെ സിനിമാജീവിതംതന്നെ അവസാനിപ്പിച്ച് ബോബെയിലേക്ക് പോയി. അവളുമായി ഒളിച്ചോടുവാന്‍ തയാറെടുത്തു. ഞാന്‍ തിരിച്ചുവരുന്നതിന്റെ തലേനാള്‍ വീട്ടുകാര്‍ അവളെയും കൊണ്ട് നാട്‌വിട്ടു. ഇപ്പോള്‍ അവള്‍ അമേരിക്കയില്‍ സുഖമായി ജീവിക്കുന്നു. എന്റെ വിവാഹം അഞ്ച് വര്‍ഷംമുമ്പ് കഴിഞ്ഞു. ഇന്ന് ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നതിന് കാരണം എന്റെ ഭാര്യയാണ്.
? `ട്രാഫിക്' തരുന്ന സന്ദേശം.
ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ സമൂഹത്തിനോട് എന്തെങ്കിലും പറയാനുള്ള വിഷയം ഉണ്ടായിരിക്കണം. അത്തരം വിഷയങ്ങളുള്ള സിനിമയെ സംവിധാനം ചെയ്യൂ. ട്രാഫികിലൂടെ ഞാന്‍ പറയുന്നത് `ഹ്യുമാനിറ്റി'യാണ്. മാനവികതയ്‌ക്കാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ജാതി, മതം, രാഷ്‌ട്രീയം എന്നിവയ്‌ക്ക് അതീതമാണ് എന്റെ സിനിമ.
No comments:
Post a Comment