
'അമ്മ അറിയാന്‍'
ഇരുപത്തഞ്ച് വയസിലേക്ക്
ധനേഷ് കൃഷ്‌ണ
ജോണ്‍ എബ്രഹാമിന്റെ അവസാന സിനിമയും പ്രഥമ ജനകീയസിനിമയുമായ `അമ്മ അറിയാന്‍' എന്ന വിഖ്യാത റോഡ്‌മൂവിയ്‌ക്ക് ഇരുപത്തഞ്ച് വയസ്. സാധാരണക്കാരില്‍നിന്നും സ്വരൂപിച്ച പണംകൊണ്ട് 1986 ജന. 10നാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ ക്ലാപ്പടിച്ച് ചിത്രീകരം ആരംഭിച്ചത്. അടിയന്തരാവസ്‌ഥയ്‌ക്ക് ശേഷം താറുമാറായി കിടക്കുന്ന കേരളത്തിന്റെ എന്‍പതുകളെ ജോണ്‍ എബ്രഹാം പരിശോധിക്കുന്നുണ്ട്. അന്നത്തെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രമാണ് ജോണ്‍ ഡോക്യുമെന്ററി ശൈലിയില്‍ ഈ ചിത്രത്തിലൂടെ ദൃശ്യവത്‌കരിച്ചത്. നക്‌സല്‍ പ്രസ്‌ഥാനത്തിന്റെ ഇടപെടല്‍, പോലീസിന്റെ മൂന്നാംമുറ, നെല്‍സന്‍ മണ്ടേലയ്‌ക്ക് അനുഭാവം തുടങ്ങിയ അക്കാലത്തെ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ വിഷയങ്ങള്‍ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. ഭാവനയും വസ്‌തുതയും ഇഴകലര്‍ത്തി നിര്‍മ്മിച്ച `അമ്മ അറിയാന്‍' മലയാളസിനിമയില്‍ അന്നുവരെ നിലനിന്നുപോന്നിരുന്ന ചലച്ചിത്ര സമ്പ്രദായങ്ങളെയും പ്രതിപാദനരീതിയും അപ്പാടെ വെട്ടിത്തിരുത്തി. വാണീജ്യസിനിമ, കലാമൂല്യമുള്ളസിനിമ, മധ്യവര്‍ത്തിസിനിമ എന്നിങ്ങനെ മലയാള സിനിമയെ വേര്‍ത്തിരിച്ച് നിറുത്തിയ എണ്‍പതുകളിലാണ് ജോണ്‍ എബ്രഹാം ഇങ്ങനെ ഒരു സിനിമ ചെയ്‌ത് വിസ്‌മയിപ്പിച്ചത്.
ഗവേഷണത്തിനായി ഡല്‍ഹിയിലേക്ക് പോകുന്ന പുരുഷന്‍ താന്‍ എവിടെയായലും അമ്മയ്‌ക്ക് എഴുതുമെന്ന് ഉറപ്പ്‌നല്‍കിയാണ് വിട്ടില്‍നിന്ന് പുറപ്പെടുന്നത്. വഴിമദ്ധ്യേ കുന്നിന്റെ മുകളിലെ മരത്തില്‍ തുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്ത് ഹരിയുടെതാണെന്ന് പുരുഷന്‍ തിരിച്ചറിയുന്നു. ഹരിയുടെ മരണവാര്‍ത്ത അവന്റെ അമ്മയെ അറിയിക്കാന്‍ വയനാട്ടില്‍നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പുരുഷുവും മറ്റു സുഹൃത്തുക്കളും നടത്തുന്ന യാത്രയോടെയാണ് ഈ റോഡ് മൂവി ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മുന്‍കൂട്ടിയുള്ള തിരക്കഥപോലും ഇല്ലാതെയാണ് 115 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ചിത്രീകരിച്ചത്. വയനാടില്‍നിന്നുള്ള യാത്രയില്‍ ഓരോ സ്‌ഥലത്തെയും സാധാരണ ആളുകള്‍തന്നെയാണ് സിനിമയില്‍ കഥാപാത്രങ്ങള്‍ക്ക് വേഷങ്ങള്‍ നല്‍കിയിട്ടുള്ളത്. ഈ ആളുകള്‍ ഓരോ ചരിത്രസംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയായവരും സംഭവങ്ങളില്‍ ഇടപ്പെട്ടവരുമാണ്. ജനകീയപങ്കാളിത്തത്തോടെ ടൂറിംങ് ഫെസ്‌റ്റിവലില്‍ ചിത്രം കേരളത്തിന്റെ വിവിധ പൊതുവേദികളില്‍ പ്രദര്‍ശിപ്പിച്ചു. തൃശൂരില്‍ തേക്കില്‍ക്കാട് മൈതാനത്താണ് പ്രദര്‍ശനം നടത്തിയത്.
വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ, അഗ്രഹാരത്തില്‍ കഴുതൈ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്നിവയാണ് ജോണിന്റെ മറ്റു സിനിമകള്‍. ഇന്ത്യയിലെ പ്രഥമ വനിത എഡിറ്ററായ ബീനാപോളാണ് `അമ്മ അറിയാന്‍' എന്ന സിനിമയുടെ എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നത്. വേണുവാണ് ഫോട്ടോഗ്രാഫി. പൂന ഇസ്‌റ്റിറ്റിയൂട്ടില്‍ വിഖ്യാതസംവിധായകന്‍ ഋതിക് ഘട്ടകിന്റെ കീഴിലെ വിദ്യാഭ്യാസത്തിന്‌ശേഷം ജോണ്‍ മണികൗളിന്റെ സഹായിയായി ചേര്‍ന്നു. 1971ലാണ് പ്രഥമചിത്രം `വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ' ജോണ്‍ സംവിധാനം ചെയ്യുന്നത്. 1987 മേയില്‍ ജോണ്‍ എബ്രഹാം എന്ന പ്രതിഭാസം കാലത്തിന്റെ വെള്ളിത്തിരയിലേക്ക് മറഞ്ഞു. യാതൊരുവിധ ജാഢകളില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങളാല്‍ തന്നെ അവതരിപ്പിച്ച്‌കൊണ്ട് ജനങ്ങളിലേക്ക് സിനിമയെ കൊണ്ടുവരുകയായിരുന്നു ജോണും സുഹൃത്തുക്കളും ഈ ചലച്ചിത്രസംരംഭത്തിലൂടെ ചെയ്‌തത്. സിനിമയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് (ജനു:10) ഫോര്‍ട്ട്‌കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സിനിമയുടെ സംരംഭത്തില്‍ സഹകരിച്ചര്‍ ജോണിനെ അനുസ്‌മരിക്കും.
No comments:
Post a Comment