

`പീപ്പ്‌ലിലൈവ്: സമകാല ഇന്ത്യന്‍
ഗ്രാമങ്ങളുടെ തല്‍സമയദൃശ്യങ്ങള്‍
ധനേഷ് കൃഷ്‌ണ
കര്‍ഷക ആത്മഹത്യ ആധാരമാക്കി മാധ്യമപ്രവര്‍ത്തക അനുഷ റിസ്‌വി സംവിധാനം ചെയ്‌ത `പീപ്പ്‌ലി ലൈവ്' സമകാല ഇന്ത്യന്‍ ഗ്രാമങ്ങളുടെ തല്‍സമയദൃശ്യങ്ങളിലേക്കാണ് സിനിമാപ്രേമികളെ കൊണ്ടുപോകുന്നത്. കര്‍ഷകന്റെ ആത്മഹത്യ ചൂഷണം ചെയ്‌ത് വാചാലയാകുന്ന കോര്‍പ്പറേറ്റ് മാധ്യമലോബിയുടെയും കര്‍ഷകന് പ്രലോഭനങ്ങളേകുന്ന പ്രമാണിമാരായ രാഷ്‌ട്രീയ മാഫിയയുടെയും പ്രച്‌ഛന്ന വേഷങ്ങളും മുഖംമൂടികളുമാണ് അനുഷ റിസ്‌വി പീപ്പ്‌ലി ലൈവിലൂടെ തുറന്നു കാണിക്കുന്നത്. സിനിമ വിനോദത്തിനും സര്‍ഗാത്മകതയ്‌ക്കും അപ്പുറം സാമൂഹ്യപ്രവര്‍ത്തനത്തിനുംകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്‍.ഡി.ടി.വി.ജേണലിസ്‌ററായ അനുഷ റിസ്‌വി. 2010 ലെ ഓസ്‌കാറിന്റെ വിദേശഭാഷ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായ `പീപ്പ്‌ലി ലൈവ്' കേരളത്തില്‍ ആദ്യമായി തൃശൂരിന്റെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയുടെ ഒരു മാതൃകാഗ്രാമത്തിനെ പ്രതിനിധീകരിച്ച് `പീപ്പ്‌ലി' എന്ന ഊഷരഗ്രാമത്തിനായി അനുഷ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. നത്താ എന്ന് വിളിക്കുന്ന ദരിദ്ര കര്‍ഷകന്റെയും കുടുംബത്തിന്റെയും കഥ ആരംഭിക്കുന്നത് തന്നെ ഒരു നാടന്‍ പാട്ടിന്റെ ശീലോടെയാണ്. ഭാര്യ ധനിയയും മക്കളും അമ്മയും ജേഷ്‌ഠന്‍ ബുദ്ധ്യയും അടങ്ങുന്ന ജീവിതം ഏറെ കഷ്‌ടപ്പെട്ടാണ് നത്താ തള്ളിനീക്കുന്നത്. ബാങ്ക് ജപ്‌തിഭീഷണിയെത്തുടര്‍ന്ന് കൂരയും ഭൂമിയും എത് സമയത്തും നത്തായെ കൈവിട്ടുപോകാം. ആത്മഹത്യചെയ്‌താല്‍ കടം എഴുതിതള്ളുമെന്ന ആശയം നാട്ടുപ്രമാണികള്‍മുഖേനെ കേട്ട നത്തായും ബുദ്ധ്യയും ആത്മഹത്യയെക്കുറിച്ച് നാട്ടിന്‍പ്പുറത്തെ ചായകടയിലിരുന്ന് ചര്‍ച്ചചെയ്യുന്നു. പീപ്പ്‌ലിയിലെ ലോക്കല്‍ റിപ്പോര്‍ട്ടര്‍ രാഗേഷിന്റെ കാതിലെത്തുന്ന വാര്‍ത്ത ദേശീയ ഇംഗ്ലീഷ് ന്യൂസ് ചാനല്‍ അമിത പ്രാധാന്യത്തോടെ പുറത്തുവിടുന്നു. ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വാര്‍ത്ത മുഖ്യമന്ത്രിയെ എരിപ്പൊരികൊള്ളിക്കുന്നു. നത്തായ്‌ക്ക് വാഗ്‌ദാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യന്റെ സമ്മാന്‍ പാര്‍ട്ടിയും മുഖ്യനെകുറ്റപ്പെടുത്തി പ്രതിപക്ഷമായ അപ്‌ന ദള്‍ പാര്‍ട്ടിയും വോട്ടഭ്യര്‍ഥിക്കുന്നു. നത്താ ആത്മഹ്യചെയ്‌താല്‍ മുഖ്യന്റെ സമ്മാന്‍ പാര്‍ട്ടിക്ക് ക്ഷീണമായിരിക്കും. അതിനാല്‍ ആത്മഹത്യ തടയിടാന്‍ നത്തായുടെ വീടിന്റെ പരിസരത്ത് പോലീസിനെ വിന്യസിപ്പിക്കുന്നു. ദൃശ്യമാധ്യമ സംഘം `നത്താ'യുടെ ആത്മഹത്യ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യഗ്രതയോടെ പീപ്പ്‌ലിയിലെ നത്തായുടെ വീടിനു ചുറ്റും തമ്പടിക്കുന്നു. നത്തായുടെ ആത്മഹത്യ കാണാന്‍ വീടിന്റെപരിസരത്ത് ജനം തിങ്ങിനിറയുന്നു. വീടുകളില്‍ ടിവിക്ക് മുമ്പില്‍ ഗ്രാമീണര്‍ ഉറക്കമിളച്ച് കുത്തിയിരിക്കുന്നതും ഒരോദിവസവും നത്താ ഒരു ഹീറോയായി മാറുന്നതും വളരെ രസകരമായാണ് അനുഷ ചിത്രീകരിച്ചിരിക്കുന്നത്.
ഉണ്ണാനും ഉറങ്ങാനും `തൂറാനും മുള്ളാനും' അനുവദിക്കാതെ മാധ്യപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും കക്ഷീരാഷ്‌ട്രീയക്കാരും പോലീസുകാരും നത്തായെ പിന്‍ത്തുടരുന്നു. രാവും പകലും മാധ്യമപ്രവര്‍ത്തകര്‍ ഉണ്ണാതെ ഉറങ്ങാതെ ആത്മഹത്യ ചെയ്യുന്നതും കാത്ത് നത്തായ്‌ക്ക് കാവലിരിക്കുന്നു. നത്തായുടെ കുട്ടികളുടെ പ്രതികരങ്ങളും ഭാര്യയുടെ മറുപടിയും ചിലര്‍ പകര്‍ത്തുന്നു. കിടപ്പിലായ തള്ളയെപോലും വെറുതെ വിടാതെ `ഒരു ബൈറ്റ് 'എടുത്താണ് ചില ദൃശ്യമാധ്യമങ്ങള്‍ മുതലാക്കുന്നത്. അടിസ്‌ഥാന ആവശ്യങ്ങള്‍ പോലും ചെയ്യാന്‍പറ്റാതെ സൈ്വരം തകര്‍ന്ന് ഇരിക്കുന്ന നത്തായോട് മകന്‍ ചോദിക്കുന്നുണ്ട് `അച്‌ഛന്‍ എന്നാ ആത്മഹത്യ ചെയ്യുന്നത്'. മക്കള്‍ക്കുപോലും നത്തായുടെ ആത്മഹത്യ ആഘോഷപരിപാടിയായിമാറി. അച്‌ഛന്റെ ആത്മഹത്യ ടി.വിയില്‍ കാണാനുള്ള ആഗ്രഹത്തിലാണ് കുട്ടികളും മറ്റു ഗ്രാമീണരും.
വീടിനുചുറ്റും തമ്പടിച്ചവര്‍ ഉറക്കം തൂങ്ങുന്ന സമയം നോക്കി നത്താ കുറ്റിക്കാട്ടിലേക്ക് ഇരുട്ടത്ത് തപ്പിതടഞ്ഞ് ഒരു പാട്ട വെള്ളവുമായി പോകുന്നത് കണ്ണില്‍ പ്പെട്ട ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകര്‍ അറിയാതെ ക്യാമറ ഫോക്കസ് ചെയ്യാന്‍ ക്യാമറമാനോട് ആഗ്യംകാട്ടുന്നുണ്ട്. നത്തായുടെ ആത്മഹത്യ എക്‌സ്‌ക്ലുസീവാക്കാനുള്ള മാധ്യപ്രവര്‍ത്തകന്റെ വ്യഗ്രത മയക്കത്തിലായ മറ്റു മാധ്യമസംഘവും മണത്തറിയുന്നതോടെ ആകെ ബഹളമയമാകുന്നു. കുറ്റിക്കാട്ടില്‍ `തൂറാന്‍' ഇരിക്കുന്ന നത്തായുടെ നേരെയായി പിന്നെ ക്യാമറകണ്ണുകള്‍. അതിനിടയില്‍ വിലപിടിപ്പുള്ള നത്തായെ ഒരു സംഘം തട്ടികൊണ്ടുപോകുന്നു.
നത്തായുടെ `വിസര്‍ജ്യ'ത്തില്‍ പോലും വാര്‍ത്ത കണ്ടെത്തുന്ന ഒരു മാധ്യമപ്രവര്‍ത്തകനെയും അനുഷ `പീപ്പ്‌ലി'യില്‍ പരിഹസിച്ച് കാണിക്കുന്നുണ്ട്. നത്തായുടെ തിരോധാനം രാഷ്‌ട്രീയപ്രവര്‍ത്തകരെയും മാധ്യമസംഘത്തെയും ഏറെ വിഷമത്തിലാക്കുന്നു. കച്ചവടച്ചരക്കായ നത്തയെ ഒരു സംഘം തട്ടികൊണ്ടുപ്പോയി ഒരു തകര്‍ന്ന ബംഗ്ലാവില്‍ ബന്ധിയാക്കി വിലപേശാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ലോക്കല്‍ റിപ്പോര്‍ട്ടര്‍ രാഗേഷ് ഇത് കണ്ടുപിടിക്കുന്നു. മാധ്യമസംഘവും രാഷ്‌ട്രീയപാര്‍ട്ടികളും ബംഗ്ലാവിലേക്ക് പായുന്നു. ബംഗ്ലാവില്‍ പെട്രോള്‍ മാക്‌സ് പൊട്ടി സ്‌ഫോടനം സംഭവിച്ച് മരിച്ച സത്യസന്ധനായ ലോക്കല്‍ റിപ്പോര്‍ട്ടര്‍ രാഗേഷിന്റെ മൃതദേഹം കണ്ടെത്തുന്നതോടെ നത്തയ്‌ക്കുള്ള പ്രഖ്യാപനങ്ങള്‍ സര്‍ക്കാരും പ്രതിപക്ഷപാര്‍ട്ടിയും പിന്‍വലിക്കുന്നു. നത്തായുടെ തിരോധാനം കുടുംബത്തിലും ഗ്രാമീണരിലും മ്ലാനത വീഴ്‌ത്തി ദിവസങ്ങള്‍ കടന്നുപോകുന്നു. നഗരത്തിലെ പൊരിവെയിലില്‍ കെട്ടിടപ്പണിചെയ്‌ത് ക്ഷീണിതനായി ഇരിക്കുന്ന നത്തായുടെ പ്രതീക്ഷയുണര്‍ത്തുന്ന മുഖത്തോടെയുള്ള സീനിലാണ് അനുഷ `പീപ്പിലി ലൈവ്' അവസാനിപ്പിക്കുന്നത്.
`പീപ്പ്‌ലിലൈവി'ന്റെ സമാനയിലുള്ള മറ്റൊരു സിനിമ ചൂണ്ടിക്കാട്ടുകയാണെങ്കില്‍ ഇസഡ്, മിസിംഗ് എന്നീ പ്രശസ്‌ത സിനിമകളുടെ സംവിധായകന്‍ കോസ്‌റ്റ ഗവ്‌റയുടെ `മാഡ് സിറ്റി'യാണ്. മലയാളത്തില്‍ `പീപ്പ്‌ലി ലൈവി'ന്റെ സമാനതയിലൊരു സിനിമയുള്ളത് എം.എ.നിഷാദിന്റെ `പകല്‍' ആണ്. കര്‍ഷക ആത്മഹത്യ തല്‍സമയം പകര്‍ത്താനെത്തുന്ന മാധ്യമസംഘത്തെ പകലില്‍ കാണാം.
സമാന്തര സിനിമ, മധ്യവര്‍ത്തിസിനിമ, കച്ചവടസിനിമ ഏത് ചട്ടകൂടിനുള്ളിലിട്ട് തിരച്ചും മറച്ചും നോക്കിയാലും നിരൂപകര്‍ക്ക്
ഒരു കുറ്റവും അനുഷയുടെ സംവിധാനപ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയില്ല.
ആത്മഹത്യയുടെ വക്കത്തിരിക്കുന്ന കര്‍ഷകനെ തെരഞ്ഞെടുപ്പ് ചരക്കാക്കുന്ന കപടരാഷ്‌ട്രീയക്കാരെയും കര്‍ഷകന്റെ `വിസര്‍ജ്യം'പോലും മാധ്യമവിഷയമാക്കുന്ന കോര്‍പ്പറേറ്റ് മാധ്യസംഘത്തേയുമാണ് അനുഷ റിസ്‌വി പീപ്പ്‌ലി ലൈവ് എന്ന ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കുന്നത്. അതോടൊപ്പംതന്നെ `രാഗേഷി'നെ പോലുള്ള സത്യസന്ധനായ മാധ്യപ്രവര്‍ത്തകരെയും അനുഷ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ കടക്കെണിഭയന്ന് ആത്മഹത്യയുടെ വക്കത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഒരു സന്ദേശവും വഴിക്കാട്ടിയുംമാണ് `പീപ്പിലിലൈവ്'.
No comments:
Post a Comment