Friday, April 8, 2011

LALJOSE \ DHANESHKRISHNA





എല്‍സമ്മയും ഞാനും

ലാല്‍ജോസ്‌/ധനേഷ്‌കൃഷ്‌ണ



ലാല്‍ജോസിന്റെ `എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന പേരു കേള്‍ക്കുമ്പോള്‍ ചലച്ചിത്രപ്രേമികള്‍ക്ക്‌ ആദ്യം മനസില്‍ വരുക വിശ്വവിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജീദിന്റെ `ബറാന്‍' എന്ന സിനിമയിലെ പതിനാലുകാരിയെ ആയിരിക്കും. കുടുംബത്തിലെ പട്ടിണി മൂലം റഹ്‌മത്ത്‌ എന്ന പേരില്‍ ആണ്‍കുട്ടിയുടെ വേഷംകെട്ടി കെട്ടിടപ്പണിക്ക്‌ പോകുന്ന ബറാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ മജീദ്‌ പറഞ്ഞത്‌ അഫ്‌ഗാന്‍ ജനതയുടെ ദുരിതപൂര്‍ണമായ സമകാലിക അവസ്‌ഥയും കൂടിയായിരുന്നു. `ബാലന്‍പ്പിള്ളസിറ്റി' എന്ന ഗ്രാമത്തെ പ്രതിനിധീകരിച്ച്‌ `എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ ലാല്‍ജോസ്‌ പറയുന്നത്‌ സമകാലിക കേരളത്തിന്റെ സാമൂഹിക, പാരിസ്‌ഥിതിക വിഷയങ്ങള്‍ തന്നെയാണ്‌. എല്‍സമ്മ ഈ സിനിമയില്‍ ആണ്‍കുട്ടിയുടെ വേഷം കെട്ടുകയല്ല, ആണ്‍കുട്ടിയുടെ പരിവേഷം ആവാഹിച്ച്‌ ആണ്‍കുട്ടികള്‍ സമൂഹത്തില്‍ കാട്ടികൂട്ടുന്ന വേഷംക്കെട്ടുകളെ അഴിച്ചുമാറ്റുകയാണ്‌. എന്നാല്‍ ബാലന്‍പ്പിള്ളസിറ്റി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ എല്‍സമ്മ ഒരു ആണ്‍കുട്ടി തന്നെയാണെന്നാണ്‌ ലാല്‍ ജോസ്‌ പറയുന്നത്‌.


? ഉത്തരാധുനിക സാങ്കേതിക വിദ്യ സിനിമയുടെ `ക്രെഡിറ്റ്‌' മുഴുവനും അവകാശപ്പെടുന്ന ഹൈടെക്‌യുഗത്തില്‍ പൂര്‍ണമായും ഗ്രാമം പശ്‌ചാത്തലമാക്കി `എല്‍സമ്മ എന്ന ആണ്‍കുട്ടി' പോലുള്ളസിനിമ ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെട്ടത്‌.

ഇത്തരം ഒരു സിനിമ മലയാളത്തില്‍ മാത്രമെ ചെയ്യാന്‍ സാധിക്കുള്ളൂ എന്നതാണ്‌ ആദ്യത്തെ ഉത്തരം. പിന്നെ മലയാളി എത്ര ആധുനികനായാലും അവനില്‍ ഒരു ഗ്രാമമുണ്ട്‌. കേരളം വലിയ ഒരു ഗ്രാമമാണ്‌. പിന്നെ എനിക്ക്‌ മലയാളിയെ നന്നായി അറിയാം. എറണാകുളത്ത്‌ മാത്രമുള്ള ഒരു `മോഡേണിറ്റി' വളരെ ചെറിയ ഗ്രൂപ്പിന്റേത്‌ മാത്രമാണ്‌. എന്റെ തലമുറയും എനിക്ക്‌ മുമ്പുള്ള തലമുറയും ജീവിച്ചിരുന്ന കാലത്ത്‌ എനിക്ക്‌ ഈ സിനിമ ചെയ്യാന്‍ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍ അടുത്ത പത്തു വര്‍ഷം കഴിഞ്ഞിട്ടാണ്‌ ഈ പ്രൊജക്‌റ്റ്‌ വരുന്നതെങ്കില്‍ ഞാനീ സിനിമ ചെയ്യില്ല. കാരണം പത്തു വര്‍ഷം കഴിയുമ്പോള്‍ മലയാളി കൂടുതല്‍ ആധുനികനാകും. മലയാളി മുമ്പ്‌ പഠിച്ചിരുന്ന സ്‌കൂളിലല്ല ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നത്‌. മലയാളം പോലും സംസാരിക്കാത്ത സ്‌കൂളിലാണ്‌ ഇന്ന്‌ ഓരോരുത്തരും മക്കളെ പഠിപ്പിക്കുന്നത്‌. പിന്നെ ടെക്‌നോളജി ഞാനും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്‌. ടെക്‌നോളജി ഉപയോഗിച്ചുവെന്ന്‌ അറിയിക്കാന്‍ ഞാന്‍ ഒരു ഷോട്ടും എടുത്തിട്ടില്ല. ഞാന്‍ എന്റെ സിനിമയിലെ കഥ ശക്‌തമായി പറയാനാണ്‌ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നത്‌.

? പ്രേക്ഷകരുടെ മനസിലേക്ക്‌ `എല്‍സമ്മ'യെ പോലെ ഇത്രമാത്രം ശക്‌തമായി ഇറങ്ങി ചെന്ന ഒരു ടൈറ്റില്‍ അടുത്ത കാലത്ത്‌ മലയാളസിനിമയിലുണ്ടായിട്ടില്ല. എല്‍സമ്മ'യെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ താങ്കള്‍ എടുത്ത രസകൂട്ട്‌.

എങ്ങനെയാണ്‌ ഒരു സിനിമ `പ്രൊജക്‌റ്റ്‌' ചെയ്യപ്പെടുന്നത്‌ അതിനെ ആശ്രയിച്ചിരിക്കും സിനിമ ജനങ്ങളിലേക്ക്‌ എത്തുന്നത്‌. എന്റെ `രണ്ടാംഭാവം' ഒരു ആക്ഷന്‍ ചിത്രമാണെന്നാണ്‌ പ്രൊജക്‌റ്റ്‌ ചെയ്യപ്പെട്ടത്‌. എന്നാല്‍ അതൊരു ഫാമിലിഡ്രാമയാണ്‌. അതൊരു ആക്ഷന്‍ ചിത്രമായി തെറ്റായി പ്രൊജക്‌റ്റ്‌ ചെയ്യപ്പെട്ടതാണ്‌ ആ ചിത്രത്തിന്റെ പാരാജയകാരണം. തങ്ങളുടെ സിനിമ ഏത്‌ തരമാണെന്ന്‌ തിരിച്ചറിയേണ്ടത്‌ മര്‍ക്കറ്റിംഗ്‌ വിഭാഗമാണ്‌. എല്‍സമ്മയുടെ കാര്യത്തില്‍ നിര്‍മ്മാതാവ്‌ രഞ്‌ജിത്തിനോട്‌ നന്ദി പറയണം. രഞ്‌ജിത്തിന്‌ വ്യക്‌തമായി അറിയാമായിരുന്നു ഈ സിനിമ എങ്ങനെ പ്രൊജക്‌റ്റ്‌ ചെയ്യണമെന്ന്‌. ഈ സിനിമ എങ്ങനെ പ്രൊജക്‌റ്റ്‌ ചെയ്യണമെന്ന ആലോചനയില്‍ ട്രെയ്‌ലറിന്റെ ചുമതല ഏല്‍പ്പിച്ച ഹരിനായരും ഞാനും തിരക്കഥാകൃത്ത്‌ സിന്ധുരാജും രഞ്‌ജിത്തും ചേര്‍ന്നുള്ള മീറ്റിങ്ങില്‍ കഥാപാത്രങ്ങള്‍ കാരിക്കേച്ചര്‍ സ്വഭാവമുള്ളതാണെന്ന്‌ മനസിലാക്കി. എല്‍സമ്മ എന്താണെന്ന്‌ ജനങ്ങളിലേക്ക്‌ എത്തിക്കാന്‍ സിനിമയ്‌ക്ക്‌ മുന്നോടിയായി ഞങ്ങള്‍ ഉണ്ടാക്കിയ കാരിക്കേച്ചര്‍ പരസ്യത്തിന്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ക്കൊപ്പം എല്‍സമ്മയും വിജയിച്ചത്‌.

? മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍, മോഹന്‍ലാലിന്റെ ശിക്കാര്‍ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ മൂന്ന്‌ ചിത്രങ്ങളാണല്ലോ ഒരുമിച്ച്‌ റിലീസായത്‌. ഇവിടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം മല്‍സരിക്കുന്നത്‌ ലാല്‍ജോസല്ലേ.

അങ്ങനെ പറയാന്‍ പറ്റില്ല. സിനിമകള്‍ തമ്മില്ലാണ്‌ മല്‍സരിക്കുന്നത്‌. സിനിമ റിലീസ്‌ ചെയ്യുന്നത്‌ വരെ മമ്മൂക്കയുടെ സിനിമ, ലാലേട്ടന്റെ സിനിമ, കുഞ്ചാക്കോബോബന്റെ സിനിമ, ലാല്‍ജോസിന്റെ സിനിമ ഇങ്ങനെയൊക്കെ പറയും. ഈ വിശ്വാസങ്ങളൊക്കെ ആദ്യ ദിവസം മാത്രമെ ഉണ്ടാകൂ. പക്ഷേ റിലീസ്‌ ചെയ്‌ത്‌ ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ സിനിമയെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നത്‌ സിനിമയുടെ മെറിറ്റാണ്‌. എന്നോട്‌ വ്യക്‌തിപരമായി ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരുണ്ടാകാം. ലാല്‍ജോസിന്റെ പടം ഇറങ്ങിയെന്ന്‌ പറഞ്ഞ്‌ വരുന്നവരുണ്ടാകാം. അതൊക്കെ മൂന്ന്‌ ദിവസമെ ഉണ്ടാകൂ. വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത സിനിമ തിങ്കളാഴ്‌ച കഴിഞ്ഞിട്ടും പ്രേക്ഷകരുണ്ടായാല്‍ ആ സിനിമയുടെ ഗുണംകൊണ്ട്‌ മാത്രമാണ്‌.

? വ്യാജക്കള്ള്‌ നിര്‍മ്മാണം, അനധികൃത മണ്ണെടുപ്പ്‌, സ്‌ത്രീപീഡനം തുടങ്ങിയ കാലിക വിഷയങ്ങളിലേക്ക്‌ എല്‍സമ്മ വിരല്‍ ചൂണ്ടുന്നുണ്ട്‌. എല്‍സമ്മയിലൂടെ താങ്കള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കടമകൂടി നിര്‍വഹിക്കുകയല്ലേ.

മാധ്യമപ്രവര്‍ത്തകന്റെ കടമയല്ല ഞാനും എഴുത്തുകാരന്‍ സിന്ധുരാജും ചെയ്യുന്നത്‌. ഞങ്ങള്‍ ചെയ്‌തത്‌ സമൂഹജീവികളുടെ കടമയാണ്‌. `എല്‍സമ്മ എന്ന ആണ്‍കുട്ടി' ഒരു പൊളിറ്റിക്കല്‍ സിനിമയാണ്‌. ഇതുവരെ ഒരു നീരൂപകനും കണ്ടെത്താത്ത തലമാണത്‌. പൊളിറ്റിക്‌സ്‌ എന്ന്‌ പറയുമ്പോള്‍ കക്ഷിരാഷ്‌ട്രീയമാണെന്ന്‌ തെറ്റുധരിക്കരുത്‌. രാഷ്‌ട്രീയം എന്ന്‌ പറയുമ്പോള്‍ രാഷ്‌ട്രത്തെ സംബന്ധിക്കുന്ന. ഒരു ഗ്രാമത്തെ പ്രതിനിധീകരിക്കുന്ന എല്‍സമ്മയില്‍ കേരളത്തിന്റെ സമകാലിക വിഷയങ്ങളാണ്‌ തുറന്നുകാട്ടുന്നത്‌. പതിനഞ്ച്‌ തെങ്ങ്‌ മാത്രം ചെത്തുന്ന കരിപ്പിള്ളി സുഗുണന്റെ ഷാപ്പില്‍ ഇത്രമാത്രം കള്ള്‌ കൊടുക്കാന്‍ സുഗണന്‍ കര്‍ത്താവൊന്നല്ലല്ലോ വെള്ളം വീഞ്ഞാക്കാന്‍ എന്ന്‌ എല്‍സമ്മ ചോദിക്കുന്നുണ്ട്‌. എല്‍സമ്മയുടെ പ്രവചനം സത്യമായിരിക്കുകയാണിവിടെ. ഇവിടെ ഒരു മദ്യദുരന്തം ഉറപ്പാണെന്ന്‌ മൂന്ന്‌ മാസം മുമ്പ്‌ ചിത്രീകരിച്ച എല്‍സമ്മയില്‍ പറയുന്നു. കാലങ്ങളായി ഇവിടെ വ്യാജക്കള്ള്‌ നിര്‍മ്മിക്കുന്നുണ്ടെന്നും ദുരന്തം ഉണ്ടാകുമെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. പിന്നെ കേരളത്തിലെ ഏറ്റവും വലിയ മറ്റൊരു വിഷയം ക്യാമറ മൊബൈല്‍ ഫോണിന്റെ ഉപയോഗമാണ്‌. മറ്റൊരുവന്റെ സ്വകാര്യജീവിതത്തിലേക്കുള്ള എത്തിനോട്ടം. ഇതിനെക്കുറിച്ചും സിനിമയില്‍ പ്രതിബാധിക്കുന്നുണ്ട്‌.

? `എല്‍സമ്മയി'ല്‍ നഗരവും ഗ്രാമവും തമ്മിലുള്ള വേര്‍ത്തിരിവ്‌ തുറന്നുകാട്ടാന്‍ ശ്രമിച്ചിട്ടില്ലേ.

നിഷ്‌ക്കളങ്കരായ സമൂഹം ജീവിക്കുന്ന ഒരു ഗ്രാമമാണ്‌ ബാലന്‍പ്പിള്ളസിറ്റി. എല്‍സമ്മയും പാലുണ്ണിയും സ്വന്തം സന്തോഷത്തോടൊപ്പം മറ്റുള്ളവരുടെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേരുന്നവരാണ്‌. എന്നാല്‍ എബിയും സുഹൃത്തുക്കളും ഫ്‌ളാറ്റ്‌ ജീവിതത്തിന്റെ ഉത്‌പ്പന്നങ്ങളാണ്‌. അവര്‍ അവരുടെ സ്വന്തം സന്തോഷം `ഫോക്കസ്‌' ചെയ്യാനാണ്‌ ശ്രമിക്കുന്നത്‌. അത്‌ നഗരത്തിന്റെ സ്വഭാവമാണ്‌. നഗരവും ഗ്രാമവും തമ്മിലുള്ള വ്യത്യാസം ജീവിതസാഹചര്യത്തില്‍ വന്നിട്ടുള്ളതാണ്‌.

? എല്‍സമ്മയുടെ കഥ കേട്ടപ്പോള്‍ നിലവിലുള്ള നടികള്‍ ആരെങ്കിലും മനസിലേക്ക്‌ വന്നോ.

എല്‍സമ്മയുടെ വേഷത്തിനായി ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്‌
അസിനായിരുന്നു. അസിന്‌ വളരെ താത്‌പര്യമായിരുന്നു എല്‍സമ്മയുടെ റോള്‍ചെയ്യാന്‍. എന്നാല്‍ അസിന്റെ ഡേറ്റു കിട്ടാതെ വന്നപ്പോള്‍ പ്രിയാമണിയെ സമീപിച്ചു. പ്രിയാമണിയുടെ പ്രതിഫലം ഈ കൊച്ചു സിനിമയുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്നതായിരുന്നില്ല. എന്റെ ഫേയ്‌സ്‌ ബുക്കിലെ അംഗമാണ്‌ ആന്‍. ആനിന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ കൊള്ളാമെന്ന്‌ തോന്നി. പിന്നീടാണ്‌ ഞാന്‍ മനസിലാകുന്നത്‌ ആന്‍ നടന്‍ അഗസ്‌റ്റിന്റെ മകളാണെന്ന്‌.

? പ്രധാനമായും മൂന്ന്‌ വിഭാഗക്കാരെയാണ്‌ ഒരു സംവിധായകന്‌ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. നിര്‍മ്മാണ-വിതരണ വിഭാഗം, പ്രേക്ഷകസമൂഹം, നിരൂപക-ബുദ്ധിജീവി വൃന്ദം എന്നിങ്ങനെ മൂന്ന്‌ വിഭാഗത്തിലുള്ളവരെ തൃപ്‌തിപ്പെടുത്തുന്ന തരത്തില്‍ ചലച്ചിത്രപ്രക്രിയ നടത്തുക സംവിധായകന്‌ ഒരു വെല്ലുവിളിയല്ലേ.

ഞാന്‍ ഈ മൂന്ന്‌ വിഭാഗക്കാരെയും കണക്കിലെടുക്കാറില്ല. ഞാനും ഒരു പ്രേക്ഷകസമൂഹത്തിന്റെ പ്രതിനിധിയാണ്‌. ഒരു കഥ എന്നെ എങ്ങനെയാണ്‌ സ്വാധീനിച്ചുവെന്നുള്ളതാണ്‌ മുഖ്യ വിഷയം. തിരക്കഥകൃത്ത്‌ കഥ പറയുമ്പോള്‍ ഇത്‌ എനിക്ക്‌ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ നിര്‍മ്മാതാവിനെ കണ്ടെത്തുന്നു. എനിക്ക്‌ അഡ്വാന്‍സ്‌ തന്നിട്ടുള്ള നിര്‍മ്മാതാക്കളുടെ പട്ടികയിലെ ആദ്യത്തെ നിര്‍മ്മാതാവിനോട്‌ എല്‍സമ്മയുടെ കഥ പറഞ്ഞു. അദ്ദേഹത്തിന്‌ കഥയില്‍ വേണ്ടത്ര ആത്മവിശ്വാസമുണ്ടായില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ രഞ്‌ജിത്ത്‌ സിന്ധുരാജിനെ വച്ച്‌ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയിടുന്നത്‌. എന്നാല്‍ ആ പ്രൊജക്‌റ്റ്‌ നടന്നില്ല. സിന്ധുരാജാണ്‌ പറയുന്നത്‌ ഞാനൊരു കഥ ലാല്‍ജോസായിട്ട്‌ ചര്‍ച്ചചെയ്‌തിട്ടുണ്ടെന്ന്‌. ലാല്‍ജോസും സിന്ധുരാജുമാണെങ്കില്‍ കഥ കേള്‍ക്കണമെന്നില്ലെന്നുള്ള രജ്‌ഞിത്തിന്റെ വിശ്വാസമാണ്‌ സിനിമ ഉണ്ടാകാനുള്ള ആദ്യത്തെ കാരണം. അങ്ങനെ ആദ്യത്തെ കടമ്പ കടന്നു. ഏത്‌ തരം പ്രേക്ഷകരെ ലക്ഷ്യം വച്ചാണ്‌ എല്‍സമ്മ സമൂഹത്തിലേക്ക്‌ ഇറക്കുക എന്നുള്ളതാണ്‌ രണ്ടാമത്തെ കടമ്പ. എല്‍സമ്മയുടെ പ്രേക്ഷകര്‍ രണ്ടാംഭാവം, അച്‌ഛനുറങ്ങാത്ത വീട്‌, നീലത്താമര, അറബിക്കഥ എന്നീ സിനിമകള്‍ കാണാനെത്തിയവരാകണമെന്നില്ല. എല്‍സമ്മ നിഷ്‌കളങ്കരായ പ്രേക്ഷകസമൂഹത്തെ ലക്ഷ്യം വച്ചുള്ള സിനിമയാണ്‌. അതുകൊണ്ടുതന്നെ നിരൂപകര്‍ക്ക്‌ ഇവിടെ പ്രസക്‌തയില്ല. ന്യൂനപക്ഷമായ നിരൂപകരും ബുദ്ധിജീവികളും സിനിമ ആസ്വാദിക്കാന്‍ വരുന്നവരല്ല. അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അവരുടെ പ്രൊഫഷനാണത്‌. അവര്‍ സിനിമ കാണുമ്പോള്‍ ലാല്‍ ജോസിന്റെ ആദ്യ സിനിമ എങ്ങനെയായിരുന്നു, മുമ്പ്‌ ഇറങ്ങിയ സിനിമയുടെ നിലവാരം. ഇതൊക്കെ നോക്കിയിട്ടാണ്‌ അവര്‍ സിനിമ കാണുന്നത്‌. ഭൂരിപക്ഷം പ്രേക്ഷകരും എല്‍സമ്മ ഇഷ്‌ടപ്പെട്ടിട്ടുണ്ട്‌. സാമ്പത്തിക ലാഭം കിട്ടിയില്ലെന്ന്‌ കരുതി എന്റെ സിനിമ പരാജയപ്പെട്ടുവെന്നു ഞാന്‍ കരുതുന്നില്ല.

? ഒരു കുടുംബച്ചിത്രം, കാലികപ്രസക്‌തിയുള്ള ചിത്രം എന്നതിലപ്പുറം `എല്‍സമ്മ എന്ന ആണ്‍കുട്ടി' സമൂഹത്തില്‍നിന്ന്‌ അന്യം നിന്നുപോയികൊണ്ടിരിക്കുന്ന പരിശുദ്ധമായ പ്രണയത്തിന്റെ കഥയും പറയുന്നുണ്ടല്ലോ.

പാലുണ്ണിയുടെയും എല്‍സമ്മയുടെയും പ്രണയം മനസില്‍ ഒളിപ്പിച്ച്‌വച്ച പ്രണയമാണ്‌. അവര്‍ എന്നും കാണുന്നുണ്ട്‌. മിണ്ടുന്നുണ്ട്‌. ഉള്ളിലുള്ള സ്‌നേഹം പുറത്തുപറയുന്നില്ല. എന്നാല്‍ അവര്‍ക്ക്‌ അറിയാം അവര്‍ പരസ്‌പരം പ്രണയിക്കുന്നുണ്ടെന്ന്‌. പാലുണ്ണി അത്‌ പറയാന്‍ കൊതിക്കുന്നുണ്ട്‌. നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും അവര്‍ പ്രണയിക്കുന്നതായി പ്രേക്ഷകരും തിരിച്ചറിയുന്നുണ്ട്‌. പ്രണയത്തെ മനോഹരമായാണ്‌ സിന്ധുരാജ്‌ എഴുതിവച്ചത്‌.

? പത്തുസംവിധായകരുടെ കൂട്ടായ സംരംഭമായ `കേരളകഫേ'യില്‍ താങ്കളുടെ സംഭാവനയായ `പുറംക്കാഴ്‌ചകള്‍' ക്ക്‌ നിരൂപകപ്രശംസ കിട്ടിയല്ലോ. പുലിജന്മം, അടയാളങ്ങള്‍ ഇത്തരം വിഭാഗത്തിലുള്ള സിനിമകള്‍ താങ്കളില്‍നിന്ന്‌ പ്രതീക്ഷിക്കാമോ.

പുലിജന്മവും, അടയാളങ്ങള്‍ എന്നീ സിനിമകള്‍ നല്ല സിനിമകള്‍ തന്നെയാണ്‌. നമുക്ക്‌ ഇവിടെ അവാര്‍ഡ്‌ സിനിമയെന്ന്‌ പറഞ്ഞ്‌ വേലിക്കെട്ടി വച്ചിരിക്കുകയാണ്‌. ഇത്തരം സിനിമകള്‍ ചിരിപ്പിക്കാന്‍ പാടില്ല, രസിപ്പിക്കാന്‍ പാടില്ല. എന്റെ അഭിപ്രായത്തില്‍ സിനിമ വിനോദത്തിന്‌ വേണ്ടിതന്നെയാണ്‌. പ്രഭാഷണം കേള്‍ക്കാനെന്നും പറഞ്ഞ്‌ ഒരുത്തനും തിയ്യറ്ററിലെത്തില്ല. വിനോദഉപാധിയായി സിനിമ സൃഷ്‌ടിക്കുന്നതോടൊപ്പം കാലിക വിഷയംകൂടി പറഞ്ഞാല്‍ സമൂഹത്തില്‍ ചലനമുണ്ടാക്കാനാകും. തമിഴനെ നമ്മള്‍ ബഹുമാനിക്കേണ്ടത്‌ ഇവിടെയാണ്‌. നല്ല സിനിമയെന്ന്‌ പറയിപ്പിക്കുകയും ആ സിനിമ ജനങ്ങളെ കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്യുന്നു. പരുത്തിവീരന്‍ സാമ്പത്തികമായി വിജയിക്കുകയും ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്‌തു. എന്നുകരുതി സുബ്രഹ്‌മണ്യപുരം, നാടോടികള്‍ , അങ്ങാടിത്തെരു തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകള്‍കൊണ്ട്‌ മലയാളസിനിമയെ വിലയിരുത്തേണ്ട ആവശ്യമില്ല.

No comments: