Wednesday, November 28, 2012

VADGA from sinemawood


സൗദിഅറേബ്യയിലും സിനിമയുടെ
പെണ്‍ഫ്രെയ്‌മുകള്‍ തെളിയുന്നു


സിനിമാഭിനയവും സിനിമാനിര്‍മ്മാണവും ഇന്നും ജീവിതത്തിതില്‍നിന്ന്‌ അകറ്റി നിര്‍ത്തിയ സൗദി ജനതയ്‌ക്ക്‌ ഒരു മനോഹരമായ സിനിമ. `വജ്‌ദ' എന്ന ഫീച്ചര്‍സിനിമ കഴിഞ്ഞ വെനീസ്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയപ്പോള്‍ പ്രേക്ഷകര്‍ ഒന്നു ഞെട്ടി. കാരണം ചിത്രം സംവിധാനം ചെയ്‌തത്‌ ഹൈഫ അല്‍ മണ്‍സൂര്‍ എന്ന സൗദി അറേബ്യന്‍യുവതിയാണ്‌. മേളയില്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള അന്താരാഷ്‌ട്ര പുരസ്‌കാരം നേടിയതോടെ ഹൈഫ സൗദി അറേബ്യയില്‍നിന്നുള്ള പ്രഥമ വനിതാസംവിധായികയായി മാറുകയായിരുന്നു.
`വജ്‌ദ' എന്ന പതിനൊന്നുകാരിക്ക്‌ ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള മോഹവും തുടര്‍ന്നുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളുമാണ്‌ ചിത്രത്തിലൂടെ ഹൈഫ പറയുന്നത്‌. സൈക്കിള്‍ സവാരി പെണ്‍കുട്ടികള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയ റിയാദ്‌ പ്രവിശ്യയിലാണ്‌ ഏറെ വെല്ലുവിളിയോടെ `വജ്‌ദ' ചിത്രീകരിച്ചത്‌. സൗദി രാജകുമാരന്‍ അല്‍ വലീദ്‌ ബിന്‍ തലാലിന്റെ റൊട്ടാന സ്‌റ്റുഡിയോയുടെ സഹായത്താല്‍ സൗദി-ജര്‍മ്മന്‍ സംരംഭമാണ്‌ ചിത്രം നിര്‍മ്മിച്ച്‌ പുറത്തിറക്കിയത്‌. അറേബ്യന്‍ പെണ്‍കുട്ടികളുടെ സ്വപ്‌നവും ഉള്ളടക്കവുമാണ്‌ വജ്‌ദയിലൂടെ ഹൈഫ പറയുന്നത്‌.
ഫ്രാന്‍സ്‌ ഉള്‍പ്പെടെ പതിനേഴ്‌ അന്താരാഷ്‌ട്ര മേളകളിലേക്കാണ്‌ വജ്‌ദയ്‌ക്ക്‌ ക്ഷണം കിട്ടിയിരിക്കുന്നത്‌. സ്വന്തം ജീവിതത്തില്‍നിന്നും ഏറെ സംഭവങ്ങള്‍ ചിത്രത്തില്‍ ഹൈഫ പകര്‍ത്തിയിട്ടുണ്ട്‌.
കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ വിദ്യാഭ്യാസം നേടിയ ഹൈഫയ്‌ക്ക്‌ ചെറുപ്പത്തില്‍ ഡി.വി.ഡി.യിലൂടെ സിനിമകള്‍ കാണുവാന്‍ പിതാവ്‌ അനുവാദം നല്‍കിയിരുന്നു. പഠനത്തിനുശേഷം എണ്ണകമ്പനിയില്‍ 30 വയസുവരെ ജോലി ചെയ്‌ത ഹൈഫ പിന്നീടുള്ള വര്‍ഷങ്ങള്‍ സിനിമ കണ്ടു പടിക്കുകയായിരുന്നു. യു.എ.ഇ. യില്‍ അംഗീകാരം ലഭിച്ച `ദ ഓണ്‍ലി വേ ഔട്ട്‌' ഉള്‍പ്പെടെ മൂന്നു ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ്‌ ഹൈഫ അല്‍ മണ്‍സൂര്‍ പ്രഥമ ഫീച്ചര്‍ സിനിമ `വജ്‌ദ'യുടെ സാങ്കേതികമായ വിവരം നേടിയത്‌.
സൗദി അറേബ്യയില്‍ സിനിമയ്‌ക്ക്‌ ഇന്നും വിലക്കാണ്‌. എന്നാല്‍ വജ്‌ദ എന്ന ഫീച്ചര്‍ സിനിമയിലൂടെ സിനിമ അറേബ്യന്‍ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാക്കിയിരിക്കുകയാണ്‌ ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവതി.

No comments: