Saturday, April 9, 2011

PE PIDICHA KAALATHE PRANAYAM


പേ പിടിച്ച കാലത്തെ പ്രണയം

  • ധനേഷ്‌കൃഷ്‌ണ
പ്രണയം ചിലര്‍ക്ക്‌ വേദനയാണ്‌. ചിലര്‍ക്ക്‌ മധുരവും. മറ്റു ചിലര്‍ക്ക്‌ പേ പിടിച്ചപോലെയുമാണ്‌. ചിലരെ മരണത്തിലേക്ക്‌ തള്ളിയിട്ടുണ്ട്‌. മരണത്തില്‍നിന്ന്‌ ചിലരെ പ്രണയം വഴിമാറ്റി നടത്തിയിട്ടുണ്ടത്രേ. എന്തൊക്കെയായാലും പ്രണയം ഒരു പേ പിടിപ്പിക്കുന്ന അമൂര്‍ത്തഭാവംതന്നെയാണ്‌ എനിക്ക്‌. അങ്ങനെ ഒരു പേ പിടിച്ച പ്രണയം അനുഭവിച്ച ഒരു നിത്യ ഹരിത കാമുകനായ എന്റെ ഡയറിക്കുറിപ്പുകളില്‍നിന്ന്‌ ...........

്‌എന്റെ ഡയറിക്കുറിപ്പുകള്‍ക്ക്‌ യക്ഷിപാലപ്പൂവിന്റെ മണമാണ്‌. പാലപ്പൂകാണുമ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തുപോകും. മുട്ടക്കുന്നുകളിലും ഗ്രാമപ്രാന്തങ്ങളിലും യക്ഷിപാലപ്പൂമരങ്ങള്‍ പൂത്തുലഞ്ഞ്‌ കൊഴിഞ്ഞുനില്‍ക്കുന്നത്‌ അവളെപോലെയാണ്‌. അവളെ `അന്ന ' എന്ന്‌ വിളിക്കാം. (കാരണം എന്റെ ഇഷ്‌ടപ്പെട്ട ചലച്ചിത്രപ്രതിഭ ഫ്രഞ്ച്‌സംവിധായകന്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദിന്റെ കാമുകിയുടെപേര്‌ അന്ന കരീന എന്നായിരുന്നു.)

`മുട്ട' കുന്നുകള്‍ക്കിടയില്‍ പച്ചമരങ്ങള്‍ നിറഞ്ഞ താഴ്‌വാരത്താണ്‌ എന്റെ വീട്‌ , അവളുടേത്‌ കുന്നിന്റെ മുകള്‍ ഭാഗത്തും. എന്റെയും അവളുടെയും വീടുകള്‍ക്കിടയില്‍ മുള്ളന്‍പ്പഴങ്ങളും തേന്‍വരിക്കച്ചക്കപ്ലാവുകളും തൊണ്ടുചപ്പിവലിയന്‍മാവും യക്ഷിപാലമരവും കൊന്നയും, പേരയും കാഞ്ഞിരവും, കരിശും, മരോട്ടിയും, മുരുക്കും തുടങ്ങിയ പച്ചമരങ്ങള്‍ ഇഴചേര്‍ന്ന്‌ നില്‍പ്പുണ്ടായിരുന്നു. മുള്ളുവേലികളില്‍ തുപ്പലപടക്കങ്ങളും തീപ്പൊരിചെടിയും പടര്‍ന്ന്‌ വളര്‍ന്നിരുന്നു. വേലികളിലെ നീരോലി പടര്‍പ്പുകളില്‍ പച്ചിലപാമ്പുകള്‍ നാവ്‌ നിട്ടീനിന്ന്‌ ഞങ്ങളെ പേടിപ്പിക്കാറുണ്ട്‌. കമ്മ്യൂണിസ്‌റ്റ്‌ പച്ചകളില്‍ സുന്ദരിപ്പുഴുക്കള്‍ ഒട്ടിപിടിച്ചിരിപ്പുണ്ടാകും.

മരപ്പട്ടികള്‍ മുളയുന്ന കൂറ്റന്‍ കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്‌ കോക്കാന്‍പൂച്ചകളുടെ നിലവിളി കേള്‍ക്കാം. `തെണ്ടന്‍മുത്തപ്പന്‍' വടികുത്തിപിടിച്ച്‌ തേര്‍വേഴ്‌ച നടത്തുന്നത്‌ കരിംപനക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണെന്ന്‌ ഇണ്ണായിതള്ളയില്‍നിന്ന്‌ കേട്ടറിഞ്ഞ്‌ വേലാണ്ടിമാമന്‍ പറഞ്ഞു കേട്ടിട്ടുണ്ട്‌. പാഞ്ചാലിയെ പതിനാറാമത്തെ വയസില്‍ `തെണ്ടന്‍മുത്തപ്പന്‍' തല്ലിക്കൊന്നതാണെന്നും ഗ്രാമത്തിന്റെ ഐതിഹ്യമാണ്‌. അടിയന്തിരാവസ്‌ഥകാലത്ത്‌ നക്‌സലൈറ്റുകള്‍ ഈ പനകളുടെ മുകളിലാണത്രേ ഒളിച്ചിരുന്നത്‌.
രാത്രിയില്‍ മുട്ടക്കുന്നുകളിലിരുന്നാല്‍ താഴെ നിരത്തിലൂടെ കമ്മ്യൂണിസ്‌റ്റുകാരുടെ പന്തംകുളത്തിജാഥ പോകുന്നതും ആറാട്ടുപുഴപൂരത്തിന്‌ പോകുന്ന ദേശക്കാരുടെ കരിന്തിരി വെട്ടവും കാണാം.
കുന്നിന്റെ ചരിഞ്ഞ ഭാഗങ്ങളിലായി പന്ത്രണ്ടോളം ചിതറികിടക്കുന്ന വീടുകള്‍ ഉള്‍പ്പെട്ടതാണ്‌ ഞങ്ങളുടെ കൂഗ്രാമം. പാമ്പുകള്‍ പിരിഞ്ഞു കിടക്കുന്നതു പോലെയുള്ള ഗ്രാമീണ ഇടവഴികളിലൂടെ അവള്‍ നടന്നുവരുന്നത്‌ ഞാന്‍ നോക്കി നില്‍ക്കും. പച്ചമരങ്ങള്‍ക്കിടയിലെ കുറ്റിക്കാടുകളില്‍ പഴുത്തുതുടുത്തു നില്‍ക്കുന്ന മുള്ളംപ്പഴങ്ങള്‍ പറയ്‌ക്കാന്‍ അവള്‍ പച്ചനിറത്തിലുള്ള അരപാവാടയും പുള്ളി ഉടുപ്പുമിട്ട്‌ വരുമായിരുന്നു. കൊതിച്ചിയാണവള്‍ മുള്ളംപഴങ്ങള്‍ക്ക്‌...
അവള്‍ ഋതുമതിയായ ദിവസം ഒരു `വാലന്റൈസ്‌ ഡേ' കൂടി ആയിരുന്നു. അന്നുതന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പിഞ്ചുകുഞ്ഞ്‌ മരിച്ചു. വൈകീട്ട്‌ ഗ്രാമീണര്‍ മരണ വീട്ടില്‍ ശോകമൂകരായി നില്‍ക്കുന്നതിനിടെ അവള്‍ പാത്തുംപതുങ്ങി അമ്മച്ചിയെ കണ്‍വെട്ടിച്ച്‌ പച്ചിലമരങ്ങള്‍ക്കിടയിലേക്ക്‌ പാഞ്ഞത്‌ ഞാന്‍ കണ്ടു പിടിച്ചു. മുള്ളംപ്പഴങ്ങള്‍ പറക്കുന്നതിനിടയില്‍ ഗ്രാമത്തിലെ ഒരു ചാവാലി പട്ടി ആക്രമിക്കാന്‍ കുരച്ച്‌ വന്നത്‌. പട്ടിയുടെ ആക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ മരങ്ങള്‍ക്കിടയിലൂടെ അവള്‍ ഓടിനടന്നു. അവളെ തേടിയെത്തിയ ഞാന്‍ കതിവന്നൂര്‍ വീരനെപോലെ പട്ടിയെ ഓടിക്കാന്‍ അലറി.
അവള്‍ ഓടി എന്റെ കൈകളിലേക്ക്‌ കടന്നുപിടിച്ച്‌ പിന്നിലെ മൊട്ടക്കുന്നിലേക്ക്‌ ചാടിക്കയറി സുരക്ഷിതയായി. പട്ടിയുടെ പല്ലുകള്‍ ആഴ്‌ന്നത്‌ എന്റെ കൈകാലുകളിലായിരുന്നു. ഞാന്‍ വേദന കൊണ്ട്‌ പുളഞ്ഞു. അവളുടെ നിലവിളിച്ചു. പിന്നെയും പട്ടി അവളെ കടിക്കാന്‍ ആര്‍ത്തിക്കൂട്ടി ഓലിയിട്ട്‌ മുട്ടക്കുന്നിലേക്ക്‌ പടച്ചുക്കേറുന്നതിനിടെ ഞാന്‍ വാലില്‍ പിടിച്ച്‌ അതിനെ വലിച്ചെറിഞ്ഞു. പട്ടി പ്രാണനും കൊണ്ട്‌ ഓടി. മൊട്ടക്കുന്നില്‍നിന്ന്‌ ചാടിയിറങ്ങി അവള്‍ എന്നെയും നോക്കി നിന്നു.

അന്ന്‌ മുതല്‍ ഞങ്ങള്‍ കണ്ടാല്‍ മിണ്ടിതുടങ്ങി. പിന്നീട്‌ ഞങ്ങളുടെ പ്രണയം പച്ചമരങ്ങള്‍ക്കിടയില്‍ തളിര്‍ക്കാനും പുഷ്‌പിക്കാനും തുടങ്ങി.
പാലപ്പൂക്കള്‍ വീണ്‌ കിടക്കുന്ന മുട്ടകുന്നിലിരുന്ന്‌ ഞങ്ങള്‍ ഉമ്മ വച്ചു. കുമാരേട്ടന്റെ പ്രേതം വരുമെന്ന്‌ പറയുമ്പോള്‍ അവള്‍ പേടിച്ച്‌ വിറയ്‌ക്കും. അപ്പോള്‍ അവള്‍ പേടിച്ചരണ്ട്‌ എന്നെ കെട്ടിപിടിക്കും. മുള്ളംപഴങ്ങള്‍ തിന്നാന്‍വരുന്ന കൂമ്പാളകുരുവികളുടെ കൂട്ടില്‍ ഞങ്ങള്‍ കൈയിട്ട്‌ നോക്കും. വവ്വാലുകള്‍ ഊഞ്ഞാലാടുന്ന കാഞ്ഞിരമരങ്ങള്‍ക്ക്‌ താഴെയുള്ള ചപ്പുചവറുകളില്‍ ഞങ്ങള്‍ കലപിലശബ്‌ദമുണ്ടാക്കി നടന്നു.
മുളകള്‍ പ്രണയ പരവശയായി കെട്ടിപുണരുന്നത്‌ കണ്ട്‌ അവള്‍ നാണം കുണുങ്ങി മുഖം പൊത്തി. എന്റെ നില്‍പ്പും അവളുടെ നടപ്പും കണ്ട്‌ ചെറുനീര്‍ചാലിലെ എഴുത്താണികള്‍ പ്രണയലേഖനങ്ങളെഴുതി.

`` കാറ്റ്‌ ഓടി വന്ന്‌
കാടിന്റെ അടിപ്പാവാട അഴിച്ചുമാറ്റിയപ്പോള്‍
നിഴലുകള്‍ ഉരഗങ്ങളെപ്പോലെ
കാട്ടുഞാവല്‍പ്പഴങ്ങള്‍ വീണുകിടക്കുന്ന
കാനനശിലകളിലൂടെ മണംപിടിച്ച്‌ ഇഴഞ്ഞ്‌ നടന്നു.

മുളകള്‍ ഇണ ചേരുന്നത്‌ കണ്ട്‌
നീ
നാണത്താല്‍
കണ്ണുപൊത്തിയപ്പോള്‍
ഞാന്‍
നിനക്ക്‌ നാണം മറയ്‌ക്കാന്‍
ചുണ്ടുകള്‍കൊണ്ട്‌ നനഞ്ഞ ഒരു അടിപ്പാവാട തുന്നി.''

ഒരിക്കല്‍ പാലപ്പൂമരങ്ങള്‍ വീണുകിടക്കുന്ന ശിലയുടെ പ്രതലത്തില്‍ ഞാനും അവളും കെട്ടിപ്പുണര്‍ന്ന്‌ കിടക്കുമ്പോള്‍ തൊട്ടടുത്ത്‌ രണ്ടു പാമ്പുകള്‍ ഇണചേരുന്നത്‌ കണ്ട്‌ ഞങ്ങള്‍ വിറച്ചു. അവര്‍ പ്രണയക്കേളിയില്‍ കാമപരവശരായി തൃത്തം ചെത്‌യു. പിന്നീട്‌ ഞങ്ങളും ഉരഗങ്ങളായിമാറി. പാലപ്പൂക്കള്‍ മഴയായി ഞങ്ങളില്‍ പെയ്‌തിറങ്ങി. ആലസ്യത്തിന്റെ പീള മാറ്റി കണ്‍ത്തുറന്നപ്പോള്‍ ഞങ്ങള്‍ കണ്ടു പാലമരത്തില്‍ `ഗര്‍ഭിണിയായ വാസന്തി' തൂങ്ങികിടക്കുന്നത്‌. വാസന്തിയുടെ മൃതദേഹം ഞങ്ങളാണ്‌ ആദ്യം കണ്ടതെന്ന്‌ ഞങ്ങള്‍ക്ക്‌ മാത്രമെ ഇന്നും അറിയൂ.
പാറകള്‍ കല്‍കണ്ടങ്ങളാകുന്നത്‌ വരെ ഞാന്‍ അവളെ പ്രണയിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കി. കാഞ്ഞിരങ്ങള്‍ രക്‌തചന്ദനമരങ്ങളാകുന്നത്‌ വരെ എന്നെ പ്രണയിക്കുമെന്നും അവളും മൊഴിഞ്ഞു. ഇഴജന്തുക്കളെ പോലെ ഞങ്ങള്‍ ഇഴഞ്ഞു പിരിഞ്ഞുപോയി.

പിന്നെ എപ്പോഴാണ്‌ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചത്‌? എപ്പോഴാണ്‌ എന്റെ ഗ്രാമം മണ്ണുമാഫിയ തുരന്ന്‌ തിന്നത്‌? അവള്‍ ഗ്രാമം വിട്ട്‌ പോയതും?
ഇന്ന്‌ എന്റെ ഗ്രാമത്തില്‍ പച്ചമരങ്ങളില്ല. പച്ചമണ്ണില്ല. പാലപ്പൂക്കളില്ല. കുമാരേട്ടന്റെ പ്രേതമില്ല. മരപ്പട്ടികള്‍ കയറിയിരിക്കുന്ന കരിംപനകളില്ല. പച്ചില പാമ്പുകള്‍ നൃത്തം ചെയ്യുന്ന വേലിപടര്‍പ്പുകളില്ല. വാവ്വാലുകള്‍ ഊഞ്ഞാലാടുന്ന കാഞ്ഞിരമരങ്ങളില്ല. ഇഴജന്തുക്കളും എഴുത്താണികളുമില്ല. ഗ്രാമീണര്‍ നഗരങ്ങളിലെ കെട്ടിടസമുച്ചയങ്ങളിലേക്ക്‌ ചേക്കേറി. സിമന്റ്‌ കെട്ടിടസമുച്ചയങ്ങള്‍ക്കിടയില്‍ ഞാന്‍ `അന്നയെ' തെരഞ്ഞു. എനിക്ക്‌ പേ പിടിച്ചിരിക്കുകയാണത്രേ. എന്നെ തല്ലിക്കൊല്ലണമെന്ന്‌ നാട്ടുപ്രമാണിമാര്‍ ഉത്തരവിട്ടു. ഓടുകയാണ്‌ ഞാന്‍ പേ പിടിച്ച പട്ടിയെപ്പോലെ........ഭൂമിയിലെ പച്ചമരങ്ങള്‍ തേടി.

No comments: