Saturday, April 9, 2011

PASSION AND FASHION


















സിനിമ എനിക്ക്‌
`പാഷനും ഫാഷനും'


ധനേഷ്‌കൃഷ്‌ണ

`പെണ്ണിനേക്കാളും പണത്തിനേക്കാളും മുമ്പ്‌ ഞാന്‍ സിനിമയെ പ്രണയിച്ചു'

`കലാകാരന്‌ പ്രതിഭ ജീവിതകാലം മുഴുവന്‍ ചുമക്കേണ്ട കുരുശാണ്‌'. നാലു ദശകങ്ങളിലായി കെട്ടിപ്പൊക്കിയ സിനിമയുടെ സാമ്പ്രദായിക നിയമാവലികളെ അറുപതുകളില്‍ കീറിമുറിച്ച ഫ്രഞ്ച്‌ നവതരംഗ സ്രഷ്‌ടാക്കളിലെ പ്രമുഖന്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദ്‌ പറഞ്ഞത്‌ എത്ര യാഥാര്‍ഥ്യം. സിനിമപോലെ എന്റെ ജീവിതവും ചലിക്കുകയാണ്‌. ചില സമയത്ത്‌ വാണീജ്യസിനിമപോലെ ചിലപ്പോള്‍ മധ്യവര്‍ത്തി സിനിമപോലെ ചിലപ്പോള്‍ സമാന്തരസിനിമപോലെ. ഇപ്പോള്‍ ഷൂട്ടിംഗ്‌ കഴിഞ്ഞിട്ടും ഒരിക്കലും പുറത്തിറങ്ങാത്ത സിനിമപോലെയും. സിനിമ എനിക്ക്‌ പാഷനും ഫാഷനും എന്നതിനപ്പുറം പ്രൊഫഷനുമാണ്‌.

ബാല്യം

ഞാന്‍ ജനിച്ചത്‌ തൃശൂര്‍ ആളൂരി(ചാലക്കുടി-പോട്ട)നടുത്ത്‌ താണിപ്പാറ ഗ്രാമത്തിലാണെങ്കിലും, എന്റെ ബാല്യകാലത്തിന്‌ ആനുരുളി ഗ്രാമത്തിന്റെ ജൈവികതയും പച്ചപ്പുമാണ്‌. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്‌ക്കടുത്ത്‌ മുരിയാട്‌ കോള്‍നിലങ്ങളുടെ പടിഞ്ഞാറേ തീരമാണ്‌ ആനുരുളി ഗ്രാമം, അമ്മയുടെ ചേച്ചിയുടെ വീടാണ്‌ അവിടെ. ശിവക്ഷേത്രവും വെളിച്ചപ്പാടും പാടവും തോടും കൊയ്‌ത്തും മെതിയുമുള്ള ആനുരുളി ഗ്രാമം ഇന്നും എനിക്ക്‌ ഗൃഹാതുരത്വം ഉണ്ടാക്കുന്നു. നീണ്ടവേനലവധികാലത്ത്‌ അമ്മ ഞങ്ങളെ അവിടെ കൊണ്ടാക്കുമായിരുന്നു. ഞാനും ചേട്ടനും അനിയത്തിയും എത്തുമ്പോള്‍ തന്നെ കൊയ്‌ത്തു നടക്കേണ്ട സമയമായിരിക്കും. ഞങ്ങള്‍ വരുന്നത്‌ അറിഞ്ഞാല്‍ അമ്മയുടെ മൂത്ത ചേച്ചിയുടെ ഇളയ മകളും ഒഴിവുക്കാലം ആഘോഷിക്കാന്‍ ആനുരുളിയിലേക്ക്‌ എത്തും. വല്ല്യമ്മയ്‌ക്ക്‌ രണ്ടു മക്കളാണ്‌ സന്തുചേട്ടനും ഗംഗചേച്ചിയും. സന്തുചേട്ടന്‍ കോളജ്‌ കുമാരനാണ്‌. എന്നാലും വല്ല്യച്‌ഛന്‍ ചേട്ടനെ പാടത്ത്‌ പോത്തുകളെകൊണ്ട്‌ ഒഴമ ചെയ്യ്‌പ്പിച്ച്‌ പഠിപ്പിക്കാറുണ്ട്‌.ഞങ്ങള്‍ ഒഴമ ചെയ്യുന്നത്‌ നോക്കിനില്‍ക്കും. ചേച്ചി ഏഴാം ക്ലാസ്‌ വരെ പഠിച്ചിട്ടുള്ളൂ.
ചുമരില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോകളൂടെ നീണ്ടനിരയുണ്ട്‌. വല്ല്യച്‌ഛനും വല്ല്യമ്മയും ചേട്ടനും ചേച്ചിയും മമ്മൂട്ടിയുടെ കടുത്ത ആരാധകരായിരുന്നു. അവര്‍ക്ക്‌ ദൈവത്തെ പോലെ ആയിരുന്നു മമ്മൂട്ടി. എന്നാല്‍ ഞാനും ചേട്ടനും അനിയത്തിയും മൂത്ത വലിയമ്മയുടെ മകളും മോഹന്‍ലാലിന്റെ ആരാധകരായിരുന്നു. ഗംഗചേച്ചിയുടെ മുറിയിലെ ചുമരുകളിലും വാതിലുകളിലും മമ്മൂട്ടിയുടെ പടങ്ങള്‍ കാണാം.
മുള്ളന്‍പ്പഴം പറിച്ച്‌ നിന്നും താമരഅല്ലി തുരന്ന്‌ തിന്നും ഞങ്ങള്‍ അങ്ങനെ ഒഴിവുക്കാലം ചെലവഴിക്കും. ബാല്യത്തിലെ ആനുരുളിയിലെ പ്രഭാതങ്ങള്‍ക്ക്‌ പച്ചപ്പാലിന്റെയും പച്ചപുല്ലിന്റെയും മണമാണ്‌. പുല്ലൂരുള്ള ദേവി തിയ്യറ്ററില്‍ സിനിമകാണുന്നതും പതിവാണ്‌ കമലഹാസന്റെ പടങ്ങളാണ്‌ അന്ന്‌ ഏറെയും കണ്ടിട്ടുള്ളത്‌. മേളത്തിന്റെ എല്ലാ കാലവും മുഴുവനായി കൊട്ടിതീരുന്ന ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്ക്യക്ഷേത്രത്തില്‍ കഥകളി കാണാനും ഞങ്ങള്‍ പോകാറുണ്ട്‌.

പ്രണയം

എന്റെ പ്രണയം `ഔട്ട്‌ ഓഫ്‌ ക്യാപസ്‌' ആയിരുന്നു. തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്നതിന്‌ മുമ്പേ അതായത്‌ എന്റെ കൗമാരപ്രായത്തില്‍തന്നെ ഒരു ബാലികയോട്‌ വല്ലാത്ത ആകര്‍ഷണം ഉണ്ടായിരുന്നു. പാമ്പുകള്‍ ഇഴപിരിഞ്ഞ്‌ കിടക്കുന്നതുപോലുള്ള വെട്ടുവഴികകളിലൂടെ അവള്‍ നടന്നു വരുന്നത്‌ മനസിന്‌ കുളിര്‍മയും ആനന്ദവും പകരുന്ന കാഴ്‌ചയായിരുന്നു. അവള്‍ക്ക്‌ എട്ടു വയസുള്ളപ്പോള്‍ അതായത്‌ 1999മുതല്‍ ഞാന്‍ അവള്‍ അറിയാതെ അവളെ പ്രണയിച്ചുത്തുടങ്ങി. അവളുടെ ഇരുണ്ടമിഴികളിലേക്കും ചുവന്ന നാസികകളിലേക്കും തളിര്‍ത്ത കവിള്‍ത്തടങ്ങളിലേക്ക്‌ വീണുകിടക്കുന്ന കുറുനിരകളിലേക്കും എന്റെ കണ്ണുകള്‍ ഇഴഞ്ഞു നടന്നു. അവള്‍ വളരുന്നത്‌ ഞാന്‍ നോക്കിയിരുന്നു. ഒപ്പം പ്രണയത്തിന്റെ പാര്‍വണങ്ങള്‍ എന്റെ മനസില്‍നിന്ന്‌ മുളച്ചുപ്പൊന്തി. അവളുടെ അസാനിധ്യം എന്നെ വീര്‍പ്പുമുട്ടിക്കുന്നത്‌പ്പോലെ തോന്നി. അവള്‍ക്കായി ഞാന്‍ സര്‍പ്പത്തെപ്പോലെ പലയിടങ്ങളിലായി കാത്തുക്കിടന്നു. . അവള്‍ എന്റെ മനസിന്‌ പോറലും വാറലും നീറലുമായപ്പോഴാണ്‌ എനിക്ക്‌ മനസിലായത്‌ ഞാന്‍ അവളെ പ്രണയിക്കുന്നുണ്ടെന്ന്‌.
2008-ഡിസംബറിലെ മഞ്ഞുമാസത്തിലാണ്‌ ഞാന്‍ പ്രണയത്തിന്റെ മുള്ളംപ്പഴങ്ങള്‍ നുകര്‍ന്നത്‌.

ക്യാപസ്‌-സിനിമ

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴെ എനിക്ക്‌ സിനിമ ഭ്രമമായിരുന്നു. എന്നാല്‍ സിനിമയുമായി പരിചയമുള്ള ഒരാളും 25 വയസുവരെ എനിക്ക്‌ ഉണ്ടായിരുന്നില്ല. സിനിമയോടുള്ള എന്റെ മോഹം ഭ്രാന്തുപ്പോലെയായി. തൃശൂര്‍ ശ്രീ കേരളവര്‍മ്മകോളജില്‍ ഇംഗ്ലീഷ്‌ ബിരുദത്തിന്‌ ചേര്‍ന്നപ്പോഴാണ്‌ സിനിമാഭ്രാന്തു കലശമായത്‌. എന്നാല്‍ ക്യാപസില്‍ ഞാന്‍ ഒരു കവിയായി അറിയപ്പെട്ടു. കോളജില്‍ തിളങ്ങാന്‍ പറ്റിയ മേഖല കവിതയാണെന്ന്‌ ഞാന്‍ മനസിലാക്കുകയായിരുന്നു. കുറേ കവിതകള്‍ ഞാന്‍ 2000,2001,2002 ബിരുദ വര്‍ഷങ്ങളില്‍ എഴുതി. 2000ല്‍ മലയാളമനോരമദിനപ്പത്രത്തിന്റെ ക്യാപസ്‌ ലൈനില്‍ എന്റെ കവിത `മാടപ്രാവുകള്‍'ആദ്യമായി അച്ചടിച്ചുവന്നു. പത്രത്തില്‍ കവിത കണ്ട്‌ ഈ കവിത തൃശൂരിലെ ഒരു കോളജിലെ ഒരു പെണ്‍കുട്ടി കോളജ്‌ഡേയ്‌ക്ക്‌ ആലപിച്ചത്‌ അവിടെ പഠിക്കുന്ന എന്റെ സുഹൃത്തുവഴി ഞാന്‍ അറിഞ്ഞു. പിന്നീട്‌ ക്യാപസിലെ പത്രങ്ങളിലും കവിതകള്‍ പുറത്തുവന്നു. 22 കവിതകളുടെ സമാഹാരം `പാതകള്‍' ക്യാപസില്‍ പ്രസിദ്ധീകരിച്ചതാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌പുറമേ എന്നെ പ്രൊഫസര്‍മാര്‍ക്കിടയിലും പരിചിതനാക്കിയത്‌. എന്നാല്‍ എന്റെ മനസില്‍ സിനിമയുടെ 24 ഫ്രെയ്‌മുകള്‍ മിന്നിമറയുകയായിരുന്നു. ബിരുദം കഴിഞ്ഞ്‌ ഞാന്‍ ട്യൂഷനിലേക്ക്‌ തിരിഞ്ഞു. സിനിമയെകുറിച്ച്‌ ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. രണ്ടു വര്‍ഷം കഴിഞ്ഞ്‌ ഞാന്‍ ട്യുഷന്‍ നിറുത്തി. 25 വയസിനുള്ളില്‍ നാലോളം തിരക്കഥകള്‍ എഴുതി വച്ചു. ഇരുപത്തിയഞ്ചര വയസില്‍ കോളജില്‍ പഠിക്കുന്ന സുഹൃത്തുമായി സിനിമ ചെയ്യാനുള്ള പദ്ധതിയിട്ടു. സിനിമാ പദ്ധതിയുമായി ബന്ധപ്പെട്ട്‌ പാലാരിവട്ടത്ത്‌ ഒരു ഹോട്ടലില്‍ ഒരു മാസത്തോളം ചര്‍ച്ചകളുമായി തങ്ങി. എന്നാല്‍ സിനിമ നടന്നില്ല. അത്‌ എന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു. പീന്നീടാണ്‌ ജേണലിസം പഠിക്കാന്‍ തിരുവനന്തപുരത്തേക്ക്‌ പോകുന്നത്‌.

തിരുവനന്തപുരം

എന്നെ ആദ്യമായി പട്ടിണിക്കിട്ട നഗരം. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട നഗരവും തിരുവനന്തപുരം തന്നെ.
ജേണലിസം പഠിക്കാനാണ്‌ ഞാന്‍ മലയാളസിനിമയുടെ കോടമ്പാക്കമായ തിരുവനന്തപുരത്തേക്ക്‌ അര്‍ദ്ധരാത്രിയില്‍ ഇരിങ്ങാലക്കുടസ്‌റ്റേഷനില്‍നിന്ന്‌ ചെന്നൈ-ഗുരുവായൂര്‍ ട്രെയിന്‌ പുറപ്പെട്ടത്‌. നിരവധി സുഹൃത്തുക്കളെ സംമ്പാദിച്ചു. തിരുവനന്തപുരത്തെ ജേണലിസം പഠനം എന്നെ മറ്റൊരുവനാക്കുകയായിരുന്നു. തിരവധി ചലച്ചിത്രമേളകള്‍ കാണാനും റിപ്പോര്‍ട്ട്‌ ചെയ്യാനുംകഴിഞ്ഞുവെന്നതാണ്‌ മറ്റൊരു ഭാഗ്യം. കോഴ്‌സ്‌കഴിഞ്ഞിറങ്ങിയ എനിക്ക്‌ 2007ലെ അന്താരാഷ്‌ട്രചലച്ചിത്രോല്‍സവം ഒരു പത്രത്തിനായി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അവസരം ലഭിച്ചു. അടൂര്‍ഗോപാലകൃഷ്‌ണനെയും(നാല്‌ പെണ്ണുങ്ങള്‍) ശ്രീനിവാസനെയും (കഥപറയുമ്പോള്‍) ഷാഫിയെയും(ചോക്ക്‌ലേറ്റ്‌) അങ്ങനെയാണ്‌ ആദ്യമായി ഇന്റര്‍വ്യു ചെയ്യുന്നത്‌.

ഗൊദാര്‍ദ്‌

ഫ്രഞ്ച്‌ ഫിലിംമേക്കര്‍ ഴാങ്‌ ലുക്‌ ഗൊദാര്‍ദാണ്‌ എന്റെ ഇഷ്‌ടപ്പെട്ട സംവിധായകന്‍. അദ്ദേഹത്തിന്റെ സിനിമകളും സിനിമകളെക്കുറിച്ചുള്ള സൈന്ദാന്തിക പഠനങ്ങളും എന്റെ ജീവിതത്തെ ഏറെ സ്‌പര്‍ശിച്ചിട്ടുണ്ട്‌. ബ്രെത്ത്‌ലസ്സ്‌, വീക്കെന്‍ഡ്‌ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്‌. നാഗരികത, സ്‌നേഹം, രതി,സംഗീതം, വിപ്ലവം തുടങ്ങിയവയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ സിനിമ സംസാരിച്ചു. സിനിമയുടെ സാമ്പ്രദായിക നിയമാവലികളെ ഗൊദാര്‍ദ്‌ ചോദ്യംചെയ്യുകയായിരുന്നു.

തൂവാന തുമ്പികള്‍

എന്റെ എക്കാലത്തെയും ഇഷ്‌ടപ്പെട്ട സിനിമയാണ്‌ പത്മരാജന്‍ സാറിന്റെ `തൂവാന തുമ്പികള്‍'. നേരംപോക്ക്‌, പ്രണയം, കാമം, ജീവിതം, വിരഹം ഇങ്ങനെ ജീവിതത്തിന്റെ സകലസംഭവങ്ങളും തൂവാന തുമ്പികള്‍ പരിശോധിക്കുന്നുണ്ട്‌. ജുസപ്പി ടൊര്‍ണറേറ്ററിന്റെ `സിനിമപാരഡിസോ'യും കിം കി ഡ്യൂക്കിന്റെ സ്‌പ്രിംഗ്‌ എന്നിവ എന്റെ ഇഷ്‌ടപ്പെട്ട സിനിമകളാണ്‌.

No comments: