Saturday, April 9, 2011

SAMEERA







സമീറയുടെ മുറിവുകള്‍

ധനേ
ഷ് ‌കൃഷ്‌ണ

`അംഗവൈകല്യമുള്ള എന്റെ മകനെ കുതിരയെ പോലെ ചുമന്ന്‌ നടന്ന്‌ പരിപാലിക്കുന്ന വേലയ്‌ക്കായി ഒരു ബാലനെ ആവശ്യമുണ്ട.്‌' 1998 ല്‍ `ആപ്പിള്‍' എന്ന പ്രഥമചലച്ചിത്രത്തിലൂടെ വിശ്വവിഖ്യാതയായ ഇറാനിയന്‍ സംവിധായിക സമീറ മഖ്‌മല്‍ ബഫിന്റെ ഏറ്റവും പുതിയ ചിത്രമായ ടു ലെഗ്‌ഡ്‌ ഹോഴ്‌സില്‍ ഒരു നാട്ടുപ്രമാണി പറയുന്നതാണിത്‌.
അഫ്‌ഗാനിസ്‌ഥാനിലെ യുദ്ധം താണ്ഡവമാടിയ പ്രദേശത്താണ്‌ കഥ നടക്കുന്നത്‌. ഉപേക്ഷിക്കപ്പെട്ട ഭീമമായ പൈപ്പുകളില്‍ അഭയം തേടിയ നൂറ്‌ കണക്കിന്‌ കുട്ടികള്‍ പട്ടിണിമൂലം ദുരിതം അനുഭവിക്കുകയാണ്‌. തുച്ചമായ വേതനം നല്‍കാമെന്ന്‌ നാട്ടുപ്രമാണി വാഗ്‌ദാനം ചെയ്‌തപ്പോള്‍ കുട്ടികള്‍ നാട്ടുപ്രമാണിയുടെ ചുറ്റും കൂടി. ഓരോ ബാലന്റെയും മുതുകില്‍ മകനെ കയറ്റിയിരുത്തി കുതിരയെ പോലെ തന്റെ ചുറ്റും ഓടിച്ചു കൊണ്ടാണ്‌ വേലയ്‌ക്ക്‌ യോഗ്യനായ ബാലനെ നാട്ടുപ്രമാണി തെരഞ്ഞെടുക്കുന്നത്‌. ഒടുവില്‍ മിര്‍വായ്‌ എന്ന ദരിദ്രനായ ബാലന്‍ ആ പണി ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നു. തന്റെ കൊച്ചു യജമാനന്റെ പ്രീതിക്കനുസരിച്ച്‌ ബാലന്‍ ഓടാനും നടക്കാനും തയ്യാറാകുന്നു. കൊച്ചു യജമാനനെ പഠിക്കാന്‍ കൊണ്ടാക്കുക, കുളിപ്പിക്കുക, മൂത്രം ഒഴിപ്പിക്കുക തുടങ്ങിയവയാണ്‌ ബാലന്‍ ചെയ്യേണ്ട വേലകള്‍. എന്നാല്‍ കൊച്ചുയജമാനന്റെ ക്രൂരവിനോദത്തിന്‌ ബാലന്‍ വിധേയനാകുകയാണ്‌. കുടിക്കാനും തിന്നാനും അനുവദിക്കാതെ, കൊച്ചു യജമാനന്‍ ബാലന്റെ മുതുകില്‍ നിന്ന്‌ ഇറങ്ങാതെ കല്ലുകള്‍ നിറഞ്ഞ കടുസു വഴിയിലൂടെയും കുന്നുകളിലൂടെയും ബാലനെ ഓടിച്ച്‌ ആനന്ദം കണ്ടെത്തുകയാണ്‌. കൂടാതെ കൊച്ചുയജമാനന്റെ തെറിപ്പറച്ചിലും കല്ലേറും സഹിക്കണം. അവശനായ ബാലന്റെ മുതുകില്‍ ഇരുന്ന്‌ കൊച്ചു യജമാനന്‍ ബാലനെ നോക്കി ചുമരില്‍ `കഴുത' എന്നെഴുതി ആസ്വദിച്ച്‌ മൂത്രമൊഴിക്കുന്ന രംഗം ഹൃദയഭേദകമാണ്‌. യുദ്ധാനന്തരഭൂമിയിലും സമ്പന്നനും ദരിദ്രനും അനുഭവിക്കുന്ന ദുരിതം വെവ്വേറെയാണെന്നിരിക്കെ, കുട്ടികളുടെ മുറിവുകളാണ്‌ സമീറ തുറന്നു കാട്ടുന്നത്‌. മനുഷ്യനെ ചുമട്‌ ചുമക്കുന്ന മൃഗമായി ഉപമിക്കുന്നതിലൂടെ സമീറ വീക്ഷിക്കുന്നത്‌ മനുഷ്യന്റെ മാത്രം കഷ്‌ടപ്പാടല്ല യുദ്ധത്തിന്‌ സാക്ഷിയാകേണ്ടി വരുന്ന കുതിരയുടെ മുറിവുകളും ദുരിതവും കൂടിയാണ്‌.
ഇറാനിയന്‍ സര്‍ക്കാര്‍ ഈ ചിത്രം ചിത്രീകരിക്കാന്‍ അനുമദി നല്‍കാത്തതിനെ തുടര്‍ന്ന്‌ അഫ്‌ഗാനിസ്‌ഥാനിലാണ്‌ സമീറയും സംഘവും ചിത്രം പൂര്‍ത്തീകരിച്ചത്‌. എന്നിട്ടും യുദ്ധകൊതിയന്‍മാരുടെ ഗ്രനേഡ്‌ ആക്രമണം ഇവര്‍ക്കെതിരെ ഉണ്ടായത്രേ.
തിരുവനന്തപുരം പതിമൂന്നാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ സമീറയുടെ ടു ലെഗ്‌ഡ്‌ ഹോഴ്‌സിന്‌ പുറമെ റെട്രോസ്‌പെക്‌റ്റീവ്‌ വിഭാഗത്തില്‍ ബ്ലാക്ക്‌ ബോഡ്‌, അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
യുദ്ധാനന്തരപ്രവിശ്യകളായ കുര്‍ദിസ്‌ഥാന്‍, കാബൂള്‍ എന്നിവിടങ്ങളില്‍ ദുരിതം അനുഭവിക്കുന്ന സാധാരണകാരുടെ ജീവിതങ്ങളാണ്‌ സമീറ തന്റെ സിനിമകള്‍ക്ക്‌ വിഷയമാക്കുന്നത്‌. സ്വാഭാവികത നഷ്‌ടപ്പെടാതിരിക്കാന്‍ യുദ്ധം വ്രണപ്പെടുത്തിയ പ്രദേശങ്ങളില്‍ നേരിട്ട്‌ ചെന്ന്‌ സമീറ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരുന്നുവത്രേ. ഇറാന്‍-ഇറാഖ്‌ അതിര്‍ത്തികളില്‍ യുദ്ധം വികൃതമാക്കിയ സമൂഹത്തിന്റെ മുറിവുകള്‍ സമീറയുടെയും മുറിവുകളായാണ്‌ ചിത്രങ്ങളില്‍ പ്രതിബിംബിക്കുന്നത്‌.
ഇറാഖിന്റെ അതിര്‍ത്തി പ്രദേശത്ത്‌ ബ്ലാക്ക്‌ബോഡ്‌ പുറകില്‍ തൂക്കി അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അന്വേഷിച്ച്‌ നടന്ന്‌ കഷ്‌ടത അനുഭവിക്കുന്ന കഥയാണ്‌ `ബ്ലാക്ക്‌ബോഡ്‌' എന്ന ചിത്രത്തിലൂടെ സമീറ പറയുന്നത്‌. അറിവ്‌ പകര്‍ന്ന്‌ കൊടുക്കാനുള്ള അധ്യാപകരുടെ ത്വരയും വിശപ്പ്‌ ശമിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ നെട്ടോട്ടവും അഭയം തേടിയലയുന്ന മുതിര്‍ന്നവരുടെ യാതനയും വളരെ വേദനാജനകമായാണ്‌ സമീറ പകര്‍ത്തിയിരിക്കുന്നത്‌. അധിനിവേശവും ബോംബ്‌സ്‌ഫോടനവും സൃഷ്‌ടിച്ച ദുരിതത്തേക്കാളൂം ദാരിദ്ര്യത്തേക്കാളും വലുതല്ല മനുഷ്യന്‌ വിദ്യാഭ്യാസമെന്ന തിരിച്ചറിവുമാണ്‌ സമീറ ഈ ചിത്രത്തിലൂടെ സമര്‍ത്ഥിക്കുന്നത്‌. പതിനാലാം വയസില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച സമീറതുടെ മാനസിക നിലപ്പാടുകളും ചിത്രത്തില്‍ വ്യക്‌തമാണ്‌.
അഫ്‌ഗാന്‍ സമകാലികജീവിതത്തിന്റെ നേര്‍കാഴ്‌ച്ചയാണ്‌ `അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍' എന്ന ചിത്രം. 2000 ല്‍ സമീറയ്‌ക്ക്‌ ഈ ചിത്രം കാന്‍ ഫിലിം ഫെസ്‌റ്റിവെല്ലില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടികൊടുത്തു. പാക്കിസ്‌ഥാനില്‍ കാണാതായ മകന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ അലയുകയാണ്‌ വൃദ്ധനായ അഭയാര്‍ത്ഥിയും പെണ്‍മക്കളും. പേരകുട്ടിയുടെ അസുഖം മൂര്‍ഛിക്കുകയാണ്‌. പരിഷ്‌ക്കരിച്ച വസ്‌ത്രവും ഹീലുള്ള ചെരുപ്പും ധരിക്കുന്നതില്‍ കടുത്ത മതവിശ്വാസിയായ വൃദ്ധന്‍ താഴെയുള്ള മകളെ അനുവദിക്കുന്നില്ല. അച്‌ഛന്റെ കണ്‍വെട്ടത്തുനിന്ന്‌ മാറുമ്പോള്‍ മാത്രമാണ്‌ അവള്‍ ഇഷ്‌ടപ്പെട്ട വേഷം ധരിക്കുന്നത്‌. മതം നിര്‍ബന്ധിക്കുന്ന വേഷം ധരിച്ചില്ലെങ്കില്‍ ഈശ്വരനിലേക്ക്‌ എത്തുകയില്ലെന്ന അന്ധവിശ്വാസത്തില്‍ ജീവിക്കുകയാണ്‌ വൃദ്ധന്‍. യുദ്ധത്തില്‍ മാത്രമല്ല മതം നിര്‍ബന്ധിക്കുന്ന വസ്‌ത്രം ധരിക്കുന്നതിലും മുസ്ലീംസ്‌ത്രീകള്‍ അസ്വസ്‌ഥതയും അസ്വാതന്ത്ര്യവും അനുഭവിക്കുന്നുവെന്ന സത്യമാണ്‌ സമീറ ചിത്രത്തിലൂടെ വെളിപ്പെടുത്തുന്നത്‌. അന്ധവിശ്വാസത്തിന്റെ മതില്‍ക്കെട്ടുകള്‍ ഭേദിക്കാനാണ്‌ സമീറ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. സിനിമ വെറും ആനന്ദത്തിനും ആസ്വാദനത്തിനും മാത്രമല്ല ഈ മാധ്യമത്തിലൂടെ പച്ചജീവിതങ്ങള്‍ അതേപടി പകര്‍ത്തി ലോകത്തോട്‌ സംവേദിക്കാനാകുമെന്നും സമീറ തെളിയിക്കുന്നു.

No comments: