സ്‌ത്രീകള്‍ സിനിമയെ സ്വന്തമാക്കുന്നു
ധനേഷ്‌കൃഷ്‌ണ
സിനിമയുടെ പുരുഷകേന്ദ്രീകൃതമേഖലയായ സംവിധാനരംഗത്തേയ്‌ക്ക് സ്‌ത്രീകള്‍ ആഗോളവ്യാപകമായി കൂട്ടത്തോടെ കടന്നുവരുന്ന പ്രവണത ഏറിവരുന്നതായി കാണാം. സ്‌ത്രീശരീരത്തെ കലാപരമായും വാണീജ്യത്തിനായും ഏറെ ചൂഷണം ചെയ്‌ത കലാരൂപവും സിനിമതന്നെ. നാല്‍പ്പതുവര്‍ഷത്തെ സിനിമയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അറുപതുകളില്‍ ഒറ്റയടിക്ക് തിരിത്തിയെഴുതിയ ഫ്രഞ്ച് നവതരംഗ സ്രഷ്‌ടാക്കളിലെ പ്രമുഖന്‍ ഴാങ് ലുക് ഗൊദാര്‍ദാണ് സ്‌ത്രീയെ ഏറ്റവും കൂടുതലായി ചൂഷണം ചെയ്‌തതെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ മനസിലാകും. സിനിമയുടെ വിപണന മേഖലമാത്രം ഉദ്ദേശിച്ചായിരുന്നു സ്‌ത്രീകളെ ചില സംവിധായകര്‍ സിനിമയുടെ ഭാഗമാക്കുന്നത്. എന്നാല്‍ സ്‌ത്രീവിഷയം ലൈംഗികതമാത്രമല്ലെന്നും സ്‌ത്രീക്ക് അവളുടേതായ അസ്‌തിത്വമുണ്ടെന്നും വാദിച്ച് രണ്ടു ദശകങ്ങളായി വിവിധ രാജ്യങ്ങളില്‍നിന്നായി സ്‌ത്രീകള്‍ കൂട്ടത്തോടെ ചലച്ചിത്രമേഖല കൈയടക്കുന്ന വര്‍ത്തമാനകാലമാണിത്. `ചലച്ചിത്രപ്രക്രിയ ഡോക്‌ടറുടെ ചികില്‍സപോലെയാണ്. ഡോക്‌ടര്‍ സ്‌ത്രീയായാലും പുരുഷനായാലും ചികില്‍സ നന്നായാല്‍ മതി' എന്ന് പറഞ്ഞ ഫ്രഞ്ച് സംവിധായിക കാതറിന്‍ കോര്‍സിനിയുടെ വാക്കുകളെ അനുകൂലിക്കുന്നവരാണ് വര്‍ത്തമാനകാല സ്‌ത്രീസംവിധായകര്‍.
ആഗ്നസ് വര്‍ദ
അമേരിക്കന്‍ സാങ്കേതിക സമ്പ്രദായങ്ങളോട് കലഹിച്ച് ഫ്രഞ്ച് നവതരംഗത്തിലെ ഗൊദാര്‍ദ്, ക്ലോദ് ഷബ്രോള്‍, ഫ്രാന്‍സോ ത്രൂഫോ തുടങ്ങിയ ഒരു കൂട്ടം പുരുഷസംവിധായകര്‍ക്കിടയില്‍ ആഗ്നസ് വര്‍ദ മാത്രമായിരുന്നു വനിതാസംവിധായികയായി ഉണ്ടായിരുന്നത് . ലോകസിനിമയിലെ മുത്തശി എന്ന് അറിയപ്പെടുന്ന ആഗ്നസ് വര്‍ദയുടെ സ്‌ഥാനം ലോകത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍തന്നെയാണ്. 2009-ലെ തിരുവനന്തപുരം ചലച്ചിത്രോല്‍സവത്തില്‍ ഫ്രഞ്ച് മാസ്‌റ്റേഴ്‌സിന്റെ പാക്കേജില്‍ ആഗ്നസ് വാര്‍ദയുടെ `ക്ലിയോ ഫ്രം 5 ടു 7 എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ആഗ്നസ് വാര്‍ദ ഫ്രാന്‍സില്‍ എന്ന പോലെ ഡൊറോത്തി ആര്‍സ്‌ന അമേരിക്കന്‍ സിനിമയിലെ ശക്‌തമായ സ്‌ത്രീ സാനിധ്യമായിരുന്നു. പുരുഷകൂട്ടത്തോട് ഒപ്പംനിന്ന് നൂതനമായ സ്‌ത്രീക്കാഴ്‌ചകള്‍ ലോകസിനിമയ്‌ക്ക് സംഭാവനചെയ്യാന്‍ ഡൊറോത്തി ആര്‍സ്‌നയ്‌ക്ക് കഴിഞ്ഞു. എഴുപതുകളില്‍ സ്‌ത്രീകള്‍ സംഘടിപ്പിച്ച സ്‌ത്രീപക്ഷ ചലച്ചിത്രമേളകള്‍ ചലച്ചിത്രമേഖലയിലേക്ക് സ്‌ത്രീകള്‍ക്ക് കടന്നുവരാനുള്ള സുഗമമായ കവാടമായിരുന്നു. സ്‌ത്രീ അവയവങ്ങളില്‍ ആനന്ദംകൊള്ളുന്ന ചലച്ചിത്രരീതിയാണ് പുരുഷന്റേതെന്ന് അമേരിക്കന്‍ സംവിധായികമാരായ ഇഡാലുപിനോ, ലിനാ വെര്‍ട്ട്‌മുള്ളര്‍, ജര്‍മന്‍ സംവിധായിക ലെനി റെയ്‌ഫെന്‍സ്‌റ്റാള്‍ എന്നിവര്‍ കുറ്റപ്പെടുത്തി. സമൂഹത്തില്‍ സ്‌ത്രീയ്‌ക്ക് മാതൃകാപരമായ സാനിധ്യം ഉണ്ടെന്നും കലയില്‍ സ്‌ത്രീയ്‌ക്ക് പുരുഷനെപ്പോലെതന്നെ സമാനതകള്‍ ഉണ്ടെന്നും ഇവരുടെ സിനിമകള്‍ ലോകത്തോട് പറഞ്ഞു. സ്‌ത്രീയുടെ വിഷയം രതിയും ലൈംഗികപീഡനവും മാത്രമാണെന്ന പുരുഷന്റെ കാഴ്‌ചപ്പാട് ശരിയല്ലെന്ന് വരുത്തകയായിരുന്നു ഇവര്‍. ഹംഗേറിയന്‍ ചലച്ചിത്രകാരി മാര്‍ത്ത മെഡോറസിന്റെ `നയന്‍ മന്ത്‌സ്, അഡോപ്‌ഷന്‍ തുടങ്ങിയ സിനിമകള്‍ സ്‌ത്രീയുടെ ഇടം കണ്ടെത്തുന്നവയായിരുന്നു. ലോല, ഡാന്‍സോണ്‍, ദി ഗാര്‍ഡന്‍ ഓഫ് ഈഡന്‍, വുമണ്‍ വിത്ത്‌ഔട്ട് എ ട്രേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ മെക്‌സിക്കന്‍ സംവിധായിക മറിയ നൊവാരോ മെക്‌സിക്കന്‍ സമാന്തര സിനിമയ്‌ക്ക് തുടക്കം കുറിച്ചു.
കാതറീന്‍ ബിഗ്‌ലോ
എന്‍പത്തിരണ്ടുവര്‍ഷത്തെ ഓസ്‌കാര്‍ ചരിത്രത്തെ വിസ്‌മയിപ്പിച്ച് 2009 ലെ ഓസ്‌കാര്‍ കാതറീന്‍ ബിഗ്‌ലോ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ മുന്‍ ഭര്‍ത്താവ് ജയിംസ് കാമറൂണിനെ പരാജയപ്പെടുത്തി ലോകസിനിമയുടെ നെറുകയിലെത്തുക മാത്രമല്ല ചെയ്‌തത് പുരുഷകേന്ദ്രീകൃത ചലച്ചിത്രമേഖലയെ നിര്‍വീര്യമാക്കുകയായിരുന്നു. കാതറീന്‍ ബിഗ്‌ലോയുടെ `ദ ഹര്‍ട്ട് ലോക്കര്‍' ജയിംസ് കാമറൂണിന്റെ `അവതാറി' നോട് കലഹിച്ച് മികച്ച ചിത്രം, സംവിധാനം ഉള്‍പ്പെടെ ആറു പ്രധാന ഓസ്‌കാറുകളാണ് സ്വന്തമാക്കിയത്. 1978ല്‍ `സെറ്റ് അപ്പ്' എന്ന ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവുമായാണ് കാതറീന്‍ ബിഗ്‌ലോ ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്.`ദ ഹര്‍ട്ട് ലോക്കര്‍' ഒരു സ്‌ത്രീപക്ഷ സിനിമയല്ല എന്നുള്ളതാണ് മറ്റൊരു സവിശേഷത. സ്‌ത്രീവിഷയം മാത്രമല്ല പുരുഷനെപോലെതന്നെ സ്‌ത്രീക്കും സിനിമയിലൂടെ ജീവിതഗന്ധിയായ മറ്റു വിഷയങ്ങളും പറയാനാകുമെന്ന് `ദ ഹര്‍ട്ട് ലോക്കര്‍' ലൂടെ കാതറീന്‍ തെളിയിച്ചു. ഹോളിവുഡിലെ പത്ത് മികച്ച വനിതാ സംവിധായികരായ അമീ ഹെക്കര്‍ലിങ്ങ് , ജൂലി ടൈമോര്‍, മേരി ഹരോണ്‍, ആനി ഫ്‌ളറ്റച്ചര്‍, ബെറ്റി തോമസ്, സോഫിയ കൊപ്പാള, കാതറിന്‍ ഹാര്‍ഡ്‌വിക്ക്, പെന്നി മാര്‍ഷല്‍, നാന്‍സി മേയേഴ്‌സ്, നോറ ഈഫ്‌റോണ്‍ എന്നിവര്‍ കാതറീന്‍ ബിഗ്‌ലോയുടെ സമകാലികരും പിന്‍തുടര്‍ച്ചക്കാരുമാണ്.
സമീറ മക്‌മല്‍ ബഫ്
1998ല്‍ `ആപ്പിള്‍' എന്ന പ്രഥമചിത്രത്തിലൂടെ ലോകസിനിമപ്രേമികളുടെപ്രശംസയും അംഗീകാരവും പിടിച്ചുപ്പറ്റിയ ഇനാനിയന്‍ സംവിധായിക സമീറ മക്‌മല്‍ ബഫിന് മുമ്പും ശേഷവും നിരവധി ഇനാനിയന്‍ സ്‌ത്രീകള്‍ സംവിധാനമേഖലയിലേക്ക് ധൈര്യപൂര്‍വം കടന്നുവന്നു. ആപ്പിളിലൂടെ സ്‌ത്രീകളില്‍ അടിച്ചമര്‍ത്തപ്പെട്ട മതനിയമങ്ങളെ ചോദ്യം ചെയ്യാനാണ് സമീറ ശ്രമിച്ചത്. 30 രാജ്യങ്ങളിലായി 100ല്‍പരം അന്താരാഷ്‌ട്ര മേളകളില്‍ ആപ്പിള്‍ പ്രദര്‍ശിപ്പിച്ചു. 18-ാമത്തെ വയസില്‍ കാന്‍ ചലച്ചിത്രമേളയില്‍ ക്ഷണിക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയെന്ന കീര്‍ത്തിയും സമീറയ്‌ക്ക് സ്വന്തം. ബ്ലാക്ക് ബോര്‍ഡ്, അറ്റ് ഫൈവ് ഇന്‍ ദ ആഫ്‌റ്റര്‍ നൂണ്‍, ടു ലെഗ്‌ഡ് ഹോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സമീറ ചൂണ്ടിക്കാട്ടിയത് ഇറാനിയന്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും ദുരിതവും അസ്വാതന്ത്ര്യവുമായിരുന്നു. രണ്ടു ദശകങ്ങളിലായി ഇറാന്‍ സിനിമാമേഖലയിലേക്ക് കടന്നുവന്നത് 20 ഓളം സ്‌ത്രീ സംവിധായകരായിരുന്നു. ദാരിഷ് മെഹൃജൂയി, യാസാമിന്‍മലേറ്റ്, റക്ഷാന്‍ ബാനി, ദെരക്ഷാന്ദെ, ലൈല മിര്‍ഹദി, താമിഷ് മിലാനി, ഹന മക്‌മല്‍ ബഫ്, നികി കരിമി, സഹറ, മോണ സദി ഹജി തുടങ്ങിയ വനിതാസംവിധായകര്‍ സ്‌ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍തന്നെയാണ് ഏറ്റുപറഞ്ഞത്.
തിരുവനന്തപുരത്ത് നടന്ന 2007, 2008, 2009, 2010 വര്‍ഷങ്ങളിലെ മേളകള്‍ പിശോധിച്ചാല്‍ മനസിലാകുന്നത് ഒരു കൂട്ടം സ്‌ത്രീകളുടെ ചലച്ചിത്രമേഖലയിലേക്കുള്ള കടന്നുക്കയറ്റമാണ്.
2007ലെ മേളയില്‍ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ നേടിയത് സ്‌ത്രീകളായിരുന്നു. ലാറ്റിനമേരിക്കന്‍ പെണ്‍ചിത്രങ്ങള്‍ സ്‌ത്രീകളുടെ കരുത്തും സാനിധ്യവും സൂചിപ്പിക്കുന്ന അഭ്രപ്രതിഷേധങ്ങളായിരുന്നു. സുവര്‍ണ ചകോരം പങ്കിട്ടത് ഇറാന്‍ സംവിധായിക മാനിയ അക്‌ബാരിയയും (ടെന്‍ പ്ലസ് ഫോര്‍) അര്‍ജന്റീനിയന്‍ സംവിധായിക ലൂസിയ പ്യന്‍സിയോയുമാണ്(എക്‌സ് എക്‌സ് വൈ). ഫിപ്രസി പുരസ്‌കാരം നേടിയത് ബ്രസീല്‍ സംവിധായിക ടെറസാ പ്രാതയുമാണ് (സ്ലീപ് വോക്കിംഗ് ലാന്‍ഡ്).
2008 ലെ മേളയുടെ വിധിനിര്‍ണയിച്ചവരില്‍ സമീറ മക്‌മല്‍ ബഫ് (ഇറാന്‍), ലൂസിയ മുറാറ്റ്(ബ്രസീല്‍), സീതോറ അലീവ (റഷ്യ) എന്നീ സ്‌ത്രീസംവിധായകരും കൂടിയായിരുന്നു. പോസ്‌റ്റല്‍സ് ദെ ലെനിന്‍ ഗ്രാഡോ എന്ന ചിത്രത്തിന് വെനിസ്വേല സംവിധായിക മരിയന്‍ റാന്‍ണ്ടന്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരംനേടി. സിംഗപൂര്‍ സംവിധായിക നെന്‍ ത്രിവേണിയുടെ ഫോട്ടോഗ്രാഫ്, നന്ദിതാദാസിന്റെ ഫിറാഖ്, പാലസ്‌തീന്‍-അമേരിക്കന്‍ സംവിധായിക ആനിമേരി ജസിന്റെ ലൈക് ട്വെന്റി ഇംപൊസിബിള്‍ എന്നീചിത്രങ്ങളും സ്‌ത്രീ ഇടപെടുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്‌തത്.
2009ല്‍ പ്രദര്‍ശിപ്പിച്ച ഏഴ് പുതുമുഖ ഫ്രഞ്ച് സംവിധായകരില്‍ അഞ്ചു പേരും സ്‌ത്രീകളായിരുന്നു. മിയ ഹന്‍സണ്‍ ലൗ(ഓള്‍ ഈസ് ഫോര്‍ഗിവണ്‍), ജമീല സഹറോണി(ബറാക്ക), കരീനേ ടര്‍ഡ്യൂ( ഇന്‍ മംസ് ഹെഡ്), ബെര്‍ത്തലമി ക്രോസ്‌മാന്‍(13 സ്‌ക്വയര്‍ മീറ്റര്‍), സെലീനേ ഷിയാമാ( വാട്ടര്‍ ലില്ലീസ്) എന്നീ സംവിധായികമാര്‍ പറഞ്ഞത് സ്‌ത്രീ കേന്ദ്രീകൃത വിഷയങ്ങളായിരുന്നു.
2010 ല്‍ ക്രൊയേഷ്യ , സ്ലോവിയ , മസിണ്ടോണിയ, ബോസ്‌നിയ, സെര്‍വിയ എന്നീ അഞ്ചു രാജ്യങ്ങളില്‍നിന്നായി അഞ്ച്‌സ്‌ത്രീകളുടെ സംയോജിത സിനിമ `സം അതര്‍ സ്‌റ്റോറീസ് ' മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഗബ്രിയേല്‍ ഗാര്‍സി മാര്‍ക്കേസിന്റെ നോവലിന്റെ കഥാതന്തു പ്രമേയമാക്കി അതേ പേരില്‍ സ്‌പാനീഷ് സംവിധായക ഹില്‍ഡ ഹിഡാല്‍ഗോ സംവിധാനം ചെയ്‌ത `ഓഫ് ലൗ ആന്‍ഡ് അദര്‍ ഡിമെന്‍സ്' വ്യത്യസ്‌ത ദൃശ്യാനുഭവം നല്‍കി.
2010ലെ 15-ാമത് ചലച്ചിത്രമേളയിലെ `വുമന്‍പാക്കേജി'ല്‍ 15 ഓളം സ്‌ത്രീസംവിധായകരുടെ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. എട്ടുവര്‍ഷമായി തിരുവനന്തപുരം മേളയുടെ ഫെസ്‌റ്റിവല്‍ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെ ആദ്യത്തെ വനിത എഡിറ്ററായ ബീനാപോളാണ്.
പീപ്പ്‌ലി ലൈവും ശെങ്കടലും
2010ല്‍ ഇന്ത്യന്‍ സിനിമയില്‍ സ്‌ത്രീ സംവിധായകരുടെ യുവസാനിധ്യം വെളിപ്പെടുത്തിയ രണ്ടു ചിത്രങ്ങളാണ് പീപ്പ്‌ലി ലൈവും ശെങ്കടലും. കോര്‍പ്പറേറ്റ് നിര്‍മ്മാതാക്കള്‍ക്ക് അടിമയാകുന്ന വാണീജ്യ സംവിധായകര്‍ക്ക് ഒരു താക്കീതാണ് മാധ്യപ്രവര്‍ത്തകയായ അനുഷ റുസ്‌വിയുടെ പ്രഥമ ഫീച്ചര്‍ സിനിമ പീപ്പ്‌ലി ലൈവും(ഹിന്ദി) ഡോക്യുമെന്ററി സംവിധായകയായ ലീന മണി മേഘലലുടെ പ്രഥമ ഫീച്ചര്‍ സിനിമ ശെങ്കടലും (തമിഴ്). ചൂഷണത്തിന് വിധേയനാകുന്ന ഇന്ത്യന്‍ കര്‍ഷകന്റെ പച്ചജീവിതം പറയുന്ന പീപ്പ്‌ലി ലൈവ് 2010ലെ വിദേശഭാഷാ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ്. തമിഴ് സംവിധായിക ലീന മണിമേകലയുടെ `ശെങ്കടല്‍' ശ്രീലങ്കന്‍ അഭയാര്‍ഥി ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്. `ശെങ്കടല്‍' തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിലഭിക്കാത്തതിനെത്തുടര്‍ന്ന് ലീന കോടതിയെ സമീപിച്ചിരിക്കുകയാണ്.
ദീപ മേത്ത (ഫയര്‍, വാട്ടര്‍, എര്‍ത്ത്), മീരാനായര്‍(സലാംബോംബെ, കാമസൂത്ര, മണ്‍സൂണ്‍ വെഡിംഗ്), അപര്‍ണാസെന്‍( ജപ്പാനീസ് വൈഫ് , യുഗന്ത്, മിസ്‌റ്റര്‍ ആന്‍ഡ് മിസീസ് അയ്യര്‍ ) എന്നിവര്‍ സ്‌ത്രീ കേന്ദ്രീകൃത വിഷയങ്ങളായിരുന്നു വെളിപ്പെടുത്തിയത്. 1978ല്‍ മീരാനായരുടെ സലാംബോംബെ വിദേശഭാഷാചിത്രത്തിനുള്ള ഓസ്‌കാര്‍ വിഭാഗത്തില്‍ മല്‍സരിച്ചിരുന്നു. അപര്‍ണാസെന്നിന്റെ ജപ്പാനീസ് വൈഫും വിദേശ ഓസ്‌കാറിനുള്ള ആദ്യപട്ടികയില്‍ പീപ്പ്‌ലി ലൈവിനൊപ്പം ഉണ്ടായിരുന്നു.
1930 കളില്‍ അമേരിക്കന്‍ സിനിമയില്‍ അഭിനേത്രിയായി കടന്നുവന്ന് പിന്നീട് സംവിധാനത്തിലേക്ക് ചുവട് മാറിയവരാണ് ഇഡാലുപിനോയെപോലെ അപര്‍ണാസെന്‍, സുഹാസിനി(ഇന്ദിര), രേവതി( മിത്ര് മൈ ഫ്രണ്ട്), നന്ദിതാദാസ്(ഫിറാഖ്), ഷീല(ശിഖിരങ്ങള്‍), അംബിക(അനാബെല്ല), രോഗിണി(പമ്പരം) എന്നിവര്‍. കോറിയോഗ്രഫിക്കുള്ള ദേശീയ പുരസ്‌കാരം കരസ്‌ഥമാക്കിയ ഫറാ ഖാന്‍ (മേം ഹും നാം, ഓം ശാന്തി ഓം, തീസ് മാര്‍ ഖാന്‍) പിന്നീട് സംവിധാന-നിര്‍മ്മാണ രംഗത്തേക്ക് ചുവട് മാറി. അമീര്‍ഖാന്റെ ഭാര്യ കിരണ്‍ റോയി `ധോബി ഘട്ട്' എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.
ഹിന്ദി, ബംഗാളി, തമിഴ് സ്‌ത്രീകള്‍ സിനിമ കൈയടക്കിയപ്പോള്‍ മലയാളസിനിമയിയില്‍ സ്‌ത്രീകള്‍ ശക്‌തമായ പ്രവേശനം ഇതുവരെ നടത്തിയിട്ടില്ലെന്നാണ് വസ്‌തവം. ഈയിടെ ചെറുപ്പക്കാരികളായ മൂന്ന് പേര്‍ ഹ്രസ്വ ചിത്രങ്ങളുമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് ശ്രദ്ധേയമായി. ഗീതുമോഹന്‍ദാസിന്റെ `കേള്‍ക്കുന്നുണ്ടോ' , അഞ്‌ജലിമേനോന്റെ `ഹാപ്പി ജേണി', ശ്രീബാല കെ. മോനോന്റെ `പന്തിഭോജനം' തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ മലയാളസിനിമയിലെ സ്‌ത്രീകളുടെ സാനിധ്യം അറിയിച്ചവയാണ്. ഇവര്‍ മൂന്ന് പേരും മലയാള സിനിമയുടെ സംവിധാനരംഗത്ത് സജീവമാകാന്‍ പോകുന്നുവെന്നത് ആശ്വാസകരമാണ്.
No comments:
Post a Comment