
ലോകജീവിതത്തിന്റെ സ്‌ക്രീനായി അനന്തപുരി
ധനേഷ്‌കൃഷ്‌ണ
ധനേഷ്‌കൃഷ്‌ണ
12 ാം മത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ തിരിതെളിയുമ്പോള്‍ മുതല്‍ മേളയുടെ തിരശ്ശീല വീഴുന്നത് വരെയുള്ള എട്ട് ദിനരാത്രങ്ങളില്‍ (ഡിസബര്‍ ഏഴ് മുതല്‍ 14 -2007)അനന്തപുരിയിലെത്തിയ ചലച്ചിത്രപ്രേമികള്‍ ലോകവുമായി മുഖാമുഖം സംവേദിക്കുകയായിരുന്നു.
സ്‌നേഹം, ചൂഷണം, പീഢനം ,യുദ്ധം, അധിനിവേശം, ചെറുത്ത്‌നില്‍പ്പ്, സ്വവര്‍ഗരതി, ലിംഗമാറ്റശസ്‌ത്രക്രിയ, പ്ലാസ്‌റ്റിക്ക് സര്‍ജറി, ദ്വിലിംഗസവിശേഷത, മാരകരോഗം തുടങ്ങിയ മനുഷ്യജീവിതത്തിന്റെ നാനതുറകളില്‍ വരുന്ന സങ്കീര്‍ണവും വൈവിധ്യവുമാര്‍ന്ന ഇതിവൃത്തങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളുടെ പ്രമേയങ്ങളായിരുന്നു. ലോകപ്രശസ്‌ത ഇറാന്‍ സംവിധായകന്‍ മഖ്‌മല്‍ ബഫിന്റെ മകള്‍ ഹന മഖ്‌മല്‍ബഫ് സംവിധാനംചെയ്‌ത ലജ്‌ജയാല്‍ തകര്‍ന്ന ബുദ്ധന്‍ പ്രദര്‍ശിപ്പിച്ചാണ് മേളയ്‌ക്ക് തിരശ്ശീല ഉയര്‍ന്നത്. ലളിതമായ അഭ്രഭാഷ്യത്തിലൂടെ ഗൗരവമായ ഒരു വിഷയം കൈക്കാര്യം ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ പത്തൊമ്പത്‌കാരിയായ ഹന മഖ്‌മല്‍ ബഫ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അറിവ് നേടാനുള്ള മനുഷ്യന്റെ ദ്വരയാണ് ഈ ചിത്രത്തിലൂടെ ഹന വെളിപ്പെടുത്തുന്നത്. ആറുവയസ്സുകാരി ബക്‌ത സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്‌കൂളിലേക്ക് പോകുവാന്‍ പുസ്‌തകവും പെന്‍സിലും വേണമെന്ന് മനസിലാക്കിയ ബക്‌ത കോഴിമുട്ട വിറ്റ് പുസ്‌തകം വാങ്ങുന്നു. പെന്‍സിലായി അവള്‍ അമ്മയുടെ ലിപ്‌സ്‌റ്റിക്ക് ഉപയോഗിക്കുന്നു. പെണ്‍ക്കുട്ടികള്‍ക്കുള്ള സ്‌കൂള്‍ നദിയുടെ അക്കരെയാണ്. പോകുന്ന വഴിയില്‍ ആണ്‍ക്കുട്ടികള്‍ അവളെ തടഞ്ഞ് നിറുത്തി താലിബാന്‍ എന്ന പേരില്‍ യുദ്ധം കളിക്കുകയാണ്. `എനിക്ക് യുദ്ധം കളിക്കണ്ട പടിച്ചാല്‍ മതി' എന്ന ചുട്ടമറുപടികൊടുത്താണ് ബക്‌ത ആണ്‍ക്കുട്ടികളെ നേരിടുന്നത്. ആഗോളതലത്തിലുള്ള യുദ്ധകൊതിയന്‍മാര്‍ക്കെതിരെയുള്ള പ്രതിഷേധമാണിത്. ചലച്ചിത്രപ്രേമികളെ വിസ്‌മയിപ്പിച്ച് 230 ഓളം സിനിമകളാണ് ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചത്. യൂറോപ്പിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്ത് നിന്നുള്ള ബാല്‍ക്കന്‍ ചിത്രങ്ങളും ലാറ്റിനമേരിക്കന്‍ പെണ്‍ചിത്രങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. ഇന്ത്യയിലാദ്യമായാണ് ബാല്‍ക്കന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കരീബിയന്‍ പാക്കേജ് , സമകാലിക ഇന്ത്യന്‍ സിനിമ, സമകാല മലയാളസിനിമ എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. ഈയിടെ അന്തരിച്ച ബര്‍ഗമാന്‍ , അന്റോണിയോണി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് സിനിമാപ്രേമികള്‍ക്ക്‌ഹൃദ്യാനുഭവമായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 66 ചിത്രങ്ങളും 11 ഡോക്യുമെന്റെറികളും 28 ഹ്രസ്വചിത്രങ്ങളും വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.കൂടാതെ റെട്രോസ്‌പെക്‌റ്റീവ് വിഭാഗത്തില്‍ ജിറിമെന്‍സില്‍,പെട്രോ അല്‍മോദൊവര്‍, ഇം ക്വാണ്‍ ടീക്ക്, പി.ഭാസ്‌ക്കരന്‍ എന്നിവരുടെ സിനിമകളും പ്രദര്‍ശിപ്പിച്ചു. മല്‍സരവിഭാഗത്തില്‍ പതിനാല്‌ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മനിയ അക്‌ബാരിയുടെ ടെന്‍ പ്ലസ് ഫോര്‍(ഇറാന്‍), നീല്‍ ബുബോയുടെ കാസ്‌ക്കറ്റ് ഫോര്‍ ഹൈര്‍(ഫിലിപൈന്‍സ്), അബ്‌ദുള്ള ഓഗസിന്റെ ബ്ലിസ്(തുര്‍ക്കി), അടൂരിന്റെ നാല്‌പെണ്ണുങ്ങള്‍(മലയാളം), ഴാങ് യോങിന്റെ ഗെറ്റിംഗ്‌ഹോം (ചൈനീസ്), അഗ്നിദേവ്‌ചാറ്റര്‍ജിയുടെ ലോര്‍ഡ് ലെറ്റ് ദ ഡെവില്‍ ടെയ്‌ക്ക് മൈ സോള്‍(ബംഗാളി), ടെരേസ്സ പ്രാതയുടെ സ്ലീപ് വോക്കിംഗ് ലാന്‍ഡ്(പോര്‍ച്യുഗൂസ്), കരിം എയ്‌നോസിന്റെ സൂയ്‌ലി ഇന്‍ ദ സ്‌കൈ(ബ്രസീല്‍), ഴുവാങ് യുക്‌സിന്റെ ടീത്ത് ഓഫ് ലൗ(ചൈനീസ്), പി.ടി.കുഞ്ഞിമുഹമ്മദിന്റെ പരദേശി(മലയാളം), അല്‍ഫോന്‍സോ ഗസിറ്റോയുടെ ദ കിംഗ് ഓഫ് സാന്‍ ഗ്രിഗോറിയോ(സ്‌പാനീഷ്) ഇംസാന്‍ഗ്‌സൂവിന്റെ ദ ഓള്‍ഡ്‌ഗാര്‍ഡന്‍(സൗത്ത്‌കൊറിയ) റൂബല്‍ ഇമാസിന്റെ ടര്‍ട്ടില്‍ ഫാമിലി(മെക്‌സിക്കോ), ലൂസിയ പുന്‍സോയുടെ എക്‌സ് എക്‌സ് വൈ(അര്‍ജന്റീനിയ). സുവര്‍ണചകോരം പങ്കിട്ട മാനിയ അക്‌ബാരിയുടെ ടെന്‍ പ്ലസ് ഫോറും ലൂസിയ പുന്‍സോയുടെ എക്‌സ് എക്‌സ് വൈയും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്‌പാക്ക് പുരസ്‌ക്കാരവും പ്രേക്ഷകര്‍ പുരസ്‌ക്കാരവും നേടിയ ഴാങ് യോങിന്റെ ഗെറ്റിംഗ് ഹോമും കണ്ടിറങ്ങുമ്പോള്‍ സിനിമാപ്രേമികളില്‍ ഇതുവരെ ഉണ്ടാകാത്ത ചില ചലച്ചിത്ര വ്യതിയാനങ്ങള്‍ സൃഷ്‌ടിച്ചു.
പുരസ്‌ക്കാരങ്ങള്‍ നിര്‍ണക്കുന്നതിന് മുമ്പേ തന്നെ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രമായിരുന്നു ചൈനീസ് ചിത്രമായ ഴാങ് യോങിന്റെ ഗെറ്റിംഗ് ഹോം. കഴിഞ്ഞ മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍കണ്ട ചിത്രം പെട്രോ അല്‍മദോവറിന്റെ വോള്‍വറും കിം കി ഡുക്കിന്റെ ദേ ബോയുമാണെങ്കില്‍ ഈ മേളയില്‍ സിനിമാപ്രേമികളെ ഒന്നടങ്കം ആകര്‍ഷിച്ച ചിത്രം ഴാങ് യോങിന്റെ ഗെറ്റിംഗ് ഹോമാണ്. കലാരൂപമെന്ന നിലയിലും ആസ്വാദനഉപാധിയെന്ന നിലയിലും ഗെറ്റിംഗ്‌ഹോം സിനിമാപ്രേമികളെ സംതൃപ്‌തരാക്കി. ഉപഭോഗസംസ്‌ക്കാരത്തിന്റെ പ്രച്‌ഛന്നവേഷങ്ങളെയും പൊള്ളത്തരങ്ങളെയും കുറിച്ച് നമ്മെ ബോധവാന്‍മാരാക്കുകയാണ് ചൈനീസ്‌ചിത്രമായ ഗെറ്റിംഗ് ഹോം.ചൈനയില്‍ നിലനിന്നിരുന്ന ധാര്‍മികമൂല്യങ്ങളും നന്‍മകളുമെല്ലാം ചോര്‍ന്ന് പോയതായി ഗെറ്റിംഗ് ഹോം നമ്മെ ഓര്‍മപ്പെടുത്തുന്നു.നഗരങ്ങളുടെ ക്രൂദ്ധമുഖങ്ങളും ഗ്രാമങ്ങളുടെ നിഷ്‌കളങ്ക മുഖങ്ങളും ഴാങ് യോങ് ഈ ചിത്രത്തിലൂടെ കാണിച്ച് തരുന്നു. സാവോ എന്ന മരിക്കാത്തമനുഷ്യനും ലിയു എന്ന മരിച്ചമനുഷ്യനുമാണ് ഗെറ്റിംഗ് ഹോമിലെ പ്രധാനകഥാപാത്രങ്ങള്‍.ഉഗ്രമദ്യപാനികളായ രണ്ട്‌പേരും ഉറ്റസുഹൃത്തുക്കളായിരുന്നു.ചൈനയുടെ രണ്ട് ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിട പണിക്ക് വന്നവരാണിവര്‍.മദ്യപിച്ച് കൊണ്ടിരിക്കെ ലിയു അപ്രതീക്ഷിതമായി മരിക്കുന്നു. സുഹൃത്തിനോട് പറഞ്ഞവാക്ക് നിറവേറ്റാനായി സാവോ മൃതദേഹവും ചുമന്ന് ചൈനയുടെ ഒരറ്റത്ത് നിന്ന് മറ്റെ അറ്റത്തേക്ക് പോകുന്നു. വഴിയില്‍ ലിയോ് നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ഗെറ്റിംഗ് ഹോമിന്റെ പ്രമേയം. സുഹൃത്തിന്റെ മൃതദേഹവും ചുമന്നുള്ള യാത്രയില്‍ സാവോ ഹൃദയമുള്ള മോഷ്‌ടാവിനെയും കരുണയുള്ള വിദ്യാര്‍ത്ഥികളയും നിഷ്‌കളങ്കരായ തൊഴിലാളികളെയും അഭയം തരുന്ന ഗ്രാമീണരെയും കണ്ടുമുട്ടുന്നു.അതോടൊപ്പം തന്നെ നോക്കി കളിയാക്കി ചിരിക്കുന്നവരെയും പുച്‌ഛിക്കുന്നവരെയും വഞ്ചിക്കുന്നവരെയും ശകാരിക്കുന്നവരെയും മര്‍ദ്ദിക്കുന്നവരെയും കണ്ട്‌മുട്ടുന്നു.സകല വേദനകളും വിശപ്പും ദാഹവും സഹിച്ച് സാവോ സുഹൃത്തിന്റെ മൃതദേഹം ചുമന്ന് നഗരങ്ങളും ഗ്രാമങ്ങളും കടന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് എത്തുന്നതോടെ ഗെറ്റിംഗ്‌ഹോമിന്റെ തിരശ്ശീല വീഴുന്നു. ആനുകാലിക ചൈനയുടെ പരിഛേദമാണ് ഗെറ്റിംഗ്‌ഹോം . ചൈനയില്‍ മാത്രം ഒതുങ്ങികുടുന്നതല്ല ഗെറ്റിംഗ്‌ഹോമിന്റെ ആനുകാലിക പ്രസക്‌തി ആഗോളതലത്തിലും നിലനില്‍ക്കുന്നതാണതെന്ന് നമ്മെ ഉദ്‌ഘോപ്പിക്കുന്നു.
സുവര്‍ണ ചകോരംപങ്കിട്ട ടെന്‍ പ്ലസ് ഫോറും എക്‌സ് എക്‌സ് വൈയും പുരുഷന്‍ ഇതുവരെ കാണാത്ത സ്‌ത്രീയുടെ വൈകാരികതലങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ട്‌പോകുന്നത്.ഈ രണ്ട് ചിത്രങ്ങളുടെയും മികച്ചചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയ സ്ലീപ് വോക്കിംഗ് ലാന്‍ഡിനും അഭ്രഭാഷ്യം ഒരുക്കിയിരിക്കുന്നത് സ്‌ത്രീകളാണ് എന്നുളളതാണ് മറ്റൊരു സവിശേഷത. അബാസ്‌കിയരൊസ്‌താമിയുടെ ടെന്‍ എന്ന ചിത്രത്തിന്റെ പിന്‍തുടര്‍ച്ചയാണ് ടെന്‍ പ്ലസ് ഫോര്‍.ടെന്‍ പ്ലസ് ഫോറിന്റെ സംവിധായിക മാനിയ അക്‌ബാരിതന്നെയാണ് ഇതിലെ പ്രധാന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്.അവരുടെ പച്ചയായ ജീവിതം തന്നെയാണ് സെല്ലുലോയ്‌ഡില്‍ പകര്‍ത്തിയിരിക്കുന്നത്.ക്യാന്‍സര്‍ രോഗിയായ അവര്‍ കാറോടിച്ച്‌കൊണ്ട് തന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുകയാണ്.അസുഖം മൂര്‍ച്ചിക്കുന്നതോടെ അവര്‍ക്ക് കാറോടിക്കാന്‍ കഴിയാതെ വരുന്നു.തുടര്‍ന്നുള്ള അവരുടെ യാത്ര കാറിന്റെ പിന്‍സീറ്റിലാകുന്നു.ചിത്രത്തില്‍ സംവിധായിക ക്യാമറ ഉപയോഗിച്ചിരിക്കുന്നത് സാധാരണകഥാചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമായാണ്.ക്യാമറ ഒരു കരാളരുപത്തെ പോലെയാണ് അവരെ പിന്‍തുടരുന്നത്.ക്യാന്‍സറിന്റെ ആക്രമമനോഭാവമാണ് ക്യാമറാ ചലനത്തിലുടെ സംവിധായിക ദൃശ്യവല്‍ക്കരിക്കുന്നത്.സ്‌ത്രീയുടെ സ്വകാര്യ വ്യഥകളും ഒറ്റപെടലും സ്‌തീയുടേത് മാത്രമാണെന്നാണ് മാനിയ തന്റെ ചിത്രത്തിലൂടെ പറയുന്നത്.ഈ ചലച്ചിത്രസൃഷ്‌ടി അക്‌ബാരിക്ക് മികച്ച സംവിധായികക്കുള്ള രജതചകോരവും നേടികൊടുത്തു. എക്‌സ് എക്‌സ് വൈ എന്ന ചിത്രത്തിലൂടെ സംവിധായിക ലൂസിയ പ്യൂന്‍സിയോ സ്‌ത്രീയുടെ പരിഹാരമില്ലാത്ത ഒരു സമസ്യയെ കൈകാര്യം ചെയ്യുകയാണ്. പുരുഷസംവിധായകരുടെ വീക്ഷണങ്ങള്‍ എത്തിയിട്ടില്ലാത്ത അപൂര്‍വ്വവും അജ്‌ഞാതവുമായ കോണിലേക്കാണ് ഈ വനിതാസംവിധായിക കണ്ണോടിക്കുന്നത്. കാന്‍ ഫിലിം ഫെസ്‌റ്റിവെല്ലില്‍ രണ്ട് പുരസ്‌ക്കാരങ്ങള്‍ നേടിയ എക്‌സ് എക്‌സ് വൈ നിരവധിമേളകളില്‍ ചലച്ചിത്രപ്രേമികളെ വിസ്‌മയത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ചിത്രമാണ്. പതിനഞ്ച് വയസ്‌കാരി അലക്‌സിന് ഒരു രഹസ്യമുണ്ട്. അവള്‍ സമപ്രായകാരനുമായി അനുരാഗത്തിലാകുന്നതോടെയാണ് ആ രഹസ്യം അലക്‌സിയെ മാനസികസംഘര്‍ഷത്തിന് വിധേയമാക്കുന്നതും വൈകാരികമായിമുറിവേല്‍പ്പിക്കുകയും ചെയ്യുന്നത്. അലക്‌സിയുടെ ദ്വിലിംഗ സവിശേഷത മനസിലാകുന്ന കാമുകന്റെ പ്രതികരണവും അവളെ സങ്കീര്‍ണമായ ചിന്തയിലാഴ്‌ത്തുന്നു. ഒരേ സമയം ആണ്‍-പെണ്‍ വികാരത്തിന് അടിമയകുന്ന അലക്‌സിയുടെ അപൂര്‍വ്വസവിശേഷത പ്രേക്ഷകരേയും ചില സങ്കീര്‍ണലൈംഗിക മേഖലകളിലേക്ക് കൊണ്ട് പോകുന്നു.
മേളയിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌ക്കാരത്തിന് അര്‍ഹമായ ടെരസ്സാ പ്രാതയുടെ സ്ലീപ് വോക്കിംഗ് ലാന്‍ഡ് മറ്റൊരു വിസ്‌മയമായിരുന്നു. മൊസാമ്പിക്കിലെ ആഭ്യന്തര യുദ്ധത്തിന്റെ പശ്‌ചാതലത്തില്‍ മിയോകൂട്ടോ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് സ്ലീപ് വോക്കിംഗ് ലാന്‍ഡ്. ഭൂതകാലത്തിന്റെ ദുരിതവും വ്യഥകളും പേറി യുദ്ധഭൂമിയിലൂടെ അലയുകയാണ് എട്ട് വയസ്സ്‌കാരന്‍ മുയിഡിംഗയും അവന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന മധ്യവയസ്‌ക്കന്‍ തൗഹീറും. ആ രണ്ട് പേരും കുടുംബവും ബന്ധുക്കളും നഷ്‌ടപ്പെട്ടവരാണ്.കത്തികരിഞ്ഞ ബസില്‍ നിന്ന് അവര്‍ക്ക് ഒരു പുസ്‌തകം കിട്ടുന്നു. മുയിഡിംഗ അത് തൗഹീറിനെ വായിച്ച് കേള്‍പ്പിക്കുന്നു. ഗ്രാമത്തില്‍ നിന്ന് യുദ്ധ ഭീഷണി ഭയന്ന് കടല്‍മാര്‍ഗം വഴി ഒറ്റപ്പെട്ട കപ്പലില്‍ അഭയംതേടിയ കാന്‍സുവിന്റെ കഥയാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം.കാന്‍സു കപ്പലില്‍ തന്റെ മകനെ തേടി കണ്ണീരൊഴുക്കുന്ന ഫരീദയെന്ന സ്‌ത്രീയെ കണ്ടുമുട്ടുന്നു. കാന്‍സു ആ സ്‌ത്രീയുടെ മകനെ അന്വേഷിച്ച് യുദ്ധ ഭൂമിയിലേക്ക് തിരിച്ച് വന്ന് , കൊല്ലപെടുന്നു. അമ്മയെ നഷ്‌ടപ്പെട്ട മുയിഡിംഗ ആ പുസ്‌തകത്തിലൂടെ തന്റെ സ്വത്വം തിരിച്ചരിയുന്നു. യുദ്ധം സമൂഹത്തില്‍ ഏല്‍പിക്കുന്ന മുറിപാടുകളും നഷ്‌ടങ്ങളുമാണ് ഈ ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്. ഈ മേളയില്‍ എത്തിയ ചലച്ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മനസിലാകുന്നത് .
ഒരു കൂട്ടം സ്‌ത്രീകളുടെ ചലച്ചിത്രമേഖലയിലേക്കുള്ള കടന്ന് കയറ്റമാണ്. ഒരുപക്ഷേ അവരുടെ പ്രശ്‌നങ്ങള്‍ പറയാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ മാധ്യമം സിനിമയായിരിക്കും. പത്തൊമ്പത്‌കാരി ഹന മഖ്‌മല്‍ ബഫിന്റെ ലജ്‌ജയാല്‍ തകര്‍ന്ന ബുദ്ധന്‍ എന്ന ഉദ്‌ഘാടനചിത്രം തന്നെയെടുക്കാം. ഭീകരവാദവും അധിനിവേശവും സൃഷ്‌ടിച്ച ദുരന്തമാണ് ഈ ചിത്രം നമ്മെ ബോധവാന്‍മാരാക്കുന്നത്. പെണ്‍ക്കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്‌ഹാനിസ്‌ഥാനിലെ ഇപ്പോഴത്തെ ജീവിതാവസ്‌ഥയുടെ പരിഛേദമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ലാറ്റിനമേരിക്കന്‍ പെണ്‍ചിത്രങ്ങള്‍ സ്‌ത്രീയുടെ കരുത്തും ചെറുത്തുനില്‍പ്പും ദൃശ്യവല്‍ക്കരിക്കുന്ന അഭ്രപ്രതിഷേധങ്ങളായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ചിത്രമായ ഡാരിയല്‍ റൂഡ്‌ദിന്റെ മേഴ്‌സിയും പെട്രോഅല്‍മൊദോവറിന്റെ ഓള്‍ എബൗട്ട് മൈ മദറും അബ്‌ദുളള ഓഗസിന്റെ ബ്ലിസും ചൈനീസ് ചിത്രമായ ലോസ്‌റ്റ് ഇന്‍ ബീജിംഗിം എല്ലാം സ്‌ത്രീയുടെ ആശയും പ്രത്യാശയും ആവിഷ്‌കരിക്കുന്ന ചിത്രങ്ങളായിരുന്നു.
പുരുഷസംവിധായകരുടെ ചിത്രങ്ങളും സ്‌ത്രീയുടെ പ്രശ്‌നങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്‌തത്. അടൂര്‍ഗോപാലകൃഷ്‌ണന്റെ നാല് പെണ്ണുങ്ങള്‍ അതിന് ഒരു ഉദാഹരണമാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യഫീച്ചര്‍ സിനിമയുടെ സ്രഷ്‌ടാവ് സെംബീന്‍ ഉസ്‌മാനിന്റെ പ്രദര്‍ശിപ്പിച്ചചിത്രങ്ങളിലും സ്‌ത്രീ നേരിടുന്ന വിഷയങ്ങള്‍ തന്നെയാണ്. സുന്നത്തിന് വിധേയയാകുന്ന രണ്ട് പെണ്‍കുട്ടികളുടെ കഥപറയുന്ന മൂലാഡെ സ്‌ത്രീക്ക് നേരിടേണ്ട പീഡനമാണ് ചൂണ്ടികാട്ടുന്നത്.
അന്താരാഷ്‌ട്രചലച്ചിത്രമേളയില്‍ പങ്കെടുത്ത സിനിമാപ്രേമികള്‍ സിനിമയെ വെറും ആസ്വാദനകലയായി മാത്രം കണ്ടിരുന്നില്ല , സിനിമയെ വളരെ ഗൗരവമായി വീക്ഷിക്കുന്നവരായിരുന്നു. ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്ന് 6000 ഓളം സിനിമാപ്രേമികളാണ് മേളയില്‍ പ്രതിനിധികളായി എത്തിയത്. ഓരോ രാജ്യത്തെ സംസ്‌ക്കാരവും ആചാരനുഷ്‌ടാനങ്ങളും വേഷഭൂഷാദികളും സിനിമയിലൂടെ അറിയാന്‍ കഴിയുന്നു. ഓരോ സിനിമയും വ്യത്യസ്‌ത സന്ദേശങ്ങള്‍ നല്‍കുന്നു. തീവ്രവാദത്തിനും അധിനിവേശത്തിനും ചൂഷണത്തിനും പീഡനത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു 12 -ാംത് ചലച്ചിത്രമേള.
No comments:
Post a Comment