Saturday, April 9, 2011

LEENA MANIMEGHALEI



`സെങ്കടല്‍'

ശ്രീലങ്കന്‍ അഭയാര്‍ഥി

ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച


ധനേഷ്‌കൃഷ്‌ണ

തീവ്രവാദവും യുദ്ധവും പലായനവും പട്ടിണിയും ലോകസിനിമയില്‍ പുതുമയല്ല. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പലായനവും പട്ടിണിയും വേദനാജനകമായ ഫ്രെയ്‌മുകള്‍തന്നെയാണ്‌. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അതിര്‍ത്തിപ്രദേശമായ ധനുഷ്‌കോടിയിലേയും രാമേശ്വരത്തേയും ജീവിതങ്ങളെ എങ്ങനെ ബാധിച്ചു എന്നതിന്റെ നേര്‍ക്കാഴ്‌ചയാണ്‌ തമിഴ്‌ ചലച്ചിത്രക്കാരി ലീനമണിമേഘല സംവിധാനം നിര്‍വഹിച്ച `സെങ്കടല്‍'.
മൂന്നു പതിറ്റാണ്ട്‌ നീണ്ട യുദ്ധം അവസാനിച്ച്‌ പരിസരം ശാന്തമായെങ്കിലും അവശേഷിച്ചവരിലെ പൊള്ളുന്ന ശേഷിപ്പുകള്‍ പരിശോധിക്കുയാണ്‌ തന്റെ പ്രഥമ ഫീച്ചര്‍ സിനിമയിലൂടെ സംവിധായിക. 2011മാര്‍ച്ച്‌ 26മുതല്‍ 31 വരെ തൃശൂരില്‍ നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള ലീന മണിമേഖലയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടന ചിത്രം `സെങ്കടല്‍' ആയിരുന്നു.

ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനനാളുകളായ, 2009 ഫെബ്രുവരി മുതല്‍ മെയ്‌ വരെ ധനുഷ്‌കോടിയിലും പരിസരത്തും നടന്ന സംഭവങ്ങളുടെ പകര്‍പ്പാണ്‌ സെങ്കടല്‍'. ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള ഒരു കടലിടുക്കാണ്‌ ധനുഷ്‌കോടി. ഇവിടെ പരമ്പരാഗതമായി മല്‍സ്യബന്ധനം ഉപജീവനമാക്കിവരുന്ന അഭയാര്‍ഥികളും വിധവകളുമാണ്‌ ജീവിതത്തിന്റെ കടമ്പകടക്കാന്‍ പാട്‌പെടുന്നത്‌. ശ്രീലങ്കയിലെ വംശീയഹത്യ ഭയന്ന്‌ ഇന്ത്യയിലേക്ക്‌ പലായനം ചെയ്യുന്ന അഭയാര്‍ഥികളെ ഇരു രാജ്യങ്ങളിലേയും പോലീസും പട്ടാളവും വേട്ടയാടുന്നത്‌ തുറന്നുകാണിച്ചപ്പോഴാണ്‌ സിനിമയുടെ പൊതുപ്രദര്‍ശനത്തിനായി സര്‍ക്കാര്‍ കൂച്ചവിലങ്ങിട്ടത്‌. തമിഴ്‌നാട്ടില്‍ സിനിമയുടെ പ്രദര്‍ശനാനുമതിക്കായി ലീന കോടതിയെ സമീപിച്ചിരിക്കുകയാണ്‌.
താറുമാറായ ജീവിതവും സ്വപ്‌നങ്ങളുമായി അഭയാര്‍ഥികള്‍ ഭൂമിയില്‍ അവകാശമില്ലാത്തവരെപോലെ അലയുകയാണെന്ന്‌ സിനിമ പറയുന്നു.
പ്രശസ്‌ത ശ്രീലങ്കന്‍ -തമിഴ്‌ എഴുത്തുകാരന്‍ ഷോഭാശക്‌തിയാണ്‌ സെങ്കടലിന്റെ തിരക്കഥാഭാഷ്യം ഒരുക്കിയിരിക്കുന്നത്‌. സമുദ്രക്കനിയാണ്‌ ആദ്യം ഈ സിനിമ നിര്‍മ്മാക്കാനായി മുന്നോട്ട്‌ വന്നത്‌. എന്നാല്‍ എല്‍.ടി.ടി.ഇ വിരുദ്ധ സിനിമയെന്ന മുദ്രകുത്തപ്പെട്ടപ്പോള്‍ സമുദ്രക്കനി പിന്‍മാറി. എല്‍.ടി.ടി.ഇയോടും ഇരുരാജ്യങ്ങളോടുമുള്ള ലീനയുടെ സമീപനം സിനിമയില്‍ വ്യക്‌തമാകുന്നുണ്ട്‌.
കവിയുംകൂടിയായ മണിമേഖലയുടെ ഡോക്യുമെന്ററികളും കവിതകളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. എല്ലാ സൃഷ്‌ടികളും പാര്‍ശ്വവത്‌കരിക്കുന്നവരുടെ പ്രശ്‌നങ്ങളാണ്‌ പറയുന്നത്‌. ജാതിഅവഗണന, ലിംഗവേര്‍ത്തിരിവ്‌, ബാലവേല തുടങ്ങിയ കാലിമായ വിഷയങ്ങള്‍ക്കെതിരെ ലീനയുടെ ഡോക്യുമെന്ററികള്‍ സംസാരിച്ചു.
`പറൈ' എന്ന ഡോക്യുമെന്ററിയും `ഉലക അഴകിയ മുതല്‍ പെണ്‍' എന്ന കവിതയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്‌. മതമ്മാ, അള്‍ത്താര്‍, വേവ്‌സ്‌ ആഫ്‌റ്റര്‍ വേവ്‌സ്‌ തുടങ്ങിയവയും ലീനയുടെ ഹ്രസ്വചിത്രങ്ങളാണ്‌.

No comments: