Monday, April 18, 2011

EUROPIAN FILM FESTIVAL IN THRISSUR


യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ തൃശൂരില്‍

`മെയ്‌ഡ്‌ ഇന്‍ ഹംഗേറിയ' ഉദ്‌ഘാടന ചിത്രം

ധനേഷ്‌കൃഷ്‌ണ
തൃശൂര്‍


തെ
രഞ്ഞെടുപ്പിന്റെ ടെന്‍ഷന്‍ അകറ്റൂ. ഇനി യൂറോപ്യനെ പോലെ ചിരിക്കൂ. പൂരത്തിന്‌ മുമ്പ്‌ മലയാളികള്‍ക്ക്‌ യൂറോപ്യന്‍ കോമഡി കണ്ട്‌ പൊട്ടിച്ചിരിക്കാനൊരവസരം. പതിനാറാമത്‌ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഇന്ത്യയിലെ പ്രധാന ഏഴ്‌ നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ തൃശൂരിലും സംഘടിപ്പിക്കുന്നു. തൃശൂര്‍ കോപ്പറേഷനും തൃശൂര്‍ ചലച്ചിത്രകേന്ദ്രവും സഹകരിച്ചാണ്‌ ഏപ്രില്‍ 24 മുതല്‍ മെയ്‌ ഒന്നുവരെ തൃശൂര്‍ ടൗണ്‍ ഹാളില്‍ യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുന്നത്‌.
`യൂറോപ്യനെ പോലെ ചിരിക്കൂ' എന്ന മുദ്രാവാക്ക്യവുമായി `കോമഡി' മുഖ്യഇതിവൃത്തമായി നിര്‍മ്മിച്ച യൂറോപ്യന്‍ രാജ്യങ്ങളിലെ സമകാലിക സിനിമകളുടെ പക്കേജാണ്‌ ന്യൂഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഛത്തീസ്‌ഘട്ട്‌, ചെന്നൈ, ഹൈദരാബാദ്‌, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മാര്‍ച്ച്‌ എട്ടിന്‌ ന്യൂഡെല്‍ഹിയില്‍ ആരംഭിച്ച പ്രദര്‍ശനപരമ്പര മെയ്‌ ഒന്നിന്‌ തൃശൂരില്‍ സമാപിക്കും. പ്രദര്‍ശനം ഡെലിഗേറ്റ്‌ പാസ്‌ മുഖേനെയായിരിക്കും.
2010ല്‍ യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഗോവ, മുംബൈ, ചെന്നൈ, ന്യൂഡെല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ്‌ പ്രദര്‍ശനം ഉണ്ടായിരുന്നത്‌. എന്നാല്‍ 2009 ല്‍ ന്യൂഡെല്‍ഹി, മുംബൈ, പൂന, ചെന്നൈ, ജാംഷെഡ്‌പൂര്‍ എന്നീ പ്രധാന നഗരങ്ങള്‍ക്ക്‌പുറമേ കേരളത്തില്‍ കോഴിക്കോടും യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ചിരുന്നു.

ഉദ്‌ഘാടന ചിത്രമായ ഹംഗേറിയന്‍ സിനിമ `മെയ്‌ഡ്‌ ഇന്‍ ഹംഗേറിയ' 24ന്‌ വൈകിട്ട്‌ അഞ്ചിന്‌ ടൗണ്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. ജോര്‍ജലി ഫോയ്‌നോ സംവിധാനം ചെയ്‌ത `മെയ്‌ഡ്‌ ഇന്‍ ഹംഗേറിയില്‍' നാട്ടില്‍ പോപ്‌സംഗീതം പ്രചരിപ്പിക്കാന്‍ അമേരിക്കയില്‍നിന്ന്‌ തിരിച്ചുവരുന്ന ഒരു പയ്യന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്‌. പ്രണയവും സംഗീതവും ഇഴചേര്‍ത്ത്‌ ദൃശ്യവത്‌കരിച്ച `മെയ്‌ഡ്‌ ഇന്‍ ഹംഗേറിയ' ഹംഗേറിയന്‍ വിപ്ലവത്തെ ഓര്‍മ്മപ്പെടുത്തുന്നു. വിശ്വവിഖ്യാത അഭിനേത്രി എലിസബെത്ത്‌ ഹുപ്പര്‍ട്ട്‌ അഭിനയിച്ച കൊപാകാപാനയും ഈ മേളയിലുണ്ട്‌. തീവ്രവാദത്തെ ആക്ഷേപഹാസ്യത്തോടെ വിലയിരുന്നുത്ത ഫോര്‍ ലയന്‍സും എറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്‌.

2010, 2009, 2008 തുടങ്ങിയ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഫോര്‍ ലയന്‍സ്‌(യു.കെ), കൊപാകാപാനാ(ഫ്രാന്‍സ്‌), എ ചിക്കന്‍ ഈസ്‌ നോ ഡോഗ്‌(ബെല്‍ജിയം), ലൗ ഈസ്‌ ഓള്‍(നെതര്‍ലാന്‍ഡ്‌), ചീസ്‌ ആന്‍്‌ഡ്‌ ജാം(സ്ലൊവേനിയ), കോള്‍ഗേള്‍(പോര്‍ച്ചുഗേല്‍), റോങ്‌ സൈഡ്‌ അപ്‌(ചെക്ക്‌ റിപ്പബ്ലിക്‌), ബിലൗഡ്‌ ബെര്‍ലിംഗ്‌ വാള്‍((ജെര്‍മനി), അണ്‍ എപ്ലോമെന്റ്‌ ക്ലബ്‌( ലക്‌സംബര്‍ഗ്‌), ദ അതര്‍ സൈഡ്‌ ഓഫ്‌ ദ ബെഡ്‌(സ്‌പെയിന്‍), കിനോ കരാവാന്‍(റോമാനിയോ), റിക്കി റാപ്പര്‍(ഫിന്‍ലാന്‍ഡ്‌), മോസ്‌ക്യുടോസ്‌ ടാന്‍ഗോ(സ്ലൊവേനിയ), ദ കമ്മിറ്റ്‌മെന്റ്‌സ്‌(ഐര്‍ലാന്‍ഡ്‌), ദ ഫിസ്‌ക്‌്‌സ്‌ ഓഫ്‌ വാട്ടര്‍(ഇറ്റലി) തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓരോ ദിവസവും ഉച്ചയ്‌ക്കും വൈകിട്ടുമായി മൂന്ന്‌ പ്രദര്‍ശനങ്ങള്‍വീതം നടക്കും.
യൂറോപ്യന്‍ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ നടക്കുമെന്നും സംസ്‌കാരങ്ങള്‍ തമ്മില്‍ ഇഴചേര്‍ന്ന്‌ പോകാനാകുമെന്ന ഉദ്ദേശത്തോടെയാണ്‌ ഇ.യു.എഫ്‌.എഫ്‌ യൂറോപ്യന്‍ ഫിലിം ഫെസ്‌റ്റിവല്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ സംഘടിപ്പിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളിലെ വൈവിധ്യാത്മക ജീവിതരീതികളും സൗഹൃദം, സ്‌നേഹം, രതി, കല തുടങ്ങിയവയോടുള്ള യൂറോപ്യന്‍ ജനതയുടെ വീക്ഷണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ പ്രകടമാണ്‌. കോമഡി ഇതിവൃത്തമായി നിര്‍മ്മിച്ചിട്ടുള്ള ചിത്രങ്ങള്‍ തീവ്രവാദം, കമ്മ്യൂണിസം, ലൈംഗികത, സംഗീതം എന്നിവയെ പരിശോധിക്കുന്നുണ്ട്‌.

No comments: